ADVERTISEMENT

ഇന്ത്യന്‍ സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കുകയാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 എന്ന തെലുങ്ക് ചിത്രം. ഏഴ് ദിവസം കൊണ്ട് സിനിമ നേടിയത് 1000 കോടിയിലധികം. ഇതുവരെയുളള കണക്കനുസരിച്ച് ചിത്രം 1200 കോടിയോളം കലക്ട് ചെയ്തു കഴിഞ്ഞു. തെലുങ്ക് ഒറിജിനലിനെ വെല്ലുന്ന വിധം പടം പണം വാരുന്നത് ഹിന്ദി മേഖലയില്‍ നിന്നാണെന്നും പറയപ്പെടുന്നു. ഒരു ബോളിവുഡ് ഒറിജിനല്‍ സിനിമയ്ക്കു പോലും അചിന്ത്യമായ നേട്ടമാണിത്. ഷാറുഖ് ഖാന്‍, ആമിര്‍ ഖാന്‍, സൽമാൻ ഖാൻ.. എന്നിങ്ങനെ ബോളിവുഡില്‍ കാലാകാലങ്ങളില്‍ മുന്‍നിരയില്‍ വിരാജിച്ചിരുന്ന നായകനടന്‍മാര്‍ക്കു പോലും സ്വപ്നം കാണാന്‍ കഴിയാത്ത നേട്ടമാണിത്. 

പുഷ്പം പോലെ 1000 കോടി ക്ലബ്ബില്‍...

1000 കോടി പിന്നിട്ടു എന്നതല്ല ഹൈലൈറ്റ്. ഷാറുഖിന്റെ പഠാന്‍ അടക്കമുളള സിനിമകളില്‍ അതിലും ഉയര്‍ന്ന ടോട്ടല്‍ കലക്‌ഷന്‍ നേടിയിട്ടുണ്ട്. എന്നാല്‍ പുഷ്പ ശ്രദ്ധേയമാകുന്നത് 1000 കോടി എന്ന മാന്ത്രിക സംഖ്യ 7 ദിവസം കൊണ്ട് സ്വന്തമാക്കി എന്നതും അതില്‍ സിംഹഭാഗവും ഹിന്ദി മേഖലയിലെ തിയറ്ററുകളില്‍ നിന്നായിരുന്നു എന്നതുമാണ്. ഇവിടെ ഏറെ പ്രധാനപ്പെട്ട ഒരു വസ്തുതയുണ്ട്. ഏത് ഫിലിം ഇന്‍ഡസ്ട്രിയിലും ഒരു നടന്റെ വിപണനമൂല്യം നിര്‍ണയിക്കുന്നതും അയാളെ സൂപ്പര്‍-മെഗാ സ്റ്റാര്‍ തലങ്ങളില്‍ അവരോധിക്കുന്നതും ആ നായകന്റെ സിനിമയ്ക്ക് ലഭിക്കുന്ന ഇനീഷ്യല്‍ കലക്‌ഷനെ അടിസ്ഥാനമാക്കിയാണ്. സിനിമ നന്നായാലും മോശമായാലും നടന്റെ ജനപ്രീതിയുടെ മാത്രം അടിസ്ഥാനത്തില്‍ ലഭിക്കുന്നതാണ് ഇനീഷ്യല്‍. ഇവിടെ ഇന്ത്യയില്‍ മറ്റൊരു താരത്തിനും ഇന്നേവരെ സാധിക്കാത്ത വിധത്തില്‍ കേവലം 7 ദിവസം കൊണ്ട് 1000 കോടി എന്ന സംഖ്യ മറികടന്നിരിക്കുകയാണ് അല്ലു അര്‍ജുന്‍. 

