ADVERTISEMENT

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് സംഭവം. സില്‍ക്ക് സ്മിത എന്ന ഐറ്റം ഡാന്‍സര്‍ കടിച്ച ഒരു ആപ്പിള്‍ ലേലം ചെയ്തപ്പോള്‍ ഒരു ആരാധകന്‍ അത് സ്വന്തമാക്കിയ തുക എത്രയെന്നോ? ഒരു ലക്ഷം രൂപ. അന്നത്തെ ഒരു ലക്ഷത്തിന് ഇന്ന് എത്ര കോടികള്‍ വിലമതിക്കുമെന്ന് മാത്രം കണക്കാക്കിയാല്‍ മതി. അതായിരുന്നു സ്മിതയുടെ ജനപ്രീതി. 

അന്ന് തെന്നിന്ത്യയിലെ ഏത് വലിയ സൂപ്പര്‍സ്റ്റാറിന്റെയും സിനിമകള്‍ വിജയിക്കുമെന്ന് ഉറപ്പാക്കുന്നതില്‍ സ്മിതയ്ക്ക് നിർണായക പങ്കുണ്ടായിരുന്നു. സ്മിതയുടെ ഐറ്റം ഡാന്‍സോ (അക്കാലത്ത് ക്യാബറെ എന്ന പേരിലാണ് ഇത്തരം രംഗങ്ങള്‍ അറിയപ്പെട്ടിരുന്നത്) അവരുടെ ഏതാനും സീനുകളിലെ സാന്നിധ്യമോ ഉണ്ടെങ്കില്‍ സിനിമ ഹിറ്റാകുമെന്ന വിശ്വാസം നിലനിന്നിരുന്നു. നിരവധി സിനിമകളുടെ വിജയത്തിലുടെ അത് യാഥാർഥ്യമാണെന്ന് സ്ഥാപിക്കപ്പെട്ടിരുന്നു. 

സ്മിതയുടെ ഡേറ്റിനായി പറയുന്ന പ്രതിഫലം കൊടുക്കാന്‍ തയാറായി നിർമാതാക്കള്‍ കാത്തു നിന്നിരുന്നു. ലാസ്യഭാവം വഴിയുന്ന അവരുടെ കണ്ണുകളും ചുണ്ടും മുഖവുമെല്ലാം വല്ലാത്ത ഒരു തരം സെക്‌സ് അപ്പീലുളളതായിരുന്നു. കോടികണക്കിനായിരുന്നു സ്മിതയുടെ ആരാധകര്‍. അക്കാലത്ത് ഒരു നായികയ്ക്കു പോലും സങ്കല്‍പ്പിക്കാനാവാത്ത ജനപ്രീതി. 

സ്മിതയെ ഒന്ന് കാണാനും അവരുടെ ഒരു കടാക്ഷത്തിനുമായി ഓരോ ഷൂട്ടിങ് സെറ്റിലും തടിച്ചു കൂടിയവര്‍ക്ക് കയ്യും കണക്കുമില്ല. കാരവന്‍ സംസ്‌കാരം പ്രചാരത്തിലായിട്ടില്ലാത്ത അക്കാലത്ത് സ്മിതയെ ആരാധകരില്‍ നിന്ന് രക്ഷിക്കാനായി മാത്രം പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ സ്മിതയെ കണ്ടുകിട്ടുക എന്നത് തന്നെ ഒരു അപൂര്‍വതയായിരുന്നു. കാരണം അവരുടെ സിനിമകളില്‍ ഏറെയും ചിത്രീകരിച്ചിരുന്നത് സ്റ്റുഡിയോ ഫ്‌ളോറുകളിലായിരുന്നു. കാബറെ ഡാന്‍സര്‍ക്ക് ഔട്ട്‌ഡോര്‍ ഷൂട്ടിങില്‍ വരേണ്ട കാര്യമില്ലല്ലോ? 

ഇതൊക്കെയാണെങ്കിലും ചില ക്യാരക്ടര്‍ വേഷങ്ങളിലും നായികയായും അപൂര്‍വം ചില സിനിമകളില്‍ അവര്‍ അഭിനയിച്ചിരുന്നു. വണ്ടിച്ചക്രം എന്ന തമിഴ് സിനിമയിലും മലയാളത്തിലെ ആദ്യചിത്രമായ ഇണയെത്തേടിയിലും രതിലയത്തിലും ലയനത്തിലും പിന്നീട് മമ്മൂട്ടിക്കൊപ്പം അഥര്‍വത്തിലും സ്മിതയായിരുന്നു നായിക. സ്ഫടികത്തില്‍ മോഹന്‍ലാലിനൊപ്പവും സ്മിത മിന്നിത്തിളങ്ങി. ഐ.വി.ശശിയുടെ കരിമ്പനയില്‍ ജയനും സീമയ്ക്കുമൊപ്പം ശ്രദ്ധേയമായ ഒരു ക്യാരക്ടര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതെല്ലാം സില്‍ക്ക് സ്മിത എന്ന വലിയ ബ്രാന്‍ഡായി മാറുന്നതിന് മുന്‍പുളള കഥകള്‍.

silk-smitha

പിന്നീട് നാം കാണുന്ന സ്മിതയുടെ ജനപ്രീതിയും പ്രതിഫലവും ആഡംബര ജീവിതവും സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്താണ്. പല സിനിമകളിലും ഒരു സീനില്‍ മാത്രം വരുന്നതിന് അന്നത്തെ ഒരു നായികയേക്കാള്‍ വലിയ തുക അവര്‍ വാങ്ങിയിരുന്നതായി പറയപ്പെടുന്നു.  ഇത്രയൊക്കെ ഉയരങ്ങളില്‍ എത്തിയിട്ടും ഒരു വ്യക്തി എന്ന നിലയില്‍ അവര്‍ ഏറെ ദുഃഖിതയായിരുന്നു എന്നതാണ് സത്യം. ജോലി ചെയ്യാനും പണമുണ്ടാക്കാനും വിധിക്കപ്പെട്ട ഒരു യന്ത്രം എന്നതിനപ്പുറം അവരിലെ സ്ത്രീയെ സ്‌നേഹിക്കാനും മനസിലാക്കാനും ആരും ഉണ്ടായിരുന്നില്ല എന്ന വേദന അക്കാലത്ത് അടുപ്പമുളള പലരോടും അവര്‍ പങ്ക് വച്ചിരുന്നു. 

400ല്‍ അധികം പടങ്ങളില്‍ അവര്‍ അഭിനയിച്ചിരുന്നു. അത്യാവശ്യം നന്നായി അഭിനയിക്കാനറിയുന്ന നടിയായിരുന്നിട്ടും അഭിനയപ്രാധാന്യമുളള വേഷങ്ങളിലും നായികാ കഥാപാത്രങ്ങളിലും ശോഭിക്കാന്‍ കഴിയാതെ കേവലം ശരീരപ്രദര്‍ശനത്തിനായി മാത്രം ജീവിക്കുന്നതിലും അവര്‍ക്ക് അസഹിഷ്ണുതയുണ്ടായിരുന്നു. പക്ഷേ സിനിമയില്‍ ആരുടെയും പരിദേവനങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ ആളുകള്‍ തയാറാവില്ല. ഹാസ്യ നടന്‍ ആജീവനാന്തം ഹാസ്യ നടനും വില്ലനായി വരുന്നവര്‍ എന്നും വില്ലനുമായി മുന്നോട്ട് പോകുന്നതായിരുന്നു അക്കാലത്തെ രീതി. സ്മിതയ്ക്കും ഈ പരിമിതവൃത്തത്തില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിഞ്ഞില്ല.തന്റെ മോഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും മുന്‍പ് 36-ാം വയസ്സില്‍ അവര്‍ക്ക് ജീവിതത്തിന്റെ പടിയിറങ്ങേണ്ടി വന്നു. അതും ദാരുണമായ ഒരു കൊലപാതകത്തിന്റെ ബലിയാടായി...എന്തായിരുന്നു സ്മിതയുടെ ജീവിതത്തില്‍ സംഭവിച്ചത്..?

