ADVERTISEMENT

ഏഴാം ക്ലാസിലും ഒന്‍പതാം ക്ലാസിലും തോറ്റ വിദ്യാർഥി. വര്‍ഷങ്ങള്‍ക്ക് ശേഷം  നായകനായെത്തിയ ആദ്യസിനിമയുടെ പരാജയം. ആരും മനസ് മടുത്ത് പിന്‍വാങ്ങിയേക്കാവുന്ന ഘട്ടത്തിലും അല്ലു അര്‍ജുന്‍ പറഞ്ഞു. ‘തോല്‍ക്കാന്‍ എനിക്ക് മനസില്ല’. ഈ ആത്മവിശ്വാസത്തിന് ലഭിച്ച പ്രതിഫലമാണ് പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന അത്യപൂര്‍വ പദവിയിലേക്കുളള ആ വളര്‍ച്ച. സിനിമാ കുടുംബത്തില്‍ ജനിച്ചിട്ടും അഭിനയം അല്ലുവിന്റെ  പാഷനായിരുന്നില്ല. ആനിമേഷന്‍ പഠിക്കാനായി കാനഡയിലേക്ക് പറക്കാന്‍ ഒരുങ്ങിയ അല്ലു ഒടുവില്‍ ക്യാമറയ്ക്ക് മുന്നില്‍ തന്നെയെത്തി. തെലുങ്ക് വംശജനാണെങ്കിലും തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് അല്ലുവിന്റെ ജനനം. തെലുങ്ക് സിനിമയിലെ അതികായകനായ ഹാസ്യനടന്‍ അല്ലു രാമലിംഗത്തിന്റെ ചെറുമകനും നിര്‍മാതാവായ അല്ലു അരവിന്ദിന്റെ മകനുമായിരുന്നു അല്ലു അര്‍ജുന്‍. 

കുട്ടിക്കാലം മുതല്‍ക്കേ നൃത്തം അല്ലുവിന് ജീവനായിരുന്നു. അന്ന് അമ്മാവനായ ചിരഞ്ജീവിയും മൈക്കിള്‍ ജാക്‌സനും ഗോവിന്ദയുമായിരുന്നു അല്ലുവിന്റെ ആരാധനാ പാത്രങ്ങള്‍. നന്നായി വരയ്ക്കുന്ന ശീലം കൂടിയുളളതു കൊണ്ടാവും ഇടക്കാലത്ത് ആനിമേഷനോട് കമ്പം കയറിയത്. എന്നാല്‍ നടനാവുക എന്ന നിയതിയുടെ തീരുമാനം ലംഘിക്കാന്‍ കഴിഞ്ഞില്ല. മൂന്നാം വയസ്സിലാണ് അല്ലു ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നത്. അതും ചിരഞ്ജീവി ചിത്രത്തിലൂടെ. പിന്നീട് ഏറെക്കാലം നിശ്ശബ്ദനായിരുന്നു. ബിബിഎ പഠനം കഴിഞ്ഞ് കാനഡയ്ക്ക് പോകാന്‍ ഒരുങ്ങുമ്പോഴാണ് അര്‍ജുനെ സിനിമയില്‍ പരിചയപ്പെടുത്തിയ ചിരഞ്ജീവിയുടെ വിളി എത്തുന്നത്. ഡാഡി എന്ന പടത്തില്‍ ഒരു നൃത്തരംഗത്തില്‍ അഭിനയിക്കാനായിരുന്നു അത്. ഇക്കാലത്ത് അല്ലു മുംബൈയില്‍ ഒരു ആക്ടിങ് കോഴ്‌സിന് ചേര്‍ന്നു. മകനെ നായകനാക്കി പിതാവ് തന്നെ ഒരു ചിത്രം ഒരുക്കാന്‍ തീരുമാനിച്ചതോടെ സിനിമയുടെ വര്‍ണശബളമായ ലോകത്തേക്ക് അല്ലുവും എത്തിപ്പെട്ടു. 

ഫ്‌ളോപ്പില്‍ നിന്നും മെഗാഹിറ്റുകളിലേക്ക്...

