ഭാര്യയ്ക്കും വളർത്തു നായയ്ക്കും ഒപ്പം മരിച്ച നിലയിൽ; ജീവിതം പോലെ മിസ്റ്ററി ത്രില്ലർ ആയി മരണവും

Mail This Article
നടന്‍ ജീന്‍ ഹാക്ക്മന്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് തന്റെ 95-ാം വയസ്സില്‍ ജീവിതത്തിന്റെ പടിയിറങ്ങി. നിരവധി വഴിത്തിരിവുകളുള്ള ഒരു സിനിമയേക്കാള്‍ സങ്കീര്‍ണ്ണവും സംഭവബഹുലവുമായിരുന്നു ജീനിന്റെ ജീവിതം. കാലിഫോര്‍ണിയയിലായിരുന്നു ജീനിന്റെ ജനനം. ‘ഗ്രേറ്റ് ഡിപ്രഷന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ജനിച്ച അദ്ദേഹത്തിന് വ്യക്തിജീവിതത്തിലും തിരിച്ചടികളുടെ പരമ്പരകള്‍ തന്നെ നേരിടേണ്ടി വന്നു. വളരെ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ വിവാഹമോചനം നേടി. അതോടെ ജീനിന്റെ ജീവിതം അനിശ്ചിതാവസ്ഥയിലായി. ഒരു പന്ത് തട്ടിക്കളിക്കും പോലെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറി താമസിക്കേണ്ട അവസ്ഥ! മനസ്സു മടുത്ത ജീന്‍ ഒടുവില്‍ മാതാപിതാക്കളെ വിട്ട് തന്റെ മുത്തശ്ശിക്ക് ഒപ്പം ഇല്ലിനോയിസില്‍ സ്ഥിര താമസമാക്കി. ഇത്തരം പറിച്ചു നടലുകള്‍ ഒരു കുട്ടിയുടെ മാനസികാവസ്ഥയെ എത്ര പ്രതിലോമകരമായി ബാധിക്കുമെന്നൊന്നും മാതാപിതാക്കള്‍ ആലോചിച്ചില്ല. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ശേഷം മാനസികമായി തകര്‍ന്ന ജീനിന്റെ മാതാവ് സ്വയം തീകൊളുത്തി മരിച്ചു. അനാഥത്വത്തിന്റെ നടുവില്‍ ആരും തകര്‍ന്നു പോയേക്കാവുന്ന ഘട്ടത്തിലും പ്രതീക്ഷ കൈവിടാത്ത മനസ്സുമായി ജീന്‍ മുന്നോട്ട് പോയി.
അഭിനയിക്കാന്‍ അറിയാത്ത മികച്ച നടന്‍
ജീവിതം ഏല്‍പ്പിച്ച ആഘാതങ്ങളെയും പ്രതികൂലാവസ്ഥകളെയും പ്രതിരോധിക്കാന്‍ ശീലിച്ച ജീനിന്റെ ഏറ്റവും വലിയ സ്വപ്നം പ്രതിരോധ വകുപ്പില്‍ ജോലി ചെയ്യുക എന്നതായിരുന്നു. അങ്ങനെ കേവലം 17-ാം വയസ്സില്‍ നാട് വിട്ട് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് മറൈന്‍ കോര്‍പ്‌സില്‍ ചേര്‍ന്നു. ഒരു പ്രത്യേക തരം സമുദ്രസേവനമായാണ് ഇത് അന്ന് വിഭാവനം ചെയ്യപ്പെട്ടിരുന്നത്. മൂന്നു വര്‍ഷം അവിടെ റേഡിയോ ഓപ്പറേറ്ററായി ജോലി ചെയ്തു. പിന്നീട് ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റിയ ജീനിന് എന്നും പറിച്ചുനടലുകള്‍ക്കൊപ്പം സഞ്ചരിക്കാനായിരുന്നു വിധി. ന്യൂയോര്‍ക്കില്‍ ഉപജീവനാര്‍ത്ഥം വിവിധ ജോലികള്‍ ചെയ്തു. അതില്‍ നിന്നുളള വരുമാനം സ്വരൂപിച്ച് പാതിവഴിയില്‍ നിന്നു പോയ പഠനം പൂര്‍ത്തിയാക്കി. പ്രശസ്തമായ ഇല്ലിനോയിഡ് യൂണിവേഴ്‌സിറ്റിയില്‍ ടെലിവിഷന്‍ പ്രൊഡക്‌ഷനും ജേണലിസവും പഠിച്ചു.
