ആ നാണക്കേട് മാറി, ‘ദ് ഷെയിംലെസി’ലൂടെ അനസൂയ മികച്ച നടി
Mail This Article
കാൻ ∙ ഫ്രാൻസിലെ വിശ്വവിഖ്യാതമായ ചലച്ചിത്ര മേളയിലെ സുപ്രധാനവിഭാഗങ്ങളിലൊന്നിൽ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയ അനസൂയ സെൻഗുപ്ത ഇന്ത്യയുടെ അഭിമാനം. ‘അ സേറ്റെൻ റിഗാ’ (എ സേറ്റെൻ ഗ്ലാൻസ്) വിഭാഗത്തിൽ മത്സരിച്ച ‘ദ് ഷെയിംലെസ്’ ചിത്രത്തിലെ മികച്ച അഭിനയമാണ് ആണ് അനസൂയയ്ക്ക് അസൂയപ്പെടുത്തുന്ന അംഗീകാരം സമ്മാനിച്ചത്. ഇന്ത്യൻ നടിമാരാരും ഇതുവരെ സേറ്റെൻ ഗ്ലാൻസ് വിഭാഗത്തിൽ പുരസ്കാരം നേടിയിട്ടില്ല.
പ്രധാന മത്സരവിഭാഗത്തിലുൾപ്പെടെ ചിത്രവുമായി ഇത്തവണത്തെ കാൻ മേളയിലെ ഗംഭീരപ്രാതിനിധ്യം കൊണ്ടു രാജ്യാന്തരശ്രദ്ധ കവർന്നിരിക്കുന്ന ഇന്ത്യയ്ക്ക് എടുത്തുപറയാവുന്ന നേട്ടമാണ് കൊൽക്കത്തക്കാരിയായ അനസൂയയുടേത്. ആഖ്യാനശൈലിയുടെ പുതുമയും വേറിട്ട വഴിയും കൊണ്ടു ശ്രദ്ധേയമാകുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള കാനിലെ സമാന്തര മത്സരവിഭാഗമാണ് ‘അ സേറ്റെൻ റിഗാ’.
ബൾഗേറിയൻ സംവിധായകനായ കോൺസ്റ്റാന്റിൻ ബോജനോവ് ഹിന്ദി ഭാഷയിലെടുത്ത ചിത്രമാണ് ‘ദ് ഷെയിംലെസ്’. ഒരു പൊലീസുകാരനെ കുത്തിക്കൊന്ന ശേഷം ഡൽഹിയിലെ വേശ്യാലയത്തിൽനിന്ന് രക്ഷപ്പെട്ടോടുന്ന രേണുക എന്ന യുവതിയുടെ വേഷമാണ് അനസൂയ അനശ്വരമാക്കിയത്. ഉത്തരേന്ത്യയിലെ ലൈംഗികത്തൊഴിലാളികളുടെ സംഘത്തിലാണ് ഒടുവിൽ അവൾ ചെന്നുപെടുന്നത്.
2009 ൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം ‘മാഡ്‍ലി ബംഗലി’യിലെ മുഖ്യവേഷങ്ങളിലൊന്നിൽ അഭിനയിച്ച ശേഷം മുംബൈയിലേക്കു താമസം മാറിയ അനസൂയ പ്രൊഡക്‌ഷൻ ഡിസൈനറായി ജോലി ചെയ്യുന്നതിനിടെയാണ് ഷെയിംലെസിലെ അവസരം തേടിയെത്തുന്നത്. ചൈനീസ് ചിത്രമായ ബ്ലാക്ക് ഡോഗ് (സംവിധാനം: ഗൂ ഷെൻ) ആണ് ഈ വിഭാഗത്തിലെ മികച്ച ചിത്രം. ബ്രിട്ടിഷ് ഇന്ത്യൻ സംവിധായിക സന്ധ്യ സൂരിയുടെ സന്തോഷ് എന്ന ചിത്രവും മത്സരത്തിനുണ്ടായിരുന്നു. 2012 ലെ നിർഭയക്കേസ് ആധാരമാക്കിയുളള സിനിമയാണിത്.