വിവാഹം മൂലം ക്ഷേത്രത്തിലുണ്ടായ തിരക്കിന് ക്ഷമ ചോദിച്ച് കാളിദാസ് ജയറാം
Mail This Article
വിവാഹം മൂലം ഗുരുവായൂർ അമ്പലത്തിൽ തൊഴാനെത്തിയവർക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിച്ച് കാളിദാസ് ജയറാം. ഇന്ന് രാവിലെയാണ് കാളിദാസും താരിണി കലിംഗരായരും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചു നടന്നത്. താരവിവാഹത്തിന് സാക്ഷിയാകാൻ ആയിരക്കണക്കിനു പേർ എത്തിയിരുന്നു. സാധാരണ ഞായറാഴ്ച ദിവസങ്ങളിലുണ്ടാകുന്ന തിരക്കിനെക്കാൾ അധികമായിരുന്നു ഇന്നത്തേത്. ഈ തിരക്കു മൂലം ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ അവരോട് ക്ഷമ ചോദിക്കുന്നതായി കാളിദാസ് പറഞ്ഞു.
കാളിദാസിന്റെ വാക്കുകൾ: "വിവാഹം കാരണം ആദ്യം കുറച്ചു നെർവസ് ആയിരുന്നു. ഗുരുവായൂർ അമ്പലത്തിൽ കയറിയപ്പോൾ ആകെയൊരു ശാന്തത തോന്നി. സംതൃപ്തിയുള്ള ഒരു ഫീൽ. എന്റെ ജീവിതത്തിലെ പുതിയൊരു യാത്രയാണ്. താരിണിക്കൊൊപ്പമുള്ള പുതിയൊരു ഘട്ടമാണ്. ഏകദേശം മൂന്നു വർഷമായി ഞങ്ങൾക്കു പരസ്പരം അറിയാം. ഈ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ എല്ലാവരും വന്ന് അനുഗ്രഹിച്ചതിൽ നന്ദി. ഇത്രയും തിരക്കു കാരണം ഗുരുവായൂർ അമ്പലത്തിൽ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ഹൃദയം കൊണ്ട് ക്ഷമ ചോദിക്കുന്നു. അനുഗ്രഹങ്ങൾക്കു നന്ദി."
ആരാധകരും മാധ്യമപ്രവർത്തകരും അടക്കം നിരവധി പേർ കാളിദാസ്–താരിണി വിവാഹത്തിന് സാക്ഷിയാകാൻ ഗുരുവായൂരിൽ എത്തിയിരുന്നു. 32 വർഷം തന്റെ വിവാഹ ദിവസത്തിനു വന്നതു പോലെ നിരവധി പേർ കാളിദാസിന്റെയും താരിണിയുടെയും വിവാഹത്തിന് എത്തിയെന്ന് ജയറാമും പ്രതികരിച്ചു. വന്നവരോടെല്ലാം നന്ദിയും സ്നേഹവും, ജയറാം പറഞ്ഞു.
കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഇരുവരുടേതും പ്രണയ വിവാഹമാണ്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ താരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.