ADVERTISEMENT

‘ബിരിയാണി’ സിനിമയുമായി ബന്ധപ്പെട്ട നടി കനി കുസൃതിയുടെ പ്രസ്താവനയെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ‘ബിരിയാണി’ സിനിമ ചെയ്തത് ജീവിക്കാൻ വേണ്ടിയാണെന്നു പറഞ്ഞ കനി, ആ സിനിമയിലൂടെ ലഭിച്ച സംസ്ഥാന അവാർഡും വേണ്ടന്നു വയ്ക്കണമായിരുന്നുവെന്ന് ഹരീഷ് പേരടി പറയുന്നു. കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിര ബുദ്ധി നഷ്ടപ്പെട്ട്  ‘ബിരിയാണി’ എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനെയും കുപ്പ തൊട്ടിയിൽ തള്ളിയ അവസ്ഥയായി ഇപ്പോഴെന്നും പേരടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

‘‘രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജീവിക്കാൻ വേണ്ടി ‘ബിരിയാണി’ എന്ന സിനിമ ചെയ്തു എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നൂറ്റിയൊന്നു ശതമാനവും ഉൾക്കൊള്ളുന്നു. പക്ഷേ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ‘ബിരിയാണി’ എന്ന സിനിമയുടെ പേരിൽ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു?

കടുത്ത രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുള്ള ആ സിനിമയുടെ അവാർഡ് വേണ്ടന്നു വയ്ക്കലായിരുന്നു യഥാർഥ രാഷ്ട്രീയം..അഥവാ രാഷ്ട്രീയ ബോധം. അതല്ല നല്ല നടിക്കുള്ള സംസ്ഥാന അവാർഡിന്റെ തുകയാണ് കനിയെ ആകർഷിച്ചതെങ്കിൽ അത് തുറന്ന് പറയണമായിരുന്നു. ഇതിപ്പോൾ കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിര ബുദ്ധി നഷ്ടപ്പെട്ട്  ‘ബിരിയാണി’ എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനെയും കുപ്പ തൊട്ടിയിൽ തള്ളിയതുപോലെയായി.

നീതി ബോധമുള്ള മനുഷ്യരും ഇന്ത്യൻ ഭരണഘടനയും അന്തസ്സോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം. അല്ലാതെ രാഷ്ട്രീയം, പണവും പ്രശ്സതിയും നിറയ്ക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ല. ആശംസകൾ.’’–ഹരീഷ് പേരടിയുടെ വാക്കുകൾ.

‘ബിരിയാണി’ സിനിമ ചെയ്തത് ഒട്ടും താൽപര്യത്തോടെയല്ലെന്നും പൈസയുടെ കാര്യം ഓർത്ത് ചെയ്തതായിരുന്നുവെന്നും കനി ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. എഴുപതിനായിരം രൂപയാണ് അന്ന് അതിൽ അഭിനയിച്ചതിന് തനിക്കു ലഭിച്ച പ്രതിഫലമെന്നും കനി തുറന്നു പറഞ്ഞിരുന്നു.

English Summary:

Hareesh Peradi criticise Kani Kusruthi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com