ADVERTISEMENT

സ്വപ്നങ്ങളേക്കാള്‍ ഉയരത്തില്‍ സ്വപ്നം കാണുകയും അത് യാഥാർഥ്യമാക്കാന്‍ അതിതീവ്രമായി ശ്രമിക്കുന്നവരാണ് യഥാർഥ വിജയികളെന്ന് ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്‌റ്റോട്ടില്‍ പറഞ്ഞിട്ടുണ്ട്. മലയാളത്തില്‍ അത്തരം സ്വപ്നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിക്കുന്നവര്‍ വിരളമാണ്. സ്റ്റീരിയോടൈപ്പ് പടങ്ങളിലൂടെ സേഫ് ഗെയിം കളിക്കാനാണ് പല താരങ്ങള്‍ക്കും ഇഷ്ടം. വല്ലപ്പോഴും ഒരിക്കല്‍ വഴി മാറി നടത്തത്തിന് ശ്രമിക്കാറുണ്ട് അപൂര്‍വം ചിലര്‍.

prithviraj

എന്നാല്‍ പഴയവഴികള്‍ പാടെ അടച്ച് പുതിയ വഴി വെട്ടിത്തുറക്കണമെന്ന ദിശാബോധം നമുക്ക് നഷ്ടപ്പെട്ട അന്നു മുതല്‍ നമ്മുടെ സിനിമകള്‍ പരാജയ കണക്കുകള്‍ പറഞ്ഞു തുടങ്ങി. ചര്‍വിതചര്‍വണം ചെയ്യപ്പെട്ട പ്രമേയങ്ങളും ക്ലീഷേ എന്ന വാക്കിന് പോലും അപമാനമാംവിധം ക്ലീഷേകള്‍ കുത്തിനിറച്ച ആഖ്യാനരീതികള്‍ക്കുമപ്പുറം സിനിമ എന്ന മാധ്യമത്തിന്റെ വിശാലസാധ്യതകളെക്കുറിച്ച് പലര്‍ക്കും അറിയില്ല. അബദ്ധങ്ങളില്‍ നിന്ന് പാഠം പഠിക്കാനും ഇവര്‍ക്ക് താത്പര്യമില്ല. ലോകസിനിമയിലെ പുതിയ മാറ്റങ്ങള്‍ അറിയാത്ത ഇവര്‍ തങ്ങള്‍ ചിന്തിക്കുന്നതും പറയുന്നതും പ്രവര്‍ത്തിക്കുന്നതും മാത്രമാണ് ശരിയെന്ന് ധരിക്കുന്നു. ഈ ജനുസില്‍ നിന്ന് അപ്പാടെ വേറിട്ട് നില്‍ക്കുന്നു പൃഥ്വിരാജ് എന്ന ആക്ടര്‍-പ്രൊഡ്യൂസര്‍-ഡയറക്ടര്‍.

പൃഥ്വിരാജ് സുകുമാരൻ
പൃഥ്വിരാജ് സുകുമാരൻ

2006ല്‍ അതായത് 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ 23-ാം വയസ്സില്‍ അനുവദിച്ച ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 'എന്റെ ഏറ്റവും വലിയ സ്വപ്നം എന്ന് പറയുന്നത് മലയാള സിനിമയുടെ അംബാസിഡര്‍ഷിപ്പാണ്. ഞാന്‍ കാരണം മലയാള സിനിമ നാലു പേര്‍ കൂടുതലറിഞ്ഞാല്‍ അതാണ് എന്റെ ഏറ്റവും വലിയ നേട്ടം. എനിക്ക് തമിഴിലും തെലുങ്കിലും ഹിന്ദിയിലും എല്ലാം അഭിനയിക്കണം. അവിടത്തെ ഒരു വലിയ താരത്തിന്റെ പടം റിലീസ് ചെയ്യുന്ന ദിവസം എതിരെ നമ്മുടെ ഒരു പടവും റിലീസ് ചെയ്യാന്‍ പാകത്തില്‍ അവിടങ്ങളിലൊക്കെ നമുക്ക് സ്വീകാര്യതയുണ്ടാവണം.'