അല്ലു എന്ന റിയല്‍ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍

പുഷ്പ 2 ഇതിവൃത്തപരമായോ ആഖ്യാനപരമായോ ഒരു അസാധാരണ സിനിമയൊന്നുമല്ല. തെലുങ്ക് സിനിമകളൂടെ സ്ഥിരം ഫോര്‍മാറ്റിലുളള ഒരു മാസ് മസാല ചിത്രം മാത്രം. അത്തരമൊരു പടം ഈ വിധത്തില്‍ ശരവേഗതയില്‍ സ്വീകരിക്കപ്പെടുകയും അത്യസാധാരണമായ കലക്‌ഷന്‍ നേടുകയും ചെയ്യുമ്പോള്‍ അതിന്റെ ക്രെഡിറ്റ് പൂര്‍ണ്ണമായും ചെന്നു ചേരുന്നത് നായകനടനിലേക്കാണ്. അതേസമയം പുഷ്പ ദ് റൈസ് എന്ന ആദ്യചിത്രത്തിന്റെ പോപ്പുലാരിറ്റിയും രണ്ടാം ഭാഗത്തിലേക്ക് ആളുകളെ അടുപ്പിച്ച ഘടകമാണെന്ന് വാദിക്കാമെങ്കിലും ഇതിലെല്ലാം ജ്വലിച്ചു നില്‍ക്കുന്ന ഘടകം അല്ലു അര്‍ജുന്‍ എന്ന അസാമാന്യ ജനപ്രിയ നായകനാണ്. 

ആ തലത്തില്‍ വിലയിരുത്തുമ്പോള്‍ യഥാർഥ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് അല്ലു അര്‍ജുന്‍ എത്തിച്ചേരുന്നു.  തെന്നിന്ത്യയ്‌ക്കൊപ്പം ഉത്തരേന്ത്യയിലും  തിയറ്ററിക്കല്‍ റിലീസില്‍ അല്ലുവിന്റെ സിനിമകള്‍ തകര്‍പ്പന്‍ ഇനീഷ്യല്‍ നേടുന്നു. 433 കോടിയാണ് ഹിന്ദിയിൽ നിന്നു മാത്രം പുഷ്പ 2 വാരിയത്. എന്നാല്‍ 7 ദിവസത്തിനുളളില്‍ 1000 കോടി എന്നതും വടക്കേ ഇന്ത്യന്‍ പ്രവിശ്യകളില്‍ നിന്നും ലഭിച്ച ഞെട്ടിക്കുന്ന ഷെയറും ഈ നടന്റെ താരമൂല്യം വീണ്ടും ഇരട്ടിപ്പിക്കുകയാണ്. 

നോർത്ത് ഇന്ത്യൻ പ്രമോഷൻ

പുഷ്പയുടെ ആദ്യഭാഗത്തിന് കൂടുതല്‍ കലക്‌ഷന്‍ ലഭിച്ചത് ഹിന്ദി മേഖലകളില്‍ നിന്നാണ്. അല്ലു അര്‍ജുന്‍ എന്ന തെലുങ്ക് വംശജനായ നടന് ഉത്തരേന്ത്യയില്‍ ഇത്രയേറെ വര്‍ധിച്ച സ്വീകാര്യതയുണ്ടെന്ന് നിര്‍മാതാക്കള്‍ മനസിലാക്കുന്നത് ഈ വിജയത്തോടെയാണ്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗം ആ മേഖലകളില്‍ കൂടുതല്‍ തീയറ്ററുകളിലെത്തിക്കാനും വന്‍പിച്ച പ്രചരണ തന്ത്രങ്ങളിലുടെ സിനിമയ്ക്ക് അസാധാരണമായ ഹൈപ്പ് നല്‍കാനും അവര്‍ ശ്രദ്ധിച്ചു. സിനിമയുടെ ട്രെയിലർ ലോഞ്ച് നിർവഹിച്ചത് ബീഹാറിലാണ്. എന്തുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരുള്ള അല്ലുവിന്റെ സ്വന്തം ഹൈദരാബാദിൽ വച്ചില്ല. എന്നാൽ നിർമാതാക്കൾ അവിടെ മറ്റൊരു പദ്ധതി ലക്ഷ്യം വയ്ക്കുകയായിരുന്നു. ബീഹാറിലും വലിയ ജനക്കൂട്ടമാണ് അല്ലുവിനെ കാണാൻ തടിച്ചു കൂടിയത്. 

