ADVERTISEMENT

‘വർഷങ്ങൾക്കു ശേഷം’ സിനിമയേക്കാൾ തനിക്കിഷ്ടപ്പെട്ടത് ‘ആവേശ’മാണെന്ന് തുറന്നു പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ. ‘ആവേശം’ റിലീസ് ചെയ്യുന്നതിനു മുമ്പേ അതിന്റെ റിപ്പോർട്ട് കിട്ടിയിരുന്നുവെന്നും അന്നങ്ങനെ പറഞ്ഞത് തമാശയ്ക്കു മാത്രമായിരുന്നുവെന്നും ധ്യാൻ പറയുന്നു. ‘പാർട്ണേഴ്സ്’ എന്ന പുതിയ സിനിമയുടെ പ്രസ്മീറ്റില്‍ സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘‘ഫെസ്റ്റിവൽ സീസണിലാണ് നമ്മുടെ സിനിമ വരുന്നത്. അങ്ങനെയൊരു ക്ലാഷ് വരുന്ന സമയത്ത് നിങ്ങളുടെ മുന്നിൽ തന്നെയല്ലേ ഞാനിതൊക്കെ പറഞ്ഞുപോയത്. നമ്മൾ പറയുന്നത്, ആളുകൾ എങ്ങനെ എടുക്കുന്നു എന്നതും പ്രധാനമാണ്. ജിത്തു (ആവേശം സംവിധായകൻ) തന്നെ അതിനു ശേഷം നൽകിയ അഭിമുഖങ്ങളിൽ പറയുകയുണ്ടായി, ഞാനത് പറഞ്ഞത് തമാശയ്ക്കാണെന്ന്.

ആവേശം സിനിമ ഇറങ്ങുന്നതിനു മുന്നേ നമുക്ക് അറിയാം, ആ സിനിമ എങ്ങനെ വരുമെന്നുള്ളത്. ഈ സിനിമ എത്രത്തോളം നല്ലതാണെന്നുള്ളതിന്റെ വാർത്തകളും നേരത്തെ കിട്ടും. ഞാനങ്ങനെ പറഞ്ഞുകൊണ്ട് ആ സിനിമയ്ക്കൊന്നും സംഭവിക്കാൻ പോകുന്നില്ല.

ആ സിനിമ പുറത്തിറങ്ങി ഹിറ്റായി എന്ന ആളുകളുടെ പ്രതികരണം വന്നതിനു ശേഷമാണ് ഞാൻ രാത്രിയിൽ പോയി തമാശയ്ക്ക് ആ പ്രതികരണം നടത്തിയത്. അതിനു മുന്നേ തന്നെ വർഷങ്ങൾക്കു ശേഷത്തേക്കാൾ മുകളിലാണ് ആവേശമെന്ന വാര്‍ത്ത വന്നു കഴിഞ്ഞു. പിന്നീട് ഉസ്താദ് ഹോട്ടൽ, ചരിത്രം നമ്മൾ ആവർത്തിക്കും എന്നൊക്കെ പറഞ്ഞത് വെറുതെ ഒരോളമുണ്ടാക്കാൻ വേണ്ടി മാത്രമാണ്. എനിക്കറിയില്ലേ, ആവേശം അതിനേക്കാൾ നല്ല സിനിമയാണെന്ന്.

പക്ഷേ ആ സമയത്ത് എനിക്കെന്റെ സിനിമയെ താഴ്ത്തിക്കെട്ടി പറയാൻ പറ്റില്ലല്ലോ? എനിക്കറിയാം വർഷങ്ങൾക്കു ശേഷത്തിലെ പ്രശ്നങ്ങളൊക്കെ. ഞാൻ അഭിനയിച്ചൊരു സിനിമ, അതിനോടൊപ്പം ഇറങ്ങുന്ന മറ്റൊരു സിനിമ. എനിക്കു ചിലപ്പോൾ എന്റെ സിനിമയേക്കാൾ ഇഷ്ടപ്പെടുന്നത് അതിന്റെ കൂടെ ഇറങ്ങിയ സിനിമയാകും. കണ്ടപ്പോൾ ആവേശമാണ്, വർഷങ്ങൾക്കു ശേഷത്തേക്കാൾ ഇഷ്ടപ്പെട്ടത്. അത് സത്യമല്ലേ. നമ്മുടെ ടേസ്റ്റ് വ്യത്യാസം വരുന്നതില്‍ തെറ്റില്ലല്ലോ?’’–ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ.

English Summary:

Dhyan Sreenivasan About Aavesham Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com