‘ദേവദൂതനി’ൽ നായകനാകേണ്ടിയിരുന്ന മാധവൻ, നായികയായി രേഖയും; അറിയാക്കഥ
Mail This Article
ദേവദൂതൻ സിനിമയുടെ തിരക്കഥ പോലെ തന്നെ ഒരു മിസ്റ്റിക്ക് സ്വഭാവമുണ്ട് ദേവദൂതൻ സിനിമയുടെ ചലച്ചിത്ര യാത്രക്കും. നാലു പതിറ്റാണ്ടുകൾക്കു മുമ്പ് സിബി മലയിൽ സംവിധാനം ചെയ്യാൻ ആഗ്രഹിച്ച തന്റെ സ്വപ്ന സിനിമയായിരുന്നു ദേവദൂതൻ. ഒരിക്കൽ ഉപേക്ഷിക്കപ്പെടുകയും പിന്നീട് ജീവൻവെക്കുകയും ബോക്സ് ഓഫിസിൽ തകർന്നടിയുകയും പിന്നീട് മലയാളത്തിലെ കൾട്ട് ക്ലാസിക്കുകളിലൊന്നായി മാറുകയും ചെയ്ത വിസ്മയമാണ് ദേവദൂതൻ. 24 വർഷങ്ങൾക്കു ശേഷം ചിത്രം വീണ്ടും തിയറ്റർ റിലീസിനെത്തുമ്പോൾ ദേവദൂതന്റെ പിന്നണി കഥകളിലൂടെ ഒരു യാത്ര.
1983-ലാണ് ദേവദൂതനുമായി ബന്ധപ്പെട്ട ആദ്യ ആലോചനകൾ നടക്കുന്നത്. പിന്നീട് അഞ്ജാതമായ പല കാരണങ്ങൾ കൊണ്ടും നീണ്ടു പോയ ആ പ്രൊജക്റ്റ് സംഭവിക്കുന്നത് രണ്ടായിരത്തിലും. തിരക്കഥയും കഥാപാത്രങ്ങളും പലകുറി മാറി മറിഞ്ഞു. സിബി മലയിലും തിരക്കഥാകൃത്ത് രഘുനാഥ് പലേരിയും രണ്ട് വർഷത്തോളം സിനിമയ്ക്കു വേണ്ടി സ്വയം സമർപ്പിച്ചിരുന്നു. ബോക്സ് ഓഫിസിൽ ചിത്രം വലിയ പരാജയം ഏറ്റുവാങ്ങി. സിബി മലയിൽ കടുത്ത വിഷാദത്തിലേക്കു വീണു പോയി. ഒരു വർഷത്തോളം വീടിനു പുറത്തേക്ക് ഇറങ്ങാതെ ദീർഘമൗനത്തിലായി. തിരക്കഥാകൃത്ത് രഘുനാഥ് പലേരിയാകാട്ടെ ദേവദൂതനുമായി ബന്ധപ്പെട്ട സംവാദങ്ങളിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും ആരോഗ്യകരമായ അകലം പാലിച്ചാണ് സിനിമയുടെ ബോക്സ് ഓഫിസ് പരാജയത്തെ മറികടക്കാൻ ശ്രമിച്ചത്. നിർമാതാവ് സിയാദ് കോക്കറിനാകാട്ടെ സിനിമയിൽ നിന്ന് അതുവരെ സമ്പാദിച്ചതെല്ലാം നഷ്ടമാകുകയും ചെയ്തു.