ആ കഥയിങ്ങനെ...

അവസാനത്തെ ഫോണ്‍കോള്‍

1996 സെപ്റ്റംബര്‍ 22. രാത്രി 9 മണി. നടിയായ അനുരാധ ഷൂട്ടിങ് കഴിഞ്ഞ് രാത്രി വീട്ടില്‍ വന്ന് ഭര്‍ത്താവിനും മക്കള്‍ക്കുമുളള ആഹാരം ഉണ്ടാക്കി കൊടുക്കുന്നതിനിടയില്‍ കൂട്ടുകാരിയായ സ്മിതയുടെ ഫോണ്‍ വന്നു. നീ എന്റെ വീട്ടിലേക്ക് ഒന്ന് വരാമോയെന്ന് സ്മിത ചോദിച്ചു. താന്‍ ജോലി കഴിഞ്ഞ് വന്നതേയുളളുവെന്നും നല്ല ക്ഷീണമുണ്ടെന്നും ഭര്‍ത്താവിനും കുട്ടികള്‍ക്കും ഭക്ഷണം എടുത്തു കൊടുക്കുകയാണെന്നും  രാവിലെ കുട്ടികളെ സ്‌കൂളിലാക്കിയ ശേഷം പത്തുമണിയോടെ ഞാന്‍ നിന്റെ വീട്ടിലെത്തിക്കൊളളാമെന്നും അനുരാധ അറിയിച്ചു.

രാവിലെ പതിവു പോലെ വീട്ടുജോലികള്‍ തീര്‍ത്ത് കുട്ടികളെ സ്‌കൂളിലാക്കിയ ശേഷം സ്മിതയുടെ വീട്ടിലേക്ക് പോകാനായി ഡ്രസ് ചെഞ്ച് ചെയ്യുകയായിരുന്നു അനുരാധ. ആ സമയത്ത് അനുവിന്റെ ഭര്‍ത്താവ് സിറ്റിങ് റൂമിലിരുന്ന് ടിവി കാണുകയാണ്. അദ്ദേഹത്തോട് യാത്രാനുമതി ചേദിക്കാനായി സിറ്റിങ് റൂമിലേക്ക് വന്ന അനുരാധ ടെലിവിഷനില്‍ ആ വാര്‍ത്ത കണ്ട് സ്തബ്ധയായി നിന്നു. ‘പ്രശസ്ത നടി സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്തു.’

തകര്‍ന്നു പോയ അനുരാധ നിലത്തേക്ക് വീഴാതെ ഭര്‍ത്താവ് ഓടിച്ചെന്ന് താങ്ങിപ്പിടിച്ചു. അനുരാധയുടെ വിഷമം മറ്റൊന്നുമായിരുന്നില്ല. ഇന്നലെ രാത്രി സ്മിത വിളിച്ചപ്പോള്‍ ആ വീട്ടില്‍ പോയിരുന്നെങ്കില്‍ അടുത്ത കൂട്ടുകാരിയായ അവള്‍ക്ക് ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ലെന്ന തോന്നില്‍ അനുരാധയെ വല്ലാതെ വേട്ടയാടി. സ്മിതയെ അവസാനമായി ഒന്ന് കാണാനായി അനുരാധ പുറപ്പെട്ടു. ആരും ഏറ്റുവാങ്ങാനില്ലാതെ അനാഥ ശരീരമായി സ്മിത രായപുരം ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ കിടക്കുന്നതു കണ്ട് അനുരാധ ആകെ തളര്‍ന്നു. ആളും ആരവവും ആരാധകരും സമ്പത്തും ഒന്നുമില്ലാതെ വെളുത്ത തുണിയില്‍ പൊതിഞ്ഞ് സ്മിത..

ആത്മഹത്യ എന്ന നിഗമനത്തിലെത്തിയ പൊലീസ് സ്മിതയുടെ മരണത്തിന് പിന്നിലെ ദുരൂഹതകളെക്കുറിച്ച് കാര്യമായ അന്വേഷണം നടത്തിയില്ല. സ്മിതക്കായി വാദിക്കാനും പരാതിപ്പെടാനും ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ആ മരണം ആത്ഹത്യയല്ലെന്നും കൊലപാതകമാണെന്നുമുളള മട്ടില്‍ വാര്‍ത്തകള്‍ മാധ്യമങ്ങളിലുടെ വന്നതല്ലാതെ അതിന് പിന്നിലെ യാഥാര്‍ത്ഥ്യം ഒരു കാലത്തും പുറത്തു വന്നില്ല. എന്നാല്‍ ഒരു സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റുകളും നാടകീയ വഴിത്തിരിവുകളും നിറഞ്ഞതായിരുന്നു സ്മിതയുടെ ജീവിതം.

silk-smitha-rajini

ആ ജീവിതത്തിന്റെ നാള്‍ വഴികള്‍....

പത്താം വയസ്സില്‍ ഒരു വിവാഹം

1962 സെപ്റ്റംബര്‍ 23 ന് ആന്ധ്രാപ്രദേശിലെ ഏലൂരുവിലെ കോവ്വലി എന്ന അപരിഷ്‌കൃത ഗ്രാമത്തില്‍ രാമല്ലു-സരസമ്മ ദമ്പതികളുടെ മകളായി ജനിച്ച സ്മിതയുടെ കുടുംബം കടുത്ത സാമ്പത്തിക പരാധീനതകളാല്‍ ഏറെ വിഷമിച്ചിരുന്നു. അത്യാവശ്യം നന്നായി പഠിക്കാന്‍ കഴിവുളള കുട്ടിയായിരുന്നു സ്മിത. എന്നാല്‍ വീട്ടിലെ പ്രതികൂല സാഹചര്യം മൂലം നാലാം ക്ലാസില്‍ തന്നെ പഠനം അവസാനിപ്പിക്കേണ്ടി വന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ വല്ലാത്ത വശ്യതയുളള കണ്ണുകളായിരുന്നു സ്മിതയുടേത്. ആ നോട്ടവും ഭാവവും ഏത് പുരുഷനെയും ആകര്‍ഷിക്കാന്‍ പര്യാപ്തമായിരുന്നു. ഗ്രാമത്തില്‍ പലരും കുട്ടി എന്ന പരിഗണന പോലുമില്ലാതെ സ്മിതയുടെ പിന്നാലെ കൂടി. ഈ പോക്ക് അപകടത്തിലേക്കാണെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ വെറും പത്ത് വയസ്സുളളപ്പോള്‍ തന്നെ സ്മിതയെ വിവാഹം കഴിപ്പിച്ച് അയച്ചു. 

