ആദ്യ മിസ്.കേരള; 27ാം വയസ്സിൽ അകാലമരണമടഞ്ഞ നടി റാണിചന്ദ്രയുടെ അപൂർവ കഥ
Mail This Article
ആദ്യത്തെ മിസ്.കേരള. അറിയപ്പെടുന്ന നര്‍ത്തകി. ആദ്യകാലനായികമാരില്‍ ഏറ്റവും രൂപഭംഗിയുളള ഒരു പെണ്‍കുട്ടി. അഞ്ചു വര്‍ഷത്തിനുളളില്‍ എഴുപതോളം സിനിമകള്‍. വര്‍ഷം പത്ത് മുതല്‍ 13 പടങ്ങളില്‍ വരെ നായിക. തമിഴിലും സൂപ്പര്‍ഹിറ്റുകള്‍. രാമു കാര്യാട്ട്, കെ.ജി.ജോര്‍ജ്, പി.എന്‍. മേനോന്‍, ഐ.വി.ശശി, എം.കൃഷ്ണന്‍ നായര്‍ തുടങ്ങിയ മഹാരഥന്‍മാരുടെ പടങ്ങളിലെ നായിക. സത്യനും നസീറും അടക്കമുളള നായകന്‍മാര്‍. മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. ഇത്രയധികം നേട്ടങ്ങള്‍ക്കുടമയായ ഒരു പെണ്‍കുട്ടി കേവലം 27ാം വയസ്സില്‍ വിമാനാപകടത്തില്‍ കത്തിക്കരിഞ്ഞ് ചാമ്പലാകുക. ഈ അപൂര്‍വവിധി അപഹരിച്ച ജീവന്റെ പേരാണ് റാണിചന്ദ്ര.
ആദ്യം മിസ്.കേരള, പിന്നെ നായിക
1949ല്‍ അന്നത്തെ തിരു-കൊച്ചിയിലെ (ഇന്ന് ഫോര്‍ട്ട് കൊച്ചി) ചന്ദ്രന്റെയും കാന്തിമതിയുടെയും മകളായി ജനിച്ച റാണിക്ക് അച്ഛന്റെ പേരും കൂടി ചേര്‍ത്താണ് റാണി ചന്ദ്രയെന്ന് നാമകരണം ചെയ്തത്. മാതാപിതാക്കളുടെ ആറ് മക്കളില്‍ ഒരാളായിരുന്നു റാണി. പഠനകാലത്ത് തന്നെ അവര്‍ മിസ്.കേരളയായി തിരഞ്ഞെടുക്കപ്പെട്ടു. പാവപ്പെട്ടവള്‍ എന്ന സിനിമയുടെ ടൈറ്റിലില്‍ മിസ്.കേരള എന്നാണ് എഴുതി കാണിച്ചിരുന്നത്. അന്ന് പാശ്ചാത്യരാജ്യങ്ങളില്‍ മാത്രം പ്രചാരത്തിലുണ്ടായിരുന്ന സൗന്ദര്യറാണി മത്സരം കേരളത്തില്‍ അരങ്ങേറിയപ്പോള്‍ ആദ്യത്തെ മിസ്.കേരളയായി റാണി ചന്ദ്ര തിരഞ്ഞെടുക്കപ്പെട്ടത് പത്രങ്ങളില്‍ വലിയ വാര്‍ത്തയായി വന്നു. റാണിചന്ദ്രയുടെ വിവിധ പോസുകളിലുളള ചിത്രങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. സ്വാഭാവികമായും സിനിമാ പ്രവര്‍ത്തകര്‍ അവരെ ശ്രദ്ധിക്കാനിടയായി.
അന്ന് റാണി ഒരു ഡാന്‍സ് ട്രൂപ്പൂം നടത്തിയിരുന്നു. മിസ്.കേരള ആന്‍ഡ് പാര്‍ട്ടി എന്നായിരുന്നു ട്രൂപ്പിന്റെ പേര്. സൗന്ദര്യറാണിപ്പട്ടം ഹൈലൈറ്റ് ചെയ്താല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയുടെ പേരിലാണ് അങ്ങനെ പേരിട്ടത്. സഹോദരിമാരും റാണിയുടെ ഡാന്‍സ് ട്രൂപ്പിലുണ്ടായിരുന്നു. അക്കാലത്ത് പരസ്യചിത്രത്തില്‍ ആദ്യം അഭിനയിച്ച നടിയും റാണിയാണെന്ന് പറയപ്പെടുന്നു. തിരുവനന്തപുരം ചാലയിലെ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ മോഡല്‍ റാണിയായിരുന്നു. സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടി എന്ന നിലയില്‍ അതിന് സാധ്യത ഏറെയാണ്.
