ഇതൊന്നും എന്റെ അറിവോടെ സംഭവിക്കുന്നതല്ല: മലയാളികളോട് കനി കുസൃതി
Mail This Article
സമൂഹ മാധ്യമങ്ങളില്‍ തന്റേതെന്ന രീതിയിൽ പ്രചരിക്കുന്ന അഭിപ്രായങ്ങൾ എഡിറ്റ് ചെയ്തവയെന്ന് നടി കനി കുസൃതി. ഇതൊന്നും തന്റെ അറിവോടെ സംഭവിക്കുന്നതല്ലെന്നും അതുകൊണ്ടു തന്നെ പ്രസ്തുത ഉള്ളടക്കങ്ങളിലെ ആരോപണങ്ങൾക്കും അഭിപ്രായങ്ങൾക്കും താൻ ഒരു തരത്തിലും ഉത്തരവാദിയല്ലെന്നും നടി പറയുന്നു.
‘‘പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ഞാൻ കൂടി ഭാഗമായ ചിത്രം കാൻ ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ, ഫെസ്റ്റിവൽ വേദിയിലെ എന്റെ പാലസ്തീൻ ഐക്യദാർഢ്യത്തിന്റെ പാശ്ചാത്തലത്തിൽ, മലയാളത്തിൽ സജിൻ ബാബു സംവിധാനം ചെയ്ത ‘ബിരിയാണി’ എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ചതിനെച്ചൊല്ലി ധാരാളം ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഞാൻ നൽകാത്ത അഭിമുഖങ്ങളും എന്റേതല്ലാത്ത അഭിപ്രായങ്ങളും നിലപാടുകളും ചില ഓൺലൈൻ മാധ്യമങ്ങളിൽ കാണുകയുണ്ടായി. ഞാൻ മറ്റു മാധ്യമങ്ങളിൽ പരസ്യമായി പ്രകടിപ്പിച്ച നിലപാടുകളെയും അഭിപ്രായങ്ങളെയും ഞാൻ പറഞ്ഞ അർഥത്തിൽ നിന്നും തികച്ചും വിപരീതമായി അവർ ഉദ്ദേശിക്കുന്ന തരത്തിലേക്ക് എഡിറ്റ് ചെയ്താണ് ഇക്കൂട്ടർ അഭിമുഖ വിഡിയോയും മറ്റ് ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നത്.
ഇത് എന്റെ അറിവോടെ സംഭവിക്കുന്നതല്ല എന്ന കാരണത്താൽ തന്നെ പ്രസ്തുത ഉള്ളടക്കങ്ങളിലെ ആരോപണങ്ങൾക്കും അഭിപ്രായങ്ങൾക്കും ഞാൻ ഒരു തരത്തിലും ഉത്തരവാദിയല്ല എന്നു പറയട്ടെ.
PS : ഇത് മലയാളത്തിൽ മാത്രമേ എഴുതേണ്ടി വന്നു എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ.’’–കനി കുസൃതിയുടെ വാക്കുകൾ.