ഭാര്യയുടെ പ്രസവം വീട്ടിൽ നടത്തിയ സോമൻ: സംവിധായകനു പറയാനുണ്ട്
Mail This Article
ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ പ്രസവം നടത്തി അമ്മയും കുഞ്ഞും മരിച്ച സംഭവം വിവാദമാകുമ്പോൾ, രോഹിത് നാരായണൻ സംവിധാനം ചെയ്ത ‘സോമന്റെ കൃതാവ്’ എന്ന സിനിമയും ചർച്ചയാവുകയാണ്. ചിത്രത്തിൽ വിനയ് ഫോർട്ട് അവതരിപ്പിച്ച സോമൻ എന്ന കഥാപാത്രം ഭാര്യയെ പ്രസവത്തിന് ആശുപത്രിയിൽ കൊണ്ടുപോകാതെ വീട്ടിൽ തന്നെ പ്രസവം നടത്താൻ നിർബന്ധിച്ച ആളാണ്. നാട്ടുകാർ പറഞ്ഞിട്ടും സോമൻ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകുന്നില്ല, ഒടുവിൽ വീട്ടിൽ ഭാര്യ സുഖമായി പ്രസവിക്കുന്നുണ്ട്. ആധുനിക ചികിത്സാരീതിക്കെതിരെ വാളെടുത്ത സോമന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളായിരുന്നു ചിത്രം പറഞ്ഞുവച്ചത്. ‘സോമന്റെ കൃതാവി’ലെ കഥാപാത്രത്തിന്റെ സ്വഭാവം സമൂഹത്തിലും ചർച്ചയാകുമ്പോൾ, ചിത്രത്തിന്റെ സംവിധായകൻ രോഹിത് നാരായണന് പറയാനുള്ളത് കേൾക്കാം...
‘‘വീട്ടിൽ പ്രസവം നടത്തി അമ്മയും കുഞ്ഞും മരിച്ച വാർത്ത വന്നപ്പോൾ എന്റെ സിനിമയായ ‘സോമന്റെ കൃതാവി’ലെ കഥാപാത്രം അത്തരത്തിലുള്ള ഒരാൾ ആണല്ലോ എന്ന് പലരും പറയുന്നുണ്ട്. ആ സിനിമയിലെ കഥാപാത്രം ഒരു പ്രത്യേക സ്വഭാവക്കാരനാണ്. പക്ഷേ അതെല്ലാം ആ കഥാപാത്രത്തിന്റെ സ്വഭാവമാണ്. ഒരു സിനിമ കണ്ട് അതിലെ കഥാപാത്രത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ആ കഥാപാത്രം തന്നെ ‘എന്തിനാണ് പാരസറ്റമോൾ കഴിക്കുന്നത്, അതിനു സൈഡ് എഫക്ട് ഇല്ലേ’ എന്ന് ചോദിക്കുന്നുണ്ട്. പക്ഷേ ഞാൻ പാരസറ്റമോൾ കഴിക്കുന്ന ആളാണ്. ആ കഥാപാത്രം ആ രീതിയിൽ ചിന്തിക്കുന്നത് ഞങ്ങൾ ചർച്ചാവിഷയമാക്കുന്നു എന്നേ ഉള്ളൂ. അയാൾ പറയുന്ന എല്ലാ കാര്യങ്ങളോടും ഞാൻ യോജിക്കണം എന്നില്ല.
ഇത്തരത്തിൽ ചിന്തിക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ഉണ്ട് എന്നതാണ് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ വ്യക്തമാക്കുന്നത്. ഇപ്പോൾ വീട്ടിൽ പ്രസവിച്ച സ്ത്രീയും കുട്ടിയും മരിച്ചു എന്നതാണ് വാർത്ത. ഇതുപോലെ ആശുപത്രിയിൽ പ്രസവിക്കുന്ന അമ്മയും കുട്ടിയും മരിക്കാറുണ്ട്. ആശുപത്രികളിൽ മരിക്കുന്ന പല രോഗികളും മെഡിക്കൽ രംഗത്തെ പാകപ്പിഴവുകൾ കൊണ്ടാണോ മരിക്കുന്നത് എന്നു നമ്മൾ അറിയുന്നില്ല. അവർ പറയുന്നത് അസുഖം കൂടി മരിച്ചു എന്നാണ്. ഏതൊരു സിസ്റ്റവും നൂറു ശതമാനം ശരിയും തെറ്റുമല്ല. നമുക്ക് എല്ലാറ്റിനോടും യോജിക്കാനും വിയോജിക്കാനും സ്വാതന്ത്ര്യമുണ്ട്.