റാണിയുടെ പിതാവിന്റെ ബിസിനസ് തകര്‍ന്നതോടെ കുടുംബത്തിന്റെ സ്ഥിതി മോശമായി. ആറ് മക്കളും മാതാപിതാക്കളും അടങ്ങുന്ന വലിയ കുടുംബത്തെ കരപറ്റിക്കാന്‍ ഒരു ജീവിതമാര്‍ഗം കണ്ടെത്തുക എന്നത് റാണിയെ സംബന്ധിച്ച് ഒരു അനിവാര്യതയായിരുന്നു. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും സാമ്പത്തിക ഭദ്രത കൈവരിക്കണമെന്ന നിശ്ചയദാര്‍ഢ്യം റാണിക്കുണ്ടായിരുന്നു. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നിന്ന് ബിരുദമെടുത്ത റാണി ഡാന്‍സ് ട്രൂപ്പും അഭിനയവുമായി മുന്നോട്ട് പോയി. പ്രേംനസീര്‍ നായകനായ അഞ്ചു സുന്ദരികളിലെ ഒരു നായികയായിരുന്നു റാണി. ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഒന്നിന് പുറകെ മറ്റൊന്നായി നല്ല അവസരങ്ങള്‍ തേടി വന്നു. സിനിമയില്‍ തിരക്കായതോടെ റാണിയും കുടുംബവും മദ്രാസിലേക്ക് താമസം മാറ്റി.
റാണിയുടെ ചരിത്രം വിജയങ്ങളില്‍ നിന്ന് ദുരന്തമയമായ ഒരു ജീവിതത്തിലേക്കായിരുന്നു. റാണിയുടെ രൂപഭാവങ്ങളും അഭിനയരീതിയും ആളുകള്‍ ഹൃദയപൂര്‍വം ഏറ്റെടുത്തു. ഐ.വി.ശശിയുടെ ആദ്യചിത്രമായ ഉത്സവത്തില്‍ റാണിയായിരുന്നു നായിക. രാമു കാര്യാട്ടിനെ പോലെ ഒരു ലജന്റ് പി.വത്സലയുടെ നോവലിനെ അധികരിച്ച് നെല്ല് എന്ന സിനിമ ഒരുക്കിയപ്പോള്‍ അതിലും നായികയാകാനുളള നിയോഗം റാണിക്ക് ലഭിച്ചു. കാര്യാട്ടിന്റെ ശിഷ്യനായ കെ.ജി. ജോര്‍ജ് ആദ്യം സംവിധാനം ചെയ്ത സ്വപ്നാടനത്തിലും നായികയായി.
ചെമ്പരത്തി, ദേവി, ബ്രഹ്‌മചാരി, കാടാറുമാസം, സിന്ദൂരം, ആരാധിക, പച്ചനോട്ടുകള്‍, യേശു, അംബ അംബിക, അംബാലിക, ചിരിക്കുടുക്ക, റാഗിങ്, മുച്ചീട്ടുകളിക്കാരന്റെ മകള്‍, അയോധ്യ, ഓടക്കുഴല്‍...ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍. എഴുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചതായി കണക്കാക്കപ്പെടുന്നു. സ്വപ്നാടനത്തിലെ പ്രകടനം 1976 ലെ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്തു. അതേ വര്‍ഷം തന്നെ ഭദ്രകാളി എന്ന തമിഴ്പടത്തില്‍ അവര്‍ ശിവകുമാറിന്റെ (ഇന്നത്തെ നടന്‍ സൂര്യയുടെ പിതാവ്) നായികയായി. ഈ സിനിമയുള്‍പ്പെടെ അഞ്ചോളം തമിഴ്ചിത്രങ്ങളില്‍ റാണി അഭിനയിച്ചിരുന്നു.
