ADVERTISEMENT

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെത്തുടർന്ന് ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് ഡബ്ല്യുസിസി. ഏതെങ്കിലും തരത്തിലുള്ള ലൈംഗിക താൽപര്യങ്ങൾ പ്രകടിപ്പിക്കുന്നവരോട് ശക്തമായി 'നോ' പറഞ്ഞാൽ, പല പ്രശ്നങ്ങളും അവിടെ തീരുമെന്ന തരത്തിലുള്ള ചർച്ചകൾ സജീവമാകുന്നതിന് ഇടയിലാണ് ഇക്കാര്യത്തിൽ ഡബ്ല്യുസിസി വ്യക്തത വരുത്തിയത്. 'മാറ്റം അനിവാര്യം' എന്ന ഹാഷ്ടാഗോടു കൂടിയാണ് ഡബ്ല്യുസിസിയുടെ പോസ്റ്റ്. 

'നോ' എന്ന് പറയാനുള്ള പ്രിവിലജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്– അത് നിങ്ങളുടെ തെറ്റല്ല. അതെല്ലാം ഉള്ള സ്ത്രീകളോട്– സുരക്ഷിതമായ തൊഴിലിടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം- ഡബ്ല്യുസിസി കുറിപ്പിൽ പറയുന്നു. 

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ പലരും സ്വന്തം അനുഭവങ്ങൾ തുറന്നു പറഞ്ഞിരുന്നു. 'നോ' പറഞ്ഞാൽ പല അതിക്രമങ്ങളും പ്രതിരോധിക്കാൻ കഴിയുമെന്നാണ് അതിൽ ചിലർ ശക്തമായി വാദിച്ചത്. ഈ സാഹചര്യത്തിലാണ് ഡബ്ല്യുസിസിയുടെ പുതിയ പ്രതികരണം.  

നടിക്കെതിരെയുള്ള ആക്രമണശേഷം 2017ൽ ആണു മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവിന്റെ (ഡബ്ല്യുസിസി) തുടക്കം. സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനു ഡബ്ല്യുസിസി നിവേദനം നൽകിയതാണു ഹേമ കമ്മിറ്റി രൂപീകരണത്തിനു വഴിവച്ചത്. ഡബ്ല്യുസിസിക്ക് എതിരെ കടുത്ത നിലപാടു സ്വീകരിച്ചിരുന്ന പലരും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ നിലപാടു മയപ്പെടുത്തി എന്നതാണ് ഇപ്പോൾ ശ്രദ്ധേയം. സിനിമാരംഗത്തു സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ ഡബ്ല്യുസിസി ഉയർത്തിയ പോരാട്ടങ്ങൾ അംഗീകരിക്കപ്പെടുക കൂടിയാണ്.‌

English Summary:

WCC addresses the Hema Committee report, emphasizing that it's not your fault if you can't always say "no."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com