2023ല് മലയാളത്തിൽ 4 സൂപ്പർ ഹിറ്റുകൾ; ഇറങ്ങിയത് 209 സിനിമ
Mail This Article
മലയാള സിനിമയിൽ നിന്നു 2023 വിടവാങ്ങുന്നത് വെറും 4 സൂപ്പർ ഹിറ്റുകൾ മാത്രം നൽകി. ഈ വർഷം ഡിസംബർ 8 വരെയുള്ള കണക്കെടുത്താൽ റിലീസായ 209 സിനിമകളിൽ നിർമാതാവിന് മുടക്കു മുതൽ തിരിച്ചു നൽകിയത് 13 സിനിമകൾ മാത്രം. മോഹൻലാലിന്റെ ജീത്തുജോസഫ് ചിത്രം നേര്, മീരാജാസ്മിൻ - നരേൻ ജോടിയുടെ ക്വീൻ എലിസബത്ത് തുടങ്ങിയ സിനിമകളുൾപ്പെടെ ഇനി ഈ വർഷം 10 സിനിമകളെങ്കിലും റിലീസിനെത്തുമ്പോൾ ആകെ സിനിമകളുടെ എണ്ണം 220 കടക്കും.
കഴിഞ്ഞ വർഷം 176 സിനിമകളാണ് റിലീസ് ചെയ്‌തത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്. ഒരാഴ്‌ചയിൽ 18 സിനിമകൾ വരെ റിലീസ് ചെയ്യേണ്ട അവസ്‌ഥയിലായിരുന്നു നിർമാതാക്കൾ. പോസ്റ്ററൊട്ടിച്ച പൈസ പോലും കിട്ടാത്ത സിനിമകളാണേറെ. ഇതിനിടയിലും, '2018' എന്ന ചിത്രത്തിന്റെ ഓസ്‌കർ നാമനിർദേശം അഭിമാ നിക്കാവുന്ന നേട്ടവുമായി.
മലയാള സിനിമകൾക്ക് കാലിടറിയ വർഷം തമിഴ് സിനിമ മലയാളത്തിൽ നടത്തിയത് വൻ ബിസിനസ്. രജനീകാന്തിന്റെ ‘ജയിലർ’ കേരളത്തിൽ നിന്ന് നേടിയത് 20 കോടിയിലേറെ രൂപയുടെ ഷെയറാണ്. വിജയ് ചിത്രം ലിയോ, ജിഗർതണ്ട, ഷാറുഖ് ഖാൻ ചിത്രങ്ങളായ ജവാൻ, പഠാൻ എന്നിവയും മികച്ച കലക്‌ഷൻ നേടി.
209 സിനിമകളുടെ നഷ്ടക്കണക്കെടുത്താൽ 700 കോടി രൂപ വരുമെന്നാണ് ഫിലിം ചേംബറിന്റെ വിലയിരുത്തൽ. കൈ പൊള്ളിയവരിലേറെയും ആദ്യ സിനിമ നിർമിക്കാനെത്തിയവരാണ്. 5 കോടി വരെ സാറ്റലൈറ്റ് കിട്ടിയിരുന്ന സിനിമകൾക്ക് 50 ലക്ഷം പോലും കിട്ടാത്ത സ്‌ഥിതി. ഒടിടി, സാറ്റലൈറ്റ് ബിസിനസിൽ നിന്നുള്ള വരുമാനം കാര്യമായി നിലച്ചതോടെ തിയറ്റർ കലക്‌ഷനാണ് സിനിമയുടെ മുഖ്യവരുമാന സ്രോതസ്സ്. സിനിമ തിയറ്ററിൽ ഓടി ഹിറ്റായാൽ മാത്രമേ ഒടിടി വിൽപനയ്ക്കും സാധ്യതയുള്ളൂ.
2023ലെ സൂപ്പർഹിറ്റുകൾ
ജൂഡ് ആന്തണി ജോസഫിന്റെ 2018, റോബി വർഗീസിന്റെ കണ്ണൂർ സ്ക്വാഡ്, നഹാസ് ഹിദായത്തിന്റെ ആർഡിഎക്സ്, ജിത്തുമാധവന്റെ രോമാഞ്ചം. (2022 ഡിസംബർ 29ന് റിലീസ് ചെയ്ത് മാളികപ്പുറവും മികച്ച കലക്‌ഷൻ നേടിയത് 2023ലാണ്.)
2023 ലെ ഹിറ്റുകൾ:
നൻപകൽ നേരത്ത് മയക്കം, നെയ്‌മർ, പ്രണയവിലാസം, പാച്ചുവും അത്ഭുതവിളക്കും, പൂക്കാലം, ഗരുഡൻ, ഫാലിമി, കാതൽ, മധുര മനോഹര മോഹം.
ആന്റോ ജോസഫ് (ഫിലിം പ്രൊഡ്യൂസേഴ‌് അസോ. പ്രസിഡന്റ്) : കോവിഡിനു ശേഷം തഴച്ചു വളർന്ന ഒടിടി ബിസിനസ് ഇപ്പോഴില്ല. ഒടിടി പ്ലാറ്റ്ഫോമുകൾ നൽകിയ ഭീമമായ പണം കണ്ട് തങ്ങളുടെ പ്രതിഫലം കൂട്ടിയ താരങ്ങളും സാങ്കേതിക വിദഗ്ധരും ഒടിടി കാലം മങ്ങുമ്പോൾ പ്രതിഫലം കുറയ്ക്കാൻ തയാറാകണം. ലാഭം ഷെയർ ചെയ്യുന്ന രീതിയിൽ സിനിമ ചെയ്യാൻ താരങ്ങളും സാങ്കേതിക വിദഗ്ധരും മുന്നോട്ടുവരണം.
സജി നന്ത്യാട്ട് (ഫിലിം ചേംബർ പ്രസിഡന്റ്): ഒടിടി, സാറ്റലൈറ്റ് ബിസിനസ് ഉണ്ടെന്ന് മോഹിപ്പിച്ച് നിർമാതാക്കളെ കറക്കി സിനിമയിലെത്തിക്കുന്ന പ്രവണത ഇപ്പോഴുണ്ട്. അതൊരു ദുരവസ്‌ഥയാണ്. സിനിമയെ കറവപ്പശുവായി മാത്രം കാണുകയാണ് സർക്കാരും. ആനുകൂല്യമില്ലെന്നു മാത്രമല്ല ഷൂട്ടിങ്ങിനും മറ്റുമുള്ള സർക്കാർ സ്ഥലങ്ങളുടെ ലൊക്കേഷൻ വാടക ഇരട്ടിയാക്കുകയും ചെയ്തു.