നായകൻ പൊലീസ് ആണോ, സിനിമ സൂപ്പർഹിറ്റ്; ഇതാ തെളിവ്

Mail This Article
കഴിഞ്ഞ അഞ്ചുവർഷത്തെ മലയാളത്തിലെ ഹിറ്റ് ചാർട്ട് പരിശോധിച്ചാൽ അതിൽ ഇടംപിടിച്ചിട്ടുള്ള ഭൂരിപക്ഷ സിനിമകളും ത്രില്ലർ വിഭാഗത്തിൽപ്പെട്ടതാണെന്നു കാണാം. ത്രില്ലർ സിനിമകളിൽ തന്നെ പൊലീസ് സിനിമകളോട് എല്ലാ കാലത്തും മലയാളി പ്രേക്ഷകർക്ക് പ്രത്യേക പ്രിയമുണ്ട്. 2025ലും സ്ഥിതി വ്യത്യസ്തമല്ല. കാക്കി കരുത്തിൽ മുന്നേറുകയാണ് മലയാള സിനിമ. 2025ലെ ആദ്യ രണ്ടു മാസങ്ങൾ പിന്നീടുമ്പോൾ ആസിഫ് അലി പൊലീസ് വേഷത്തിലെത്തിയ ‘രേഖാചിത്രം’ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയപ്പോൾ കുഞ്ചാക്കോ ബോബന്റെ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ സൂപ്പർഹിറ്റിലേക്ക് കുതിക്കുകയാണ്. നിരൂപക പ്രശംസ നേടിയ മമ്മൂട്ടി-ഗൗതം മേനോൻ ചിത്രം ‘ഡൊമനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സിനു’മുണ്ട് പൊലീസ് കണക്‌ഷൻ. ടൊവീനോ തോമസ് പൊലീസ് വേഷത്തിൽ എത്തുന്ന അനുരാജ് മനോഹർ ചിത്രം ‘നരിവേട്ട’ റിലീസിങിനു തയാറെടുക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.
കാക്കിയിൽ കത്തികേറി ആസിഫ് അലി
മലയാളത്തിന് അത്ര സുപരിചിതമല്ലാത്ത ഇതരചരിത്ര വിഭാഗത്തിലൂടെ കഥ പറഞ്ഞ് 2025ലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയിരിക്കുകയാണ് ‘രേഖാചിത്രം’. 75 കോടിയിലധികം ബിസിനസാണ് രേഖാചിത്രം ആഗോളതലത്തിൽ ഇതിനോടകം നേടി കഴിഞ്ഞത്. രാമു സുനിലിന്റെ തിരക്കഥയിൽ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രം ‘കാതോട് കാതോരം’ എന്ന സിനിമയുടെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമുള്ള സമർപ്പണം കൂടിയായി മാറിയിരുന്നു. ഒടിടിയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ആസിഫ് അലിയുടെ മറ്റൊരു വ്യത്യസ്തമായ പൊലീസ് വേഷത്തിനും രേഖാചിത്രം വേദിയായി. ഓൺലൈൻ റമ്മി കളിച്ച് സസ്പെൻഷനിലായിരുന്ന സി.ഐ. വിവേകിനെയാണ് രേഖാചിത്രത്തിൽ ആസിഫ് അവതരിപ്പിച്ചത്. സസ്പെൻഷൻ കാലവാധി പൂർത്തിയാക്കി അദ്ദേഹം ചാർജെടുക്കുന്നത് മലക്കപ്പാറ പൊലീസ് സ്റ്റേഷനിലാണ്. ചാർജെടുത്ത ആദ്യ ദിനം തന്നെ അദ്ദേഹത്തെ തേടിയെത്തുന്നത് സങ്കീർണമായൊരു കേസും. സസ്പെൻഷനിലായിരുന്ന വിവേകിനെ സംബന്ധിച്ചിടത്തോളം കേസിനു തുമ്പ് ഉണ്ടാക്കുക എന്നത് അഭിമാന പ്രശ്നം കൂടിയായി മാറുന്നു. കേസിന്റെ നിർണായകഘട്ടത്തിൽ രാഷ്ട്രീയ സമ്മർദ്ദങ്ങൾ മൂലം അന്വേഷണ സംഘത്തിൽ നിന്ന് വിവേക് ഒഴിവാക്കപ്പെടുന്നു. എന്നിരുന്നാലും സമാന്തരമായി വിവേക് അന്വേഷണം തുടരുകയും സത്യത്തിലേക്ക് എത്തിചേരുകയും ചെയ്യുന്നു.
