'പ്രശ്നങ്ങളുടെ ഉത്ഭവം സിനിമയല്ല'; പ്രതികരിച്ച് വിനീത കോശി
Mail This Article
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമാ മേഖലയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തു വരുമ്പോൾ പ്രതികരണവുമായി നടി വിനീത കോശി. ഈ പ്രശ്നങ്ങളുടെ ഉത്ഭവം സിനിമാമേഖലയിലല്ലെന്ന് വിനീത പറയുന്നു. മാറ്റം വരേണ്ടത് വീടുകളിലും സമൂഹത്തിന്റെ ചിന്താഗതിയിലുമാണെന്ന് വിനീത അഭിപ്രായപ്പെട്ടു. സമൂഹമാധ്യമത്തിലാണ് വിനീതയുടെ പ്രതികരണം.
വിനീതയുടെ വാക്കുകൾ: "ഇന്ന് സിനിമാമേഖലയെ കല്ലെറിയുമ്പോൾ ഒന്ന് ഓർക്കേണ്ടതുണ്ട്. ഒരു പ്രശ്നത്തിന്റെയും ഉത്ഭവം സിനിമാമേഖലയിലല്ല. മാറ്റം വരേണ്ടത് മനുഷ്യനിൽ ആണ്. ഒരു പെൺകുട്ടി ജനിക്കുന്ന വീടുകളിൽ നിന്നാണ്. പെൺകുഞ്ഞുങ്ങളെ ആൺകുട്ടികളിൽ നിന്ന് സംരക്ഷിക്കേണ്ട ഒരു വസ്തു ആയി കാണുന്ന ചിന്താഗതികളിൽ നിന്നാണ്. അവിടെ തൊട്ട് തുടങ്ങുന്നതാണ് ഒരു പെൺകുട്ടിയുടെ പേടിയും അനുഭവങ്ങളും."
മാറ്റത്തിന് ഒരു തുടക്കം അനിവാര്യം ആണ്. അത് സിനിമാമേഖല ആയതിൽ അഭിമാനം കൊള്ളുന്നുവെന്നും വിനീത കോശി കുറിച്ചു. നിരവധി പേരാണ് വിനീതയുടെ പോസ്റ്റിന് ഐക്യദാർഢ്യം അറിയിച്ച് രംഗത്ത് വന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതു മുതൽ പല തരത്തിലുള്ള വെളിപ്പെടുത്തലുകളുമായി നിരവധി പേരാണ് രംഗത്തു വന്നത്. ലൈംഗിക ചൂഷണവും തൊഴിൽ നിഷേധവുമടക്കമുള്ള ഗുരുതരമായ ആരോപണങ്ങളെ തുടർന്ന് ഇക്കാര്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിക്കുകയും ചെയ്തു. താരസംഘടനയായ അമ്മയുടെ തലപ്പത്തും അഴിച്ചുപണികൾ ഉണ്ടായി.