ജീവന്‍ കവര്‍ന്ന ദുരന്തം
കരിയറില്‍ ജ്വലിച്ചു നില്‍ക്കുന്ന സന്ദര്‍ഭത്തിലായിരുന്നു അസാധാരണമായ ഒരു ദുരന്തം ആ കുടുംബത്തെ വിഴുങ്ങിയത്. 1976 ഒക്‌ടോബര്‍ 12ന് കേവലം 27ാം വയസ്സില്‍ വിധി റാണിയെ നിര്‍ദയം തോല്‍പ്പിച്ചു കളഞ്ഞു. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ മുംബൈയില്‍ നിന്ന് മദ്രാസിലേക്ക് മടങ്ങുകയായിരുന്നു റാണിയും അമ്മയും മൂന്ന് സഹോദരിമാരും. യാത്രാമധ്യേ വിമാനത്തിന് തീ പിടിക്കുകയും വിമാനത്താവളത്തിന് സമീപത്തു വച്ച് അപ്രതീക്ഷിതമായ ദുരന്തം സംഭവിക്കുകയും ചെയ്തു. റാണി ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടു. അക്കൂട്ടത്തില്‍ റാണിയുടെ ഡാന്‍സ് ട്രൂപ്പ് അംഗങ്ങളും പക്കമേളം കലാകാരന്‍മാരുമുണ്ടായിരുന്നു. 86 യാത്രക്കാരും 9 വിമാനജീവനക്കാരും ഉള്‍പ്പെടെ 97 പേര്‍ വെന്തു മരിച്ചതായി കണക്കാക്കപ്പെടുന്നു.
റാണി മരിക്കുമ്പോള്‍ അവരുടെ തമിഴ് ചിത്രമായ ഭദ്രകാളിയുടെ ഷൂട്ടിങ് പൂര്‍ത്തിയായിരുന്നില്ല. ഒടുവില്‍ ഡ്യൂപ്പിനെ വച്ച് ചില ഭാഗങ്ങള്‍ എടുത്തു. അതുകൊണ്ടും ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട് പോകാതിരുന്നപ്പോള്‍ റാണിയുടെ മൂന്‍കാല സിനിമകളിലെ ചില ദൃശ്യങ്ങള്‍ കൂട്ടിചേര്‍ത്താണ് പടം തീര്‍ത്തത്. എന്നാല്‍ തിയറ്ററില്‍ ഈ സിനിമ വിജയമാകുകയും ചെയ്തു. ഏതൊരു മരണത്തിലുമെന്ന പോലെ റാണിചന്ദ്രയുടെ അകാലവിയോഗത്തിലും നിരവധി സംശയങ്ങള്‍ രൂപപ്പെടുകയും വാര്‍ത്തകള്‍ പരക്കുകയും ചെയ്തു. ദുബായ് അടക്കം അഞ്ചു രാജ്യങ്ങളിലെ നൃത്ത പരിപാടികള്‍ കഴിഞ്ഞാണ് റാണി മുംബൈയില്‍ എത്തിയത്.
ഈ പ്രോഗ്രാമുകളെല്ലാം ഏര്‍പ്പാട് ചെയ്തിരുന്നത് അവരുടെ സുഹൃത്തായ കൊല്ലം സ്വദേശി സജാദ് തങ്ങളായിരുന്നു. മുംബൈയില്‍ നിന്നും മദ്രാസിലേക്കുളള യാത്രയില്‍ സജാദ് തങ്ങളും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അവസാന നിമിഷം മറ്റ് ചില തിരക്കുകള്‍ മൂലം സുഹൃത്തായ സുധാകരനെ ആ ചുമതല ഏല്‍പ്പിച്ച് സജാദ് മാറി നിന്നു. എന്നാല്‍ യാത്രയില്‍ സജാദും ഒപ്പമുണ്ടെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അടക്കം കരുതി. വിമാനപകടത്തില്‍ സജാദ് മരിച്ചുവെന്നായിരുന്നു എല്ലാവരുടെയും ധാരണ.