silk-smitha33

നിര്‍ഭാഗ്യവശാല്‍ ഭര്‍ത്തൃകുടുംബത്തില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും അവള്‍ക്ക് കൊടിയ പീഡനങ്ങള്‍ നേരിടേണ്ടി വന്നു. ദരിദ്രസാഹചര്യങ്ങളില്‍ നിന്നും വന്ന സ്മിതയ്ക്ക് ഭര്‍ത്തൃകുടുംബം ആവശ്യപ്പെടുന്ന പണം എത്തിക്കാന്‍ ശേഷിയുണ്ടായിരുന്നില്ല. ആ വീട്ടില്‍ തുടര്‍ന്നാല്‍ ജീവിതം നരകതുല്യമാവുമെന്ന് തിരിച്ചറിഞ്ഞ സ്മിത 14 -ാം വയസ്സില്‍ ആരുമറിയാതെ ഭര്‍ത്തൃഗൃഹത്തില്‍ നിന്നും ഒളിച്ചോടി. സ്വന്തം വീട്ടിലേക്ക് വന്നാല്‍ വഴക്ക് കേള്‍ക്കേണ്ടി വരുമെന്ന് സ്മിതയ്ക്കറിയാം. പ്രാരാബ്ധങ്ങളുടെ കൂടായ ആ വീട്ടിലേക്ക് തിരികെ പ്രവേശിപ്പിച്ചെന്ന് തന്നെ വരില്ല. തന്റെ ജീവിതം ഇനി തന്റെ കരങ്ങളില്‍ തന്നെയാണെന്ന് ആ കൗമാരക്കാരി തിരിച്ചറിഞ്ഞു. ജീവിക്കാന്‍ മറ്റ് തൊഴിലുകള്‍ ഒന്നും തന്നെ അറിയില്ല. പക്ഷേ തന്റെയുളളില്‍ അല്ലറ ചില്ലറ കലാവാസനകളുണ്ടെന്ന് കുട്ടിക്കാലത്തേ അവള്‍ തിരിച്ചറിഞ്ഞിരുന്നു. കണ്ണാടിക്ക് മുന്നില്‍ നിന്ന് സിനിമാ താരങ്ങളെ പോലെ അവള്‍ അഭിനയിച്ച് നോക്കുമായിരുന്നു. 

പക്ഷേ നടിയാകണമെങ്കില്‍ മദ്രാസിലെത്തണം. അന്ന് തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലം മദിരാശിയാണ്. ഷൂട്ടിങും സ്റ്റുഡിയോ ഫ്‌ളോറുകളും നിര്‍മാതാക്കളും സംവിധായകരും താരങ്ങളുമെല്ലാം പാര്‍ക്കുന്ന ഇടം. ആരെങ്കിലും കൂട്ടില്ലാതെ ഒരു കൊച്ചുപെണ്‍കുട്ടിക്ക് പരിചയക്കാരില്ലാത്ത നഗരത്തില്‍ തനിച്ചു ചെന്ന് എന്തെങ്കിലും നേടുക എളുപ്പമല്ല. തന്നെ കുറച്ചെങ്കിലും മനസിലാക്കാന്‍ കഴിയുന്ന അമ്മായിയുടെ വീട്ടില്‍ ചെന്ന സ്മിത തന്റെ സങ്കടങ്ങള്‍ അവരോട് പറഞ്ഞു. ഭര്‍ത്തൃവീട്ടിലേക്ക് മടങ്ങി പോകാന്‍ അവര്‍ ആവുന്നത്ര നിര്‍ബന്ധിച്ചെങ്കിലും സ്മിത വഴങ്ങിയില്ല. അതിലും ഭേദം മരിക്കുന്നതാണെന്ന് അവള്‍ പറഞ്ഞപ്പോള്‍ അമ്മായിയുടെ മനസലിഞ്ഞു. അങ്ങനെ സ്മിതയുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഒപ്പം നില്‍ക്കാമെന്ന് അമ്മായി വാക്ക് കൊടുത്തു. സ്മിത അവരെയും കൂട്ടി മദിരാശിയിലേക്ക് പുറപ്പെട്ടു. 

silk-smitha-5

പല സിനിമാക്കാരെയും പോയി കണ്ടെങ്കിലും ഫലമുണ്ടായില്ല. സിനിമയില്‍ ഒന്നു മുഖം കാണിക്കാനായി രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരകണക്കിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും നിത്യേന വന്നിറങ്ങുന്ന നഗരത്തില്‍ അത്ര സുന്ദരിയല്ലാത്ത ഇരുനിറക്കാരി പെണ്ണിനെ ആര് ഗൗനിക്കാന്‍? പക്ഷേ ഒരു തിരിച്ചുപോക്ക് സ്മിതയുടെ മനസിലുണ്ടായിരുന്നില്ല. മടങ്ങി പോകാന്‍ ഒരു ഇടമുണ്ടായിരുന്നില്ല എന്നതാണ് സത്യം. കോടമ്പാക്കത്തെ ചേരികളില്‍ ദാരിദ്ര്യത്തിന്റെ കയ്പുനീര്‍ കുടിച്ച് കുറെ നാളുകള്‍ തളളിനീക്കി. നിത്യവൃത്തിക്ക് പോലും നിവൃത്തിയില്ലാതെ ബുദ്ധിമുട്ടിയ കാലം. ആരും ഒരു കൈ തന്ന് സഹായിക്കാന്‍ തയ്യാറായില്ല. സ്മിതയേക്കാള്‍ പതിന്മടങ്ങ് രൂപഭംഗിയും അഭിനയശേഷിയുമുളള പെണ്‍കുട്ടികള്‍ എന്തിനും തയാറായി നില്‍ക്കുന്ന നഗരമാണ് മദിരാശി. അവിടെ ഈ നാട്ടിന്‍പുറത്തുകാരിയുടെ പരിദേവനങ്ങള്‍ക്ക് എന്ത് പ്രസക്തി?

തത്കാലം പിടിച്ചു നില്‍ക്കാനായി സ്മിത അക്കാലത്ത് അത്രയൊന്നും പ്രസിദ്ധയല്ലാത്ത അപര്‍ണ എന്ന നടിയുടെ വീട്ടുജോലിക്കാരിയായി കൂടി. അവരുടെ ചായ്പിലായിരുന്നു അക്കാലത്ത് സ്മിത താമസിച്ചിരുന്നത്. സ്മിതയില്‍ എന്തൊക്കെയോ കഴിവുകളുണ്ടെന്ന് തിരിച്ചറിഞ്ഞ അപര്‍ണ അവളെ സിനിമാ സെറ്റില്‍ ടച്ച് അപ്പ് ഗേളായി ( മേക്കപ്പ് സഹായി) കൂടെക്കൂട്ടി. ഇങ്ങനെയുണ്ടായ പരിചയവും ബന്ധങ്ങളും സ്മിതയ്ക്ക് വഴിത്തിരിവായി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ചില പടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ദിവസക്കൂലിക്കപ്പുറം ഒരു ക്ലോസപ്പ് ഷോട്ട് പോലും ലഭിച്ചില്ല. അങ്ങനെ മുഖമില്ലാതെ കേവലം ശരീരം മാത്രമായി അഭിനയിക്കേണ്ട ഗതികേട്. പുഷ്യരാഗം, സരസ്വതീയം, ഇവര്‍, അങ്ങാടി തുടങ്ങിയ ചില മലയാള പടങ്ങളിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിരുന്നു. പക്ഷേ അക്കാലത്ത് അവരുടെ പേര് പോലും ആര്‍ക്കും അറിയാമായിരുന്നില്ല.

വിജയലക്ഷ്മി എങ്ങനെ സില്‍ക്കായി?