പടിപടിയായി അദ്ദേഹം ആ സ്വപ്നങ്ങളിലേക്ക് നടന്നു കയറി. മണിരത്‌നത്തിന്റെ ‘രാവണ്‍’ അടക്കമുളള പാന്‍ ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച് തുടങ്ങിയ പൃഥ്വി ഇന്ന് രാജ്യത്തിനുമപ്പുറം ലോകം ശ്രദ്ധിക്കുന്ന ചലച്ചിത്ര സംവിധായകരിലൊരാളായി വളര്‍ന്നത് ‘ലൂസിഫര്‍’ എന്ന കേവലം ഒരു സിനിമകൊണ്ട്. എമ്പുരാന്‍ റിലീസാകുന്നതോടെ ആ തേരോട്ടം അതിന്റെ ലക്ഷ്യത്തിലെത്തുമെന്ന് വ്യാപകമായി പ്രതീക്ഷിക്കപ്പെടുന്നു. അത്രയ്ക്ക് വലിയ ഹൈപ്പാണ് സിനിമയുടെ ടീസര്‍ നല്‍കിയിരിക്കുന്നത്. 

ലീക്കായ വിഡിയോയിൽ നിന്നുള്ള ദൃശ്യം, പൃഥ്വിരാജ് സുകുമാരൻ
ലീക്കായ വിഡിയോയിൽ നിന്നുള്ള ദൃശ്യം, പൃഥ്വിരാജ് സുകുമാരൻ

നടന്‍ എന്ന നിലയിലും സമാനമായ ദൗത്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു പൃഥ്വിയെ നമുക്ക് കാണാം. ‘ആടുജീവിതം’ അതിന്റെ മുന്നോടിയാണ്. അറബ് നാടുകളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു കഥയും ഒപ്പം ലോകത്ത് ആകമാനമുളള പ്രേക്ഷകര്‍ക്ക് കണക്ടാവുന്ന തരം ക്യാരക്ടറൈസേഷനും കോണ്‍സപ്റ്റും കൊണ്ട് പൃഥ്വി ഒരു മലയാള സിനിമയുടെ പരിമിതികള്‍ക്കപ്പുറത്തുളള ഒരു ചലച്ചിത്രത്തിന് നിമിത്തമായി. അത്തരമൊരു പ്രോജക്ടുമായി സമീപിച്ചപ്പോള്‍ അതിന്റെ സാധ്യതകള്‍ കൃത്യമായി തിരിച്ചറിഞ്ഞ് ഓപ്പൺ ഡേറ്റ് നല്‍കുകയാണ് പൃഥ്വി ചെയ്തത്.

പൃഥ്വിരാജ് സുകുമാരൻ
പൃഥ്വിരാജ് സുകുമാരൻ

എന്തുകൊണ്ട് പൃഥ്വി വ്യത്യസ്തനാകുന്നു?

അമ്മാവന്‍ വൈബുകാര്‍ പടച്ചുവിടുന്ന അരിപ്പൊടി കോമഡികളില്‍ നിന്ന് ഇനിയും മോചനം ലഭിച്ചിട്ടില്ലാത്ത മലയാള സിനിമയില്‍ പൃഥ്വി വേറിട്ടു നില്‍ക്കുന്നത് ആഗോള സിനിമകളെക്കുറിച്ചും വിപണനസാധ്യതകളെക്കുറിച്ചും മികച്ച ധാരണകളുളള വ്യക്തി എന്ന നിലയിലാണ്. ഒരു നടന്‍/സംവിധായകന്‍ എന്നതിനപ്പുറം നിര്‍മ്മാതാവ് എന്ന നിലയിലും പൃഥ്വിക്ക് ഇന്‍ഡസ്ട്രിയുടെ പരിമിതികളെക്കുറിച്ചും ഒപ്പം സാധ്യതകളെക്കുറിച്ചും നന്നായറിയാം. ‘കാന്താര’ എന്ന കന്നട സിനിമയുടെ പ്രിവ്യൂ കണ്ട പൃഥ്വി ആ ചിത്രം തന്റെ കമ്പനി വഴി കേരളത്തിലെത്തിക്കാനും അത് മലയാളത്തില്‍ ഡബ്ബ് ചെയ്തിറക്കാനും തീരുമാനിക്കുന്നു. സിനിമ ഒരു ഒറിജിനല്‍ മലയാള പടത്തിന് സമാനമായ കലക്‌ഷന്‍ നേടി ചരിത്രമായി. ഇത്തരം തിരിച്ചറിവുകളും ദീര്‍ഘവീക്ഷണങ്ങളും കൂടി ചേര്‍ന്നതാണ് പൃഥ്വിരാജ്.