പുഷ്പയ്ക്ക് മുന്‍പും പിന്‍പും ഒട്ടനവധി തെലുങ്ക് സിനിമകള്‍ മൊഴിമാറ്റം നടത്തി ഹിന്ദിയിലെത്തിക്കാന്‍ ശ്രമിക്കുകയും അവയില്‍ ചിലതൊക്കെ മോശമല്ലാത്ത വിജയം കൈവരിച്ചെങ്കിലും അല്ലു അര്‍ജുന്‍ പടങ്ങള്‍ക്ക് ലഭിച്ച വന്‍പിച്ച സ്വീകാര്യത ആര്‍ക്കും കൈവരിക്കാനായില്ല. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കും വിധം ഡാന്‍സിലെ ഫാസ്റ്റ് നമ്പറുകളിലും മറ്റും പ്രകടിപ്പിക്കുന്ന അസാധ്യ മെയ്‌വഴക്കവും ഫൈറ്റ് സീനുകളിലെ സ്‌റ്റൈലും മറ്റുമാവാം അല്ലുവിന് ഇത്രയും ജനപ്രീതി നേടിക്കൊടുത്തതെന്ന് അനുമാനിക്കപ്പെടുന്നു. 

ആദ്യഭാഗത്തിന്റെ ഇരട്ടിബജറ്റില്‍ രണ്ടാം ഭാഗം

കഥ എന്തായിരുന്നാലും സിനിമ എങ്ങനെയായിരുന്നാലും അല്ലു അര്‍ജുന്‍ എന്ന ബ്രാന്‍ഡ് ഇന്ത്യ ഒട്ടാകെ നന്നായി വില്‍ക്കപ്പെടാന്‍ യോജിച്ച ഒന്നാണെന്ന ഉത്തമബോധ്യത്തില്‍ നിന്നാണ് പുഷ്പയുടെ നിർമാതാക്കള്‍ ആദ്യപതിപ്പിന്റെ ഇരട്ടി ബജറ്റില്‍ രണ്ടാം പതിപ്പ് നിർമിക്കാന്‍ ധൈര്യം കാണിച്ചത്. അല്ലുവിനെ മുന്‍നിര്‍ത്തി എല്ലാ അർഥത്തിലും  മികച്ച ദൃശ്യവിരുന്ന് ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം. ആ ബിസിനസ്സ് തന്ത്രം വിജയിക്കുകയും ചെയ്തു. 500 കോടി ബജറ്റില്‍ നിര്‍മിച്ച പുഷ്പ 2 ഇന്ത്യയില്‍ ഇന്നോളം നിര്‍മിക്കപ്പെട്ട സിനിമകളില്‍ ഏറ്റവും ചെലവേറിയതാണെന്ന് പറയപ്പെടുന്നു. ഡിസംബര്‍ 5ന് വേള്‍ഡ് വൈഡ് റിലീസായ ചിത്രം കേവലം 9 ദിവസങ്ങള്‍ കൊണ്ട് 1200 കോടിയോളം വാരിക്കൂട്ടി.

തെലുങ്കിലെ സൂപ്പര്‍ഹീറോയിന്‍ രശ്മിക മന്ദാനയും മലയാളത്തിന്റെ സ്വന്തമെങ്കിലും പാന്‍ ഇന്ത്യന്‍ താരമായി മാറിയ ഫഹദ് ഫാസില്‍ വില്ലനായും പ്രത്യക്ഷപ്പെടുന്ന പുഷ്പ 2 വില്‍ ഫഹദിന്റെ പ്രകടനവും പ്രത്യേക ശ്രദ്ധ നേടുന്നുണ്ട്. പുഷ്പരാജ് മൊല്ലേടി എന്ന ടൈറ്റില്‍ ക്യാരക്ടര്‍ അവതരിപ്പിക്കുന്ന അല്ലു അര്‍ജുന്‍ തന്നെയാണ് സിനിമയുടെ മുഖ്യ ആകര്‍ഷണം. എസ്പി ഭന്‍വര്‍സിംഗ് ഷെഖാവത് ഐപിഎസ് എന്നതാണ് ഫഹദിന്റെ കഥാപാത്രം. പുഷ്പയുടെ ഭാര്യ ശ്രീവല്ലിയായി രശ്മികയും എത്തുന്നു. മന്ത്രി വീരപ്രതാപറെഡിയായി ജഗപതി ബാബു അടക്കമുളള നിരവധി തെലുങ്ക് താരങ്ങളും ചിത്രത്തിലുണ്ട്. കേരള മാര്‍ക്കറ്റ് കൂടി മുന്നില്‍ കണ്ടാണ് ഇതര ഭാഷകളിലും സ്വീകാര്യതയുളള ഫഹദിനെ പുഷ്പയുടെ രണ്ട് ഭാഗങ്ങളിലും കാസ്റ്റ് ചെയ്തതെന്നും നിരീക്ഷിക്കപ്പെടുന്നു.  