ഇത്തരത്തിലൊരു സിനിമ ചെയ്യാൻ പാടില്ല, ഈ കഥാപാത്രം കാണിക്കുന്നത് തെറ്റാണ് എന്നുപറയുന്നത് നമ്മുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണ്. ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ പാടില്ല എന്ന് പറയുന്നത് ഫാഷിസം ആണ്. ഞാൻ മാത്രമാണ് ശരി എന്ന് പറയുന്നത് തെറ്റാണ്. ‘സോമന്റെ കൃതാവി’ലെ സോമൻ പറയുന്നത് അയാളുടെ ശരിയാണ്. ഇന്ത്യയിൽ ബിജെപി ആണ് ഭരിക്കുന്നത്. ഭൂരിപക്ഷം വോട്ട് കിട്ടി ജയിക്കുന്ന അവരാണോ ശരി? കേരളത്തിൽ ഇടതുപക്ഷം വിജയിക്കുന്നു, അവർക്കാണ് ഭൂരിപക്ഷം. അപ്പോൾ അവരാണോ ശരി? ആരാണ് പൂർണമായും ശരി? നമുക്ക് ഒരു കാര്യം ചർച്ചയ്ക്കു വയ്ക്കാൻ സ്വാതന്ത്ര്യമുണ്ട്. സിനിമ ആരുടേയും കുത്തകയല്ല, ചിലപ്പോ നമുക്ക് തോന്നും നമ്മുടെ പക്ഷത്താണ് സിനിമ എന്ന്. അപ്പുറത്തു നിൽക്കുന്ന ആൾക്ക് തോന്നും അവരുടെ പക്ഷത്താണ് എന്ന്. ആരുടേയും പക്ഷത്തല്ല എന്നതാണ് വാസ്തവം.
ഞാൻ എന്ന സംവിധായകൻ ഒരു കഥാപാത്രം രസകരമാണോ എന്നാണ് നോക്കുന്നത് അല്ലാതെ അയാൾ ശരിയാണോ എന്നല്ല. എല്ലാ കാര്യങ്ങളും പ്രേക്ഷകർ ചർച്ച ചെയ്യട്ടെ. എല്ലാ സിനിമകളും ഒരേപോലെയുള്ള കാര്യങ്ങൾ ചെയ്താൽ വൈവിധ്യം ഉണ്ടാകുമോ. ഇത്തരത്തിലുള്ള ആളുകൾ നമുക്കിടയിൽ ഉണ്ട് എന്ന് ചർച്ച ചെയ്യണം. സോമൻ ആ സിനിമയിൽ പറയുന്ന ഒരുപാടു കാര്യങ്ങൾ ഉണ്ട്. അയാൾ എന്തുകൊണ്ട് ഇത് പറയുന്നു എന്നുള്ളത് ചർച്ച ആകണം. അല്ലാതെ ക്യാൻസൽ കൾച്ചർ പാടില്ല. എന്തുകൊണ്ട് ഇങ്ങനെ ഒരാൾ പറയുന്നു, അപ്പോൾ നമ്മുടെ സിസ്റ്റത്തിൽ എന്തോ കുഴപ്പമുണ്ട് . നമ്മുടെ മെഡിക്കൽ സിസ്റ്റത്തിൽ എന്തോ കുഴപ്പം ഉണ്ടെന്നാണ് അയാൾ പറയുന്നത്.
അയാൾ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്, നമുക്ക് സിസ്റ്റത്തെ കൂടുതൽ നന്നാക്കാൻ കഴിയുമോ? എന്നിങ്ങനെയുള്ള ചർച്ച വരണം. അതാണ് എന്റെ ഉദ്ദേശ്യം. സിനിമ പൊളിറ്റിക്കലി കറക്റ്റ് ആകണം എന്ന് നമ്മുടെ നാട്ടിൽ മാത്രമേ പറയൂ. ചർച്ചകൾ വരണമെങ്കിൽ എല്ലാ വിഷയങ്ങളും സിനിമയിൽ വരണം. അല്ലാതെ ഞാൻ അശാസ്ത്രീയത പ്രമോട്ട് ചെയ്യുന്നതല്ല. ഇപ്പോൾ ഇങ്ങനെ ഒരു സംഭവം വന്നപ്പോൾ, ഇങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതിൽ കാര്യമുണ്ടെന്നു മനസ്സിലായില്ലേ.
ഈ സിനിമയുടെ കഥ എഴുതിയത് രഞ്ജിത്ത് ഹരിദാസ് ആണ്. കഥ കേട്ടപ്പോൾ എനിക്ക് തോന്നി കൊള്ളാമല്ലോ, ഈ കഥാപാത്രത്തെ ആളുകളുടെ മുന്നിൽ കൊണ്ടുവരണമെന്ന്. ഇത് എന്റെ രാഷ്ട്രീയമല്ല ആ കഥാപാത്രത്തിന്റെ രാഷ്ട്രീയമാണ്.’’ –രോഹിത് നാരായണൻ പറയുന്നു.