നെടുമുടിക്കൊപ്പമുള്ള സീനിൽ കാണുന്നത് എന്റെ കണ്ണുനീർ; വികാരാധീനനായി കമൽഹാസൻ
Mail This Article
നെടുമുടി വേണു ഇല്ലാതെയുള്ള ഇന്ത്യൻ 2ന്റെ ചിത്രീകരണം കണ്ണു നിറച്ചുവെന്ന് കമൽഹാസൻ. ബോഡി ഡബിളിനെ വച്ചായിരുന്നു ഷൂട്ട് ചെയ്തതെന്നും ആ സീനിൽ ശരിക്കും കരഞ്ഞു പോയെന്നും കമൽഹാസൻ വെളിപ്പെടുത്തി. "ഇന്ത്യൻ 2ൽ നെടുമുടിക്കൊപ്പമുള്ള സീനിൽ നിങ്ങൾ കാണുന്ന കണ്ണുനീർ എന്റെയും സേനാപതിയുടെയുമാണ്," കമൽഹാസൻ പറഞ്ഞു. സിജിഐയിലൂടെയാണ് ചിത്രത്തിൽ നെടുമുടിയുടെ കഥാപാത്രത്തെ അണിയറക്കാർ പുനഃസൃഷ്ടിക്കുന്നത്.
കമൽഹാസന്റെ വാക്കുകൾ ഇങ്ങനെ: "മറ്റൊരാളെ നിറുത്തിയാണ് ആ രംഗം ഷൂട്ട് ചെയ്തത്. നെടുമുടിയുടെ കഥാപാത്രത്തോടു നന്ദി പറഞ്ഞു കൊണ്ട് കെട്ടിപ്പിടിക്കുന്നതാണ് രംഗം. ആ നിമിഷം ഞാനെന്തിനാണ് കരയുന്നതെന്ന് എനിക്കു മനസിലായില്ല. അത് ഏറെ ഹൃദയസ്പർശിയായ നിമിഷമായിരുന്നു. ഇപ്പോൾ പറയുമ്പോൾ പോലും അതു ഞാൻ അനുഭവിക്കുന്നുണ്ട്. അദ്ദേഹം മഹാനായ ഒരു അഭിനേതാവായിരുന്നു. എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടല്ലോ. ഇന്ത്യൻ 2ൽ നെടുമുടിക്കൊപ്പമുള്ള സീനിൽ നിങ്ങൾ കാണുന്ന കണ്ണുനീർ എന്റെയും സേനാപതിയുടെയുമാണ്."
ഇന്ത്യ കണ്ട മികച്ച നടന്മാരിലൊരാളാണ് നെടുമുടി വേണു. നെടുമുടിക്കൊപ്പമുള്ള അഭിനയനിമിഷങ്ങൾ കരിയറിൽ ഒരിക്കലും മറക്കില്ലെന്നും അതുപോലെ ഒരു അനുഭവം അതിനു മുൻപ് ഉണ്ടായത് ശിവാജി ഗണേശനൊപ്പം അഭിനയിക്കുമ്പോഴായിരുന്നുവെന്നും കമൽഹാസൻ അനുസ്മരിച്ചു. ഇന്ത്യൻ 2ന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒരു ഓൺലൈൻ പ്ലാറ്റ്ഫോം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് നെടുമുടി വേണുവുമായുള്ള ആത്മബന്ധത്തെക്കുറിച്ച് താരം മനസു തുറന്നത്.
കമൽഹാസന്റെ വാക്കുകൾ: "ഇന്ത്യ കണ്ട മികച്ച നടന്മാരിലൊരാളാണ് നെടുമുടി വേണു. അദ്ദേഹം കൂടുതലും ക്യാരക്ടർ വേഷങ്ങൾ ചെയ്തിരുന്നതു കൊണ്ട് ഇന്ത്യയൊട്ടാകെ അറിയപ്പെടാതെ പോയത്. അദ്ദേഹം ലീഡ് കഥാപാത്രങ്ങളല്ല ചെയ്തത്. അതായിരുന്നില്ല അദ്ദേഹത്തിന്റെ ഇഷ്ടം. പക്ഷേ, മലയാള സിനിമ അദ്ദേഹത്തെ അംഗീകരിച്ചത് ലീഡ് ആക്ടറായി തന്നെയാണ്. അദ്ദേഹം വൈവിധ്യമാർന്ന വേഷങ്ങൾ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള അഭിനിവേശം വ്യത്യസ്തമായിരുന്നു. ഒരിക്കൽ അദ്ദേഹം എന്നോടു പറഞ്ഞു, ഞാനിത്ര കാലം ജീവിച്ചിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഇന്ത്യൻ 2ന്റെ ഭാഗമാകാൻ ജീവിച്ചിരിക്കാൻ പറ്റിയതിൽ സന്തോഷം! പക്ഷേ, കോവിഡ് മൂലം പ്രൊജക്ട് വൈകി. അദ്ദേഹത്തെ ഞങ്ങൾക്കു നഷ്ടപ്പെട്ടു. ചില സീനുകൾ അതിനാൽ ഡ്യൂപ്പിനെ വച്ചു ചെയ്യേണ്ടി വന്നു."
