ആരും മോശമായി പെരുമാറിയിട്ടില്ല, കതകില്‍ തട്ടിയിട്ടുമില്ല: പ്രതികരിച്ച് ജോമോൾ
Mail This Article
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടിയും ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവുമായ ജോമോൾ. ഇത്രയും വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ തന്നോട് ആരും മോശമായി സംസാരിച്ചിട്ടില്ലെന്നും കതകിൽ തട്ടിയിട്ടുമില്ലെന്നും ജോമോൾ പറഞ്ഞു. ഞാനെത്രയോ കാലമായി സിനിമയിൽ അഭിനയിക്കുന്നു. ഇന്നേവരെ തനിക്ക് മോശപ്പെട്ട അനുഭവമുണ്ടായിട്ടില്ല. നിങ്ങൾ പറയുന്നത് പോലെ കതകിൽ വന്ന് തട്ടുകയോ അല്ലെങ്കിൽ കൂടെ സഹകരിച്ചാൽ മാത്രമേ സിനിമയിൽ അഭിനയിക്കാൻ അവസരമുള്ളൂവെന്ന് തന്നോടാരും പറഞ്ഞിട്ടില്ലെന്നും ജോമോൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘‘പ്രമുഖ നടിയെ സിനിമയിൽ നിന്നും മാറ്റി നിർത്തിയെന്ന് പറഞ്ഞു. സിനിമയിൽ ഇപ്പോഴും അവർ അഭിനയിക്കുന്നുണ്ട്. അവരുടെ അവസരം നഷ്ടപ്പെടുത്തുന്നു എന്നത് ശരിയില്ല, ഞാനും അവാർഡ് ലഭിച്ചിട്ടുള്ള നടിയാണ്. വർഷങ്ങൾക്കുശേഷം ഇപ്പോഴാണ് വീണ്ടും അഭിനയിച്ചത്. ഒരു സംവിധായകന്റേയോ എഴുത്തുകാരന്റേയോ ക്രിയേറ്റിവിറ്റിയെ നമുക്ക് ചോദ്യം ചെയ്യാൻ കഴിയില്ല. അതിൽ ഇടപെടാനാവില്ല.
ഇത്തരം മോശപ്പെട്ട അനുഭവങ്ങൾ ഉള്ളവർ പരാതിയുമായി വന്നാൽ അവർക്കൊപ്പം നിൽക്കും. മലയാള സിനിമാ മേഖലയെക്കുറിച്ചുള്ള ആരോപണങ്ങൾ പത്രത്തിൽ വന്നത് മാത്രമാണ് കേട്ടിട്ടുള്ളത്. അല്ലാതെ പരാതിയുമായി ആരും വന്നിട്ടില്ല.’’ ജോമോൾ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സിനിമാ മേഖലയില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും അതിന് ഏത് സഹായവും ഉണ്ടാകുമെന്നും ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു. കുറ്റം ചെയ്തവര്‍ക്ക് എതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് പറഞ്ഞു. ജനറൽ സെക്രട്ടറി സിദ്ദിഖ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിനു മോഹൻ, ചേർത്തല ജയൻ, ജോമോൾ, അനന്യ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.