നായകന്‍ എന്ന നിലയിലെ ആദ്യചിത്രം ഗംഗോത്രി. ഒരു ഗ്രാമീണയുവാവിന്റെ വേഷം. ഇന്ന് കാണുന്ന സ്‌റ്റൈലിഷ് അര്‍ജുനുമായി വിദൂരസാമ്യം പോലുമില്ലാത്ത തീര്‍ത്തും വേറിട്ട കഥാപാത്രം. രവിതേജ, പ്രഭാസ് എന്നിവര്‍ നിരസിച്ച ‘ആര്യ’ എന്ന ചിത്രം അല്ലു സധൈര്യം ഏറ്റെടുത്തു. നടന്‍ എന്ന നിലയില്‍ അല്ലുവിന് മേല്‍വിലാസമുണ്ടാക്കി കൊടുത്ത ആദ്യചിത്രമായിരുന്നു അത്. അവിടന്നങ്ങോട്ട് അല്ലു തെന്നിന്ത്യ ഒട്ടാകെ ഒരു തരംഗമായി മാറുകയായിരുന്നു. കേരളത്തില്‍ പോലും അദ്ദേഹത്തിന് ലക്ഷകണക്കിന് ആരാധകരുണ്ടായി. ഡബ്ബ് ചെയ്ത് എത്തിയ ചിത്രങ്ങളിലുടെ മലയാളി യുവതയുടെ മനസില്‍ അദ്ദേഹം ചിരപ്രതിഷ്ഠ നേടി. ഒന്നിലധികം അല്ലു അര്‍ജുന്‍ ഫാന്‍സ് ക്ലബ്ബുകള്‍ രൂപീകരിക്കപ്പെട്ടു. മല്ലു അര്‍ജുന്‍ എന്ന ഒരു ഓമനപേര് പോലും കേരളീയര്‍ അദ്ദേഹത്തിന് നല്‍കി.

സിനിമകളുടെ പ്രമോഷന്റെ ഭാഗമായും മറ്റും കേരളത്തിലെത്തുമ്പോള്‍ അല്ലുവിനെ ഒരു നോക്ക് കാണാനായി ലക്ഷകണക്കിന് യുവാക്കളാണ് തടിച്ചു കൂടുന്നത്. ഒരു മലയാളി താരത്തിന് ലഭിക്കുന്നതിലും ആരാധനയും സ്‌നേഹവും വിജയ്‌ക്കെന്ന പോലെ അല്ലുവിനും ഇവിടെ ലഭിക്കുന്നു. മലയാളികള്‍ നല്‍കിയ സ്‌നേഹം പല സന്ദര്‍ഭങ്ങളിലായി അദ്ദേഹം തിരിച്ചു നല്‍കിയിട്ടുമുണ്ട്. തന്റെ എല്ലാ സിനിമകളുടെയും കുറച്ച് ഭാഗം അദ്ദേഹം കേരളത്തില്‍ ചിത്രീകരിക്കാറുണ്ട്. മലയാളത്തില്‍ റിലീസ് ചെയ്ത അല്ലുവിന്റെ മൊഴിമാറ്റ ചിത്രങ്ങളില്‍ അദ്ദേഹത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് പ്രശസ്ത സംവിധായകനായ ജിസ് ജോയ് ആണ്.

ബണ്ണി എന്ന ചിത്രം റിലീസായതോടെ പിടിച്ചാല്‍ കിട്ടാത്ത ഉയരങ്ങളിലേക്കായി അല്ലുവിന്റെ യാത്ര. 2006 ല്‍ റിലീസ് ചെയ്ത അല്ലുവിന്റെ ഹാപ്പി എന്ന ചിത്രം തെലുങ്കില്‍ ശരാശരി വിജയം മാത്രമായിരുന്നു. എന്നാല്‍ അത് മൊഴിമാറ്റി കേരളത്തിലെത്തിയപ്പോള്‍ 100 ദിവസത്തിലധികം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു. അല്ലുവിനെ തന്നെ അദ്ഭുതപ്പെടുത്തിയ വിജയമായിരുന്നു അത്. ഹീറോ എന്ന പടത്തില്‍ സിക്‌സ്പാക്ക് ഹീറോയായി വന്ന് അല്ലു വീണ്ടും ആരാധകരെ ഞെട്ടിച്ചു. നൃത്തത്തിനൊപ്പം ഫൈറ്റ് സീനുകളിലും അസാധാരണമായ പാടവം പ്രകടിപ്പിച്ച അല്ലു യുവത്വത്തെ ശരിക്കും കയ്യിലെടുത്തു. എല്ലാ സംസ്ഥാനങ്ങളിലും അദ്ദേഹത്തിന് ആരാധകരുണ്ടായി. 