അനശ്വര രാജന്റെ രേഖ എന്ന കഥാപാത്രമാണ് ടൈറ്റിൽ റോളിൽ എത്തുന്നതെങ്കിലും വിവേക് എന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിച്ച് ആസിഫ് കയ്യടി നേടുന്നു. വൈകാരികമായ ഒട്ടേറെ മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രത്തെ ആസിഫ് മികവുറ്റതാക്കി. ‘കുറ്റവും ശിക്ഷയും’ ‘കൂമൻ’, ‘തലവൻ’ എന്നീ സിനിമകളിലെ പൊലീസ് വേഷങ്ങൾക്കു ശേഷം ആസിഫിന്റെ മറ്റൊരു ഗംഭീര പൊലീസ് വേഷം!
കരിയർ ബെസ്റ്റ് പ്രകടനുമായി ചാക്കോച്ചന്റെ അഴിഞ്ഞാട്ടം
ബോഗെയ്ൻവില്ലയിലെ പ്രതിനായക കഥാപാത്രത്തിനു ശേഷം ചാക്കോച്ചൻ തകർത്താടിയ ചിത്രമാണ് ‘ഓഫിസർ ഓൺ ഡ്യൂട്ടി’. ഷാഹി കബീറിന്റെ തന്നെ രചനയിൽ പുറത്തുവന്ന നായാട്ടിലായിരുന്നു ചാക്കോച്ചൻ അവസാനമായി കാക്കി കുപ്പായം അണിഞ്ഞത്. നായാട്ടിലെ പ്രവീൺ മൈക്കിളിനെക്കാൾ ഒരുപിടി മുകളിൽ നിൽക്കുന്ന കഥാപാത്രമാണ് ഓഫിസറിലെ ഹരിശങ്കർ. ഒരേ സമയം ക്ഷിപ്രകോപിയും സത്യസന്ധനും നീതിമാനുമായ ഉദ്യോഗസ്ഥനാണ് ഹരിശങ്കർ. ഗ്രേ ഷെയ്ഡുള്ള കഥാപാത്രം! വ്യക്തിജീവിതത്തിലുണ്ടായ ദുരന്തങ്ങൾ വേട്ടായാടുന്ന കഥാപാത്രത്തെ തീവ്രത നഷ്ടപ്പെടുത്താതെ ചാക്കോച്ചൻ സ്ക്രീനിലേക്ക് പകർത്തുന്നുണ്ട്.
രേഖാചിത്രത്തിൽ എന്ന പോലെ അച്ചടക്ക നടപടി നേരിടേണ്ടി വന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ചാക്കാച്ചന്റെ ഹരിശങ്കറും. ഡിവൈഎസ്പി റാങ്കിലുണ്ടായിരുന്ന ഹരിശങ്കർ അച്ചടക്ക നടപടിക്കു ശേഷം സി.ഐ.യായി താരം താഴ്ത്തപ്പെടുന്നുണ്ട്. ഷാഹി കബീറിന്റെ പതിവ് ശൈലിയിൽ നിന്ന് മാറി വാണിജ്യ സിനിമയുടെ ചേരുവകൾക്കു പ്രധാന്യം നൽകിയാണ് ഇത്തവണ രചന. നവാഗത സംവിധായകൻ ജിത്തു അഷറഫിന്റെ ത്രസിപ്പിക്കുന്ന മേക്കിങ് കൂടിയായപ്പോൾ തിയറ്ററുകൾ പൂരപ്പറമ്പായി. ക്യാമറയിൽ റോബി ഡേവിഡ്, പശ്ചാത്തല സംഗീതത്തിൽ ജേക്സ് ബിജോയ്, എഡിറ്റിങ് ടേബിളിൽ ചമൻ ചാക്കോ എന്നിവരും സംവിധായകനു മികച്ച പിന്തുണ നൽകിയിട്ടുണ്ട്.
കുഞ്ചാക്കോ ബോബൻ, വിശാഖ് നായർ, വൈശാഖ് ശങ്കർ, റംസാൻ മുഹമ്മദ്, ലയ മാമ്മൻ, ഐശ്വര്യരാജ്, പ്രിയാമണി, മനോജ് കെ.യു, രഘുനാഥ് പലേരി തുടങ്ങി ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾ എല്ലാം തകർത്താടിയിട്ടുണ്ട്. സംവിധായകൻ ജിത്തു അഷ്റഫും പ്രധാനപ്പെട്ട കഥാപാത്രമായി സ്ക്രീനിൽ എത്തുന്നു. മാസും ക്ലാസും ചേർന്നൊരു ഇമോഷനൽ ഫാമിലി ത്രില്ലറാണ് ‘ഓഫിസർ ഓൺ ഡ്യൂട്ടി’. കേരളത്തിലെ ചില സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സിനിമയ്ക്കു കൂടുതൽ പ്രസക്തിയുണ്ട്.
