ADVERTISEMENT

കൊച്ചി∙ ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്ക്കെതിരെയുള്ളതല്ലെന്നു ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ്. മലയാള സിനിമ മേഖല മുഴുവൻ മോശമാണെന്നു സാമാന്യവത്കരിക്കുന്നതിനോടു യോജിപ്പില്ലെന്നു പറഞ്ഞ സിദ്ദിഖ് റിപ്പോർട്ടിൽ പരാമർശിച്ച പവർ ഗ്രൂപ്പിനെ കുറിച്ച് അറിയില്ലെന്നും പറഞ്ഞു. സംഘടനയുടെ പ്രസിഡന്റായ മോഹൻലാൽ സ്ഥലത്തില്ല. ഭാരവാഹികളോട് ചർച്ച ചെയ്യാനാണ് സമയമെടുത്തതെന്നും അല്ലാതെ ഒളിച്ചോട്ടമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നുവരെ സിനിമയിലെ ആരും തന്നോടു മോശമായി പെരുമാറുകയോ വാതിലിൽ മുട്ടുകയോ അഡ്‌ജസ്റ്റ്‌മെന്റ് വേണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നു ജോമോളും പ്രതികരിച്ചു. വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സിദ്ദിഖ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിനു മോഹൻ, ചേർത്തല ജയൻ, ജോമോൾ, അനന്യ എന്നിവർ പങ്കെടുത്തു. 

സിദ്ദിഖിന്റെ വാക്കുകൾ:

‘‘അമ്മയുടെ പ്രതികരണം വൈകിയെന്നു പൊതുവേ വിമർശനമുണ്ട്. പ്രസിഡന്റ് മോഹൻലാൽ സ്ഥലത്തില്ല. അവരോടുൾപ്പെടെ ചർച്ച ചെയ്യാനാണു സമയമെടുത്തത്. അല്ലാതെ ഒളിച്ചോട്ടമല്ല. റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും തികച്ചും സ്വാഗതാർഹം. റിപ്പോർട്ട് പുറത്തുവരുന്നതിനെ എതിർത്തിട്ടില്ല. അതിനെയും സ്വാഗതം ചെയ്തിരുന്നു. റിപ്പോർട്ടിൽ എന്തു നടപടിയെടുക്കണം എന്ന് തീരുമാനിക്കുന്നതു സർക്കാരാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്‌ക്കെതിരെയുള്ള ഒന്നല്ല. ഞങ്ങളുടെ അംഗങ്ങൾ തൊഴിലെടുത്തു സുരക്ഷിതമായിരിക്കണമെന്നതു ഞങ്ങളുടെ കൂടെ ആവശ്യമാണ്. മാധ്യമങ്ങൾ അമ്മയെ പ്രതിസ്ഥാനത്തു നിർത്തുന്നതു സങ്കടകരമാണ്.

മലയാള സിനിമ മേഖല മുഴുവൻ മോശമാണെന്നു സാമാന്യവത്കരിക്കുന്നതിനോടു യോജിപ്പില്ല. അടച്ചാക്ഷേപിച്ചുള്ള ആരോപണങ്ങൾ വിഷമങ്ങളുണ്ടാക്കി. പവർ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല. അത് എവിടെ നിന്നുവന്നു എന്ന് അറിയില്ല. എല്ലാ സംഘടനകളിൽനിന്നും രണ്ടു പേരെ വീതം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഹൈപവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതേക്കുറിച്ചാണോ പറഞ്ഞതെന്നറിയില്ല.

അങ്ങനെ ആരെങ്കിലും പവർ ഗ്രൂപ്പായി പ്രവർത്തിച്ചാൽ സിനിമാ മേഖല മുന്നോട്ടുപോകില്ല. മാഫിയ എന്നൊക്കെ പറയുന്നത് അതേക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. ഹേമ കമ്മിറ്റിയെക്കുറിച്ച് പ്രതികരിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. അങ്ങനെ ഒഴിഞ്ഞുമാറാനാകില്ല. കാരണം ഞാനൊരു സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നയാളാണ്. പരിപൂർണമായും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അമ്മ സ്വാഗതം ചെയ്യുന്നു. അതിലെ നിർദേശങ്ങൾ എല്ലാം നടപ്പിലാക്കണം.