"നെടുമുടി വേണുവുമായുള്ള ഇന്ത്യനിലെ ആ സീൻ എന്റെ കരിയറിൽ തന്നെ മറക്കാനാവാത്ത ഒന്നാണ്. റിയൽ ആണോ അഭിനയമാണോ എന്ന തിരിച്ചറിവ് നഷ്ടമാകുന്ന അപൂർവം നിമിഷങ്ങളെ ജീവിതത്തിൽ സംഭവിക്കൂ. അതൊരു ഇരുണ്ട നിമിഷമായിരുന്നു. തേവർമകനിൽ ഇതുപോലെ ഒരു നിമിഷം സംഭവിച്ചിരുന്നു. ശിവാജി സർ മരിക്കുന്ന സമയത്ത് ഞാൻ കരയുന്ന ഒരു സീൻ ഉണ്ട്. ടേക്കിനു മുൻപ് ഞാൻ ആവർത്തിച്ച് റിഹേഴ്സൽ ചെയ്യുന്നതു മുഴുവൻ ശിവാജി സർ കിടന്നു കൊണ്ടു കാണുകയാണ്. അദ്ദേഹം തമാശയായി പറഞ്ഞു, റിഹേഴ്സൽ ചെയ്യാൻ ഒരു അവസരം തന്നിട്ടും പഠിച്ചില്ലേ എന്ന്! തമാശയ്ക്ക് പറഞ്ഞതാണെങ്കിലും അതെന്റെ മനസിൽ കൊണ്ടു. അദ്ദേഹം പറഞ്ഞതു സത്യമല്ലേ... അങ്ങനെയൊരു നിമിഷത്തിനു വേണ്ടിയുള്ള റിഹേഴ്സലിൽ അല്ലേ നമ്മൾ? ഒരു നടന് അതു പറഞ്ഞാൽ മനസിലാകും. കാണികൾക്ക് അതു മനസിലാകും. അങ്ങനെയാണ് സ്ക്രിസോഫീനിയയുടെ ഇരുണ്ട നിമഷങ്ങൾ അഭിനയത്തിൽ സംഭവിക്കുന്നത്. അതൊരു ന്യൂറോട്ടിക് ബിസിനസ് ആണ്."
"പല കാര്യങ്ങളാൽ പ്രോജക്ട് വൈകിയപ്പോൾ എന്നെത്തന്നെ മാനേജ് ചെയ്യാൻ ഞാൻ ബുദ്ധിമുട്ടി. വികാരഭരിതമായ യാത്രയായിരുന്നു അത്. ഇന്ത്യൻ 2, ഇന്ത്യൻ 3 എന്ന് എനിക്ക് വേർതിരിച്ചു കാണാൻ കഴിയില്ല. ഒറ്റ സിനിമയായിട്ടാണ് അത് എന്റെ മനസിൽ. സമൂഹമാധ്യമത്തിൽ ഇന്ത്യന്റെ കഥയെക്കുറിച്ച് ഒരുപാട് ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഭാഗ്യത്തിന് ഒറിജനൽ കഥയുമായി ബന്ധമുള്ള വേർഷനുകളൊന്നും ഇതുവരെ ഞാൻ കണ്ടിട്ടില്ല. എന്തായാലും അത്തരം ഗൂഢാലോചനകൾ ഞാൻ ആസ്വദിക്കാറുണ്ട്. സേനാപതിയുടെ ഒറിജനൽ പ്രായം ഊഹിച്ചു പറയുന്ന ആരാധകർ വരെയുണ്ട്. സൂപ്പർമാന്റെ പ്രായം ആരും ചോദിക്കാറില്ലല്ലോ. അതുപോലെയാണ് ഇന്ത്യനിലെ സേനാപതിയും," കമൽഹാസൻ പറയുന്നു.
ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ആരാധകരുമായി നടത്തിയ സംവാദത്തിൽ കമൽഹാസൻ പങ്കുവച്ചു. "ദൈവമില്ലാതെ ജീവിക്കാൻ പറ്റുമെന്ന് മനസിലാക്കിയ ആളാണ് ഞാൻ. കൃത്യമായി അങ്ങനെ 50 വർഷം ഞാൻ ജീവിച്ചിട്ടുണ്ട്. പക്ഷേ, മനുഷ്യരില്ലാതെ എനിക്കു ജീവിക്കാൻ പറ്റില്ല. പരമാവധി എട്ടു മണിക്കൂർ ഒക്കെ എനിക്ക് പിടിച്ചു നിൽക്കാം. ആ സമയത്ത് ഞാൻ അവരെ സ്വപ്നം കാണുന്നുണ്ടാകും. ഞാനുറങ്ങുന്ന സമയമാണ് അത്. മനുഷ്യരില്ലാതെ എനിക്ക് അതിജീവിക്കാൻ കഴിയില്ല. ദൈവങ്ങളില്ലാതെ ഞാൻ അതിജീവിച്ചിട്ടുണ്ട്. പക്ഷേ, മനുഷ്യരില്ലാതെ പറ്റില്ല. അഹങ്കാരമല്ല ഇത് എന്നെ കൊണ്ടു പറയിപ്പിക്കുന്നത്. യാഥാർഥ്യബോധത്തോടെയുള്ള വിനീതമായ സ്റ്റേറ്റ്മെന്റ് ആണ് ഇത്. അഭിനയവുമായി അതിനു ബന്ധമില്ല," കമൽഹാസൻ വ്യക്തമാക്കി.