'സെറ്റിൽ ഞാൻ അമ്മാവൻ, എന്നെ അമ്മാവൻ ആക്കുന്നതിൽ പ്രധാനികൾ ബേസിലും ടൊവീനോയും'; ചിരിപ്പിച്ച് പൃഥ്വിരാജിന്റെ പ്രസംഗം
Mail This Article
ഗുരുവായൂരമ്പലനടയിൽ സിനിമയുടെ വിജയാഘോഷവേളയിൽ സ്വയം ട്രോളി പൃഥ്വിരാജ്. സെറ്റിലെ അമ്മാവൻ താനായിരുന്നു എന്നായിരുന്നു പൃഥ്വിരാജിന്റെ പരാമർശം. ബേസിലും ടൊവീനോയും ആണ് തന്നെ 'അമ്മാവൻ' ആക്കുന്നതിലെ പ്രധാനികളെന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയുടെ അണിയറപ്രവർത്തകരെക്കുറിച്ച് സരസമായി സംസാരിച്ച അദ്ദേഹം ഈ സിനിമ സമ്മാനിച്ച അനുഭവങ്ങളെക്കുറിച്ചും വാചാലനായി.
പൃഥ്വിരാജിന്റെ വാക്കുകൾ: "ഈ സെറ്റിലെ അമ്മാവൻ ഞാനായിരുന്നു. ബാക്കിയെല്ലാവരും ന്യൂജനറേഷൻ പിള്ളേരാണ്. ബേസിലിന്റെ പ്രായം ന്യൂജനറേഷന്റേത് അല്ലെങ്കിലും ഇതുപോലെ ഗോൾഡൻ തലമുടി മറയ്ക്കാൻ പച്ചത്തൊപ്പി വച്ച് ഇറങ്ങിയിട്ടുണ്ട്. മൊത്തത്തിൽ ബേസിൽ ഒരു ന്യൂജെൻ ഐക്കൺ ആണ്. ബേസിൽ, ടൊവീനോ... ഇവന്മാരൊക്കെയാണ് എന്നെ അമ്മാവൻ ആക്കുന്നതിലെ പ്രധാനികൾ. ഞാൻ സെറ്റിൽ ആദ്യ ദിവസം വന്നപ്പോൾ എല്ലാവരും പെട്ടെന്ന് നിശബ്ദരായി. 'യ്യോ... അമ്മാവൻ എത്തി' എന്ന മട്ടിൽ! കാരണം, എല്ലാവരും പുതിയ ആൾക്കാരാണ്. കുറെ പുതിയ ആളുകൾക്കൊപ്പം ജോലി ചെയ്യുക, അവർ ഇത്രയും കഴിവുള്ളവരാണെന്ന് തിരിച്ചറിയുക എന്നത് തികച്ചും റിഫ്രഷിങ് ആണ്. അതിന് എല്ലാവർക്കും നന്ദി."
ഗുരുവായൂരമ്പലനടയിൽ സിനിമയിൽ തനിക്കൊപ്പം അഭിനയിച്ച ജഗദീഷ്, ബൈജു എന്നിവരെക്കുറിച്ചും രസകരമായ പരാമർശങ്ങൾ പൃഥ്വിരാജ് നടത്തി. "പ്രായം കൂടുന്തോറും ഷർട്ടിലെ ഡിസൈൻ കൂടുന്ന ജഗദീഷേട്ടനും അതുപോലെ പ്രായം കൂടുന്തോറും പുച്ഛം കൂടി വരുന്ന ബൈജു ചേട്ടനും ഇവിടെയുണ്ട്. വ്യക്തിപരമായി എനിക്ക് നല്ല അടുപ്പമുള്ളവരാണ് ഇവർ. എന്റെ ചെറിയ പ്രായം മുതൽ ഞാൻ കാണുന്നവരാണ്. രണ്ടു പേരോടൊപ്പവും ഇന്നും സിനിമയിൽ സജീവമായി അഭിനയിക്കാൻ സാധിക്കുന്നു എന്നു പറയുന്നത് എനിക്ക് വലിയ പാഠമാണ്. കാരണം ജഗദീഷേട്ടൻ ഇന്ന് ആ ഇരിക്കുന്ന പിള്ളേർക്കൊപ്പം അഭിനയിക്കുമ്പോഴും അവരുടെ ടൈംലൈനിൽ ഉള്ള അഭിനേതാവ് ആണ്. ബൈജു ചേട്ടൻ ഇന്നും വിപിൻ ദാസിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ വിപിൻ ദാസിന്റെ ഗ്രാമറിൽ ഉള്ള ആക്ടറാണ്. അതുപോലെ ആകണേ ഞാനും എന്നാണ് എന്റെ പ്രാർഥന," പൃഥ്വിരാജ് പറഞ്ഞു.