ബജറ്റിന്റെ പാതിയിലേറെ അല്ലുവിന്റെ പ്രതിഫലം

2021 ഡിസംബറില്‍ റിലീസായ പുഷ്പയുടെ ആദ്യഭാഗം എത്തി മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് രണ്ടാം ഭാഗവും ജനവിധി തേടുന്നത്. എന്നാല്‍ ആദ്യഭാഗത്തിന് ലഭിച്ചതിനേക്കാള്‍ വലിയ സ്വീകരണമാണിപ്പോള്‍ പുഷ്പ 2 വിന് ലഭിക്കുന്നത്. രണ്ടാം ഭാഗത്തിന് അല്ലു അര്‍ജുന്‍ 300 കോടി പ്രതിഫലം വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ ആകെ മുടക്കുമുതലിന് തത്തുല്യമായ തുക ബോളിവുഡില്‍ നിന്നും മാത്രം കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തിരിച്ചുപിടിച്ചു എന്നതാണ് പുഷ്പ 2 ന് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യം. ഭോജ്പൂരി മാസ് മസാലപടങ്ങളുടെ പാറ്റേണില്‍ ഒരുക്കിയ പുഷ്പ 2 പ്രധാനമായും ടാര്‍ജറ്റ് ചെയ്തത് നോര്‍ത്ത് ഇന്ത്യന്‍ ഓഡിയന്‍സിനെ തന്നെയാണെന്നും വിലയിരുത്തപ്പെടുന്നു. 

allu-arjun-pushpa222

ഇന്ത്യന്‍ സിനിമാ വ്യവസായം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്കുളള കൃത്യമായ മറുപടി കൂടിയാണ് ഈ ചിത്രം. ബോളിവുഡിലെ മുന്‍നിര നായകന്‍മാരുടെ സിനിമകള്‍ പോലും അടിതെറ്റി വീഴുന്ന ഒരു കാലത്ത് ഹിന്ദി പ്രേക്ഷകരുടെ അഭിരുചി കൃത്യമായി തിരിച്ചറിഞ്ഞ് അവര്‍ക്ക് ആഘോഷിക്കാന്‍ പാകത്തില്‍ ഒരു സിനിമ ഒരുക്കി എന്നതാണ് പുഷ്പയുടെ തിരക്കഥാകൃത്തും സംവിധായകനുമായ സുകുമാറിന്റെ നേട്ടം. അല്ലു അര്‍ജുന്‍ എന്ന പാന്‍ ഇന്ത്യന്‍ താരത്തെ തന്റെ ദൗത്യ സാക്ഷാത്കാരത്തില്‍ എങ്ങനെ കൃത്യമായി പ്ലേസ് ചെയ്യണമെന്ന സമുന്നത ധാരണയും അദ്ദേഹത്തെ നയിക്കുന്നു. എല്ലാം കൂടി ചേര്‍ന്നപ്പോള്‍ സിനിമ സകല പ്രതീക്ഷകളെയും കടത്തി വെട്ടുന്ന മഹാവിജയമായി. 

കോളജ് അധ്യാപകനായിരുന്ന സുകുമാര്‍ തന്റെ വഴി ഇതല്ലെന്നും ക്രിയേറ്റീവ് മേഖലകളില്‍ വ്യാപരിക്കുന്നതാണ് ഉചിതമെന്ന തിരിച്ചറിവില്‍ ജോലി ഉപേക്ഷിച്ച് തിരക്കഥാകൃത്തായി സിനിമയിലെത്തുകയായിരുന്നു. അല്ലുവിനെ ആദ്യകാലത്ത് ശ്രദ്ധേയനാക്കിയ ആര്യ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് സുകുമാര്‍ സംവിധാന രംഗത്ത് അങ്കം കുറിക്കുന്നത്. അന്ന് മുതല്‍ അല്ലു സുകുമാറിന്റെ ഭാഗ്യതാരവും സുകുമാര്‍ അല്ലുവിന്റെ ഭാഗ്യസംവിധായകനുമായി മാറി. ആ തരംഗം ഓരോ സിനിമകളിലും കൂടുതല്‍ തീവ്രമായി മൂന്നേറുന്നു എന്നാണ് പുഷ്പ 2 വിന്റെ തകര്‍പ്പന്‍ വിജയം തെളിയിക്കുന്നത്. 

