ADVERTISEMENT

മലയാളിക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത, ചലച്ചിത്രലോകത്തെ ബഹുമുഖപ്രതിഭ ബാലചന്ദ്ര മേനോന് സപ്തതി. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നാൽ ഒരു കാലത്ത് കുടുംബപ്രേക്ഷകർക്ക് അത് ബാലചന്ദ്ര മേനോനായിരുന്നു. കുടുംബസിനിമകളിൽ മേനോന്‍ ആടിത്തിമിർത്ത നായകവേഷങ്ങൾ ഇന്നും സ്ത്രീകൾക്ക് ഹരമാണ്. തങ്ങളുടെ ഭർത്താവും കാമുകനും സഹോദരനും ഇങ്ങനെയായിരിക്കണമെന്ന് ബാലചന്ദ്ര മേനോന്‍റെ സിനിമ കണ്ട് ആരാധികമാർ കൊതിച്ചിരുന്നു. ഹിറ്റും സൂപ്പർഹിറ്റും ഒരുക്കി മലയാളസിനിമയെ വിസ്മയിപ്പിച്ച മേനോൻ ചിത്രങ്ങൾ ഇന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളാണ്.

1954 ജനുവരി 11നായിരുന്നു ബാലചന്ദ്ര മേനോന്‍റെ ജനനം. പരവൂരിലും കൊട്ടാരക്കരയിലുമായി സ്കൂൾ ജീവിതം. കൊല്ലം ഫാത്തിമ മാതാ കോളജിൽ കലാലയ ജീവിതത്തിനു തുടക്കം. അതിനുശേഷം തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജിൽ ബിരുദ പഠനവും ഭാരതീയ വിദ്യാഭവന്‍റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽനിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. സ്കൂൾ, കോളേജ് നാടകങ്ങളിലൂടെയാണ് അഭിനയത്തിനും സംവിധാനത്തിനും തുടക്കമിട്ടത്. 

balachandra-menon

സിനിമാ പ്രേമം കടുത്തപ്പോൾ സിനിമാ റിപ്പോർട്ടർ ആയി. 1978 ൽ “ഉത്രാടരാത്രി” എന്ന ആദ്യ സിനിമ സംവിധാനം ചെയ്തു. ആ ചിത്രത്തിന്‍റെ വിജയത്തിനുശേഷം രാധ എന്ന പെൺകുട്ടി തുടങ്ങി ഒട്ടനവധി കുടുംബ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. ചിരിയോ ചിരി, കാര്യം നിസാരം തുടങ്ങിയ സിനിമകളിലെ തലയിൽ കെട്ടുള്ള മേനോന്‍റെ മുഖം കുടുംബ സദസ്സുകൾക്കു 

പ്രിയങ്കരമായി.  

മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട നടികളായ, ശോഭന, പാർവ്വതി, ലിസി, കാർത്തിക, ഉഷ എന്നിങ്ങനെ മലയാളത്തിലെ മികച്ച അഭിനേത്രികളിൽ പലരെയും സിനിമയിൽ അവതരിപ്പിച്ചത് മേനോനായിരുന്നു. ബാലചന്ദ്ര മേനോന്‍റെ മണിയൻപിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിലൂടെ രാജു എന്ന നടനും സിനിമയിലെ സജീവ സാന്നിദ്ധ്യമായി. ഒരു പൈങ്കിളിക്കഥ എന്ന ചിത്രത്തിൽ ശ്രീവിദ്യയ്ക്ക് ഒപ്പം തന്‍റെ ആദ്യ സിനിമാ ഗാനവും ആലപിച്ചു. കുറുപ്പിന്‍റെ കണക്കു പുസ്തകത്തിൽ തുടങ്ങി രണ്ടു മൂന്നു ചിത്രങ്ങൾക്ക് സംഗീതം നൽകി. അച്ചുവേട്ടന്‍റെ വീട് എന്ന സിനിമ മുതൽ അഞ്ചോളം ചിത്രങ്ങളൂടെ എഡിറ്റിങ് നിർവഹിച്ചു. ഒരു പൈങ്കിളി കഥ മുതൽ വി & വി എന്ന ബാനറിൽ അഞ്ചോളം സിനിമകൾ നിർമിച്ചു. 

balachandra-menon

സ്വന്തം സംവിധാനത്തിലല്ലാതെ ആദ്യമായി അഭിനയിച്ചത് 1987ൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ഋതുഭേദത്തിലാണ്. അതിനുശേഷം ഒട്ടനവധി പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. 1997ൽ സമാന്തരങ്ങൾ എന്ന സ്വന്തം ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. ഒരാൾ തന്നെ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച കഥാപാത്രത്തിന് ആദ്യമായിട്ടാണ് ആ പുരസ്കാരം ലഭിച്ചത്.  പത്മശ്രീ നൽകിയും മലയാളസിനിമയിലെ ഈ ഒറ്റയാനെ രാജ്യം ആദരിച്ചു.

സിനിമയ്ക്ക് പുറത്ത് മുഖംമൂടിയില്ലാതെ എല്ലാം തുറന്നുപറയുന്ന മേനോന്‍ ശൈലി മലയാളിക്ക് ഏറെ പ്രിയങ്കരമാണ്. എഴുപതാം വയസ്സിൽ പുതിയ ചിത്രം ഒരുക്കുന്നതിന്‍റെ പണിപ്പുരയിലാണ് ബാലചന്ദ്ര മേനോൻ. അദ്ദേഹത്തിന് സപ്തതി ആശംസകൾ.

English Summary:

Actor, director Balachandra Menon celebrating his 70th birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com