അങ്ങനെ ആകെ അനിശ്ചിതാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ആന്റണി ഈസ്റ്റ്മാന്‍ എന്ന മലയാളിയെ പരിചയപ്പെടുന്നത്. അദ്ദേഹം മലയാള പടങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ്. സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാനുളള മുന്നൊരുക്കങ്ങളിലാണ്. കൊച്ചിക്കാരനായ അദ്ദേഹം തന്റെ ആദ്യ സംരംഭത്തിനു വേണ്ടിയാണ് മദ്രാസില്‍ എത്തിയത്. ഇണയെത്തേടി എന്ന് നാമകരണം ചെയ്തിരിക്കുന്ന ആ സിനിമയിലെ നായികാ കഥാപാത്രത്തിന് സ്മിതയുടെ മുഖം ചേരുമെന്ന് ആന്റണിക്ക് തോന്നി. 

വിജയലക്ഷ്മി എന്നായിരുന്നു സ്മിതയുടെ അന്നത്തെ പേര്. മാതാപിതാക്കള്‍ നല്‍കിയ ആ പേര് തെലുങ്ക്‌സംസ്‌കാരവുമായി ബന്ധപ്പെട്ട ഒന്നാണ്. സിനിമയ്ക്ക് വേണ്ടി അത് പരിഷ്‌കരിച്ച് സ്മിത എന്നാക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു. എങ്ങിനെയും സിനിമയില്‍ പിടിച്ചു കയറാന്‍ വെമ്പി നില്‍ക്കുന്ന സ്മിതയ്ക്ക് അതൊന്നും ഒരു പ്രശ്‌നമേ ആയിരുന്നില്ല. അങ്ങനെ ഇന്നലെ വരെ വിജയലക്ഷ്മിയായിരുന്ന അവള്‍ സ്മിതയായി ഇണയെത്തേടി എന്ന പടത്തില്‍ അഭിനയിച്ചു. സെക്‌സിന് മുന്‍തൂക്കമുളള, അതേ സമയം ജീവിതഗന്ധിയായ കഥ പറഞ്ഞ സിനിമയായിരുന്നു ഇണയെത്തേടി. സ്മിതയായിരുന്നു നായിക. സാമാന്യം നല്ല പ്രകടനമായിരുന്നു സ്മിതയുടേത്. ഒരു പുതുമുഖത്തിന്റെ പതര്‍ച്ചയൊന്നുമുണ്ടായിരുന്നില്ല. അറിയപ്പെടുന്ന താരങ്ങളുടെ അഭാവം മൂലമാവാം ആ ചിത്രം തീയറ്ററിലെത്താന്‍ വൈകി. ഏറെക്കാലത്തിന് ശേഷമാണ് പടം റിലീസ് ചെയ്യപ്പെട്ടത്. സെക്‌സ് പടങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റുണ്ടായിരുന്ന ആ കാലത്ത് താരനിബിഢമല്ലാതിരുന്നിട്ടും ഇണയെത്തേടി നല്ല വിജയം നേടി.

ആയിടയ്ക്ക് വണ്ടിച്ചക്രം എന്ന തമിഴ് പടത്തില്‍ ഒരു ബാര്‍ ഡാന്‍സറുടെ വേഷം കിട്ടി. മലയാളത്തില്‍ പിന്നീട് വന്ന മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന പടത്തില്‍ ശോഭനയുടെ പിതാവായി വേഷമിട്ട വിനു ചക്രവര്‍ത്തിയായിരുന്നു വണ്ടിച്ചക്രത്തിന്റെ തിരക്കഥാകൃത്ത്. അദ്ദേഹവുമായുണ്ടായ പരിചയമാണ് സ്മിതയ്ക്ക് തുണയായത്. വിനു സ്മിതയുടെ ഗോഡ്ഫാദറായി മാറി. അദ്ദേഹത്തിന്റെ ഭാര്യയാണ് സ്മിതയെ നൃത്തം അഭ്യസിപ്പിച്ചതും ഇംഗ്ലിഷ് പഠിപ്പിച്ചതും. 

spadikam-silk

തമിഴില്‍ സ്മിതയ്ക്ക് ആദ്യമായി കുറച്ചെങ്കിലൂം ശ്രദ്ധിക്കപ്പെടുന്ന വേഷം ലഭിച്ചതും വണ്ടിച്ചക്രത്തിലായിരുന്നു. പടം ഹിറ്റായെങ്കിലും സ്മിതയുടെ അഭിനയശേഷിയോ നായിക എന്ന നിലയിലുളള പ്രകടനമോ ഒന്നുമായിരുന്നില്ല സിനിമാക്കാരുടെ മനസിലുടക്കിയത്. ലാസ്യഭാവം തുളുമ്പുന്ന മുഖവും കണ്ണുകളും അധരങ്ങളും മറ്റും എങ്ങനെ സിനിമയിലുടെ വില്‍ക്കാമെന്ന് സംവിധായകര്‍ ആലോചിച്ചു. അഭിനേത്രി എന്ന നിലയില്‍ സ്മിതയുടെ പതനം തുടങ്ങുന്നത് അവിടെ നിന്നാണ്. വ്യക്തി എന്ന നിലയില്‍ വിജയം തുടങ്ങുന്നതും അവിടെ നിന്നു തന്നെ.

വണ്ടിച്ചക്രത്തില്‍ സ്മിതയുടെ കഥാപാത്രത്തിന്റെ പേര് സില്‍ക്ക് എന്നായിരുന്നു. ആ പേര് പിന്നീട് അവളുടെ പേരിന്റെ ഭാഗമായി. ആന്റണി സ്മിതയാക്കി മാറ്റിയ അവളെ സ്‌നിഗ്ധമായ ആ പേരില്‍ ഒതുക്കി നിര്‍ത്താന്‍ ചലച്ചിത്ര വ്യവസായം തയാറായില്ല. കാഴ്ചയിലെന്ന പോലെ പേരിലും കുറച്ച് സെക്‌സ് അപ്പീല്‍ വേണമെന്ന് അവര്‍ നിശ്ചയിച്ചു. അങ്ങനെ ആദ്യപടത്തിലെ കഥാപാത്രത്തിന്റെ പേരായ സില്‍ക്ക് കൂട്ടിച്ചേര്‍ത്ത് സില്‍ക്ക് സ്മിത എന്നാക്കി മാറ്റി.

silk-smitha3

ആ മാറ്റം പക്ഷേ ഭാഗ്യം കൊണ്ടുവന്നു. ന്യൂമറോളജിയൊന്നും അക്കാലത്ത് അത്ര സജീവമല്ലെന്ന് പറയപ്പെടുമ്പോഴും അന്ധവിശ്വാസികളായ സിനിമാക്കാര്‍ അതിലും അതിലപ്പുറവും നോക്കിയിട്ടുണ്ടാവുമെന്നും വാദിക്കുന്നവരുണ്ട്. എന്തായാലും സില്‍ക്ക് സ്മിത എന്ന പേര് സ്മിതയുടെ ജാതകം മാറ്റി മറിച്ചു. ഒന്നുമില്ലായ്മയില്‍ നിന്ന് ഇന്ത്യന്‍ സിനിമയിലെ മോസ്റ്റ് വാണ്ടഡ് ആക്‌ടേഴ്‌സില്‍ ഒരാളായി സ്മിത വളര്‍ന്നു.