അഞ്ജാതമായ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ട ആദ്യ സിനിമ
നവോദയുടെ പടയോട്ടം എന്ന സിനിമയിൽ അസോസിയേറ്റായിരുന്നു സിബി മലയിൽ. പടയോട്ടത്തിനു ശേഷം നവോദയുടെ അടുത്ത ചിത്രം സംവിധാനം ചെയ്യാനുള്ള ക്ഷണം അദ്ദേഹത്തിനു ലഭിച്ചു. ആദ്യ സിനിമയായതു കൊണ്ടു തന്നെ പലതരം കഥകൾ അന്വേഷിച്ചു. ആലോചനയിൽ വന്ന പല കഥകളും സിബി മലയിലിനു തൃപ്തികരമായി തോന്നിയില്ല. നവോദയ അപ്പച്ചന്റെ മകൻ ജോസ് പുന്നൂസാണ് ദേവദൂതനുമായി ബന്ധപ്പെട്ട ആദ്യ ചിന്ത പങ്കുവെക്കുന്നത്. രണ്ടാമാത്തെ കടമ്പ സിനിമയുടെ തിരക്കഥ ആരെ കൊണ്ടു എഴുതിക്കാമെന്നതായി. സിബി മലയിലിന്റെ ഫസ്റ്റ് ചോയ്സ് പത്മരാജനായിരുന്നു. തിരക്കഥ എഴുതാൻ നവോദയയിൽ നിന്ന് പത്മരാജാനെ സമീപിച്ചിരുന്നെങ്കിലും അന്നത്തെ തിരക്കുകൾ കാരണം തിരക്കഥ എഴുതാനുള്ള ക്ഷണം അദ്ദേഹത്തിനു നിരസിക്കേണ്ടി വന്നു.
പുതിയ എഴുത്തുകാരെ ക്ഷണിച്ചുകൊണ്ട് നവോദയ മുമ്പ് നൽകിയ പരസ്യ നൽകിയിരുന്നു. അതിൽ നിന്ന് ലഭിച്ച മികച്ച രചനകളിൽ നിന്ന് എഴുത്തുകാരുടെ ഒരു ചുരുക്കപട്ടിക നവോദയ തയാറാക്കിയിരുന്നു. അതിൽ ഒരാളായിരുന്നു രഘുനാഥ് പലേരി. ദേവദൂതന്റെ തിരക്കഥ എഴുതാൻ നിയോഗിക്കപ്പെട്ടത് പലേരിയായിരുന്നു. ആലപ്പുഴയിൽ ഒരു ഹോട്ടലിൽ ആറ് മാസത്തോളം കാലം താമസിച്ചു രഘുനാഥ് പലേരിയും സിബി മലയിലും ചേർന്ന് സിനിമയുടെ കഥയും തിരക്കഥയും പൂർത്തിയാക്കി. തിരക്കഥ രചനയുടെ വിവിധ ഘട്ടങ്ങളിൽ ജിജോ പുന്നൂസും ഫാസിലുമൊക്കെ നൽകിയ നിർദ്ദേശങ്ങൾ കൂടി ഉൾചേർത്താണ് തിരക്കഥ പൂർത്തിയാക്കുന്നത്.
പിന്നീട് പല കാരണങ്ങൾ കൊണ്ട് ആ സിനിമ അന്ന് സംഭവിക്കാതെ പോയി. 1985-ൽ പുറത്തിറങ്ങിയ മുത്താരംകുന്ന് പി.ഓ. എന്ന സിനിമയിലൂടെ സിബി മലയിൽ സ്വതന്ത്ര സംവിധായകനാകുകയും അദ്ദേഹത്തിന്റെ ചലച്ചിത്ര യാത്ര തുടരുകയും ചെയ്തു. നസീമയിലൂടെ തിരക്കഥാകൃത്തായും ഒന്നുമുതൽ പൂജ്യം വരെയിലൂടെ സംവിധായകനായും രഘുനാഥ് പലേരിയും അരങ്ങേറി. പിന്നീട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനമാണ് ദേവദൂതനുമായി ബന്ധപ്പെട്ട ചർച്ചകൾ പലേരിയും മലയിലും വീണ്ടും പൊടി തട്ടിയെടുക്കുന്നത്. സമ്മർ ഇൻ ബത്‌ലഹേമിന്റെ വാണിജ്യ വിജയം നിർമാതാവ് സിയാദ് കോക്കറും സിബി മലയിലും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമാക്കുകയും അവർ പുതിയൊരു പ്രൊജക്റ്റിനെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ദേവദൂതന് വീണ്ടും ജീവൻവെച്ചു തുടങ്ങുന്നത്.
