‘വിശാൽ ഒരു ധൈര്യശാലി, സിംഹം പോലെ തിരിച്ചു വരും’; പ്രതികരിച്ച് ജയം രവി
Mail This Article
നടൻ വിശാലിന്റെ ആരോഗ്യവിഷയത്തിൽ പ്രതികരിച്ച് ജയം രവിയും കൊറിയോഗ്രഫർ കലാ മാസ്റ്ററും. കടുത്ത പനിയെ അവഗണിച്ചാണ് സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയതെന്നും അദ്ദേഹത്തെ ആ രൂപത്തിൽ കണ്ടപ്പോൾ സഹിക്കാൻ കഴിയാതെ കരഞ്ഞു പോയെന്നും കലാ മാസ്റ്റർ പറഞ്ഞു. സിംഹത്തെപ്പോലെ കരുത്തനായി വിശാൽ വേഗം മടങ്ങിവരുമെന്നായിരുന്നു ജയം രവിയുടെ പ്രതികരണം.
കലാ മാസ്റ്ററുടെ ചാറ്റ് ഷോയിലാണ് ഇരുവരും സുഹൃത്തും സഹപ്രവർത്തകനുമായ വിശാലിന്റെ ആരോഗ്യവിഷയത്തെക്കുറിച്ച് സംസാരിച്ചത്. ബിഹൈൻഡ്‍വുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം.
ജയം രവിയുടെ വാക്കുകൾ: "വിശാലിനെപ്പോലെ ഒരു ധൈര്യശാലി വേറെയില്ല. ജീവിതത്തിലെ മോശം കാലഘട്ടമെന്നോ സമയമെന്നോ ഒക്കെ പറയാവുന്ന സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ ധൈര്യം തീർച്ചയായും അദ്ദേഹത്തെ രക്ഷിക്കും. വളരെ വേഗം അദ്ദേഹം തിരിച്ചു വരും. ഉറപ്പായും ഒരു സിംഹത്തെപ്പോലെ കരുത്തനായി തിരിച്ചു വരും."
ശരീരം തീരെ മെലിഞ്ഞ അവസ്ഥയിലായിരുന്നു വിശാൽ ‘മദ ഗജ രാജ’ എന്ന സിനിമയുടെ പ്രി റിലീസ് ചടങ്ങിനെത്തിയത്. പ്രസംഗിക്കുന്നതിനിടെ പല സമയത്തും നാക്കു കുഴയുന്നതും കൈ വിറയ്ക്കുന്നതും കാണാമായിരുന്നു.. വിഡിയോ വൈറലായതോടെ വിശാലിന് എന്തുപറ്റിയെന്ന സംശയത്തിലായിരുന്നു ആരാധകർ.
വിശാലിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ആശങ്കപ്പെടാനില്ലെന്ന് താരത്തിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ‘‘വർഷങ്ങളായി മൈഗ്രൈയ്ൻ മൂലം കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണ് വിശാൽ. കഴിഞ്ഞ നാലഞ്ച് മാസങ്ങളായി ഇതുമായി ബന്ധപ്പെട്ടുള്ള ചികിത്സയിലായിരുന്നു. അതിനിടെ കണ്ണിനും ചെറിയൊരു പ്രശ്നം സംഭവിച്ചിരുന്നു. വീരമൈ വാഗൈ സൂഡും സിനിമയുടെ സെറ്റിൽ വച്ചാണ് ആക്‌ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ കണ്ണിനു പരുക്കേൽക്കുന്നത്. അദ്ദേഹം അഭിനയിക്കുന്ന എല്ലാ സിനിമകളിലും ഇതുപോലെ ശരീരത്തിന് നിരവധി തവണ അപകടം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത പനി ബാധിതനായിരുന്നു. ഇതിനിടെയിലാണ് സിനിമാ പ്രമോഷനുവേണ്ടി ഒരിടവേളയ്ക്കു ശേഷം അദ്ദേഹം പൊതുവേദിയിലെത്തിയത്,’’വിശാലിനോടു അടുത്ത വൃത്തങ്ങൾ മനോരമ ഓൺലൈനിനോടു പ്രതികരിച്ചു.