സിനിമയിൽ അതിഥി വേഷത്തിലെത്തിയ നടൻ അരവിന്ദിനെക്കുറിച്ചുള്ള ഓർമകളും പൃഥ്വിരാജ് പങ്കുവച്ചു. താരത്തിന്റെ ആദ്യ സിനിമയായ നന്ദനത്തിൽ കൃഷ്ണനായി എത്തിയത് അരവിന്ദ് ആയിരുന്നു. "ക്യാമറയ്ക്കു മുൻപിൽ എങ്ങനെ നിൽക്കണമെന്നോ പെരുമാറണമെന്നോ അറിയാത്ത വളരെ 'പ്രാകൃതമായ' എന്നെ നേരിട്ട് കണ്ടിട്ടുള്ള അഭിനേതാവാണ് അരവിന്ദ്. അന്ന് എന്റെ മനസിൽ എനിക്ക് അരവിന്ദിനെപ്പോലെ ആകണമെന്നായിരുന്നു. അക്കാലത്തും അത്രയും നല്ല അഭിനേതാവായിരുന്നു അദ്ദേഹം. ഇപ്പോഴും അതിഗംഭീര നർത്തകൻ ആണ് അദ്ദേഹം. അത് എത്രപേർക്ക് അറിയും എന്ന് എനിക്ക് അറിയില്ല. അദ്ദേഹം ഒരു പ്രഷണനൽ ഡാൻസർ ആണ്. എനിക്കിപ്പോഴും ഓർമയുണ്ട്, ഗുണ്ടൽപ്പേട്ടിൽ അരവിന്ദിന്റെയും നവ്യയുടെയും പാട്ട് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. അന്ന് ആ പാട്ടിന്റെ ഷൂട്ടിങ് കാണാൻ ഞാൻ പോയി. ഞാൻ അവിടെ ആകെ അമ്പരന്നു നിന്നു പോയി. സിനിമയിൽ ഇത്രയും നന്നായി ചെയ്യണം എന്ന് എനിക്ക് തോന്നിപ്പോയി. അങ്ങനെയൊരു പ്രചോദനം തന്നതിന് നന്ദി," പൃഥ്വിരാജ് പറഞ്ഞു.
സംവിധായകൻ വിപിൻ ദാസിന്റെ സംവിധായക മികവിനെ പ്രശംസിച്ച പൃഥ്വിരാജ് അദ്ദേഹത്തിന്റെ പ്രത്യേകതകളെക്കുറിച്ചും പ്രസംഗത്തിൽ സരസമായി പ്രതിപാദിച്ചു. "വിപിൻ ദാസിൽ നിന്ന് അസിസ്റ്റന്റ്സ് ആദ്യം പഠിക്കേണ്ടത്, എങ്ങനെ ഒരു അഭിനേതാവിന്റെ ഡേറ്റ് വാങ്ങിക്കണം എന്നതാണ്. കാരണം, എന്നെ വിപിൻ സമീപിക്കുന്നത് വേറൊരു കഥയുമായിട്ടായിരുന്നു. ഉടനെയൊന്നും സമയമുണ്ടാകില്ല എന്നായിരുന്നു അന്ന് ഞാൻ പറഞ്ഞത്. പിന്നെ, കറങ്ങിത്തിരിഞ്ഞ് മറ്റൊരു കഥയുമായിട്ട് എന്നെ സമീപിച്ചു. രണ്ടു നായകന്മാരുണ്ട്. എന്റെ കുറച്ചു ദിവസം മതിയാകും എന്നു പറഞ്ഞു. മണാലിയിൽ ഒരു ഹിന്ദി സിനിമ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇവർ നേരിൽ വന്നു സംസാരിച്ചു. അടുത്ത ദിവസം ഞാൻ ഡേറ്റ് കൊടുത്തു. എങ്ങനെയാണ് അതു സംഭവിച്ചതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല," പുഞ്ചിരിയോടെ പൃഥ്വിരാജ് വെളിപ്പെടുത്തി.