പുഷ്പരാജിന്റെ തേർവാഴ്ച, ഒപ്പം ഷെഖാവത്തിന്റെയും; പുഷ്പ 2: റിവ്യൂ
Pushpa 2 Movie Review
Mail This Article
കനൽ ഒരു തരി മതി കാട്ടുതീ ആയി പടരാൻ...അങ്ങനെ ‘വൈൽഡ് ഫയർ’ ആയി മാറിയ പുഷ്പരാജിന്റെ തേർവാഴ്ചയുടെ കഥയാണ് ‘പുഷ്പ 2 ദ് റൂൾ’. ചിറ്റൂര്‍ ജില്ലയിലെ കിരീടം വയ്ക്കാത്ത രാജാവായ പുഷ്പയുടെ ‘നാഷനൽ’ ഭരണമാണ് സുകുമാർ രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകർക്കായി ദൃശ്യവൽക്കരിക്കുന്നത്. ഭന്‍വര്‍ സിങ് ഷെഖാവത്തുമായുള്ള പുഷ്പയുടെ ക്യാറ്റ് ആൻഡ് മൗസ് ഗെയിമും പുഷ്പ 2വിനെ ആവേശഭരിതമാക്കുന്നു. അല്ലു അർജുൻ–ഫഹദ് ഫാസിൽ പോരിനൊപ്പം പുഷ്പരാജിന്റെ മാസ് നിമിഷങ്ങളും ശ്രീലീലയുടെ ‘കിസിക്’ ഡാൻസും ചേർത്തൊരു മാസ് മസാല എന്റർടെയ്നർ. അതാണ് പുഷ്പ 2.
ജപ്പാനിലാണ് സിനിമയുടെ തുടക്കം. തുടക്കം ഇന്റര്‍നാഷനൽ ആണെങ്കിലും പിന്നീട് കഥ നേരെ പോകുന്നത് ആന്ധ്രയിലെ ചിറ്റൂരിലേക്കാണ്. പുഷ്പരാജ് ഇപ്പോൾ സിൻഡിക്കേറ്റിന്റെ തലവനാണ്. കോടികള്‍ കൊണ്ട് അമ്മാനമാടുന്ന പരിധികളില്ലാത്ത അധികാരമാണ് സിന്‍ഡിക്കേറ്റിന്റെ തലവനായ പുഷ്പയ്ക്കുള്ളത്. എന്നാൽ ആകെ ഒരു തലവേദന ഷെഖാവത്ത് ആണ്. പുഷ്പയുടെ സാമ്രാജ്യം എങ്ങനെയും തകർക്കുക എന്നൊരൊറ്റ ലക്ഷ്യം മാത്രമാണ് ഷെഖാവത്തിനുള്ളത്.
തന്റെ കൂട്ടാളികളെ ഷെഖാവത്ത് പിടികൂടുമ്പോൾ പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും അവരുടെ പെൻഷനടക്കം നൽകി വിലയ്ക്കു വാങ്ങിയാണ് പുഷ്പരാജ് തന്റെ മാസ് കാട്ടുന്നത്. പകരത്തിനു പകരമെന്നപോലെ ഇവർ തമ്മിലുള്ള വൈര്യമാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. അങ്ങനെ ഇരിക്കുമ്പോഴാണ് തന്റെ ഈഗോയെ വേദനിപ്പിക്കുന്നൊരു സംഭവം പുഷ്പരാജിന്റെ ജീവിതത്തിൽ സംഭവിക്കുന്നത്. തന്റെ ഭർത്താവിന്റെ ഫോട്ടോ ഒരു പ്രമുഖനൊപ്പം വേണമെന്ന ഭാര്യ ശ്രീവല്ലിയുടെ ആഗ്രഹം പുഷ്പരാജിനെ കൊണ്ടെത്തിക്കുന്നത് ‘നാഷനൽ’ ലെവലിലാണ്. പുഷ്പ–ഷെഖാവത്ത് പോരാട്ടം മാത്രമല്ല സംവിധായകൻ സുകുമാർ രണ്ടാം ഭാഗത്തിലൊരുക്കിയിരിക്കുന്നത്. പുഷ്പരാജ് എന്ന വ്യക്തിയുടെ കുടുംബജീവിതവും മേൽവിലാസവുമൊക്കെ കഥയുടെ വൈകാരിക ഭാഗങ്ങളാണ്. അതുകൊണ്ടു തന്നെ അൽപ്പം ചേട്ടൻ, തങ്കച്ചി പാസം വന്നുപോകുന്നുണ്ട്.
പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിൽ നിർത്തുന്ന രണ്ടാം പകുതി. ഒരു ഘട്ടത്തിലും മുഷിപ്പു തോന്നാത്ത വിധത്തിലുളള കഥ പറച്ചിൽ. തീപ്പൊരിപോലെ ആളിപ്പടരുന്ന അല്ലു അർജുന്റെ സ്വാഗ്, ഷെഖാവത്തായി ഫഹദിന്റെ പകര്‍ന്നാട്ടം. ആദ്യ ഭാഗം പോലെ തന്നെ രോമാഞ്ചം നൽകുന്ന നിമിഷങ്ങള്‍ ഇഷ്ടംപോലെ രണ്ടാം ഭാഗത്തിലുമുണ്ട്. എന്നാൽ തിരക്കഥയിൽ കാര്യമായി ശ്രദ്ധ കൊടുക്കാൻ സുകുമാറിന് കഴിഞ്ഞിട്ടില്ലെന്നത് പോരായ്മയാണ്. ‘ഒരിക്കലും താഴത്തില്ലടാ’ എന്നു വീറോടെ പറയുന്ന പുഷ്പ തല താഴ്ത്തുന്നത് തന്റെ വ്യക്തിത്വത്തിന്റെ പേരിലാണ്. സ്വന്തം ഐഡന്റിറ്റിക്കു വേണ്ടി േപരിനെ തന്നെ ബ്രാൻഡ് ആക്കി മാറ്റിയ പുഷ്പയുടെ ജീവിതത്തിലെ ക്ലൈമാക്സ് എന്താണെന്ന് ഈ ഭാഗത്തിലൂടെ കാണാം.