2009ല്‍ പുറത്തു വന്ന ആര്യ 2  തെലുങ്കില്‍ വലിയ ചലനം സൃഷ്ടിക്കാതെ പോയപ്പോള്‍ കേരളത്തില്‍ ബമ്പര്‍ഹിറ്റായി. കന്നടയിലും തമിഴിലും ഇതേ വിജയം ആവര്‍ത്തിച്ചതോടെ അല്ലു അര്‍ജുന്‍ സ്വന്തം ദേശത്തിന്റെ അതിരുകള്‍ക്കപ്പുറത്ത് വ്യാപക സ്വീകാര്യതയുളള താരമായി. അല്ലുവിനെ നായകനാക്കി അച്ഛന്‍ തന്നെ നിർമിച്ച ബദ്രിനാഥ് എന്ന ചിത്രം പ്രതീക്ഷകള്‍ക്കപ്പുറം വന്‍വിജയം നേടി. ഈ സിനിമയ്ക്കായി അല്ലു മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ തീവ്ര പരിശീലനം നേടി. സൂപ്പര്‍താരവും കടന്ന് മെഗാസ്റ്റാര്‍ പദവിയിലേക്കുളള വളര്‍ച്ചയുടെ ആരംഭം ഇവിടെ നിന്നായിരുന്നു. 

അര്‍ബന്‍ ചോക്ലേറ്റ് ബണ്ണി കഥാപാത്രങ്ങളില്‍ ഒതുങ്ങി നിന്ന അല്ലു പ്രാകൃതനും പരുക്കനുമായ ചന്ദനക്കൊളളക്കാരന്‍ പുഷ്പരാജായി പകര്‍ന്നാട്ടം നടത്തിയപ്പോള്‍ പുഷ്പ എന്ന ചിത്രം ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ടിച്ചു. വന്‍വിജയങ്ങള്‍ക്കൊപ്പം വന്‍പരാജയങ്ങള്‍ കൂടി കണ്ട നടനാണ് അല്ലു ആദ്യചിത്രത്തില്‍ മാത്രമല്ല പിന്നീടും ഫ്‌ളോപ്പുകളെ നേരിടേണ്ടതായി വന്നു. അല്ലു തരംഗം കത്തി നില്‍ക്കെ റിലീസ് ചെയ്ത വരടു എന്ന ചിത്രം ബോക്‌സ്ഓഫിസിൽ തകര്‍ന്ന് തരിപ്പണമായപ്പോള്‍ വേദം എന്ന ചിത്രം അഭിനയമികവില്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. അതുവരെ അടിയും ഡാന്‍സും മാത്രം എന്ന ലേബലില്‍ നിന്ന് മികച്ച നടന്‍ എന്ന തലത്തിലേക്കുളള വളര്‍ച്ചയുടെ ആദ്യപടിയായിരുന്നു അത്. 

