41-ാം വയസ്സിലാണ് രോഗം കണ്ടുപിടിക്കുന്നത്: എഡിഎച്ച്ഡി എന്ന രോഗാവസ്ഥ: തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
Mail This Article
അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ (എഡിഎച്ച്ഡി) എന്ന രോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തി ഫഹദ് ഫാസിൽ. കുട്ടികളായിരിക്കുമ്പോള്‍ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാമെന്നും എന്നാല്‍ തനിക്ക് 41-ാം വയസ്സില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും ഫഹദ് പറയുന്നു. കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഫഹദ്.
സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിൻഡ്രോ.
‘‘ഡയലോഗുകൾ സംസാരിക്കാൻ മാത്രമേ എനിക്ക് അറിയൂ. ഒരു വേദിയിൽ വന്ന് എന്താണ് പറയേണ്ടത് എന്ന പക്വതയോ ബോധമോ എനിക്ക് ഇല്ലെന്ന് ഭാര്യയും ഉമ്മയും ഇടക്കിടെ പറയാറുണ്ട്. അവർ അങ്ങനെ പറയുന്നത് കൊണ്ട് ബേസിക്സിൽ നിന്നും തുടങ്ങാം. ഞാൻ ഇവിടെ വന്നപ്പോൾ സാബിത് ഉമ്മറുമായി സംസാരിക്കുക ആയിരുന്നു. എഡിഎച്ച്ഡി എന്ന രോഗാവസ്ഥയുണ്ട്. പല രീതിയിൽ ഉള്ള കണ്ടീഷൻസ് ആണ് ഞങ്ങൾ ചർച്ച ചെയ്തത്. അതിൽ എന്റെ രോഗത്തെക്കുറിച്ചും സംസാരിച്ചു. അത് മാറ്റാൻ ആകുമോ എന്നാണ് ഞാൻ ചോദിച്ചത്.
എന്നാൽ ചെറുപ്പത്തിൽ അത് കണ്ടെത്തിയാൽ മാറ്റാൻ ആകും എന്ന് അദ്ദേഹം മറുപടി പറഞ്ഞു. എന്നാൽ നാൽപ്പത്തിയൊന്നാം വയസ്സിലാണ് എനിക്ക് ആ രോഗം കണ്ടുപിടിക്കുന്നത്. എനിക്ക് ആ രോഗാവസ്ഥയാണ്, വലിയ രീതിയിൽ അല്ലെങ്കിലും ചെറിയ രീതിയിൽ അതെനിക്ക് ഉണ്ട്.
ഇവിടെ ഞാൻ കണ്ട ചില മുഖങ്ങൾ എനിക്ക് ഒരിക്കലും മറക്കാൻ ആകില്ല. ആ മുഖങ്ങളിൽ നിന്നും എന്തോ വെളിച്ചം എന്റെ ഉള്ളിലേക്ക് കയറിയിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ആ വെളിച്ചം കിട്ടാൻ എന്നെ പീസ് വാലിയിൽ എത്തിക്കാൻ സഹായിച്ച ദൈവത്തിനോടും മറ്റു സംഘാടകരോടും നന്ദി ഞാൻ പറയുന്നു. ഇനി ഈ യാത്രയിൽ എന്നെക്കൊണ്ട് ആകുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നതായിരിക്കും.’’–ഫഹദ് പറഞ്ഞു.
എന്താണ് എഡിഎച്ച്ഡി
ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതിരിക്കുക അല്ലെങ്കില്‍ അശ്രദ്ധ (ഇന്‍അറ്റന്‍ഷന്‍), എടുത്തുചാട്ടം അഥവാ 'ഇംപള്‍സിവിറ്റി', ഒരിക്കലും അടങ്ങിയിരിക്കാതിരിക്കുക അല്ലെങ്കില്‍ 'ഹൈപ്പര്‍ ആക്ടിവിറ്റി' എന്നിവ ചേര്‍ന്നുള്ള രോഗമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്റ്റിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി). സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഇതുകണ്ടുവരാറുണ്ട്. ചിലരില്‍ മുതിര്‍ന്നാലും ഇത് മാറിയെന്നു വരില്ല. കുട്ടികളില്‍ പഠനത്തെയും മറ്റും എഡിഎച്ച്‌ഡി പ്രതികൂലമായി ബാധിച്ചേക്കാം.