‘ഒറ്റ വാചകത്തിൽ എം.ടി കഥ പറഞ്ഞു, അത് മമ്മൂട്ടിയോട് ആവർത്തിച്ചു’
Mail This Article
വീടിനു ‘സുകൃതം’ എന്ന പേരിട്ടപ്പോൾ ഹരികുമാർ സുഹൃത്തുക്കളോടു പറഞ്ഞു: ‘ഇതിലും നല്ലൊരു മേൽവിലാസം ഇനി എനിക്കുണ്ടാകില്ല!’ മലയാളത്തിലെ 10 മികച്ച സിനിമകളെടുത്താൽ അതിൽ ‘സുകൃത’മുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടവരിൽ എം.മുകുന്ദനും എൻ.എസ്.മാധവനുമുണ്ട്.
‘എനിക്കൊരു മനഃപ്രയാസവുമല്ല. എത്ര സിനിമകൾ ചെയ്തു എന്നതിലല്ല, ചെയ്തതിനെപ്പറ്റി അറിവുള്ളവർ എന്തു പറയുന്നു എന്നതാണു പ്രധാനം.’ എണ്ണം പറഞ്ഞു ചൊടിപ്പിച്ചാൽ ഇതായിരുന്നു മറുപടി.
തിരുവനന്തപുരം പാലോടിനു സമീപം കാഞ്ചിനടയെന്ന ഗ്രാമത്തിൽ നിന്നാണ് ഈ ചലച്ചിത്രകാരൻ. അച്ഛൻ രാമകൃഷ്ണപിള്ള, അമ്മ അമ്മുക്കുട്ടിയമ്മ.
ഭരതന്നൂർ സ്കൂളിലെ പഠനശേഷം തിരുവനന്തപുരത്ത് സിവിൽ എൻജിനീയറിങ് പഠനത്തിനെത്തിയതു വഴിത്തിരിവായി. തലസ്ഥാനത്തു യുവസംവിധായകരും സാംസ്കാരിക പ്രവർത്തകരുമായി അടുത്തു. ശ്രീവരാഹം ബാലകൃഷ്ണൻ തണലായി. എ.എൻ.തമ്പിയുടെയും കെ.പി.കുമാരന്റെയും സഹായിയായി. കാമ്പിശേരി കരുണാകരൻ സിനിമാ നിരൂപണങ്ങളെഴുതിച്ചു. ‘സ്വപ്നാടന’ത്തെക്കുറിച്ചെഴുതിയ കുറിപ്പു കണ്ട് കെ.ജി.ജോർജ് നേരിട്ട് പരിചയപ്പെട്ടു. കൊല്ലം നഗരസഭയിലെ ടൗൺ പ്ലാനിങ് വിഭാഗത്തിലെ എൻജിനീയറിങ് ജോലി രാജിവച്ചാണ് ഹരികുമാർ ചലച്ചിത്രരംഗത്ത് കാലുറപ്പിച്ചത്.
ആദ്യ ചിത്രമായ ആമ്പൽപൂവ് വിജയമായിരുന്നില്ല. പക്ഷേ വേറിട്ട സംവിധായകനെന്ന പേരു നേടിക്കൊടുത്തു.
മലയാള സിനിമ എന്നുമോർത്തിരിക്കാൻ താങ്കൾക്കു ‘സുകൃത’മെന്ന ഒരൊറ്റ സിനിമ മതിയെന്നു പലരും ഹരികുമാറിനോടു പറഞ്ഞിട്ടുണ്ട്. അവാർഡുകളേറെയാണ് സുകൃതത്തിനു ലഭിച്ചത്. മികച്ച മലയാള സിനിമയ്‌ക്കുള്ള ദേശീയ അവാർഡ്, മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാർഡ്, മികച്ച സംവിധായകനുള്ള സംസ്‌ഥാന പുരസ്കാരം, ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ അവാർഡ്, രാമു കാര്യാട്ട് അവാർഡ്, ഫിലിം ഫെയർ അവാർഡ് എന്നിവയുൾപ്പെടെ 42 അവാർഡുകൾ !
കുട്ടിക്കാലം മുതലേ എം.ടിയോട് ആരാധനയുണ്ടായിരുന്നു. സർക്കാർ ഉദ്യോഗം വിട്ട് സിനിമാസംവിധായകനായി മാറിയിട്ടും ഉള്ളിലെ ഭ്രമം മാറിയില്ല. എം.ടിയുടെ തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം സങ്കോചത്തോടെ അറിയിച്ചു. നോക്കാമെന്ന് എം.ടി. പറഞ്ഞു. പക്ഷേ, നീണ്ടുപോയി.
ഒരിക്കൽ എം.ടിയെ കാണാനുള്ള യാത്രയിൽ മമ്മൂട്ടിയെ കണ്ടു. എം.ടിയുടെ സിനിമ എന്തായെന്നു മമ്മൂട്ടി ചോദിച്ചു. എം.ടിയെ കണ്ടപ്പോൾ മമ്മൂട്ടിയുടെ കാര്യം പറഞ്ഞു. അടുത്ത ദിവസം എം.ടി വിളിച്ച് ഒറ്റ വാചകത്തിൽ ഒരു കഥ പറഞ്ഞു: ‘മരണം കാത്തു കിടക്കുന്ന, മരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ച ഒരാൾ ജീവിതത്തിലേക്കു തിരിച്ചുവരുമ്പോൾ അയാൾക്കുണ്ടാവുന്ന തിരിച്ചടികൾ. !’
ആ വാചകം മമ്മൂട്ടിയോട് ആവർത്തിച്ചു. കഥയുടെ പൂർണരൂപം ലൊക്കേഷനിൽ എത്തിയപ്പോഴാണ് മമ്മൂട്ടി കാണുന്നത്. ചിത്രത്തിന് പോസിറ്റീവ് ആയ പേരു വേണമെന്ന് എം.ടിയോടു പറയാൻ മമ്മൂട്ടി ഹരികുമാറിനെ ചുമതലപ്പെടുത്തി. ‘സുകൃതം’ എന്ന പേരിൽ ആയിടെ എം.ടിയുടെ ഒരു കഥ വന്നിരുന്നു. ആ പേര് മതിയെന്ന് എം.ടിയും പറഞ്ഞു. അതു മലയാളത്തിന്റെ സുകൃതമായി; ഹരികുമാറിന്റേയും.