6 വയസ്സ് മുതല്‍ ജിംനാസ്റ്റിക്‌സും ആയോധന കലയും പഠിച്ച അല്ലുവിന് ജന്മസിദ്ധമായി തന്നെ അസാധാരണമായ മെയ്‌വഴക്കവും സ്‌റ്റൈലിഷ് ചലനങ്ങളും സ്വന്തമായിരുന്നു. ഡാന്‍സിലും ഫൈറ്റിലും അദ്ദേഹം പുലര്‍ത്തുന്ന മികവിന് സമാനതകളില്ലെന്ന ഖ്യാതി ഉയര്‍ന്നു. അല്ലുവിന്റെ നൃത്ത പാടവം ആരെയും അമ്പരപ്പിക്കുന്നതെന്ന് വിശേഷിപ്പിക്കപ്പെട്ടു. എന്നാല്‍ ഗുരുമുഖങ്ങളില്‍ നിന്ന് അദ്ദേഹം നൃത്തം പഠിച്ചിട്ടില്ലെന്നത് പലര്‍ക്കും അറിയില്ല.ഡാന്‍സ് വിഡിയോസ് കണ്ടാണ് അല്ലു നൃത്തം പരിശീലിച്ചത്. മാസ് മസാല പടങ്ങളിലെ നായകന്‍ എന്ന് അക്കാദമിക് തലങ്ങളില്‍ ഒരു കാലത്ത് ഇകഴ്ത്തപ്പെട്ട അല്ലു പുഷ്പയിലുടെ മികച്ച നടനുളള ദേശീയ പുരസ്‌കാരവും നേടി. 

allu-arjun-pushpa25

സിനിമയ്ക്ക് പുറമെ മറ്റ് ചില സംരംഭങ്ങള്‍ കൂടിയുളള അല്ലുവിന് ഒരു നൈറ്റ് ക്ലബ്ബിന് പുറമെ ലക്ഷ്വറി കാറുകളുടെ ഡീലര്‍ഷിപ്പുമുണ്ട്. 666 കാറിന്റെ സ്ഥിരം നമ്പറായി ഉപയോഗിക്കുന്ന അല്ലുവിനോട് ഇത് ചെകുത്താന്റെ നമ്പറല്ലേയെന്ന് ചോദിച്ചവരോട് എനിക്കിത് സ്‌റ്റൈലാണെന്ന് പറഞ്ഞ് പുഞ്ചിരിച്ചയാളാണ് അല്ലു.

ലൗ അറ്റ് ഫസ്റ്റ് സൈറ്റ്

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്ക് പോയതാണ് അല്ലു. അവിടെ വച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയ സ്‌നേഹാ റെഡ്ഡി ആദ്യദര്‍ശനത്തില്‍ തന്നെ ഹൃദയത്തില്‍ പതിഞ്ഞു. താന്‍ പൂര്‍ണനാവണമെങ്കില്‍ ഇവള്‍ ആജീവനാന്തം കൂടെയുണ്ടാവണമെന്ന് അല്ലുവിന്റെ മനസ് പറഞ്ഞു. പിന്നെ വൈകിയില്ല. അവളെക്കുറിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. സ്‌നേഹ ഒരു ബിസിനസ് കുടുംബത്തിലെ അംഗമാണെന്നും കംപ്യൂട്ടര്‍ എന്‍ജിനീയറിങില്‍ മാസ്റ്റര്‍ ബിരുദ വിദ്യാര്‍ഥിയാണെന്നും അറിഞ്ഞു. ആ പരിചയം പ്രണയമായി വളര്‍ന്നു. ഫോണിലുടെ ആ ബന്ധം പിരിയാനാകാത്ത തലത്തിലേക്ക് മാറി. ഇരുകുടുംബങ്ങളും എതിര്‍ത്തിട്ടും അല്ലു പിന്‍മാറിയില്ല. 

ബന്ധം കതിര്‍മണ്ഡപത്തിലേക്ക് എത്തിച്ചു. സിനിമാക്കാര്‍ കുടുംബത്തിന് പ്രാധാന്യം കൊടുക്കാത്തവരാണെന്ന ആശങ്ക മൂലം സ്‌നേഹയുടെ വീട്ടുകാര്‍ക്ക് ഈ വിവാഹം വലിയ ആധിയായിരുന്നു. എന്നാല്‍ അല്ലുവിനെ അടുത്തറിഞ്ഞതോടെ ആകുലതകള്‍ നിശേഷം അകന്നു. മറ്റ് നായകനടന്‍മാരില്‍ നിന്ന് വ്യത്യസ്തമായി ഗോസിപ്പ് കോളങ്ങളില്‍ സ്ഥാനം പിടിക്കാത്ത അല്ലുവിന് ഷൂട്ടിങ് കഴിഞ്ഞാല്‍ പിന്നെ വീടല്ലാതെ മറ്റൊരു ലോകമില്ല. ഷൂട്ടിങ് തിരക്കുകളില്ലാത്തപ്പോള്‍ അദ്ദേഹം സമയം ചെലവഴിക്കുന്നത് വീട്ടില്‍ സ്വന്തമായി നിര്‍മ്മിച്ച പാര്‍ക്കിലാണ് പോലും. ഈ പാര്‍ക്കിന് അദ്ദേഹം നല്‍കിയ പേര് അല്ലു പാര്‍ക്ക് എന്നാണ്. 

വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ പിന്നിടുകയും രണ്ട് കുട്ടികളായിട്ടും സ്‌നേഹയോടുളള അല്ലുവിന്റെ ഇഷ്ടത്തിന് തെല്ലും ഉടവ് തട്ടിയിട്ടില്ല. അല്ലുവിന്റെ കയ്യില്‍ സ്‌നേഹ എന്ന് ടാറ്റു ചെയ്തിരിക്കുന്നതും കാണാം. ഇതിനൊക്കെയപ്പുറത്ത് തന്റെ ഹൃദയത്തിലാണ് എന്നും സ്‌നേഹയുടെ സ്ഥാനം എന്ന് അഭിമുഖങ്ങളില്‍ അല്ലു കൂടെക്കൂടെ ആവര്‍ത്തിക്കാറുണ്ട്. വിവാഹച്ചടങ്ങിലേക്ക് തന്റെ ആരാധകരെ കൂടി ക്ഷണിക്കുകയും പങ്കെടുപ്പിക്കുകയും ചെയ്ത ആദ്യതാരമാണ് അല്ലു. ആ ആത്മാർഥതയാണ് നടന്‍ എന്നതിലുപരി ഒരു നല്ല മനുഷ്യനായി അറിയപ്പെടാന്‍ കൊതിക്കുന്ന അല്ലുവിന്റെ പ്രത്യേകത. 

allu-arjun-pushpa22

മനുഷ്യനാകണം താരം..

ഫാന്‍സ് ക്ലബ്ബുകള്‍ മറ്റ് നടന്‍മാരെ വ്യക്തിഹത്യ ചെയ്യാനും സൈബര്‍ ആക്രമണത്തിലൂടെ അവരുടെ സിനിമകള്‍ പരാജയപ്പെടുത്താനുമുളള വേദിയാക്കി മാറ്റുന്നതിനെ അല്ലു ശക്തമായി എതിര്‍ക്കുന്നു. മനുഷ്യര്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യാനാണ് അദ്ദേഹം തന്റെ ആരാധക കൂട്ടായ്മയോട് ആഹ്വാനം ചെയ്യുന്നത്. പ്ലസ് ടു 98% മാര്‍ക്കോടെ വിജയിച്ച പെണ്‍കുട്ടിക്ക് ഉപരിപഠനത്തിന് നിവൃത്തിയില്ല. സഹായം തേടി ജില്ലാ കലക്ടറെ കാണാന്‍ പോയി പെണ്‍കുട്ടിയും കുടുംബവും. പഠിക്കാനുളള ആ കുട്ടിയുടെ മോഹം മനസിലാക്കിയ കളക്ടര്‍ കൃഷ്ണതേജ തന്റെ  ചങ്ങാതിയായ അല്ലുവിനെ ഫോണില്‍ വിളിച്ച് അവളുടെ ഒരു വര്‍ഷത്തെ പഠനച്ചിലവ്  വഹിക്കാമോയെന്ന് ചോദിച്ചു. അല്ലു നാല് വര്‍ഷത്തെ പഠനച്ചിലവ് ഉള്‍പ്പെടെ അവളുടെ എല്ലാ ചിലവുകളും വഹിക്കാമെന്ന് അറിയിച്ചു. 