സിഐ ഡൊമനിക് മമ്മൂട്ടിയുടെ വേറിട്ട കുറ്റാന്വേഷണ കഥാപാത്രം
തെന്നിന്ത്യൻ സംവിധായകൻ ഗൗതം മേനോൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ ‘ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’. സിനിമയിൽ സി.ഐ.ഡൊമനിക് എന്ന പ്രൈവറ്റ് ഡിറ്റക്ടീവ് ആയിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. എന്നാൽ അയാൾക്കൊരു ഭൂതകാലമുണ്ട്. അതൊരു പൊലീസുകാരന്റേതായിരുന്നു. പൊലീസുകാരനാകുക എന്നത് സി.ഐ. ഡൊമനിക്കിന്റെ സ്വപ്നമായിരുന്നു. അതിനു വേണ്ടി അയാൾ കഠിനാധ്വാനം ചെയ്യുകയും ലക്ഷ്യത്തിൽ എത്തിചേരുകയും ചെയ്യുന്നു. വൈദ്യപരിശോധനയിൽ കളർ ബ്ലൈൻഡ്നസ് വില്ലനായി മാറുന്നു. പൊലീസുകാരനാകാനുള്ള അമിതമായ അഭിനിവേശം കാരണം ഡൊമനിക് തന്റെ കാഴ്ചവൈകല്യം മറച്ചുവയ്ക്കുകയും പൊലീസ് സേനയിൽ ചേരുകയും ചെയ്യുന്നു. പിന്നീട് മെഡിക്കൽ സർട്ടിഫിക്കറ്റ് തിരുത്തി ജോലി നേടിയത് കണ്ടു പിടിക്കപ്പെടുകയും ഡൊമനിക്കിനു ജോലി നഷ്ടപ്പെടുകയും ചെയ്യുന്നു. അതോടെ അയാളുടെ ദാമ്പത്യജീവിതവും ശിഥിലമാകുന്നു.
വീട്ടുടമസ്ഥ മിസ്സിസ് മാധുരി നൽകി അന്വേഷണ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ ഡൊമനിക്കിനെ സഹായിക്കുന്നതും പൊലീസ് ബുദ്ധിയാണ്. സി.ഐ. വിവേക്, സി.ഐ. ഹരിശങ്കർ, സിഐ ഡൊമനിക്ക് ഈ മൂന്നു കഥാപാത്രങ്ങളിലും പൊതുവായിട്ടുള്ള ഒരു കാര്യം മൂന്നു പേരും അവരുടെ ഭൂതകാലത്ത് ചെയ്ത തെറ്റുകളുടെ പേരിൽ അച്ചടക്ക നടപടികൾ നേരിട്ടവരും രണ്ടാം വരവിൽ കൂടുതൽ കരുത്തോടെ അവരവരുടെ കർമ്മ മണ്ഡലങ്ങളിൽ സജീവമാകാൻ ശ്രമിക്കുന്നവരുമാണ്. ‘കണ്ണൂർ സ്ക്വാഡി’നും ‘ഉണ്ട’യ്ക്കും ശേഷം മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായൊരു കുറ്റാന്വേഷണ വേഷമാണ് ഡൊമനിക്കിലേത്.

മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമായി ടൊവീനോയുടെ ‘നരിവേട്ട’
റിലീസിനു തയാറെടുക്കുന്ന മറ്റൊരു പൊലീസ് ചിത്രം ടൊവീനോ തോമസ് നായകനായി എത്തുന്ന പൊളിറ്റിക്കൽ ത്രില്ലർ നരിവേട്ടയാണ്. ഇഷ്കിന്റെ സംവിധായകൻ അനുരാജ് മനോഹർ ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നുവെന്ന പ്രത്യേകതയും ‘നരിവേട്ട’യ്ക്കുണ്ട്. ‘കല്ല്യാശ്ശേരി തീസിസ്’ എന്ന ആദ്യ കഥാസമാഹരത്തിലൂടെ കേരള-കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരങ്ങൾ നേടിയ അബിൻ ജോസഫാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ചിത്രത്തിന്റെ ഡബ്ബിങ് വരെയുള്ള പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ പൂർത്തിയാക്കി കഴിഞ്ഞു. ടൊവീനോ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ‘നരിവേട്ട’ മികച്ചൊരു പൊളിറ്റിക്കൽ ത്രില്ലറായി മാറുമെന്നു പ്രതീക്ഷിക്കാം.

മറവികൾക്കെതിരായ ഓർമയുടെ പോരട്ടമെന്നാണ് നരിവേട്ടയെ പായ്ക്കപ്പ് ദിനത്തിൽ അണിയറ പ്രവർത്തകർ വിശേഷിപ്പിച്ചത്. ടൊവീനോയ്ക്കൊപ്പം തമിഴ് നടനും സംവിധായകനുമായ ചേരൻ, സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണൻ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ടൊവീനോ പൊലീസ് വേഷത്തിലെത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ പോയ വർഷത്തെ ഹിറ്റ് സിനിമകളുടെ പട്ടികയിൽ ഇടം നേടിയിരുന്നു.