നസറുദ്ദീൻ ഷായും മാധവി മുതൽ ആർ. മാധവനും രേഖയും വരെ
ദേവദൂതൻ സിനിമയുടെ ആദ്യഘട്ടത്തിൽ കേന്ദ്രകഥാപാത്രം ഏഴാം ക്ലാസുകാരനായ ഒരു വിദ്യാർഥിയായിരുന്നു. ഒരു ബോർഡിങ് സ്കൂളിന്റെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു അത്. ആദ്യഘട്ടത്തിൽ പ്രധാന കഥാപാത്രങ്ങളായി സംവിധായകന്റെ മനസ്സിലുണ്ടായിരുന്നത് നസറൂദ്ദീൻ ഷായും മാധവിയുമായിരുന്നു. പതിനേഴ് വർഷങ്ങൾക്കു ശേഷം ദേവദൂതനുമായി ബന്ധപ്പെട്ട ആലോചനകൾ പുനഃരാരംഭിച്ചപ്പോൾ കാലോചിതമായ മാറ്റങ്ങളോടു കൂടി അതൊരു ക്യാംപസ് സിനിമയായി മാറി. ഒരു ക്യാംപസ് പ്രണയവും ഒരു ഫ്ലാഷ്ബാക്ക് പ്രണയവും ചേർന്ന സമാന്തരമായ ഒരു ലൗവ് ട്രാക്കായിരുന്നു അത്. അന്ന് ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയനായ ആർ. മാധവനായിരുന്നു സംവിധായകന്റെ ഫസ്റ്റ് ചോയിസ്. ഈ ഘട്ടങ്ങളിലൊന്നും സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും വിദൂര സ്വപ്നത്തിൽ പോലും മോഹൻലാൽ എന്ന നടനുണ്ടായിരുന്നില്ല. മാധവനെ കാസ്റ്റ് ചെയ്യാനായി ബന്ധപ്പെട്ടപ്പോൾ ആറു മാസത്തേക്ക് അദ്ദേഹം മണിരത്നത്തിനു ഡേറ്റ് നൽകിയിരിക്കുകയായിരുന്നു. മാധവന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം ‘അലൈപായുതൈ’യായിരുന്നു ആ പ്രൊജക്റ്റ്. ഇതിനിടയിൽ യാദൃച്ഛികമായാണ് മോഹൻലാൽ ദേവദൂതന്റെ കഥ കേൾക്കുന്നതും അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നതും.
ദേവദൂതന്റെ പ്ലോട്ട് മോഹൻലാലിനു യോജിക്കുന്ന ഒന്നല്ല എന്നായിരുന്നു സിബി മലയിലിന്റെ ബോധ്യം. മോഹൻലാലിന്റെ ഡേറ്റ് ലഭിക്കുമെന്നു മനസ്സിലായപ്പോൾ സംവിധായകന് നിർമാതാവിന്റെ അടുത്ത് നിന്ന് സമർദ്ദങ്ങളുണ്ടായി. മോഹൻലാൽ പ്രോജക്റ്റിന്റെ ഭാഗമായാതോടെ തിരക്കഥയിൽ വീണ്ടും അഴിച്ചുപണികൾ നടത്താൻ സംവിധായകനും തിരക്കഥാകൃത്തും നിർബന്ധിതരായി. കോളജ് വിദ്യാർഥി എന്നത് പൂർവ വിദ്യാർഥിയായി മാറി. അന്നത്തെ മോഹൻലാലിന്റെ താരമൂല്യം പരിഗണിച്ചു നിർബന്ധപൂർവം ചില കോമഡി രംഗങ്ങളും ആക്‌ഷൻ രംഗങ്ങളും മനസ്സില്ലാ മനസ്സോടെ സിനിമയിൽ ഉൾപ്പെടുത്താൻ സിബിയും പലേരിയും തയാറായി. റീ-റീലിസിങ് വേർഷനിൽ ഇത്തരം സീനുകൾ ഒഴിവാക്കിയിട്ടുണ്ട്. ജയപ്രദ ചെയ്ത ഫീമെയിൽ ലീഡ് റോൾ ചെയ്യാൻ ആദ്യം സമീപിച്ചത് ബോളിവുഡ് താരം രേഖയായിരുന്നു. അവരുടെ ചില നിബന്ധനകളുമായി ഒത്തുപോകാൻ കഴിയാതെയാണ് ജയപ്രദയിലേക്ക് എത്തുന്നത്. ജപ്രദയോടുള്ള മുഖ സാദൃശ്യം കൊണ്ടു മാത്രമാണ് അക്കാലത്ത് തമിഴ് സീരിയലുകളിലൂടെ ശ്രദ്ധേയേയായ വിജയലക്ഷ്മിയെ സ്നേഹയുടെ കഥാപാത്രമായി കാസ്റ്റ് ചെയ്യുന്നത്.