റാണിയുടെ അവിചാരിത മരണവാര്‍ത്ത അറിഞ്ഞ സജാദ് ആകെ തകര്‍ന്നുപോയി. നാട്ടിലേക്ക് മടങ്ങാന്‍ പോലും മനസ്സ് അനുവദിച്ചില്ല. അതുകൊണ്ട് വിമാനാപകടത്തില്‍ സജാദും മരിച്ചുവെന്ന് തന്നെ കുടുംബത്തിലുളളവര്‍ പോലും ഉറപ്പിച്ചു. എന്നാല്‍ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം 2021 ഓഗസ്റ്റ് പത്തിന് അന്നത്തെ പത്രങ്ങളില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. റാണിചന്ദ്രയോടൊപ്പം മരിച്ചുവെന്ന് കരുതപ്പെട്ട സജാദ് മരിച്ചിട്ടില്ലെന്നും മുംബൈയിലെ ഒരു ആശ്രമത്തില്‍ കഴിയുന്നുവെന്നുമായിരുന്നു വാര്‍ത്ത. അന്വേഷണത്തില്‍ അതു ശരിയാണെന്ന് കണ്ടെത്തി. അങ്ങനെ സുദീര്‍ഘമായ കാലയളവിന് ശേഷം സജാദ് അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം ചേരുകയുണ്ടായി.
ദുരൂഹതകള്‍ക്ക് ഇട നല്‍കുന്ന വഴികള്‍..?
ഗള്‍ഫ്‌ഷോയ്ക്കിടയില്‍ റാണിയും അതിന്റെ സ്‌പോണ്‍സര്‍മാരുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കുകയും അതിനെച്ചൊല്ലി വഴക്കുണ്ടായതായും പറയപ്പെടുന്നു. സ്‌പോണ്‍സര്‍മാര്‍ റാണിക്ക് എതിരെ ചില വ്യാജക്കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് അവര്‍ക്ക് അവിടെ നിന്നും പെട്ടെന്ന് തിരിച്ചു പോരാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കുന്നു. റാണി നിര്‍ബന്ധം ചെലുത്തി അമ്മയെയും സഹോദരിമാരെയും മുംബൈയിലേക്ക് അയച്ചു. റാണി മടങ്ങിയെത്തും വരെ മുംബൈയില്‍ തങ്ങള്‍ക്ക് പരിചയമുളള ഒരു നിര്‍മാതാവിന്റെ വീട്ടിലായിരുന്നു അവര്‍ താമസം. ഗള്‍ഫിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് മുംബൈയില്‍ തിരിച്ചെത്തിയ റാണി തന്നെ വഞ്ചിച്ച സ്‌പോണ്‍സര്‍മാരെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്നു. എന്തായാലും അടുത്ത വിമാനത്തില്‍ അവര്‍ മുംബൈയില്‍ നിന്നും മദ്രാസിലേക്ക് പുറപ്പെടുകയും ടേക്ക് ഓഫ് കഴിഞ്ഞ് ഏതാനും സമയത്തിന് ശേഷം ആ വിമാനത്തില്‍ ഏതോ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും തിരിച്ചു പറന്ന് അത് മുംബൈയിലെത്തി പകരം മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ കയറ്റി വിടുകയായിരുന്നു.
ഈ വിമാനം പറന്നുയര്‍ന്ന് ഏതാനും സമയത്തിന് ശേഷം എയര്‍പോര്‍ട്ടിന്റെ ഓരത്ത് തന്നെ കത്തിയമര്‍ന്ന് നിലംപതിച്ചതായി പറയപ്പെടുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷി എന്ന് പറയപ്പെടുന്ന ഒരു നിര്‍മ്മാതാവിന്റെ മൊഴി ഇങ്ങനെ: ‘‘ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്ത് കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു പരുന്ത് വന്ന് വിമാനത്തില്‍ ഇടിച്ചു. അതോടൊപ്പം ഒരു ഫ്‌ളെയിം വന്നു. പൈലറ്റ് എന്ത് ചെയ്യണമെന്ന് വയര്‍ലസ് വഴി ചോദിച്ചു. താഴെയിറക്കാന്‍ നിര്‍ദ്ദേശം വന്നു. തിരിച്ചിറക്കണമെങ്കില്‍ 700 അടി പൊക്കണം. പൊക്കിയ സമയത്ത് വിമാനത്തിന്റെ ചിറകുകള്‍ ആളിക്കത്തി. ഒടുവില്‍ 19 അടി മൂക്ക് കുത്തി വിമാനം താഴേക്ക് വിഴുകയായിരുന്നു. മദ്രാസിലെ നുങ്കമ്പത്ത് എത്തിക്കുമ്പോള്‍ റാണിയെ തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.’’