മരണശേഷം വിശുദ്ധ സ്മിതയായി മാറി

ബാലു മഹേന്ദ്രയുടെ മൂന്നാം പിറ എന്ന ക്ലാസിക് സിനിമയിലെ ഒരു നൃത്ത രംഗത്തില്‍ കമല്‍ഹാസനൊപ്പം അഭിനയിക്കാന്‍ സ്മിതയ്ക്ക് അവസരം ലഭിച്ചു. ആ പടം ഇന്ത്യയെമ്പാടും വിജയം കൊയ്തു. അതോടെ സ്മിതയെ അറിയാത്ത ആളുകള്‍ ഇല്ലാതായി. പിന്നിടുളള പതിനഞ്ചു വര്‍ഷക്കാലം സ്മിത തെന്നിന്ത്യന്‍ സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. കഥ ഏതായാലും ജോണര്‍ എന്തായാലും സിനിമയില്‍ സ്മിതയുടെ ഒരു നൃത്തരംഗം കുത്തിക്കയറ്റാന്‍ സിനിമയ്ക്ക് പണം മുടക്കുന്ന മാര്‍വാടികളും വിതരണക്കാരും നിര്‍മാതാക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തും. അര്‍ദ്ധ നഗ്നയായ സ്മിതയുടെ നൃത്തം കാണാനായി മാത്രം ആവര്‍ത്തിച്ച് തിയറ്ററുകളില്‍ കയറുന്ന യുവജനങ്ങള്‍ക്ക് അക്കാലത്ത് അവര്‍ ഒരു ഹരമായിരുന്നു. ചെറുപ്പക്കാരുടെ ഉറക്കം കെടുത്തുന്ന സ്മിത എന്ന തലക്കെട്ടില്‍ സിനിമാ വാരികകളില്‍ ആര്‍ട്ടിക്കിളുകള്‍ പ്രത്യക്ഷപ്പെട്ടു. 

ഫിലിം ഇന്‍ഡസ്ട്രിയിലെ ഹിറ്റ് ഫോര്‍മുലകളില്‍ നിര്‍ണായക ഘടകമായി പരിഗണിക്കപ്പെട്ടിരുന്ന സ്മിതയെക്കുറിച്ച് പറയുന്നതും ചര്‍ച്ച ചെയ്യുന്നതും എഴുതുന്നതുമെല്ലാം നാലാം തരം പ്രവൃത്തിയായി ബുദ്ധിജീവികള്‍ കരുതി. എന്നാല്‍ പച്ചയായ മനുഷ്യജീവിതത്തിന്റെ പരിചേ്ഛദം തന്നെയായിരുന്നു അവരുടെ അനുഭവമണ്ഡലം. പില്‍ക്കാലത്ത് സ്മിതയുടെ മരണശേഷം അവരെക്കുറിച്ച് വിശുദ്ധ സ്മിതയ്ക്ക് എന്ന പേരില്‍ ഒരു കവിതാ സമാഹാരം തന്നെ പുറത്തിറങ്ങുകയുണ്ടായി. കാലം ഒരു വ്യക്തിയെക്കുറിച്ചുളള പൊതുമണ്ഡലത്തിന്റെ വീക്ഷണങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളുടെ ഉദാഹരണം കൂടിയായി ആ പുസ്തകം.

നായികയേക്കാള്‍ പ്രതിഫലം വാങ്ങുന്ന ഐറ്റം ഡാന്‍സര്‍

സ്മിത കത്തി നിന്ന കാലത്ത് ഫിലിം ഇന്‍ഡസ്ട്രി അവര്‍ക്ക് ചുറ്റും ഭ്രമണം ചെയ്തു. സ്മിതയെ കാസ്റ്റ് ചെയ്യാതെ പൂര്‍ത്തിയായ ചില സിനിമകളുടെ പ്രിവ്യൂ മദ്രാസിലെ സ്റ്റുഡിയോകളില്‍ നടന്നു. പടം വിജയിക്കുമോയെന്ന് കാണികള്‍ സംശയം പ്രകടിപ്പിച്ചു. വിജയം ഉറപ്പാക്കാനായി തിയറ്ററുകാരും വിതരണക്കാരും സ്മിതയുടെ നൃത്തം തിരുകിക്കയറ്റാന്‍ ആവശ്യപ്പെടും. അങ്ങനെ കഥയില്‍ ആവശ്യമില്ലാത്ത ഒരു കഥാസന്ദര്‍ഭം തുന്നിച്ചേര്‍ക്കും. കുടുംബപ്രശ്‌നങ്ങള്‍ മൂലം നിരാശനായ നായകന്‍ ബാറിലെത്തുന്നു. അയാള്‍ മദ്യം നുണഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അതാ വരുന്ന അര്‍ദ്ധ നഗ്നയായ നമ്മുടെ ഡാന്‍സര്‍ സ്മിത. നായകന്‍ അല്‍പ്പസമയം അവളോടൊപ്പം ആടി പ്പാടുന്നു. നിരാശ അകന്ന നായകന്‍ സന്തോഷവാനായി മടങ്ങുന്നു. ഒപ്പം പ്രേക്ഷകരും നിര്‍മാതാവും വിതരണക്കാരും തീയറ്റര്‍ ഉടമകളും സന്തുഷ്ടരാവുന്നു. കാരണം സ്മിതയുണ്ട് എന്ന ഏക കാരണത്താല്‍ മോശം പടം വിജയമാകുകയാണ്. 

അന്ന് സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്ക് പറന്നു നടന്ന് അഭിനയിക്കുന്ന സ്മിത ഇത്തരം എമര്‍ജന്‍സി സര്‍വീസുകാരോട് വന്‍തുക പ്രതിഫലം ആവശ്യപ്പെടും. യാതൊരു വിലപേശലുമില്ലാതെ നിര്‍മാതാക്കള്‍ പറയുന്ന കാശ് കൊടുക്കും. ആവശ്യക്കാരന് ഔചിത്യമില്ലല്ലോ? പലപ്പോഴും പടത്തിലെ നായികയേക്കാള്‍ ഉയര്‍ന്ന തുകയാവും സ്മിത ആവശ്യപ്പെടുന്നത്. പക്ഷെ ആര്‍ക്കും പരാതിയില്ല. കാരണം നായികയേക്കാള്‍ പതിന്മടങ്ങ് ഡിമാന്‍ഡുളള താരമാണ് സ്മിത. അവര്‍ കടിച്ച ആപ്പിളിനായി പിടിവലി കൂടുന്ന ആരാധകരുളള കാലം.

തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി എന്നീ ഭാഷാ സിനിമകളില്‍ ഒരേ സമയം മാര്‍ക്കറ്റുളള താരമായി നിലനില്‍ക്കുക എന്നത് അക്കാലത്ത് മാത്രമല്ല ഇക്കാലത്തും ആര്‍ക്കും കഴിഞ്ഞിട്ടില്ല. അത്രമേല്‍ വലിയ അനിവാര്യതയായിരുന്നു സില്‍ക്ക് സ്മിത. മൂന്നാം പിറ സദ്മ എന്ന പേരില്‍ ഹിന്ദിയില്‍ പുനര്‍നിർമിച്ചപ്പോള്‍ കമല്‍ഹാസനും ശ്രീദേവിയും അവതരിപ്പിച്ച വേഷങ്ങളില്‍ അവര്‍ തന്നെ അഭിനയിക്കണമെന്ന് സംവിധായകന്‍ ബാലു മഹേന്ദ്ര ആവശ്യപ്പെട്ടു. എന്നാല്‍ സ്മിതയുടെ വേഷത്തില്‍ അവരല്ലാതെ മറ്റൊരാളെ ആലോചിക്കാനാവില്ലെന്നാണ് നിര്‍മാതാക്കള്‍ പറഞ്ഞത്. അതിനേക്കാള്‍ കൗതുകകരമായ സംഗതി വര്‍ഷങ്ങളായി പല വിധ കാരണങ്ങളാല്‍ ബിസിനസ് നടക്കാതെ ഫിലിംപെട്ടിയില്‍ (അന്ന് ക്യൂബ് സിസ്റ്റം നിലവില്‍ വന്നിട്ടില്ല) വിശ്രമിച്ചിരുന്ന പല സിനിമകളും സ്മിതയുടെ ഡാന്‍സ് കൂട്ടിച്ചേര്‍ത്തു എന്ന ഏക കാരണത്താല്‍ വിറ്റുപോയി. 