മികച്ച ടെക്നിഷ്യൻമാരുടെ സമാഗമമായി മാറിയ ദേവദൂതൻ
ചിത്രത്തിന്റെ ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലും സിബി മലയിലും പ്രണയവർണ്ണങ്ങളിൽ ഒന്നിച്ചു പ്രവർത്തിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് കരൺ ജോഹറിന്റെ ‘കുച്ച് കുച്ച് ഹോതാ ഹേ’ എന്ന ചിത്രത്തിലേക്ക് അദ്ദേഹത്തിനു ക്ഷണം ലഭിക്കുന്നത്. പ്രണയവർണ്ണങ്ങൾ പൂർത്തിയാക്കാതെ അദ്ദേഹത്തിനു അന്ന് ഹിന്ദി സിനിമയിൽ ജോയിൻ ചെയ്യേണ്ടി വന്നിരുന്നു. എന്നിരുന്നാലും സന്തോഷിന്റെ ഛായാഗ്രഹണ മികവിൽ വിശ്വാസമുണ്ടായിരുന്ന സിബി മലയിൽ ദേവദൂതനിലേക്ക് അദ്ദേഹത്തെ ഉൾപ്പെടുത്തുകയായിരുന്നു.
സമ്മർ ഇൻ ബത്ലഹേമിൽ ഒരുമിച്ച പ്രവർത്തിച്ച വിദ്യാസാഗാറിനെയാണ് സിബി മലയിൽ സംഗീത സംവിധായകനായി നിയോഗിച്ചത്. സംഗീതത്തിനു സ്കോപ്പുള്ള തിരക്കഥയായതു കൊണ്ട് തന്നെ പാട്ടിലും പശ്ചാത്തല സംഗീതത്തിലും വിദ്യാസാഗാർ തന്റെ മാന്ത്രികത പുറത്തെടുത്തു. ആ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു. കൈതപ്രത്തിന്റേതായിരുന്നു വരികൾ.
സിബി മലയിലിന്റെ സ്ഥിരം ചിത്രസംയോജകനായ എൽ. ഭൂമിനാഥൻ തന്നെയാണ് ദേവദൂതനും എഡിറ്റ് ചെയ്തിട്ടുള്ളത്. മൃദംഗവാദകൻ കൂടിയായ ഭൂമിനാഥന്റെ താളബോധവും കട്ട്സിൽ പ്രതിഫലിച്ചിട്ടുണ്ട്. മികച്ച ഓഡിയോഗ്രാഫിക്കുള്ള നാല് ദേശീയ പുരസ്കാരങ്ങളും സ്ലംഡോഗ് മില്യണേർ എന്ന സിനിമയിലൂടെ ഗ്രാമി പുരസ്കാരവും നേടിയ എച്ച്. ശ്രീധറാണ് ദേവദൂതനായി ഡി.ടി.എസ്. മിക്സിങ് നിർവ്വഹിച്ചത്. എ.ആർ. റഹ്മാൻ ഉൾപ്പടെ ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീത സംവിധായർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ദേവദൂതന്റെ ഫൈനൽ മിക്സിങ് സമയത്ത് സംവിധായകൻ സിബി മലയിലിനോട് പറഞ്ഞത് ഇത്രയും പൂർണ്ണതയുള്ള ഒരു ഓഡിയോ ട്രാക്ക് ഇതിനു മുമ്പ് തന്റെ കരിയറിൽ ലഭിച്ചിട്ടില്ല എന്നാണ്. എസ്.ബി. സതീഷായിരുന്നു ദേവദൂതന്റെ വസ്ത്രലാങ്കരം നിർവ്വഹിച്ചത്. മികച്ച കോസ്റ്റ്യം ഡിസൈനർക്കുള്ള പുരസ്കാരം ചിത്രത്തിലൂടെ സതീശ് സ്വന്തമാക്കിയിരുന്നു. ദേവദൂതന്റെ പ്രൊഡക്ഷൻ കൺട്രോളറായ എം. രഞ്ജിത്ത് പിന്നീട് രജപുത്ര ഫിലിംസ് എന്ന ബാനറിലൂടെ മലയാളത്തിലെ പ്രമുഖ നിർമ്മാതാവായി മാറി.
