ADVERTISEMENT

പുതിയ സിനിമയുടെ പ്രി–റിലീസ് ചടങ്ങിനെത്തിയ വിശാലിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ആശങ്കപ്പെട്ട് ആരാധകരും സഹപ്രവർത്തകരും. ഏറെ ക്ഷീണിതനായി കാണപ്പെട്ട താരം ഒരു അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് വേദിയിലെത്തിയത്. മാത്രമല്ല സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. മദ ഗജ രാജ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കെത്തിയതായിരുന്നു താരം.

ശരീരം തീരെ മെലിഞ്ഞിരിക്കുന്നു, പ്രസംഗിക്കുന്നതിനിടെ പല സമയത്തും നാക്കു കുഴഞ്ഞു. വിഡിയോ വൈറലായതോടെ വിശാലിന് എന്തുപറ്റിയെന്ന സംശയത്തിലായിരുന്നു ആരാധകർ. കടുത്ത പനി ബാധിച്ചാണ് വിശാൽ വേദിയിലെത്തിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഔദ്യോഗികമായ സ്ഥിരീകരണം നടന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. 

നീണ്ട 12 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് വിശാൽ നായകനാകുന്ന മദ​ ഗജ രാജ റിലീസിന് ഒരുങ്ങുന്നത്. 2013 പൊങ്കൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് മദ​ഗജരാജ. സുന്ദർ സി.യുടെ സംവിധാനത്തിലായിരുന്നു ചിത്രം ഒരുങ്ങിയത്. സിനിമയുടേതായി ഒരു ട്രെയിലറും ഗാനവും പുറത്തുവിട്ടിരുന്നു. സാമ്പത്തികമായ പ്രശ്നങ്ങൾ മൂലം സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. ഇപ്പോൾ ഒരു വ്യാഴവട്ടത്തിനുശേഷം പൊങ്കൽ റിലീസായാണ് ചിത്രമെത്തുന്നതും.

ചിത്രത്തിൽ അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാർ. സോനു സൂദാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മണിവണ്ണൻ, സുബ്ബരാജു, നിതിൻ സത്യ, ജോൺ കൊക്കൻ, രാജേന്ദ്രൻ, മനോബാല തുടങ്ങി നിരവധി അഭിനേതാക്കളും മദഗജരാജയിൽ ഭാഗമാണ്. കൂടാതെ, ആര്യയും സദയും ചിത്രത്തിൽ കാമിയോ വേഷങ്ങളിലെത്തുന്നുണ്ട്. വിജയ് ആന്റണിയാണ് സം​ഗീത സംവിധാനം. 

ചിത്രത്തിനായി വിശാൽ ഒരു ​ഗാനം ആലപിച്ചിട്ടുണ്ട്. വിശാൽ ഫിലിം ഫാക്ടറിയും ജെമിനി ഫിലിം സർക്യൂട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഈ വർഷം പുറത്തിറങ്ങുന്ന ആദ്യ വിശാൽ ചിത്രം കൂടിയാകും മദ​ഗജരാജ. നിലവിൽ രത്നം എന്ന സിനിമയാണ് നടന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ഹരി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയ ഭവാനി ശങ്കർ, സമുദ്രക്കനി, ഗൗതം വാസുദേവ് ​​മേനോൻ, യോഗി ബാബു, മുരളി ശർമ്മ, ഹരീഷ് പേരടി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

English Summary:

What Happend To Actor Vishal: Vishal’s shaky appearance at Madha Gaja Raja event leaves fans worried

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com