പുറമെ ആട്ടക്കാരി; അകമെ അന്തര്‍മുഖി

ചെറുപ്പം മുതലേ ഉള്‍വലിഞ്ഞ പ്രകൃതമായിരുന്നു സ്മിതയുടേതെന്ന് പറയപ്പെടുന്നു. ആരോടും ഇടിച്ചു കയറി പരിചയപ്പെടുകയോ സുഹൃത്തുക്കളാകുകയോ ചെയ്യുന്ന ശീലമില്ല. സിനിമയില്‍ വന്ന ശേഷവും ആ ശീലത്തില്‍ കാര്യമായ മാറ്റമുണ്ടായില്ല. എന്നാല്‍ നടി അനുരാധ ഉള്‍പ്പെടെ വളരെ കുറച്ച് സുഹൃത്തുക്കളുമായി ആഴമേറിയ ബന്ധം നിലനിന്നിരുന്നു താനും. ഹൈലി സെന്‍സിറ്റീവായ സ്മിതക്ക് പെട്ടെന്ന് ദേഷ്യം വരുമായിരുന്നു. ചെറിയ കാര്യങ്ങള്‍ക്ക്  ദേഷ്യപ്പെടുന്ന സ്മിത അഹങ്കാരിയായി തെറ്റിദ്ധരിക്കപ്പെട്ടു. എന്നാല്‍ സ്മിതയുടെ സത്യസന്ധതയും കൃത്യനിഷ്ഠയും ആദരിക്കപ്പെട്ടിരുന്നു. തല പോയാലും അവര്‍ കളളം പറയുമായിരുന്നില്ല. സെറ്റില്‍ ചെറിയ താരങ്ങള്‍ പോലും സമയത്ത് വരാതെ ഉഴപ്പുമ്പോള്‍ 7 മണിക്ക് ഫസ്റ്റ് ഷോട്ട് എന്ന് ഡയറക്ടര്‍ പറഞ്ഞാല്‍ 6.30 ന് തന്നെ മേക്കപ്പിട്ട് സ്മിത സെറ്റിലെത്തുമായിരുന്നു.

അസാധാരണമായ നിശ്ചയദാര്‍ഢ്യം സ്മിതയുടെ കൂടപ്പിറപ്പായിരുന്നു. നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച സ്മിത നല്ല ഒഴുക്കോടെ ഇം ഗ്ലിഷ് സംസാരിക്കുമായിരുന്നു. വിദ്യാഭ്യാസമുളള പല താരങ്ങളും അഭിമുഖങ്ങളില്‍ പരുങ്ങുമ്പോള്‍ സ്മിത അനര്‍ഗളമായി ഇം ഗ്ലിഷ് പറയുന്നത് കേട്ട് അമ്പരന്നിട്ടുണ്ട്. അനുരാധ അടക്കം അടുപ്പക്കാരുടെ അനുഭവത്തില്‍ കൊച്ചുകുട്ടികളുടെ മനസുളള ഒരു പാവമായിരുന്നു സ്മിത. പെട്ടെന്ന് ദേഷ്യം വരുന്നു എന്ന പോലെ അതിലും വേഗം സങ്കടപ്പെടുന്ന പാവം മനസുളള പെണ്‍കുട്ടി. പക്ഷെ പുറം ലോകത്തിന് മുന്നില്‍ സ്മിത ഗര്‍വിഷ്ഠയായ സ്ത്രീയായി അറിയപ്പെട്ടു. 

silk-smitha323

എല്ലാം തുറന്ന് പറഞ്ഞ് ചായാന്‍ ഒരു തോള്‍ ഇല്ലാത്ത ദുഖം ഏറെക്കാലം അവരെ അലട്ടിയിരുന്നു. ഇത്രയേറെ പ്രശസ്തയായിട്ടും അവരുമായി അടുപ്പത്തിന് ശ്രമിച്ച പുരുഷന്‍മാരുടെയെല്ലാം ലക്ഷ്യം സ്മിതയുടെ ശരീരമോ പണയോ ആയിരുന്നു. സ്മിത എന്ന വ്യക്തിയെ ഉളളറിഞ്ഞ് സ്‌നേഹിക്കാന്‍ ആരുമുണ്ടായില്ല. മനസിലാക്കാനും  ശ്രമിച്ചിട്ടില്ല. സ്‌നേഹിക്കപ്പെടാന്‍ കൊതിച്ച ഒരു മനസ് അവര്‍ അടുത്ത സുഹൃത്തുക്കളുമായി പങ്ക് വച്ചിരുന്നു.

വിവാഹിതനുമായി പ്രണയം

അവസാന കാലത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഒരു ഡോക്ടര്‍ സ്മിതയുമായി പ്രണയം അഭിനയിച്ചിരുന്നെന്നും അവരും അയാളും തമ്മില്‍ ലിവിങ് ടുഗതര്‍ റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ അയാളുടെയും ലക്ഷ്യം തന്റെ പണവും ശരീരവും മാത്രമാണെന്ന് തിരിച്ചറിഞ്ഞ സ്മിത ആകെ തകര്‍ന്നു പോയി. അതോടെ അവര്‍ തമ്മില്‍ ഇടയുകയും ചെയ്തു. സ്മിത മരിച്ച ശേഷം ഒരു നോക്ക് കാണാന്‍ പോലും ആ മനുഷ്യന്‍ വന്നില്ല.

എല്ലാം നേടിയിട്ടും ഒന്നുമില്ലാത്തവളെ പോലെ ജീവിക്കേണ്ടി വന്ന ഒരു സ്ത്രീയുടെ ആത്മവ്യഥയാവാം അവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. എന്നാല്‍ ജീവിതം അവസാനിപ്പിക്കേണ്ട ഒരാവശ്യവും സ്മിതയ്ക്ക് ഇല്ലായിരുന്നെന്നും കൗമാരപ്രായത്തില്‍ ശൂന്യതയില്‍ നിന്ന് ജീവിതവുമായി പടവെട്ടാന്‍ ഇറങ്ങി പുറപ്പെട്ട ഒരു പെണ്‍കുട്ടിക്ക് കരിയറിന്റെ ഉയരങ്ങളില്‍ നില്‍ക്കുമ്പോള്‍- അതും അനുരാധയെ പോലെ എല്ലാം തുറന്ന് പറയാന്‍ നല്ല സുഹൃത്തുക്കളുളളപ്പോള്‍- എന്തിന് ജീവിതം അവസാനിപ്പിക്കണമെന്ന് ചോദിക്കുന്നവരുമുണ്ട്.

സ്മിതയുടെ കാമുകന്‍ എന്ന് അവകാശപ്പെടുന്ന ഡോക്ടര്‍ അവരുടെ പണവും സ്വത്തുക്കളും കൈക്കലാക്കിയ ശേഷം വകവരുത്തിയതാവാം എന്നും ആരോപിക്കുന്നവരുണ്ട്. അന്വേഷണത്തില്‍ തെളിയിക്കപ്പെടാത്തതു കൊണ്ട് ഇത് സംബന്ധിച്ച അവ്യക്തത ഇന്നും നിലനില്‍ക്കുന്നു. വഞ്ചിക്കപ്പെട്ട സ്മിത സ്വയം ജീവിതം അവസാനിപ്പിച്ചതാകാനാണ് സാധ്യതയെന്ന് അനുരാധ ഉള്‍പ്പെടെയുളളവര്‍ കരുതുന്നു. അതില്‍ അവര്‍ ഉയര്‍ത്തുന്ന വാദം ഇതാണ്.എല്ലാം നഷ്ടപ്പെടുന്നു എന്ന് തോന്നിയ നിമിഷം ഒരു ആശ്വാസത്തിനായാവാം അവര്‍ രാത്രി ഏറെ വൈകിയിട്ട് പോലും അനുരാധയെ വീട്ടിലേക്ക് ക്ഷണിച്ചത്. അനുരാധ കൂടി വരാതായപ്പോള്‍ പെട്ടെന്നുണ്ടായ ശൂന്യതയും ഒറ്റപ്പെടലും നിരാശയും മൂലം അവര്‍ ജീവിതം ഉപേക്ഷിച്ചതാവാം. 

