ADVERTISEMENT

ഒരു സംവിധായകനെയും പേടി ഇല്ലാത്ത ആളാണ് താനെങ്കിലും ഷൂട്ടിങ് ലൊക്കേഷനിൽ കൃത്യസമയത്ത് എത്തുന്നത് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയിലാണെന്ന് നടൻ ബൈജു സന്തോഷ്.  വലിയ സ്നേഹം ഒക്കെയുള്ള ആളാണ് പൃഥ്വിരാജ് എങ്കിലും കൃത്യ സമയത്ത് ലൊക്കേഷനിൽ വന്നില്ലെങ്കിൽ ഒരു നോട്ടം നോക്കുമെന്നും അത് കാണുമ്പോൾ പൃഥ്വിരാജിന്റെ അച്ഛൻ സുകുമാരനെ ഓർമ്മ വരുമെന്നും ബൈജു സന്തോഷ് പറയുന്നു. ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന്റെ വിജയാഘോഷവേളയിൽ സംസാരിക്കുകയായിരുന്നു ബൈജു.  

‘‘ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്. നമ്മൾ ജൂനിയർ ആർട്ടിസ്റ്റുകളെ ഒക്കെ ഒരുപാട് കണ്ടിട്ടുണ്ട്. പത്തും ആയിരവും പേരൊക്കെ ഷൂട്ടിങ്ങിനിടെ വന്നുപോകാറുണ്ട്. പക്ഷേ ഈ സിനിമയിൽ ഉടനീളം ദിവസവും ഒരു രണ്ടായിരം പേരൊക്കെ ഉണ്ടാകും. ഏതാണ്ട് മുപ്പതു ദിവസവും ഈ അവസ്ഥ ആയിരുന്നു. പ്രൊഡ്യൂസർ ഊണ് കൊടുത്ത് ഒരു വഴി ആയി. ഈ ഷൂട്ടിങ്ങിന്റെ ഒരു പ്രത്യേകത എന്താണെന്ന് വച്ചാൽ നമ്മൾ അതിരാവിലെ വരണം. അത് എന്നെ സംബന്ധിച്ച് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാലും ഞാൻ രാവിലെ വരും. ഞാൻ ആദ്യം വിളിച്ചു ചോദിക്കും "രാജു വന്നോ?" രാജു വന്നുകഴിഞ്ഞ് ഞാൻ അവിടെ എത്തിയാൽ മതി.  ഒരു ദിവസം കൂടിപ്പോയാൽ ഒരു ഷോട്ട് അല്ലെങ്കിൽ രണ്ടോ മൂന്നോ ഷോട്ട്.  പക്ഷേ രാവിലെ വന്നാൽ വൈകുന്നേരം ആറുമണിവരെ അവിടെ ഇരിക്കണം. ആ സമയത്ത് എന്റെ ഏറ്റവും വലിയ വിനോദമായിരുന്നു ജഗദീഷേട്ടൻ.  ഞങ്ങൾ രണ്ടുപേരും ഒരു കാരവാനിൽ ആയിരുന്നു അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി കളിയാക്കി ഇരിക്കും.  മാത്രമല്ല ഇപ്പൊ കുറെ നാളായിട്ട് എന്നെ വിറ്റു ജീവിച്ചോണ്ടിരിക്കുകയാണ്. പുള്ളി ഇന്റർവ്യൂവിൽ ഒക്കെ എത്ര വയസ്സായി എന്ന് ചോദിച്ചാൽ, ‘‘ഞാൻ ബൈജുവിന്റെ ജസ്റ്റ് സീനിയർ ആയി സ്കൂളിൽ പഠിച്ചതാണ്’’ എന്ന് പറയും. 