ആദ്യവിമാനത്തിലെ യാത്ര സുരക്ഷിതമല്ലെന്ന് തോന്നി മാറിക്കയറാന്‍ ഏര്‍പ്പാട് ചെയ്ത വിമാനം തല്‍ക്ഷണം കത്തിപ്പോയി എന്നത് സിനിമകളില്‍ പോലും കേട്ടാല്‍ വിശ്വസനീയമല്ലാത്ത ഒന്നാണ്. എന്നാല്‍ റാണിയുടെ ജീവിതത്തില്‍ അത് സംഭവിക്കുക തന്നെ ചെയ്തു. അനിവാര്യമായ വിധി റാണിയെ തേടി എത്തുകയായിരുന്നു. വളരെ സ്വാഭാവികമായ ഒരു വിമാനാപകടം എന്നതിനപ്പുറം സംശയാസ്പദമായ എന്തെങ്കിലും അതിന് പിന്നിലുളളതായി കണ്ടെത്തിയിട്ടില്ല.
ആരായിരുന്നു റാണിചന്ദ്ര?
സിനിമാക്കാരില്‍ മഹാഭൂരിപക്ഷത്തിന്റെയും കൂടപ്പിറപ്പായ വക്രതയും ദുഷ്ടലാക്കുകളും ഇല്ലാത്ത ഒരു പാവം കുട്ടിയായിരുന്നു റാണിയെന്ന് അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുളളവരെല്ലാം ഏകസ്വരത്തില്‍ പറയുന്നു. നിഷ്‌കളങ്കയായിരുന്നു റാണി. ജാടയോ തലക്കനമോ കാപട്യങ്ങളോ ഇല്ല. എല്ലാവരോടും നിറഞ്ഞ സ്‌നേഹവും ആത്മാർഥമായ സമീപനവും. അക്കാലത്തെ സിനിമാ പത്രപ്രവര്‍ത്തകര്‍ പറയാറുളള ഒരു കാര്യമുണ്ട്. അഭിമുഖത്തിനോ ഫോട്ടോ സെഷനോ ചെന്നാല്‍ സിനിമയില്ലാത്ത നടികള്‍ പോലും വലിയ തിരക്ക് അഭിനയിക്കും. ദിവസങ്ങളോളം നടത്തിക്കും. കൂടിക്കാഴ്ച അനുവദിച്ചാല്‍ തന്നെ മണിക്കൂറുകള്‍ കാത്തിരിക്കാന്‍ പറയും. എന്നാല്‍ റാണി തിരക്കിന്റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും ഫോട്ടോസ് എടുക്കണമെന്ന് പറഞ്ഞാല്‍ ആ നിമിഷം റെഡിയായി വരും. കാര്യമായ മേക്കപ്പ് പോലുമുണ്ടാവില്ല. അത്രയും നേരം വന്നയാളെ ഇരുത്തി ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി പെട്ടെന്ന് വരുന്നതാണ്.
ഈ മാന്യതയും മര്യാദയും കൊണ്ടാവാം മരണം സംഭവിച്ച് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷവും റാണിയുടെ സഹപ്രവര്‍ത്തകര്‍ അവരെക്കുറിച്ച് ഏറെ സ്‌നേഹത്തോടെ സംസാരിക്കുന്നത്. കണ്ണുകള്‍ നിറയുന്നത്. മലയാളം കണ്ട എക്കാലത്തെയും മികച്ച സംവിധായകനായ കെ.ജി.ജോര്‍ജ് റാണിയെ വിലയിരുത്തിയത് ഇങ്ങനെയാണ്.
‘‘നമ്മള്‍ ഒരു കഥാപാത്രത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ മറ്റ് അഭിനേതാക്കളില്‍ നിന്ന് വ്യത്യസ്തമായി വിടര്‍ന്ന കണ്ണുകളോടെ നമ്മുടെ മുഖത്തേക്ക് തന്നെ നോക്കി സാകൂതം ശ്രദ്ധിച്ചിരിക്കും റാണി. ഓരോ സൂക്ഷ്മാംശങ്ങളും ചോദിച്ച് മനസിലാക്കും. വല്ലാത്ത ഒരു സമര്‍പ്പണ ബുദ്ധിയായിരുന്നു ആ കുട്ടിക്ക്. കഥാപാത്രം എത്രത്തോളം നന്നാക്കാമോ അത്രകണ്ട് പരിശ്രമിക്കും. ഇത്രയും ഡെഡിക്കേറ്റഡായ ഒരു നായികയെ പിന്നിടൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. ഷോട്ട് ഓകെയാണെന്ന് സംവിധായകന്‍ പറഞ്ഞാലും റാണിക്ക് തൃപ്തിയുണ്ടാവില്ല. വീണ്ടും വീണ്ടും ടേക്ക് എടുക്കാനും കൂടുതല്‍ മെച്ചപ്പെടുത്താനുമുളള ത്വരയായിരുന്നു അവര്‍ക്ക്’’.