ഇതിനിടയില്‍ വര്‍ഷങ്ങള്‍ കടന്നുപോയി. തന്റെ യഥാര്‍ത്ഥ ജന്മോദ്ദേശം എന്തെന്ന് അദ്ദേഹം കണ്ടെത്തിയത് 30-ാം വയസ്സിലായിരുന്നു. കലിഫോര്‍ണിയയിലെ പസഡീന പ്ലേഹൗസില്‍ ചേര്‍ന്ന് പഠിച്ച ജീന്‍ അഭിനയമാണ് തന്റെ കര്‍മ മാര്‍ഗമെന്ന് മനസ്സിലുറപ്പിച്ചു. അവിടെ വച്ച് അമൂല്യമായ ഒരു സൗഹൃദവും അദ്ദേഹത്തിന് ലഭിച്ചു. ഡസ്റ്റിന്‍ ഹോഫ്മാന്‍ എന്ന സഹപാഠിയായിരുന്നു അത്. നടനാകാന്‍ പഠിക്കുന്ന ഹോഫ്മാന്‍ അസാധാരണ സിദ്ധികളുളള ഒരാളായിരുന്നു. എന്നാല്‍ പഠിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരുടെ കണ്ടെത്തല്‍ നേര്‍വിപരീതമായിരുന്നു.
ഹാക്ക്മനും ഹോഫ്മാനും അഭിനയരംഗത്ത് ഏറ്റവും വിജയസാധ്യത കുറഞ്ഞ രണ്ടുപേര്‍ എന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. ഇരുവര്‍ക്കും ലഭിച്ച മാര്‍ക്കുകളും കുറവായിരുന്നു. എന്നാല്‍ ഇതിനെ ഒരു അസാധാരണ അനുഭവമായി വിലയിരുത്താനാവില്ല. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന തന്റെ ആദ്യസിനിമയിലേക്ക് ഓഡിഷന് വന്ന മോഹന്‍ലാലിന് ഏറ്റവും കുറഞ്ഞ മാര്‍ക്ക് നല്‍കിയ ആളാണ് സിബി മലയില്‍. അതേ സിബി തന്നെ ലോഹിതദാസിന്റെ തിരക്കഥയില്‍ സംവിധാനം ചെയ്ത ‘കിരീടം’, ‘ഭരതം’ എന്നീ സിനിമകളിലെ പ്രകടനത്തിന് മോഹന്‍ലാല്‍ ദേശീയ തലത്തില്‍ മികച്ച നടനായി. ‘നീ വരുവോളം’ എന്ന പടത്തില്‍ അഭിനയിക്കാനെത്തിയ സലിംകുമാറിനെയും സിബി ടൈമിങ് ഇല്ല എന്ന കാരണത്താല്‍ സെറ്റില്‍ നിന്ന് പറഞ്ഞയച്ചു. പിന്നീട് സിബി തന്നെ ചെയര്‍മാനായ സ്‌റ്റേറ്റ് ഫിലിം അവാര്‍ഡ് ജൂറി സലിമിനെ മികച്ച നടനായി തിരഞ്ഞെടുത്തു. ദേശീയ തലത്തിലും സലിംകുമാര്‍ മികച്ച നടനായി. അതുപോലെ ലോകസിനിമാ ചരിത്രത്തില്‍ തന്നെ പില്‍ക്കാലത്ത് നിർണായക സ്ഥാനം കൈവരിച്ച ഹോഫ്മാനും രണ്ട് ഓസ്‌കറുകള്‍ അടക്കം വാങ്ങിയ ഹാക്ക്മനും അക്കാദമിയുടെ കണ്ണില്‍ കഴിവില്ലാത്തവരായി എന്നത് ചരിത്രപരമായ വൈരുധ്യം. ഒരേ സമയം താരമൂല്യം കൊണ്ടും അഭിനയമികവ് കൊണ്ടും രണ്ടുപേരും വലിയ നടന്‍മാരായി എന്നതും അടിവരയിട്ട് പറയേണ്ടതാണ്.
ജീവിക്കാനായി ഹോട്ടലില്‍ വെയ്റ്ററായി
എന്നാല്‍ അനായാസമായിരുന്നില്ല ഇരുവരുടെയും സിനിമാ പ്രവേശം. സിനിമയില്‍ കയറിപറ്റാനായി ഇരുവരും ഒരുപാട് അത്യധ്വാനം ചെയ്തു. അവസരങ്ങള്‍ ലഭിക്കുക എളുപ്പമല്ലെന്ന് കണ്ടപ്പോള്‍ തന്റെ സിദ്ധി പ്രകടിപ്പിക്കാനായി ജീന്‍ നാടകങ്ങളെ ആശ്രയിച്ചു. പ്രഫഷനല്‍ ഡ്രാമകളില്‍ അഭിനയിക്കുമ്പോള്‍ ആളുകളുടെ കയ്യടി കിട്ടി. ചിലര്‍ ഗ്രീൻ റൂമില്‍ വന്ന് അഭിനന്ദനം അറിയിച്ചു. എന്നാല്‍ അതില്‍ നിന്നുളള വരുമാനം വളരെ തുച്ഛമായിരുന്നു. മാത്രമല്ല നാടകം ചില സീസണുകളില്‍ മാത്രമേ ഉണ്ടായിരുന്നുളളു. അല്ലാത്തപ്പോള്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുക ശ്രമകരമായിരുന്നു. പിടിച്ചു നില്‍ക്കാനായി ജീന്‍ ഹോട്ടലുകളില്‍ വെയ്റ്ററായി വരെ പണിയെടുത്തു.
