‘ഒളിച്ചോടാനോ കടിച്ചു തൂങ്ങാനോ ഇല്ല, വ്യാജ ആരോപണത്തിന്റെ പേരില് മാറാനില്ല’: പ്രതികരിച്ച് ബാബുരാജ്
Mail This Article
ആർക്കെതിരെയും എന്തും ആരോപിക്കാവുന്ന അവസ്ഥയാണെന്നും ഒളിച്ചോടാനോ സംഘടനയുടെ തലപ്പത്ത് കടിച്ചു തൂങ്ങാനോ തന്നെ കിട്ടില്ലെന്ന് ‘അമ്മ’ ജോയിന്റ് സെക്രട്ടറി ബാബുരാജ് പറയുന്നു. അസത്യമായ ഒരു ആരോപണത്തിന്റെ പേരിൽ മാറാൻ ബുദ്ധിമുട്ടുണ്ടെന്നും തെറ്റു ചെയ്തിട്ടില്ലെന്ന പൂർണബോധ്യമുണ്ടെന്നും ബാബുരാജ് മനോരമ ഓൺലൈനിനോടു പറഞ്ഞു.
‘എനിക്കെതിരെ വന്നത് ഒരു കള്ള ആരോപണം ആണ്. ഒരു കള്ള ആരോപണം ഉന്നയിച്ച് ആർക്കും ആർക്കെതിരെയും വരാം എന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. അതിന്റെ പേരിൽ ഒളിച്ചോടുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. അമ്മ സംഘടനയിൽ രണ്ടുമൂന്നു ദിവസത്തെ സാവകാശം ഞാൻ ചോദിച്ചിട്ടുണ്ട്. ഞാൻ തെറ്റുകാരനല്ല എന്ന് എനിക്ക് തെളിയിക്കണം. ഈ പറയുന്ന സ്ത്രീ എന്റെ റിസോർട്ടിൽ ജോലി ചെയ്തിട്ടുള്ളതാണ്. 2015 മുതൽ 2019 വരെ എന്റെ റിസോർട്ടിൽ റിസപ്‌ഷനിസ്റ്റ് ആയി ജോലി നോക്കിയിരുന്നു. 2019–ൽ സാമ്പത്തികമായ ചില പ്രശ്നങ്ങളുടെ പേരിൽ എന്റെ മകൻ അവരെ പുറത്താക്കിയതാണ്. അവർ എനിക്കയച്ച ഒരുപാട് മെസ്സേജുകൾ എന്റെ കയ്യിലുണ്ട്.’ ബാബുരാജ് പറയുന്നു.
‘‘സാറേ സാറ് കാരണം ആണ് എന്റെ വീട്ടിൽ പല സാധനങ്ങളും വാങ്ങാൻ കഴിഞ്ഞത്’’ എന്നൊക്കെ പറഞ്ഞ് ഒരുപാട് സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. ഇവർ ഓരോ കഷ്ടപ്പാട് പറയുമ്പോൾ ഞാൻ പൈസയും ട്രാൻസ്ഫർ ചെയ്തു കൊടുത്തിട്ടുണ്ട്. ഇവരും ഞാനുമായി യാതൊരു പ്രശ്നവും ഇല്ല. അവർക്ക് സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞതിൻ പ്രകാരം ഞാൻ നിർമിച്ച സിനിമയായ കൂദാശയിൽ അവരെ അഭിനയിപ്പിച്ചു. അതാണ് ഇപ്പോൾ ജൂനിയർ ആർട്ടിസ്റ്റ് ആണെന്ന് പറഞ്ഞു വരുന്നത്. അവർ തന്നെ ഇന്നലെ ഒരു ചാനലിൽ വന്നിരുന്നു പറഞ്ഞല്ലോ ഞാൻ 2015 മുതൽ 2018 വരെ എന്റെ റിസോർട്ടിൽ ജോലി ചെയ്തിരുന്നെന്നും എന്റെ പടത്തിലാണ് അഭിനയിച്ചത് എന്നുമെല്ലാം. 2019–ൽ ഞാൻ വിളിച്ചു വരുത്തി സിനിമയിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞു പീഡിപ്പിച്ചു എന്നാണു ആദ്യത്തെ ആരോപണം. ഇപ്പോൾ ഇവർ ഇത്തരത്തിൽ മുന്നോട്ട് വരുന്നത് ആരോ കൊടുത്ത പണം വാങ്ങിയിട്ടാണ്. അല്ലാതെ അവരും ഞാനുമായി യാതൊരു ബന്ധവും ഇല്ല. എന്റെ നിരപരാധിത്വം ഞാൻ തെളിയിക്കും. അവർ പരാതി കൊടുക്കില്ല എന്നൊക്കെ പറയുന്നുണ്ട്, പക്ഷേ ഇത് എനിക്ക് വെറുതെ വിടാൻ പറ്റില്ല, ഈ ആരോപണത്തിന് അവർ സമാധാനം പറഞ്ഞേ മതിയാകൂ.’ ബാബുരാജ് പറഞ്ഞു.
‘അമ്മ’ സംഘടനയുടെ സ്ഥാനത്ത് കടിച്ചു തൂങ്ങാൻ എനിക്ക് താല്പര്യമില്ല. പക്ഷേ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. അത് കഴിഞ്ഞു മാറുന്നതിൽ എനിക്ക് പ്രശ്നമില്ല. പക്ഷേ ഈ അസത്യ ആരോപണത്തിന്റെ പേരിൽ മാറാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഈ വ്യാജ ആരോപണത്തിന്റെ പേരിൽ മാറരുത് എന്ന് എന്നോട് പറയുന്നവരും ഉണ്ട്. രണ്ടു മൂന്നു ദിവസം കൊണ്ട് എനിക്കെതിരെയുള്ള ആരോപണത്തിൽ ഒരു വ്യക്തത വരും. പേരോ മുഖമോ പറയാത്ത ഒരു വ്യക്തി വന്നിരുന്നു പറയുന്ന ആരോപണത്തിന്റെ പേരിൽ രാജിവയ്ക്കണം എന്ന് പറഞ്ഞാൽ എന്താണ്. ഞാൻ തെറ്റുചെയ്തിട്ടില്ല എന്ന് പൂർണ ബോധ്യമുണ്ട്. പറയുന്ന കാര്യത്തിൽ ഒരു അടിസ്ഥാനം വേണ്ടേ. എന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത എനിക്കില്ലേ ? എനിക്കും കുടുംബവും കുട്ടികളും ഉള്ളതല്ലേ. ഞാൻ നിയമപരമായി നീങ്ങുകയാണ്. ഒരു ആണിനും ഇതുപോലെ ഒരു അനുഭവം ഉണ്ടാകരുത്. ആർക്കും എന്തും മറ്റുള്ളവർക്കെതിരെ ആരോപിക്കാം എന്ന അവസ്ഥ ശരിയല്ല.’’ ബാബുരാജ് കൂട്ടിച്ചേർത്തു.