ജോര്‍ജ് മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചിരുന്നു. ‘‘അക്കാലത്തെ മിക്കവാറും എല്ലാ നടികളും അതിഭാവുകത്വവും അതിനാടകീയതയും നിറഞ്ഞ അഭിനയശൈലി സൂക്ഷിച്ചപ്പോള്‍ റാണി അവരില്‍ നിന്നെല്ലാം പാടെ വ്യത്യസ്തയായിരുന്നു. സൂചിമുനയുടെ സൂക്ഷ്മതയോടും കൃത്യതയോടും പാളിപ്പോകാത്ത വിധം നാച്വറലായി അഭിനയിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. ഇക്കാലത്ത് അതൊന്നും പുത്തരിയല്ല. എന്നാല്‍ 70കളില്‍ റാണിയുടെ ഈ സമീപനം എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു.’’
ഐ.വി.ശശിയുടെ പ്രിയ നായിക
ഐ.വി.ശശി ഒരു സ്വതന്ത്രസംവിധായകനാകാന്‍ കഷ്ടപ്പെടുന്ന കാലത്ത് അദ്ദേഹത്തെ കൈപിടിച്ചുയര്‍ത്താന്‍ റാണി ഒരുപാട് സഹായിച്ചു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ..തന്റെ ആദ്യസിനിമ യാഥാർഥ്യമാക്കാന്‍ റാണിചന്ദ്ര ചെയ്ത സഹായങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് ശശി എന്നും നന്ദിയോടെ സ്മരിച്ചിരുന്നു. കന്നിചിത്രമായ ഉത്സവം നടക്കുമെന്നായപ്പോള്‍ നായികയായി മറ്റൊരു പേര് ശശിയുടെ മനസില്‍ വന്നില്ല. ഐ.വി.ശശിക്ക് സിനിമയില്‍ തിരക്കേറിയപ്പോള്‍ അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളിലും റാണിയായിരുന്നു നായിക. ഊഞ്ഞാല്‍, അഭിനന്ദനം, മധുരം തിരുമധുരം, അനുരാഗം എന്നിങ്ങനെ നിരവധി സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച ഘട്ടത്തിലാണ് അവര്‍ മാനസികമായി അടുക്കുന്നത്. ജീവിതത്തില്‍ താന്‍ ആദ്യമായി പ്രണയിച്ച പെണ്‍കുട്ടി റാണിയാണെന്ന് ശശി എക്കാലവും തുറന്ന് പറയുമായിരുന്നു.
ഒരേ സമുദായത്തില്‍ പെട്ടവര്‍ എന്ന നിലയില്‍ താന്‍ റാണിയെ വിവാഹം കഴിക്കുന്നതില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ആര്‍ക്കും എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കണക്കുകൂട്ടി. ബന്ധം യാഥാർഥ്യമായേക്കാം എന്ന് വിചാരിച്ചിരിക്കുമ്പോഴായിരുന്നു ആ സംഭവം.മാനസികമായി പരസ്പരം നല്ല അടുപ്പമുണ്ടെന്ന് ബോധ്യമായപ്പോള്‍
ഐ.വി.ശശി അവരോട് വിവാഹാഭ്യര്‍ഥന നടത്തി. പക്ഷേ അവര്‍ സ്‌നേഹപൂര്‍വം നിരസിക്കുകയാണുണ്ടായത്. ശശി വീണ്ടും ഇതേ ആവശ്യവുമായി സമീപിച്ചപ്പോള്‍-‘‘ശശിയേട്ടന്‍ ഒരുപാട് ദൂരം മൂന്നോട്ട് സഞ്ചരിക്കേണ്ടയാളാണ്. എനിക്ക് അതിനുളള അര്‍ഹതയില്ല’’ എന്നാണ് ശശിയോട് അവര്‍ പറഞ്ഞത്.