ആലപ്പുഴയില്‍ പ്രളയത്തില്‍ തകര്‍ന്ന  അംഗന്‍വാടികളെക്കുറിച്ച് അറിഞ്ഞ അല്ലു അത് പുനര്‍നിര്‍മിക്കാന്‍ 21 ലക്ഷം രൂപ അപ്പോള്‍ തന്നെ നല്‍കി. തന്റെ കടുത്ത ആരാധകരിലൊരാള്‍ അപകടം സംഭവിച്ച് കിടപ്പിലായപ്പോള്‍ വീട്ടില്‍ ചെന്നുകണ്ട് അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്തയാളാണ് അല്ലു. ഇത്ര വലിയ ഒരു താരത്തില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്ന മനുഷ്യനിലേക്ക് മാറാന്‍ കഴിയുന്നു എന്നതാണ് അല്ലുവിന്റെ സവിശേഷത. 

allu-arjun-pushpa222

നൂര്‍ മുഹമ്മദ് എന്നയാള്‍ അല്ലുവിന്റെ മറ്റൊരു വലിയ ആരാധകനായിരുന്നു. അല്ലുവിന്റെ ഏത് സിനിമ പുറത്തിറങ്ങിയാലും ആദ്യം പോയി കണ്ട് അഭിപ്രായം പറയുന്ന ആള്‍. പടങ്ങളുടെ പ്രമോഷന് പോലും വരുമായിരുന്നു. അദ്ദേഹം അകാലത്തില്‍ അന്തരിച്ചപ്പോള്‍ അല്ലു ആ വീട്ടില്‍ പോയി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. റിലീസ് ചെയ്യാനിരുന്ന സിനിമയുടെ ടീസര്‍ പോലും നൂര്‍ മുഹമ്മദിനോടുളള ആദരസൂചകമായി നീട്ടി വച്ചു. അല്ലുവിനെ ആരാധകര്‍ വിളിച്ചിരുന്നത് ബണ്ണി എന്നാണ്. ജനകോടികള്‍ ആരാധിക്കുന്ന അല്ലുവിന്റെ ആരാധ്യപുരുഷന്‍ സാക്ഷാല്‍ ഷാറുഖ് ഖാനാണ്. ഷാറുഖുമായുളള കുടിക്കാഴ്ചയാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നും ഇത്രയും കാലം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടും തനിക്ക് അദ്ദേഹത്തെ നേരില്‍ കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ അല്ലു പറഞ്ഞത് ആരാധകര്‍ക്ക് വലിയ കൗതുകമായി.

കൂട്ടുകാർ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ

ഉറ്റ സുഹൃത്തിനു വേണ്ടി സിനിമാ താരമെന്നുപോലും നോക്കാതെ ഗോവയിലെ ൈവൻ ഷോപ്പിൽ മദ്യം വാങ്ങാൻ ഇറങ്ങിത്തിരിച്ച ആളാണ് അല്ലു അർജുൻ. ആ വിഡിയോ പിന്നീട് വൈറലാകുകയും ചെയ്തു. അല്ലുവിന്റെ ഏറ്റവും അടുത്ത സുഹൃത്ത് സന്ദീപ് രാമിനേനിക്കു വേണ്ടിയായിരുന്നു ഈ സാഹസം. മദ്യത്തിന്റെ ഒരു പ്രത്യേക ബ്രാൻഡ് ആണ് മേടിക്കാൻ പറ‍ഞ്ഞത്, എന്നാൽ ആദ്യം ചെന്നയാൾ അതിന്റെ പേരു മറന്നു. ഉടനെ അല്ലു തന്നെ കൂട്ടുകാരനു വേണ്ടി ഇറങ്ങിത്തിരിച്ചു. അവിടെ താൻ സിനിമാ താരമല്ലെന്നും ഒരു കൂട്ടുകാരൻ മാത്രമാണെന്നും അല്ലു പറയുന്നു.

