‘ചേട്ടൻ ഈ മെസേജ് കാണുമോ എന്നറിയില്ല, ഇതെന്റെ കൂടി വിജയം’: ശ്യാം മോഹന് മറുപടി നൽകി പൃഥ്വിരാജ്

Mail This Article
‘ആടുജീവിതം’ സിനിമ കണ്ട ശേഷം പൃഥ്വിരാജിന് മേസേജ് അയച്ച അനുഭവം പങ്കുവച്ച് നടൻ ശ്യാം മോഹൻ. ‘‘ആടുജീവിതം ഇഷ്ടപ്പെട്ടു എന്നുപറഞ്ഞതിനു നന്ദി. പ്രേമലു വളരെ നന്നായിരുന്നു അഭിനന്ദനങ്ങൾ’’ എന്നായിരുന്നു ശ്യാമിന് പൃഥ്വിരാജ് നൽകിയ മറുപടി.
താൻ ആദ്യമായി തിയറ്ററിൽ പോയി കണ്ട സിനിമ പൃഥ്വിരാജിന്റെ സത്യം ആയിരുന്നുവെന്നും എന്നെങ്കിലും നേരിട്ട് കാണുമ്പോൾ ഒരുമിച്ചൊരു പടമെടുക്കണം എന്ന് ആഗ്രഹമുണ്ടെന്നും ശ്യാം മോഹൻ പൃഥ്വിരാജിനോട് പറഞ്ഞു. ശ്യാം മോഹൻ തന്നെയാണ് പൃഥ്വിരാജിന് അയച്ച സന്ദേശവും മറുപടിയും എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചത്.
‘‘ചേട്ടാ ഞാൻ പ്രേമലു സിനിമയിൽ ആദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ശ്യാം ആണ്. ഈ മെസേജ് ചേട്ടൻ കാണുമോ എന്ന് എനിക്കറിയില്ല. ഞാൻ ആദ്യമായി ഒറ്റയ്ക്ക് തിയറ്ററിൽ പോയി കണ്ട പടം രാജുവേട്ടന്റെ ‘സത്യം’ ആണ്. അന്നു മുതൽ ഉള്ള ഇഷ്ടം ആണ്. ഇന്ന് ആടുജീവിതം കണ്ടപ്പോൾ എനിക്കത് ഒരു വ്യക്തിപരമായി എന്റെ വിജയമായി തോന്നി. ചേട്ടന്റെ പ്രകടനം ഏറ്റവും മികച്ചതായിരുന്നു. എന്നെങ്കിലും നേരിട്ട് കാണുമ്പോൾ ചേട്ടനോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ട്. സ്നേഹത്തോടെ ശ്യാം.’’–ശ്യാം പൃഥ്വിരാജിനയച്ച മെസ്സേജ് ഇങ്ങനെയായിരുന്നു.
ശ്യാമിന്റെ മെസ്സേജിന് പൃഥ്വിരാജ് ഉടൻ തന്നെ മറുപടി നൽകി.‘‘ശ്യാം, പ്രേമലുവിന്റെ വലിയ വിജയത്തിന് അഭിനന്ദനങ്ങൾ. ആടുജീവിതം ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതിൽ സന്തോഷം. എപ്പോഴെങ്കിലും ശ്യാമിനെ നേരിട്ട് കാണാം എന്ന് കരുതുന്നു. എന്നാണു പൃഥ്വിരാജ് മറുപടി സന്ദേശത്തിൽ കുറിച്ചത്. ‘‘ചേട്ടൻ മറുപടി തന്നതിന് ഒരുപാട് നന്ദി നേരിട്ട് കാണുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു, ആടുജീവിതത്തിനു പിന്നിൽ പ്രവർത്തിച്ച ചേട്ടനും മറ്റു അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.’’ എന്നായിരുന്നു ശ്യാമിന്റെ മറുപടി.
മലയാളത്തിൽ 2024 ൽ പുറത്തിറങ്ങിയ പണം വാരി പടങ്ങളിൽ ഒന്നായിരുന്നു പ്രേമലു. യുവതാരങ്ങളായ നസ്ലനും മമിതാ ബൈജുവും നായികാനായകന്മാരായെത്തിയ ചിത്രത്തിൽ ആദി എന്ന കഥാപാത്രമായെത്തിയ ശ്യാം മോഹൻ ഏറെ പ്രശംസ ഏറ്റുവങ്ങിയിരുന്നു. ആദിയുടെ ജസ്റ്റ് കിഡിങ് ജെ കെ എന്ന ഡയലോഗ് ഹിറ്റായിരുന്നു. ബാഹുബലി സംവിധായകനായ രാജമൗലി പ്രേമലുവിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആദിയെ ആയിരുന്നു എന്നാണ് അഭിപ്രായപ്പെട്ടത്. പ്രേമലു ഇപ്പോഴും മലയാളത്തിലും അന്യഭാഷകളിലും ജൈത്രയാത്ര തുടരുകയാണ്.