എന്ത് തന്നെയായാലും കോടിക്കണക്കിന് ആരാധകരെ വേദനയിലാഴ്ത്തി കൊണ്ടാണ് അവര്‍ ജീവിതത്തിന്റെ പടിയിറങ്ങിയത്. സ്മിതയ്ക്ക് മുന്‍പും ശേഷവും നിരവധി ഐറ്റം ഡാന്‍സേഴ്‌സ് സിനിമയില്‍ ഉണ്ടായിട്ടുണ്ട്. തബുവും നയന്‍താരയും പോലുളള വലിയ നായികമാര്‍ പോലും ഇത്തരം രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്മിത സൃഷ്ടിച്ച തരംഗത്തിന്റെ ഏഴയലത്ത് എത്താന്‍ ഇവര്‍ക്ക് ആര്‍ക്കും കഴിഞ്ഞില്ല. നിര്‍മാതാക്കള്‍ക്ക് കോടാനുകോടികള്‍ വരുമാനം ഉണ്ടാക്കി കൊടുത്തിരുന്ന അക്ഷയഖനിയായിരുന്നു വാസ്തവത്തില്‍ സ്മിത. പക്ഷേ ഒരു കരിക്കട്ടയുടെ പോലും വിലയില്ലാത്ത വിധം ശൂന്യമായിരുന്നു അവരുടെ വ്യക്തിജീവിതം. അത് തിരിച്ചറിഞ്ഞ നിമിഷം അവര്‍ സ്വയം അവസാനിപ്പിച്ചതാവാം. അല്ലായിരിക്കാം. എന്തു തന്നെയായാലും ഇനി സ്മിതയില്ല എന്ന വലിയ സത്യവുമായാണ് 1996 സെപ്റ്റംബര്‍ 22 -ാം തീയതി നേരം പുലര്‍ന്നത്. 

ഒരു സെപ്റ്റംബര്‍ 23 ന് ജനിച്ച സ്മിത മറ്റൊരു സെപ്റ്റംബര്‍ 22 ന് ജീവിതത്തിന്റെ ടേക്കിന് കട്ട് പറഞ്ഞു. അതിനിടയില്‍ കടന്നു പോയത് സ്‌നേഹശൂന്യമായ 36 വര്‍ഷങ്ങളാണ്. 

മരണാനന്തരം മലയാളത്തിലും ഹിന്ദിയിലുമായി സ്മിതയുടെ ജീവിതം അവംബിച്ച് സിനിമകള്‍ വരെയുണ്ടായി. 2011ല്‍ റിലീസ് ചെയ്ത ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമയില്‍ പ്രമുഖനടി വിദ്യാബാലനാണ് സ്മിതയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിലുടെ വിദ്യ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം കരസ്ഥമാക്കി. 18 വര്‍ഷം നീണ്ട കരിയറിലുടനീളം പുരസ്‌കാരങ്ങള്‍ അന്യമായിരുന്ന സ്മിതയ്ക്ക് കാലം കാത്തു വച്ചതാകാം ഈ അംഗീകാരം. 2013 ല്‍ പാക്കിസ്ഥാനി നടി വീണ മാലിക്കിനെ നായികയാക്കി കന്നടത്തിലും സ്മിതയുടെ ബയോപിക് പുറത്തു വന്നു. 2013ല്‍ സനാ ഖാന്‍ നായികയായി ക്ലൈമാക്‌സ് എന്നൊരു മലയാള ചിത്രവും വന്നു. 

2023ല്‍ പുറത്തിറങ്ങിയ മാര്‍ക്ക് ആന്റണി എന്ന സിനിമയിലും സ്മിതയോട് സാദൃശ്യമുളള ഒരു കഥാപാത്രമുണ്ട്. സ്മിതയോട് രൂപസാദൃശ്യമുളള വിഷ്ണു പ്രിയാ ഗാന്ധിയാണ് ഈ റോളില്‍ വന്നത്. ചന്ദ്രിക രവിയെ നായികയാക്കി ഒരു ബയോപിക് കൂടി വരാനിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതെങ്കിലുമൊരു വ്യക്തിയുടെ ജീവിതം ആസ്പദമാക്കി ഇത്രയധികം സിനിമകള്‍ രൂപപ്പെട്ടിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്. സില്‍ക്കിന്റെ കഥ എന്ന പേരില്‍ അഖില്‍ദാസും ആദിമിത്രയും ചേര്‍ന്ന് എഴുതിയ ഒരു പുസ്തകം പോലുമുണ്ടായി. വിശുദ്ധസ്മിത എന്ന കവിതാ സമാഹാരം വേറെ. അങ്ങനെ ജീവിച്ചിരിക്കെ അവമതിക്കപ്പെട്ട സ്മിത മരണാനന്തരം ആദരണീയയായി.

സ്മിതയെ കൊന്നത് ആര്? 

സ്മിതയുടെ മരണത്തിലെ ദുരൂഹതകളില്‍ പ്രധാനമായി പറയുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് മരിക്കുന്നതിന് മുന്‍പ് അടുത്ത കൂട്ടുകാരി അനുരാധയെ ഫോണില്‍ വിളിച്ച സ്മിത തന്നെ വല്ലാതെ വിഷമിപ്പിക്കുന്ന ഒരു രഹസ്യം പങ്കുവച്ചു പോലും. അതെന്താണെന്ന് അനുരാധ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. മരണത്തെക്കുറിച്ച് കാര്യമായ അന്വേഷണങ്ങള്‍ നടക്കാത്തതിനാല്‍ അതിന്റെ വിശദാംശങ്ങള്‍ തേടാനുളള നീക്കങ്ങളും നടന്നില്ല. മരണശേഷം സ്മിതയുടെ ആത്മഹത്യാക്കുറിപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കടലാസ് കഷണവും കണ്ടെത്തുകയുണ്ടായി. എന്നാല്‍ അതില്‍ സ്മിത പരാമര്‍ശിക്കുന്ന കാര്യങ്ങളില്‍ അവ്യക്തതയുണ്ട്. കത്ത് ശരിയായി വായിക്കാന്‍ പോലും കഴിയാത്ത വിധമായിരുന്നു. ആ കത്ത് വ്യാജമാണോ അതോ ശരിക്കുളളതാണോ എന്നത് സംബന്ധിച്ചും കാര്യമായ അന്വേഷണങ്ങളുണ്ടായില്ല.