അക്കാലത്ത് അഭിനയിച്ച 'എനി വെനസ്‌ഡേ' എന്ന നാടകം വന്‍ഹിറ്റായി. പത്രമാധ്യമങ്ങളില്‍ അത് സംബന്ധിച്ച വാര്‍ത്തകളും മറ്റും പ്രത്യക്ഷപ്പെട്ടു. ഇത് ഹോളിവുഡ് സംവിധായകരുടെ ശ്രദ്ധയില്‍പ്പെടാനിടയായി. നാടകം കണ്ട ചിലര്‍ ഹാക്ക്മനെ തങ്ങളുടെ പടങ്ങളില്‍ അഭിനയിപ്പിക്കാന്‍ താത്പര്യമെടുത്തു. പല ചര്‍ച്ചകളും ഇത് സംബന്ധിച്ച് നടന്നെങ്കിലും ഒന്നും പ്രായോഗിക തലത്തിലെത്തിയില്ല.
സിനിമ തനിക്ക് അപ്രാപ്യമായ വിദൂര സ്വപ്നമാണെന്ന് തോന്നിയ ഹാക്ക്മന്‍ വീണ്ടും നാടകങ്ങളും ഹോട്ടല്‍ പണിയുമായി മുന്നോട്ട് പോയി. എന്നാല്‍ ഒരു ദിവസം അദ്ദേഹത്തെ പോലും അമ്പരപ്പിച്ചുകൊണ്ട് ബോണി ആന്‍ഡ് ക്ലൈൈഡ് എന്ന ചിത്രത്തിലെ ഒരു പ്രധാന വേഷത്തിലേക്ക് സംവിധായകന്‍ ആര്‍തര്‍ പെന്‍ ഹാക്ക്മനെ ക്ഷണിച്ചു. അവിടെ നിന്ന് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഈ ചിത്രത്തിലെ അഭിനയത്തിന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചെങ്കിലും വില്യം ഫ്രീഡ്കിൻ സംവിധാനം ചെയ്ത ‘ദ് ഫ്രഞ്ച് കണക്‌ഷനി’ലെ (1971) ഡിറ്റക്ടീവ് ഡോയ്ൽ എന്ന വേഷം മികച്ച നടനുള്ള ഓസ്കർ നേടിക്കൊടുത്തു.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഓസ്‌കര്‍ ലഭിക്കുക വഴി ഒരിക്കല്‍ കൂടി അദ്ദേഹത്തിന്റെ അഭിനയ പ്രതിഭ അംഗീകരിക്കപ്പെടുകയുണ്ടായി. ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ‘അണ്‍ഫോര്‍ഗിവണി’ലെ അഭിനയത്തിനായിരുന്നു ഇക്കുറി പുരസ്‌കാരം ലഭിച്ചത്. നൂറിലേറെ ചിത്രങ്ങളിലായി വൈവിധ്യപൂര്‍ണമായ വേഷങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചു. 60കളില്‍ റിലീസ് ചെയ്ത ലിലിത്ത്, ഹവായ് എന്നിവയായിരുന്നു ഹാക്ക്മന്റെ ആദ്യകാല ചിത്രങ്ങള്‍. 67ല്‍ പുറത്തു വന്ന ബോണി ആന്‍ഡ് ക്ലൈഡ് എന്ന ത്രില്ലര്‍ മൂവിയിലുടെ അദ്ദേഹം ഏറെ ശ്രദ്ധേയനായി.
1970കളിൽ അലയടിച്ച പുതുഹോളിവുഡ് തരംഗത്തിൽ സുപ്രധാന പങ്കുവഹിച്ചു. ലിലിത് (1964), മറൂൺഡ് (1969), ഐ നെവർ സാങ് ഫോർ മൈ ഫാദർ (1971), സ്കെയർക്രോ (1973), ദ് കൊൺവെസെയ്ഷൻ (1974), സൂപ്പർമാൻ (1978 ലും പിന്നീട് 2 തുടർഭാഗങ്ങളിലും), എനിമി ഓഫ് ദ് സ്റ്റേറ്റ് (1987), മിസിസിപ്പി ബേണിങ് (1988), ദ് റോയൽ ടെനൻബൗംസ് (2001) തുടങ്ങിയവയാണ് ശ്രദ്ധ നേടിയ മറ്റു ചിത്രങ്ങൾ.
