ADVERTISEMENT

ഇന്ത്യൻ ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കിക്കൊണ്ട് അല്ലു അര്‍ജുന്‍റെ 'പുഷ്പ 2'വിന്‍റെ താണ്ഡവം. ഇന്ത്യൻ സിനിമാലോകത്ത് തന്നെ അതിവേഗം 621 കോടി കലക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് 'പുഷ്പ 2: ദ റൂൾ'. നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം പുറത്തുവിട്ടു. റിലീസായി മൂന്നു ദിവസം കൊണ്ടാണ് പുഷ്പയുടെ രണ്ടാം ഭാഗം ഈ സ്വപ്നനേട്ടം കൈവരിച്ചിരിക്കുന്നത്. 

'പുഷ്പ' ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം കലക്ഷനായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ടു ദിവസം കൊണ്ട് 'പുഷ്പ 2' മറികടന്നു. ഈ രീതിയിൽ തുടര്‍ന്നാൽ ചിത്രം ഉടൻ 1000 കോടി കടക്കുമെന്നാണ് സിനിമ അനലിസ്റ്റുകളുടെ നിഗമനം. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടി കലക്ഷൻ സ്വന്തമാക്കിയിരുന്നു. 

അഞ്ചു ദിവസം കൊണ്ടാണ് ഷാരൂഖ് ഖാന്‍റെ 'പത്താൻ' ആഗോള തലത്തിൽ 500 കോടി ക്ലബ്ബിൽ ഇടം നേടിയത്. 'ജവാന്‍' 13 ദിവസവും 'സ്ത്രീ 2' 22 ദിവസവും 'ഗദ്ദര്‍ 2' 24 ദിവസവും എടുത്താണ് 500 കോടി ക്ലബിലെത്തിയത്. 12 ദിവസം കൊണ്ട് വിജയ് നായകനായ ലിയോ 500 കോടി നേട്ടം കൈവരിച്ചിരുന്നു. ഈ കണക്കുകൾക്കു മേലെയാണ് ഇപ്പോൾ 'പുഷ്പ'യുടെ റെക്കോർഡ് കലക്ഷൻ. ലോകമെമ്പാടുമുള്ള 12,500 ല്‍ അധികം സ്‌ക്രീനുകളില്‍ ആണ് പുഷ്പ 2 ഇറങ്ങിയത്. പ്രീ സെയിലില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 

തിയറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കമാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്സും പദ്ധതിയിട്ടിരുന്നത്. അത് ഏറെ ഫലം കണ്ടു എന്നാണ് കലക്ഷൻ സൂചിപ്പിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്. 

ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തിയ 'പുഷ്പ 2: ദ റൂൾ' ബോക്സോഫിസ് കൊടുങ്കാറ്റായി മാറുമെന്ന കണക്കുകൂട്ടൽ തെറ്റയിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർത്തിരിക്കുകയാണ്. 

സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ഇതിന്‍റെ തുടർച്ചയായി എത്തിയ പുഷ്പ 2വിന് മുന്നിൽ സകല റെക്കോർഡുകളും കടപുഴകുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. 

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ്, മാർക്കറ്റിങ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ഫസ്റ്റ് ഷോ.

English Summary:

Allu Arjun's 'Pushpa 2: The Rule' smashes records, joins the 500 crore club in record time! Explore the film's box office rampage, surpassing 'Pathan,' 'Jawan,' and others.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com