ഒരു ദിവസം കാലത്ത് തൂങ്ങി മരിച്ച നിലയില്‍ സ്മിതയെ കണ്ടെത്തുകയായിരുന്നു. അതുകൊണ്ട് തന്നെ തൂങ്ങിമരിച്ചതാണോ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന ചോദ്യം പല കോണുകളില്‍ നിന്നുമുയര്‍ന്നു. സത്യം എന്ത് തന്നെയായാലും സ്ഥിരീകരിക്കപ്പെടാത്ത സാഹചര്യത്തില്‍ സ്മിത അവരുടെ ജീവിതം സ്വമനസാലെ അവസാനിപ്പിച്ചു എന്ന് വിശ്വസിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഐറ്റം ഡാന്‍സില്‍ സ്മിതയേക്കാള്‍ ഇളപ്പവും ഭംഗിയുമുളള കുട്ടികള്‍ കടന്നു വന്നതോടെ തന്റെ താരപദവിക്ക് ഇളക്കം തട്ടുമെന്ന് സ്മിത ഭയന്നു. ഇതിനിടയില്‍ രണ്ട് സിനിമകള്‍ നിര്‍മിച്ചെങ്കിലും വന്‍പരാജയമായി. മൂന്നാമത്തെ നിര്‍മ്മാണ സംരംഭത്തിലൂടെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാമെന്ന് മനക്കോട്ട കെട്ടിയെങ്കിലും കോടികളുടെ കടക്കെണിയിലേക്ക് ആ സിനിമ കൊണ്ടുചെന്നെത്തിച്ചു. ഒടുവില്‍ സ്മിത അഭിനയിച്ച സിനിമകള്‍ പോലും ഒന്നൊന്നായി വീണു തുടങ്ങി. 

സിനിമയില്‍ സമയം ഒരു ഘടകമാണെന്ന് അനുഭവം അവരെ ബോധ്യപ്പെടുത്തി. ആ സമയത്ത് സാന്ത്വനമായത് മദ്രാസില്‍ വച്ച് കണ്ടുമുട്ടിയ ആ ഡോക്ടറുമായുളള അടുപ്പമായിരുന്നു. സ്മിത അയാളെ ആത്മാർഥമായി തന്നെ സ്‌നേഹിച്ചു. അവര്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചു. സ്മിത വീട് വാങ്ങിയത് പോലും അയാളൂടെ പേരിലായിരുന്നു. തന്റെ എല്ലാ സങ്കടങ്ങള്‍ക്കും  പരിഹാരമായി ആ ജീവനാന്തം ആ മനുഷ്യന്‍ ഒപ്പം നില്‍ക്കുമെന്ന് സ്മിത കണക്ക് കൂട്ടി. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ മറച്ചു വച്ച ഒരു സത്യം സ്മിത കണ്ടെത്തി. അയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിരുന്നു. അയാളൂടെ മകനെ സ്വന്തം കുട്ടിയെ പോലെ പരിപാലിക്കാന്‍ പോലും സ്മിത തയ്യാറായിരുന്നു. പക്ഷെ സ്മിതയെ ജീവിതസഖിയായി ആ ജീവനാന്തം കുടെക്കൂട്ടാനുളള ഒരു പദ്ധതിയും ആ മനുഷ്യനില്ലെന്ന് സ്മിത മനസിലാക്കി.ആ ബന്ധവും തകര്‍ന്നതോടെ സ്മിതയുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. തുടങ്ങിയിടത്തേക്ക് തന്നെ തിരിച്ചു പോകേണ്ടി വരുമോയെന്ന് പോലും അവര്‍ ഭയന്നു. പടിയിറക്കത്തിന്റെ ആഴം അത്ര വലുതായിരുന്നു. 

സിനിമകളില്ല, വരുമാനമില്ല, സ്‌നേഹിക്കാനും ഒപ്പം നില്‍ക്കാനും ആരുമില്ല.. എല്ലാം കൂട്ടിവായിക്കുമ്പോള്‍ മരണം അവര്‍ തന്നെ കണ്ടെത്തിയ രക്ഷാമാര്‍ഗമാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ജയന്റെയും റാണി  പത്മിനിയുടെയുമെന്ന പോലെ സ്മിതയുടെ മരണത്തിന് പിന്നിലും പൂരിപ്പിക്കപ്പെടാത്ത കോളങ്ങള്‍ ബാക്കി നില്‍ക്കുന്നതായി അവരുടെ ആരാധകര്‍ ഇന്നും വിശ്വസിക്കുന്നു. 

silk-smitha213

സ്മിതയുടെ മരണം സ്ഥിരീകരിച്ച ശേഷം ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ സൂചികുത്താനാവാത്ത വിധം ജനക്കൂട്ടം അവിടം പൊതിയുമെന്ന് എല്ലാവരും കരുതി. എന്നാല്‍ ഒഴിഞ്ഞ മൈതാനം പോലെ വിജനമായിരുന്നു ആശുപത്രി പരിസരം. സ്മിതയുടെ അകാലവിയോഗം ആരും ചര്‍ച്ച ചെയ്തില്ല. അവരുടെ ചേതനയറ്റ രൂപത്തിന് മുന്നില്‍ ആരും ഉറക്കമൊഴിഞ്ഞില്ല.  സ്മിത ആശുപത്രിയില്‍ ഏകയായി കിടക്കുമ്പോള്‍ മദ്രാസ് നഗരം ശാന്തമായുറങ്ങി. സാധാരണ ഏത് താരം മരിച്ചാലും പരിധിവിട്ട ദുഃഖപ്രകടനങ്ങള്‍ പതിവാണ് മദ്രാസില്‍. 

അതിന്റെ കാരണം പിന്നീടാണ് തിരിച്ചറിയപ്പെട്ടത്. പേക്ഷകരെ സംബന്ധിച്ച് സ്മിത അവര്‍ സ്‌നേഹിച്ചിരുന്ന നടിയൊന്നുമായിരുന്നില്ല. മാദകഭംഗിയുളള ആ ശരീരത്തിലായിരുന്നു എല്ലാവരുടെയും കണ്ണ്. ഒരു മാംസക്കഷ്ണം എന്നതിപ്പുറം ആരും തന്നെ സ്‌നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്നില്ല എന്ന തിരിച്ചറിവ് കൂടി ചേര്‍ന്നപ്പോഴാവും ഒരു പക്ഷെ അവര്‍ ജീവിതത്തിന്റെ സ്‌ക്രീനില്‍ നിന്നും എന്നേക്കുമായി വാനിഷ് ഔട്ടാകാന്‍ തീരുമാനിച്ചത്. സ്മിതയുടെ മൃതദേഹത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കപ്പെട്ടില്ല. ആചാരവെടി മുഴങ്ങിയില്ല. ആ ശരീരം വിറ്റ് കാശാക്കിയ നിര്‍മാതാക്കള്‍ പോലും അവസാനമായി ഒന്ന് കാണാന്‍ വന്നില്ല. ആരും അവരെയൊര്‍ത്ത് കണ്ണീര്‍ പൊഴിച്ചില്ല. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയപ്പെട്ട ഒരു സെറ്റ് പ്രോപ്പര്‍ട്ടി മാത്രമായിരുന്നു അവര്‍.ഒരു അനാഥശവം പോലെ രണ്ട് പതിറ്റാണ്ട് ഇന്ത്യന്‍ സിനിമയെ സ്വാധീനിച്ച ആ അഭിനേത്രി ചിതയുടെ അഗ്നിനാളങ്ങള്‍ക്ക് കീഴടങ്ങി. പക്ഷേ ഏതൊക്കെയോ മനസുകളില്‍ ആ കണ്ണുകളും ഭാവങ്ങളും അഭിനയമുഹൂര്‍ത്തങ്ങളും ഇന്നും ഹരിതശോഭയോടെ നിറഞ്ഞു നില്‍ക്കുന്നു.

English Summary:

Silk Smitha: The South Indian Siren Who Could Make or Break a Film with a Single Dance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com