അതുമില്ല ഇതുമില്ല എന്ന അവസ്ഥ വരരുതല്ലോ : ‘ട്വൽത്ത് ഫെയിൽ’ റെഫറൻസിനെക്കുറിച്ച് മീനാക്ഷി
Mail This Article
ഹയർ സെക്കൻഡറി പരീക്ഷാഫലം അറിയിച്ച് മീനാക്ഷി അനൂപ് പങ്കുവച്ച ചിത്രവും അടിക്കുറിപ്പും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. എന്തുകൊണ്ടായിരുന്നു അങ്ങനെയൊരു അടിക്കുറിപ്പെന്ന ആരാധകരുടെ സംശയത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 'അമ്മാ, ഞാൻ ട്വൽത്ത് ഫെയിൽ അല്ല, പാസാണ്', എന്നായിരുന്നു പ്ലസ്ടു ജയിച്ച വിവരം പങ്കുവച്ചുകൊണ്ട് മീനാക്ഷി സ്വന്തം പേജിൽ കുറിച്ചത്.
"യഥാർഥത്തിൽ, 'ട്വൽത്ത് ഫെയിൽ' എന്ന ബോളിവുഡ് സിനിമയുടെ റഫറൻസ് മനസിൽ വച്ചാണ് ചിത്രത്തിന് അങ്ങനെയൊരു അടിക്കുറിപ്പ് നൽകിയത്. ആ സിനിമ അത്രയ്ക്കും ഗംഭീര സിനിമയാണല്ലോ," മീനാക്ഷി മനോരമ ഓൺലൈനോടു വ്യക്തമാക്കി.
അഭിനയത്തിന്റെ തിരക്കുകൾക്കിടയിലും മിന്നുന്ന വിജയം സ്വന്തമാക്കിയ മീനാക്ഷിയെ നിരവധി പേർ അഭിനന്ദിച്ചിരുന്നു. പഠനത്തിനും അഭിനയത്തിനും തുല്യപ്രാധാന്യം നൽകി മുൻപോട്ടു പോകാനാണ് തീരുമാനമെന്ന് മീനാക്ഷി പ്രതികരിച്ചു. "അടുത്ത കോഴ്സ് ഏതു തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് തീരുമാനങ്ങളൊന്നുമായില്ല. എന്തായാലും ഡിഗ്രി ചെയ്യണം. ലിറ്ററേച്ചറോ മീഡിയ സ്റ്റഡീസോ എടുക്കണമെന്നുണ്ട്. കരിയറിനൊപ്പം കൊണ്ടു പോകാൻ കഴിയുന്ന കോഴ്സാകണം. അഭിനയിക്കാനുള്ള അവസരം എല്ലാവർക്കും കിട്ടുന്ന ഒന്നല്ലല്ലോ. പഠനത്തിന്റെ പേരിൽ അങ്ങനെയൊരു അവസരം ലഭിക്കുന്നത് നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. എത്ര കഴിവുണ്ടെന്നു പറഞ്ഞാലും അവസരങ്ങൾ എപ്പോഴും കിട്ടണമെന്നില്ലല്ലോ " മീനാക്ഷി പറയുന്നു.
"നല്ല കഴിവുള്ള നിരവധി പേർ നമുക്കു ചുറ്റിലുമുണ്ട്. ശരിയായ സമയത്ത് അവസരം കിട്ടുക എന്നതാണ് പ്രധാനം. എനിക്ക് അങ്ങനെയൊരു അവസരം കിട്ടിയ ആളാണ്. പിന്നെ, എനിക്ക് അറിയുന്ന പണിയാണ് ഇത്. ഇതല്ലാതെ വേറൊന്നിനെ കുറിച്ചും ഞാൻ ചിന്തിച്ചിട്ടില്ല. ഇതുപേക്ഷിച്ച് പഠിക്കാൻ പോയിട്ട്, അവസാനം അതുമില്ല ഇതുമില്ല എന്ന അവസ്ഥ വരരുത് എന്നുണ്ട്. അഭിനയം കൂടെ കൊണ്ടു പോകാൻ കഴിയുന്ന ഡിഗ്രി ചെയ്യുക എന്നതാണ് മനസിൽ. പഠനത്തിനും പ്രാധാന്യമുണ്ട്. അഭിനയവും പഠനവും തുല്യപ്രാധാന്യത്തോടെ കൊണ്ടുപോകണം," മീനാക്ഷി തന്റെ കരിയർ പ്ലാൻ വ്യക്തമാക്കി. ഇന്ദ്രൻസ് നായകനാകുന്ന പ്രൈവറ്റ് ആണ് മീനാക്ഷിയുടെ പുതിയ ചിത്രം.