allu-arjun-pushpa22

എന്നാല്‍ മറ്റൊരു വൈരുദ്ധ്യം കൂടി കാണാതിരുന്നു കൂടാ. ജന്മനാട്ടില്‍ പോലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാതെ പോയ അല്ലു ചിത്രങ്ങള്‍, മെഗാഹിറ്റായ കേരളത്തില്‍ പുഷ്പ 2 വിനെക്കുറിച്ച് വിരുദ്ധാഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ ഒന്നടങ്കം ചിത്രം വലിയ മുന്നേറ്റം തുടരുകയും ചെയ്യുന്നു. ഹിന്ദിസിനിമകളുടെ പാറ്റേണില്‍ രൂപപ്പെടുത്തിയതു കൊണ്ടാവാം മലയാളി പ്രേക്ഷകരുടെ അഭിരുചികളെ തൃപ്തിപ്പെടുത്താന്‍ കഴിയാതെ പോയതെന്നും വിലയിരുത്തപ്പെടുന്നു. സിനിമയുടെ അമിത ദൈര്‍ഘ്യവും മറ്റൊരു കാരണമായി പറയുന്നവരുണ്ട്. 

വരുന്നു പുഷ്പ 3

2028ല്‍ റിലീസ് ചെയ്യാന്‍ പാകത്തില്‍ പുഷ്പയുടെ മൂന്നാം ഭാഗമായ പുഷ്പ 3യുടെ തയാറെടുപ്പുകളിലും പ്രാരംഭ പ്രവര്‍ത്തനങ്ങളിലുമാണ് സുകുമാറും അല്ലുവും അടങ്ങുന്ന ടീം. പുഷ്പ 2 ഏതെങ്കിലും ഒരു സംവിധായകന്റെയോ നായകനടന്റെയോ മാത്രം വിജയമല്ല. പല കാരണങ്ങളാല്‍ മാന്ദ്യം ബാധിച്ചു കിടന്ന ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് ഒന്നാകെ ഉണര്‍വ് പകരുന്ന പുഷ്പ രണ്ട് തരത്തിലാണ് വലിയ സ്വാധീനശക്തിയായി മാറുന്നത്. ഒന്ന് അടിപതറി നിന്ന ഹിന്ദിമേഖലയിലെ തിയറ്ററുകള്‍ക്ക് പുതുചലനം നല്‍കി. മികച്ച എന്റര്‍ടെയ്നറുകള്‍ വന്നാല്‍ മൊഴിമാറ്റ ചിത്രങ്ങളാണെങ്കില്‍ പോലും ഹിന്ദി മേഖലയില്‍ സ്വീകരിക്കപ്പെടുമെന്ന് തെളിഞ്ഞു.

അതിലുപരി തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ഉത്തരേന്ത്യയില്‍ വിസ്മയകരമായ ഒരു മാര്‍ക്കറ്റുണ്ടെന്നും ബോധ്യമായി. മറ്റൊന്ന് പാന്‍ ഇന്ത്യന്‍ സിനിമകള്‍ കൂടുതലായി നിർമിക്കാനും മികച്ച രീതിയില്‍ വിപണനം ചെയ്യാനും നിര്‍മാതാക്കള്‍ക്ക് പ്രത്യേക ഊര്‍ജം പകരുന്നു. അല്ലുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട സമീപകാല വിവാദങ്ങള്‍ക്ക് പോലും ശോഭ കെടുത്താനാവാത്ത വിധം തിയറ്ററില്‍ ജനകോടികളുടെ നിറഞ്ഞ കയ്യടികള്‍ വാങ്ങിക്കൂട്ടുകയാണ് അല്ലുവും പുഷ്പ 2വും. എന്തായാലും ഏതാനും ദിവസങ്ങള്‍ക്കുളളില്‍ പുഷ്പയെ സംബന്ധിച്ച വ്യക്തമായ ചിത്രം രൂപപ്പെടും. ഒരുപക്ഷേ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ കലക്‌ഷന്‍ വാരിക്കൂട്ടിയ സിനിമയായി പുഷ്പ മാറിയാലും അദ്ഭുതപ്പെടാനില്ല.

English Summary:

Move Over, Khans! "Pushpa 2" Creates History: A New Era for Indian Cinema?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com