2006ൽ നടന്ന സംഭവത്തെക്കുറിച്ച് 2018ൽ ഒരു പെൺകുട്ടി പരാതി നൽകിയിരുന്നു. അന്ന് ഞാൻ വെറും എക്സിക്യൂട്ടിവ് മെമ്പർ മാത്രമായിരുന്നു. അന്നു പരാതി ശ്രദ്ധയിൽപ്പെട്ടില്ല. അതു തെറ്റായിപ്പോയി. അങ്ങനെയുണ്ടാകാൻ പാടില്ലാത്തതാണ്. അല്ലാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചു മറ്റു പരാതികൾ അമ്മയ്ക്കു ലഭിച്ചിട്ടില്ല. ലൈംഗികാതിക്രമത്തേക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കാതെ പോകുന്നു എന്ന പ്രശ്നമാണു സിനിമാ മേഖല നേരിടുന്ന വലിയ പ്രശ്നം. ലൈംഗികാതിക്രമ ആരോപണങ്ങളിൽ വേട്ടക്കാരുടെ പേരു പുറത്തുവിടണമെന്നും കേസെടുക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം അമ്മ ആലോചിച്ചു തീരുമാനമെടുക്കും.

അമ്മ സംഘടനയിലെ ഭൂരിഭാഗം പേരെയും കമ്മിറ്റി മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടില്ല. എന്നെ വിളിച്ചിട്ടില്ല. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരെ വിളിച്ചിരുന്നു. അവരോടു പ്രതിഫലം സംബന്ധിച്ച ചില കാര്യങ്ങൾ മാത്രമാണു ചോദിച്ചതെന്നാണ് അറിഞ്ഞത്. ഡബ്ല്യുസിസി അംഗങ്ങൾക്ക് അവസരം നിഷേധിക്കാൻ ആവില്ല. ഒരു കഥാപാത്രത്തിന് ഏറ്റവും അനുയോജ്യരായ ആളുകളെയാണ് ആദ്യം പരിഗണിക്കുന്നത്. അവരെ ലഭ്യമായില്ലെങ്കിൽ മാത്രമാണു മറ്റൊരാളെ തിര‍ഞ്ഞെടുക്കുക. ഒരു പവർ ഗ്രൂപ്പിന് അങ്ങനെ ആരെയും മാറ്റിനിർത്താനാവില്ല. പാർവതിക്ക് ഇടവേളയുണ്ടായ കാര്യത്തിൽ മറുപടി പറയാൻ പറ്റില്ല. പല ഘടകങ്ങൾ ഒന്നിച്ചുചേരുമ്പോഴാണ് ഒരു സിനിമ സംഭവിക്കുന്നത്. ഞങ്ങൾക്കും സിനിമ ലഭിക്കുന്നത് അങ്ങനെയാണ്. ഇടവേള എനിക്കും ഉണ്ടായിട്ടുണ്ട്. പാർവതി കഴിവുള്ള നടിയാണ്. തനിക്കുണ്ടായ ദുരനുഭവം തുറഞ്ഞുപറഞ്ഞ തിലകന്റെ മകൾ സോണിയ തിലകനെ അഭിനന്ദിക്കുന്നു.

സിനിമാ സെറ്റുകളിൽ പ്രാഥമികാവശ്യത്തിനുള്ള സൗകര്യം പോലുമില്ലെന്ന പരാതി ഇപ്പോൾ കണക്കിലെടുക്കാനാവില്ല. നാലഞ്ച് വർഷം മുമ്പായിരുന്നെങ്കിൽ അത് ശരിയായിരുന്നു. ഇപ്പോൾ സാഹചര്യം മാറി. ഭൂരിഭാഗം സെറ്റിലും പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കുന്നുണ്ട്. കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ആരും സംഘടനയോടു പരാതി പറഞ്ഞിട്ടില്ല. അറിയാത്ത കാര്യത്തിൽ എങ്ങനെയാണ് നടപടിയെടുക്കുക.’’

റിപ്പോർട്ട് പഠിച്ചശേഷം പ്രതികരിക്കാമെന്നും ഇതിന്മേൽ സർക്കാർ എന്തു നടപടി സ്വീകരിച്ചാലും പിന്തുണയുണ്ടാകുമെന്നുമാണ് അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തുടക്കത്തിൽ അറിയിച്ചത്. സിനിമാ മേഖലയെ റിപ്പോർട്ടിലെ കാര്യങ്ങൾ എങ്ങനെയാണു ബാധിക്കുക, എന്തിനാണു മറുപടി പറയേണ്ടത് എന്നതൊക്കെ റിപ്പോർട്ട് പഠിച്ച ശേഷം എന്നാണ് സിദ്ദിഖ് പറഞ്ഞത്. വൈകാരിക വിഷയമായതിനാൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ പഠിച്ചതിനുശേഷമേ പ്രതികരിക്കാൻ പാടുള്ളൂവെന്നും താനോ സഹപ്രവർത്തകരോ ഇതിനെക്കുറിച്ച് അറിയാതെ എന്തെങ്കിലും പറഞ്ഞു പോയാൽ ഭാവിയിൽ വലിയ ദൂഷ്യഫലങ്ങൾ ഉണ്ടാകുമെന്നുമായിരുന്നു റിപ്പോർട്ട് പുറത്തുവന്ന ദിവസം സിദ്ദിഖ് പ്രതികരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com