പാട്ടിനും പശ്ചാത്തല സംഗീതത്തിനുമൊപ്പം മികച്ചൊരു വിഷ്വൽ ട്രീറ്റു കൂടിയാണ് ദേവദൂതൻ. ‘എന്തരോ മഹാനുഭാവലു’ എന്ന ത്യാഗരാജകൃതി പശ്ചാത്യ നോട്ടേഷനുകളുമായി സമന്വയിപ്പിച്ചു റീ-ക്രീയേറ്റ് ചെയ്ത ഗാന രംഗമാണ് സിനിമയുടെ തുടക്കത്തിൽ എത്തുന്നത്. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, വെല്ലിങ് ഐലന്റിലെ കാസിനോ ഹോട്ടൽ, ഊട്ടി ബോട്ടണിക്കൽ ഗാർഡൻ, ആലപ്പുഴ ബീച്ച്, ചെന്നൈ തുടങ്ങി വിവിധ ലൊക്കേഷനുകളിലാളി വിവിധ ഘട്ടങ്ങളിലായിട്ടാണ് ആ ഒരൊറ്റ ഗാനം ഷൂട്ട് ചെയ്തിരിക്കുന്നത് എന്നു പറയുമ്പോൾ തന്നെ മനസ്സിലാക്കാം സിനിമയ്ക്കു വേണ്ടി സംവിധായകനും അണിയറ പ്രവർത്തകരും എടുത്തിട്ടുള്ള കഠിനാദ്ധ്വാനം. ഊട്ടിയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ.
ആലുവ മംഗലപുഴ സെമിനാരി പ്രധാന ലൊക്കേഷനുകളിലൊന്നായി അണിയറ പ്രവർത്തകരുടെ മനസ്സിലുണ്ടായിരുന്നെങ്കിലും അവിടെ സിനിമാ ഷൂട്ടിങിന് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഊട്ടിയിലെ ഗവ. ആർട്സ് കോളജ് അങ്ങനെ സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്നായി മാറുകയായിരുന്നു. ഒട്ടേറെ മലയാള സിനിമകളുടെ ചിത്രീകരണം നടന്നിട്ടുള്ള ഊട്ടിയിലെ തന്നെ നവാനഗർ പാലസായിരുന്നു സിനിമയുടെ മറ്റൊരു ലൊക്കേഷൻ. ചിത്രത്തിന്റെ പ്രാരംഭ ആർട്ട് വർക്കുകൾ ചെയ്തത് മുത്തുരാജായിരുന്നു. പിന്നീട് മുത്തുരാജ് പ്രൊജക്റ്റിൽ നിന്ന് പിൻമാറിയപ്പോൾ ഗിരീഷ് മേനോനാണ് ആർട്ട് ഡയറക്ടറായി എത്തുന്നത്. ചിത്രത്തിനായി ഒട്ടേറെ മനോഹരമായ സെറ്റുകൾ ഗീരിഷും സംഘവും നിർമ്മിച്ചിരുന്നു. കുമാർ ശാന്തിയാണ് ദേവദൂതനു വേണ്ടി ചടുലമായ നൃത്തരംഗങ്ങൾ ആവിഷ്കരിച്ചത്.
4-കെ ഡോൾബി അറ്റ്മോസ് ദൃശ്യ-ശ്രവ്യ മികവോടെയാണ് ദേവദൂതൻ റീറീലിസിങിനു തയ്യാറെടുക്കുന്നത്. വൈഡ് റിലീസ് ഉണ്ടാകില്ല, തിരഞ്ഞെടുത്ത മികച്ച സാങ്കേതിക സംവിധാനങ്ങളുള്ള സ്ക്രീനുകളിലാകും പ്രദർശനം. റീ-എഡിറ്റ് ചെയ്ത പുതിയ പതിപ്പാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.