ചിരിയെയും ട്രോളി

മനസ്സു തുറന്നു ചിരിക്കാൻ കഴിയുന്നവർ ചുരുക്കമാണ്. അക്കൂട്ടത്തിൽ ഒരാളായിരുന്നു അല്ലു. പക്ഷേ അദ്ദേഹത്തിന്റെ ചിരിയെയും പലരും പരിഹസിച്ചു. വ്യക്തിപരമായി അല്ലുവിനെ ഏറെ വേദനിപ്പിച്ചൊരു പരിഹാസമായിരുന്നു അത്. പിന്നീട് പൊതുവേദികളിലും മറ്റും തനിക്കു ചിരി വരുമ്പോൾ മുഖം മറച്ചുപിടിച്ച് ചിരിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ വളരെ സാധാരണക്കാരനും പെട്ടന്ന് ഇമോഷനലുമാകുന്ന വ്യക്തിത്വത്തിനുടമയാണ് അല്ലു അര്‍ജുൻ.

അതിവേഗം ആയിരം കോടി

സിനിമാ ഡയലോഗുകളില്‍ മാത്രം സോഷ്യല്‍ കമ്മിറ്റ്‌മെന്റ്് ഒതുക്കുന്ന താരങ്ങള്‍ക്കിടയില്‍ അല്ലു വ്യത്യസ്തനാകുന്നത് ഹൃദയത്തില്‍ തട്ടിയ പ്രതിബദ്ധതയുടെ പേരിലാണ്. പുകയിലക്കമ്പനി തങ്ങളൂടെ പരസ്യത്തിനായി 10 കോടി രൂപ വാഗ്ദാനം ചെയ്തപ്പോള്‍ ഒരു തലമുറയെ വഴിതെറ്റിക്കുന്ന ഒന്നിനും ഒപ്പം നില്‍ക്കാനാവില്ലെന്ന കാരണത്താല്‍ അദ്ദേഹം ഒരു വലിയ നോ പറഞ്ഞു. അതേസമയം പഠനത്തില്‍ പിന്നാക്കമായിരുന്ന തനിക്ക് സാധിക്കാതെ പോയത് പഠിക്കാന്‍ കഴിവുളളവര്‍ക്ക് സാധിക്കണമെന്ന കര്‍ശന നിഷ്‌കര്‍ഷത പുലര്‍ത്തുന്നു അദ്ദേഹം. പഠനസഹായം ആവശ്യപ്പെട്ട് വരുന്നവര്‍ക്ക് മുന്നില്‍ സൗമ്യമായ ചിരിയോടെ അദ്ദേഹം എപ്പോഴും പറയുന്ന ഒരു വാക്കുണ്ട്. 'യേസ്..'

ഈ നന്മകള്‍ക്ക് കാലം കാത്തു വച്ച പ്രതിഫലമാകാം ആയിരത്തിലധികം സിനിമകള്‍ ചെയ്ത മുത്തച്ഛനെയും തെലുങ്കിലെ സൂപ്പര്‍താരങ്ങളായിരുന്ന അമ്മാവന്‍മാര്‍ ചിരഞ്ജീവിയെയും പവന്‍കുമാറിനെയും ബഹുദൂരം പിന്നിലേക്ക് തളളി സമാനതകളില്ലാത്ത വിജയത്തിന്റെ നെറുകയിലേക്ക് കുതിച്ചു കയറിയ അല്ലുവിന് ആരാധകര്‍ നല്‍കിയ വിളിപ്പേരാണ്  തഗ്ഗിദേലെ. കുതിച്ചു കയറും എന്നാണ് ആ തെലുങ്ക് പദത്തിന്റെ അര്‍ത്ഥം. അല്ലു കുതിച്ചു കയറിയത് സിനിമയിലെ അനന്യമായ താരപദവിയിലേക്ക് മാത്രമല്ല സഹായം അര്‍ഹിക്കുന്ന ഒരുപാട് അശരണരുടെ ഹൃദയത്തിലേക്ക് കൂടിയായിരുന്നു. 

വന്‍ഹിറ്റായ പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ 2 നോർത്തിന്ത്യയിലടക്കം റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ഏറ്റവും വേഗത്തിൽ ആയിരം കോടി നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായും പുഷ്പ 2 മാറാൻ ഒരുങ്ങുന്നു. ഒരുപക്ഷേ ഈ സിനിമയിലൂടെ ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർതാരമായി അല്ലു അർജുൻ മാറിയേക്കാം.

English Summary:

From Failures to Pan-Indian Stardom: The Inspiring Journey of Allu Arjun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com