ഒരു സിനിമാ നടിക്ക് പകരം കുടുംബസ്ഥയായ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ശശി കുറെക്കൂടി നല്ല ജീവിതം നയിച്ചു കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നു പറഞ്ഞ് റാണി നിരുത്സാഹപ്പെടുത്തി. ശശിക്ക് അന്ന് അതിന്റെ കാരണം മനസിലായില്ലെങ്കിലും പിന്നീട് അദ്ദേഹം റാണിയുടെ വലിയ മനസ് ആഴത്തില്‍ തിരിച്ചറിഞ്ഞു. തന്നോടുളള ആത്മാർഥതക്കൂടുതല്‍ കൊണ്ടായിരുന്നു ആ നിരാകരണം. താന്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു ബന്ധത്തിലുടെ കൂടുതല്‍ നന്നായി ജീവിക്കണം എന്ന ആഗ്രഹമായിരുന്നു റാണിക്ക്. കുടുംബകാര്യങ്ങളും പ്രാരാബ്ധങ്ങളുമായി സഞ്ചരിക്കുന്ന തനിക്കൊപ്പം കൂടി ശശിയുടെ ജീവിതം പ്രയാസങ്ങള്‍ നിറഞ്ഞതാകാന്‍ പാടില്ലെന്ന് അവര്‍ ആഗ്രഹിച്ചു. ഏറെക്കാലം അതിന്റെ നിരാശ അദ്ദേഹത്തെ പിന്‍തുടര്‍ന്നു. എന്നെങ്കിലും മനസ് മാറി റാണി തന്റെ ജീവിതത്തിലേക്ക് വരുമെന്ന് തന്നെ അദ്ദേഹം വിചാരിച്ചു. എന്നാല്‍ തീരെ പ്രതീക്ഷിക്കാതെ ഒരു വിമാനാപകടത്തില്‍ റാണിക്ക് അവരുടെ ജീവന്‍ നഷ്ടമായി.
മുംബൈയിലെ അവസാന വിമാനയാത്രയ്ക്ക് തൊട്ടുമുന്‍പ് എയര്‍പോര്‍ട്ടിലെ ടെലിഫോണില്‍ നിന്നും ശശി അന്ന് ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് (അന്ന് മൊബൈല്‍ ഫോണില്ലല്ലോ) റാണി അവസാനമായി വിളിച്ചതും ശശിയെ ആയിരുന്നു. ശശിക്കായി ദുബായില്‍ നിന്നും കൊണ്ടുവന്ന ചില ഗിഫ്റ്റുകളുടെ കാര്യവും ചറഞ്ഞു. വളരെ സന്തോഷവതിയായിരുന്നു റാണി ആ സമയത്ത്. ശബ്ദത്തിലൂടെയാണെങ്കില്‍ പോലും ശശിയുടെ സാമീപ്യം അവരെ എല്ലാ വിഷമതകളും മറക്കാന്‍ സഹായിച്ചിരുന്നു. മദ്രാസിലെത്തിയാലുടന്‍ കാണാം എന്ന സ്‌നേഹവാക്കോടെയാണ് റാണി ഫോണ്‍സംഭാഷണം അവസാനിപ്പിച്ചത്.
ഏതാനും മിനിറ്റുകള്‍ക്കകം വിമാനത്തില്‍ കയറിയ റാണി സഞ്ചരിച്ചിരുന്ന വിമാനം പറന്നുയര്‍ന്നും പൊട്ടിത്തെറിച്ചതും ഒരുമിച്ചായിരുന്നു. തൊട്ടുമുന്‍പ് തന്നോട് ഏറെ ഹൃദയ ബന്ധത്തോടെ സംസാരിച്ച റാണി കത്തിയമര്‍ന്ന വാര്‍ത്ത അറിഞ്ഞ ശശി ആകെ തകര്‍ന്നുപോയി എന്ന് പറഞ്ഞാല്‍ മതിയാവില്ല ആ സമയത്തെ അദ്ദേഹത്തിന്റെ ഹൃദയഭാരം വെളിവാക്കാന്‍. മനോനില തെറ്റിയതിനു സമാനമായ അവസ്ഥയിലായിരുന്നു ശശി. മരണശേഷം ശശി അവരെക്കുറിച്ച് ഒരു സിനിമാ വാരികയില്‍ ഹൃദയസ്പര്‍ശിയായ ഒരു ലേഖനം എഴുതി. അതിന്റെ ശീര്‍ഷകം ഇങ്ങനെയായിരുന്നു. ‘‘റാണി...എന്റെ പ്രിയപ്പെട്ട റാണി..’’