നവസിനിമയുടെ ഉദ്യാനപാലകൻ! ഈ വേർപാട് വേദനിപ്പിക്കുന്നു
Mail This Article
കൗമാരക്കാരന്റെ ആവേശത്തോടെ നവതരംഗസിനിമക്കൊപ്പം സഞ്ചരിച്ച സംവിധായകനായിരുന്നു ഹരികുമാർ. നല്ല വായനയുള്ള സിനിമാ ലിറ്ററസിയുള്ള സംവിധായകനായിരുന്നു ഹരി.
അദ്ദേഹം 16 ചിത്രങ്ങൾ സംവിധാനം ചെയ്തപ്പോൾ അഞ്ചിലും ഞാനുണ്ടായിരുന്നു. സുകൃതവും ഉദ്യാനപാലകനുമാണു ഞാനും ഹരിയും ഒന്നിച്ച ചിത്രങ്ങളിൽ പലരുടെയും ഓർമയിൽ നിൽക്കുന്നതെങ്കിലും പുലിവരുന്നേ പുലി, അയനം, ഒരു സ്വകാര്യം അങ്ങനെ പല ചിത്രങ്ങളിലും ഞാനുണ്ടായിരുന്നു. ലോഹിതദാസിന്റെ തിരക്കഥയിലാണ് ഉദ്യാനപാലകൻ ചെയ്തത്. മിഡ്‌ലൈഫ് ക്രൈസിസ് നേരിടുന്ന വ്യക്തിയുടെ ജീവിതം ലളിതമായി പറഞ്ഞ സിനിമ. എംടിയുടെ തിരക്കഥ കിട്ടിയ സന്തോഷത്തിലാണു സുകൃതത്തിന്റെ കഥ പറയാൻ വരുന്നത്. വേണുവായിരുന്നു ക്യാമറ.
ചലച്ചിത്രത്തിന്റെ ഭാഷയും വ്യാകരണവും നന്നായി മനസ്സിലാക്കിയ ആളായിരുന്നു ഹരികുമാർ. സുകൃതം അദ്ദേഹം എന്നും ഹൃദയത്തോടു ചേർത്തുവച്ചു. അദ്ദേഹത്തിന്റെ വീട്ടുപേരും സുകൃതം എന്നായിരുന്നു. അടൂരിന്റെയും കെ.ജി.ജോർജിന്റെയും ഇളമുറക്കാരനായാണ് ഞാൻ ഹരികുമാറിനെ കാണുന്നത്.
ലോകസിനിമകൾ കണ്ടും വായിച്ചും നല്ല അടിത്തറ അദ്ദേഹത്തിനുണ്ടായിരുന്നു. രണ്ടു തവണ ദേശീയ ഫിലിം അവാർഡ് ജൂറിയിൽ അംഗമായി. കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരിക്കുമ്പോൾ എന്നെ കാണാൻ വന്നു. സിനിമയെക്കുറിച്ച് വാചാലമായി ഹരി എന്നും സംസാരിച്ചു.
വേദനാജനകമാണ് ഈ വിടവാങ്ങൽ.പ്രിയ സുഹൃത്തിന് പ്രണാമം.