വിപിൻ ദാസിന്റെ ആദ്യത്തെ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.  മുത്തുഗൗ എന്ന സിനിമ. അന്ന് ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.  ആ സിനിമ കഴിഞ്ഞ് ഞാൻ വിപിൻ ദാസിനോട് പറഞ്ഞു അടുത്ത ഒരു പ്രിയദർശൻ ആണ് വേണമെങ്കിൽ കുറിച്ച് വച്ചോ എന്ന്. പ്രിയൻ ചേട്ടനെപോലെ ഒരു നൂറ്റിമൂന്ന് സിനിമ ഒന്നും ചെയ്യാൻ പറ്റിയില്ലെന്നു വരും പക്ഷെ മറ്റൊരു പ്രിയൻ തന്നെയാണ് ഒരു സംശയവും ഇല്ല.  ഈ സിനിമയിൽ അഭിനയിക്കുമ്പോൾ ഇതിന്റെ ഡബ്ബിങ് മാർച്ച് അവസാനം ആയിരുന്നു. എന്റെ മകളുടെ കല്യാണം ഏപ്രിൽ 5നും. പ്രതിഫലമായി ബാങ്കിൽ ക്യാഷ് വന്നപ്പോൾ ഒരു അഞ്ചു ലക്ഷം രൂപ കൂടുതൽ ഉണ്ട്.  ഞാൻ വിചാരിച്ചു എന്താ ഇത് കൂടുതൽ ആണല്ലോ  ഇവർക്ക് തെറ്റ് പറ്റിയതാണോ. അങ്ങോട്ട് വിളിച്ചു പറയുന്നതല്ലേ നല്ലത് എന്നുകരുതി ഞാൻ അക്കൗണ്ടന്റിനെ വിളിച്ചു ചോദിച്ചു. നിങ്ങൾ അയച്ചതിൽ എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടോ, അദ്ദേഹം പറഞ്ഞു ഇല്ല ഞാൻ ഒന്ന് ചെക്ക് ചെയ്തിട്ട് പറയാം. അദ്ദേഹം നോക്കിയിട്ട് പറഞ്ഞു അയ്യോ ശരിയാ അഞ്ചു ലക്ഷം രൂപ കൂടുതൽ അയച്ചുപോയി. ഞാൻ ശരിക്കും വിചാരിച്ചത് എന്റെ മകളുടെ കല്യാണത്തിന് രാജു ഗിഫ്റ്റ് തന്നതാണ് എന്നാണ്. പിന്നെ ആണ് അറിഞ്ഞത് അബദ്ധം ആണെന്ന്.  

രാജു സംവിധാനം ചെയ്യുന്ന എമ്പുരാനിൽ ഞാൻ അഭിനയിച്ചു, ഇനിയും കുറച്ചു പരിപാടികൾ ബാക്കിയുണ്ട്. അത് അടുത്ത മാസം ഒക്കെ ആകുമ്പോൾ നടക്കും എന്ന് തോന്നുന്നു. ഞാൻ ഒരുപാട് സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എനിക്ക് ആരെയും പ്രത്യേകിച്ച് ഭയം ഒന്നും തോന്നിയിട്ടില്ല. പക്ഷെ ഞാൻ കറക്ടായിട്ട് രാവിലെ ഷൂട്ടിങ്ങിനു പോയിട്ടുള്ളത് രാജു സംവിധാനം ചെയ്ത സിനിമയ്ക്ക് വേണ്ടിയാണ്. കാരണം ആള് ഭയങ്കര സ്നേഹം ഒക്കെയാണ് പക്ഷേ ഭയങ്കര പ്രഫഷനൽ ആണ്.

നമ്മൾ രാവിലെ കറക്റ്റ് സമയത്ത് ചെന്നില്ലെങ്കിൽ ഒരു നോട്ടമൊക്കെ ഉണ്ട്. ഒരു നോട്ടം മാത്രമേ ഉള്ളൂ. അതു കാണുമ്പോൾ എനിക്ക് സുകുവേട്ടനെ ഓർമ്മ വരും. സുകുവേട്ടന്റെ അതേ നോട്ടമാണ്. എന്തായാലും വലിയ സന്തോഷമുണ്ട്. ഒരു ഹിറ്റ് ആകുന്ന സിനിമയിൽ അഭിനയിക്കാൻ കഴിയുന്നതാണ് ഒരു നടനെ സംബന്ധിച്ച് ഭാഗ്യം എന്ന് പറയുന്നത്. എല്ലാ ചേരുവകകളും ഒത്തുവരുമ്പോഴാണ് ഒരു സിനിമ വിജയിക്കുന്നത്. എത്ര സിനിമകൾ വരുന്നുണ്ട് അതിൽ വിജയം ആഘോഷിക്കുന്ന സിനിമകൾ വളരെ കുറവാണ്. എന്തായാലും ഗുരുവായൂരമ്പല നടയിൽ എന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്.’’ ബൈജുവിന്റെ വാക്കുകൾ

English Summary:

Fearless Actor Baiju Santhosh Admits One Director Makes Him Punctual - Guess Who

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com