അഭിനയിക്കാന്‍ അറിയില്ലെന്ന് ഒരിക്കല്‍ തളളിപ്പറഞ്ഞവരുടെ മുന്നിലൂടെ അദ്ദേഹം കൊയ്‌തെടുത്ത അംഗീകാരങ്ങള്‍ അനവധി. ഹോളിവുഡ് കണ്ട മഹാനടന്‍മാരിലൊരാള്‍ എന്ന് അമേരിക്കയിലെ മുന്‍നിര പത്രങ്ങളും ചലച്ചിത്രനിരൂപകരും പലകുറി എഴുതി. മൂന്ന് തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും സ്‌ക്രീന്‍ ആക്‌ടേഴ്‌സ് ഗില്‍ഡ് പുരസ്‌കാരവും ലഭിച്ചു. 2004ല്‍ പുറത്തിറങ്ങിയ ‘വെല്‍കം ടു മൂസ്‌പോര്‍ട്ട്’ ആയിരുന്നു അവസാന ചിത്രം. പിന്നീട് അദ്ദേഹം അഭിനയരംഗത്തു നിന്നും വിരമിച്ചു. തുടര്‍ന്നുളള കാലത്ത് ലൈംലൈറ്റിലെത്താന്‍ അദ്ദേഹം വിമുഖത പ്രകടിപ്പിച്ചു. പ്രശസ്തിയും പണവും അംഗീകാരങ്ങളും എല്ലാം ഉപേക്ഷിച്ച് ശാന്തസുന്ദരമായ കുടുംബജീവിതത്തില്‍ ഒതുങ്ങിക്കൂടുകയായിരുന്നു ഹാക്ക്മന്‍. അധികമാരും ചര്‍ച്ച ചെയ്യാത്ത മറ്റൊരു തലം കൂടിയുണ്ട് ഹാക്ക്മാന്റെ ജീവിതത്തില്‍. ഡാനിയേല്‍ ലെനിഹാനുമായി ചേര്‍ന്ന് മൂന്ന് ചരിത്ര നോവലുകള്‍ കൂടി എഴുതിയിട്ടുണ്ട് ഹാക്ക്മന്‍.
മരണത്തിലും ദുരൂഹത
രണ്ട് തവണ വിവാഹം കഴിച്ച ഹാക്ക്മന്റെ ആദ്യഭാര്യ ഫെയ് മാള്‍ട്ടീസും രണ്ടാം ഭാര്യ ബെറ്റ്‌സി അരകാവയുമായിരുന്നു. ഈ ദമ്പതികള്‍ക്ക് 3 മക്കളുമുണ്ട്. പിയാനിസ്റ്റായ ബെറ്റ്‌സി ഹാക്ക്മനേക്കാള്‍ 32 വയസ്സിന് ഇളയതായിരുന്നു. എന്നാല്‍ ഇതൊന്നും അവരുടെ സന്തുഷ്ട ദാമ്പത്യത്തിന് തടസമായില്ല. ആറു പതിറ്റാണ്ടുകള്‍ നീണ്ട അഭിനയജീവിതത്തില്‍ രണ്ട് തവണ മികച്ച നടനുളള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ഹാക്ക്മനെ 2025 ഫെബ്രുവരി 26 ന് മെക്‌സിക്കോയിലെ സാന്താഫേയിലുളള വീട്ടില്‍ ഭാര്യ ബെറ്റ്‌സിക്കും വളര്‍ത്തു നായ്ക്കുമൊപ്പം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ഏതെങ്കിലും തരത്തിലുളള അസ്വാഭാവികത ഇതേ വരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ മരണത്തിന് തൊട്ടുന്‍പ് വരെ നല്ല ആരോഗ്യനില സൂക്ഷിച്ചിരുന്ന ഹാക്ക്മനും ബെറ്റ്‌സിയും ഒപ്പം വളര്‍ത്തുനായയും എങ്ങനെ ഒരേ സമയം ഇല്ലാതായി എന്നത് ദൂരൂഹതയുണര്‍ത്തുന്നു. ഒരു മിസ്റ്റിക്ക് ത്രില്ലര്‍ സിനിമ പോലെ ഈ ചോദ്യം ഉത്തരം കാത്ത് കഴിയുന്നു.