അല്ലു അർജുന്റെ ഒറ്റയാൾ പ്രകടനം തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും കരുത്ത്. രശ്മികയ്ക്കൊപ്പമുള്ള കോമ്പിനേഷൻ സീനുകളിലും ഫഹദിനൊപ്പമുള്ള പൊലീസ് സ്റ്റേഷൻ സീനിലുമൊക്കെ കയ്യടിപ്പിക്കുന്ന പ്രകടനമാണ് അല്ലു കാഴ്ചവയ്ക്കുന്നത്. കാളിദേവിക്കു മുന്നിൽ വച്ചുള്ള തിരുപ്പതി ഗൻഗമ്മ ഫൈറ്റ് സീക്വൻസ് അതിഗംഭീരമാണ്. ശ്രീവല്ലിയായി എത്തുന്ന രശ്മിക മന്ദാനയ്ക്കും കൂടുതൽ സ്ക്രീൻ സ്പേസ് നൽകിയിട്ടുണ്ട്. ചില സീനുകൾ അൽപം ക്രിഞ്ച് ആണെങ്കിലും കൂടുതൽ വെറുപ്പിച്ചിട്ടില്ല. ഭന്‍വര്‍ സിങ് ഷെഖാവത്ത് ആയെത്തുന്ന മലയാളികളുടെ സ്വന്തം ഫഹദ് ഫാസിലാണ് പുഷ്പ 2വിന്റെ മറ്റൊരു പ്രത്യേകത. തുടക്കം മുതൽ അവസാനം വരെ ഷെഖാവത്തിന്റെ അഴിഞ്ഞാട്ടമാണ്. നായകനൊപ്പം കട്ടയ്ക്കു പൊരുതുന്ന വില്ലൻ. തെലുങ്ക് സിനിമകളിൽ നായകനു മുന്നിൽ പെട്ടന്നു തന്നെ മുട്ടുമുടക്കുന്ന ക്ലീഷേ വില്ലന്മാരിൽ നിന്നും ഷെഖാവത്തിനെ വ്യത്യസ്തനാക്കുന്നതും ഫഹദിന്റെ പ്രകടനവൈഭവം തന്നെയാണ്.
പുഷ്പയുടെ വലംകൈയായ കേശവയായി എത്തുന്ന ജഗദീപ് പ്രതാപ്, ഭൂമിറെഡ്ഡിയുടെ വേഷം ചെയ്ത റാവു രമേശ്, സുനിൽ (മംഗലം ശ്രീനു), അനസൂയ ഭരദ്വാജ് (ദാക്ഷായണി), ജഗപതി ബാബു (പ്രതാപ റെഡ്ഡി), അജയ്, താരക് പൊന്നപ്പ, ആദിത്യ മേനോൻ, അനിമൽ ഫെയിം സൗരഭ് സച്ച്ദേവ, ആടുകളം നരേൻ, ബ്രഹ്മജി എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. അല്ലു അർജുന് മലയാളം ഡബ്ബിങ് ചെയ്യുന്ന ജിസ് ജോയ്‌യുടെ പ്രയത്നവും അഭിനന്ദനാർഹമാണ്. ഏച്ചുകെട്ടലുകളില്ലാതെ ലളിതമായ ഭാഷയിലാണ് സിനിമയുടെ മലയാളം ഡബ്ബിങ് നിർവഹിച്ചിരിക്കുന്നത്.
വലിയ കാൻവാസിൽ കയ്യടക്കത്തോടെയുള്ള ആക്‌ഷൻ കൊറിയോഗ്രഫി, ദേവിശ്രീ പ്രസാദിന്റെ ഗാനങ്ങൾ, സാം സി.എസിന്റെ പശ്ചാത്തല സംഗീതം ഇവയെല്ലാം തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കും. പോളിഷ് ഛായാഗ്രഹകനായ മിറോസ്ലാ കുബേ ബ്രോസേക്കിന്റെ ഛായാഗ്രഹണം ഗംഭീരം. മൂന്ന് മണിക്കൂർ 20 മിനിറ്റുള്ള സിനിമയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് നവീൻ നൂലിയാണ്. സൗണ്ട് വിഭാഗം കൈകാര്യം ചെയ്ത റസൂൽ പൂക്കുട്ടി, എം.ആർ. രാജകൃഷ്ണൻ, വിജയകുമാർ എന്നിവരുടെ വർക്കും സിനിമയുടെ മികവിനൊരു കാരണമാണ്.
പുഷ്പ ദ് റൈസ് 2021 ലെ പാന്‍ ഇന്ത്യന്‍ ഹിറ്റായിരുന്നു. ആ വിജയം ഇരട്ടിയായി ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുഷ്പ 2 ദ് റൂള്‍ അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്. ചില പോരായ്മകൾ ഒഴിച്ചു നിർത്തിയാൽ തിയറ്ററിൽ ‘ഫയർ’ ആക്കാൻ വേണ്ട എല്ലാ ചേരുവകകളും ഇൗ സിനിമയിലുണ്ട് താനും. പുഷ്പ 3–നായി ആളുകളെ ആവേശത്തോടെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന എൻഡിങ് സൂചിപ്പിക്കുന്നത് അല്ലു അർജുൻ തിയറ്ററുകളെ തീയിടാൻ ഒരു വരവ് കൂടി വരുമെന്നാണ്.