prithviraj-empuran

ആദ്യസംവിധാന സംരംഭവുമായി വന്നപ്പോഴും മലയാളത്തിന്റെ അതിരുകളില്‍ ഒതുങ്ങി നില്‍ക്കുന്ന സിനിമയല്ല അദ്ദേഹം മനസില്‍ കണ്ടത്. ഏത് ദേശത്തുളളവര്‍ക്കും പെട്ടെന്ന് കണക്ടാവുന്ന യൂണിവേഴ്‌സല്‍ അപ്രോച്ചുളള സിനിമ. ഗ്ലോബല്‍ വിഷനുളള ഒരാള്‍ക്ക് മാത്രമേ ഈ തലത്തില്‍ ചിന്തിക്കാന്‍ കഴിയു. നേറ്റിവിറ്റിയുടെ പരിമിതിയില്ലാത്ത വളരെ യുണീക്കായ സബ്ജക്ടുകള്‍ കണ്ടെത്തി പാന്‍ ഇന്ത്യന്‍ പ്രൊജക്ടുകള്‍ക്ക് രൂപം നല്‍കുന്ന പൃഥ്വി ആഗോള സ്വീകാര്യത ലഭിക്കുന്ന ട്രീറ്റ്‌മെന്റ് സിനിമയ്ക്ക് നല്‍കാനും ശ്രദ്ധിക്കുന്നു. ‘ലൂസിഫര്‍’ ഒരു പരിധിവരെ ഈ വിശാല സ്വീകാര്യതയുളള മേക്കിങ് സ്‌റ്റൈല്‍ കൊണ്ട് ശ്രദ്ധേയമായിരുന്നെങ്കില്‍ ‘എമ്പുരാന്‍’ എന്ന സിനിമയുടെ ടീസര്‍ മുതല്‍ ഒരു ഹോളിവുഡ് ചിത്രത്തിന്റെ ലുക്കും അപ്പിയറന്‍സും നിലനിര്‍ത്തുന്നു. 

mallika-sukumaran-prithviraj-23

ബജറ്റ് സംബന്ധമായ പരിമിതികളുണ്ടെങ്കിലും അവയെല്ലാം മറികടന്ന് നാം ഇനി മത്സരിക്കേണ്ടത് ലോക സിനിമകളോടാണെന്ന ഉത്തമബോധ്യമുളള ഒരു സംവിധായകനെ പൃഥ്വിരാജില്‍ കാണാം. അതേ സമയം നമ്മുടെ നാടിന്റെ  ആസ്വാദനശീലങ്ങള്‍ക്ക് ഇണങ്ങുന്ന ‘ബ്രോ ഡാഡി’ എന്ന സിനിമ ഒരുക്കി വിജയിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 

താരങ്ങളുടെ സംവിധാന മോഹം

നടന്‍മാര്‍ സംവിധാന മേഖലയിലേക്ക് പ്രവേശിക്കുന്നതും കാലിടറുന്നതും വിജയിക്കുന്നതുമെല്ലാം സിനിമയില്‍ സര്‍വസാധാരണമാണ്. ഷീലയും വേണു നാഗവളളിയും ഭരത് ഗോപിയും നെടുമുടി വേണുവും കലാഭവന്‍ ഷാജോണും സലിംകുമാറും ശ്രീനിവാസനും രാജന്‍ പി ദേവും  മോഹന്‍ലാലും ക്യാപ്ടന്‍ രാജുവും ബാബുരാജും ഭീമന്‍ രഘുവും സലിംബാവയും വരെ ക്രിയാത്മകമായി സിനിമയില്‍ തങ്ങള്‍ക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന് പരീക്ഷിക്കുകയും അതിന്റെ ഫലം അനുഭവിച്ചറിയുകയും ചെയ്തു. ബാലചന്ദ്രമേനോനാകട്ടെ സംവിധാനത്തില്‍ തുടങ്ങി പിന്നീട് നടനായതാണ്. 

ഒരു സിനിമയെങ്കിലും സംവിധാനം ചെയ്യുക എന്നത് നടന്‍ സുകുമാരന്റെ ദീര്‍ഘകാല സ്വപ്നമായിരുന്നു. ആദ്യസംവിധാന സംരംഭത്തിന്റെ തിരക്കഥ അടക്കം അദ്ദേഹം പുര്‍ത്തിയാക്കിയതുമാണ്. നിര്‍ഭാഗ്യവശാല്‍ കാലം സമയം അനുവദിച്ചുകൊടുത്തില്ല. 

മല്ലിക സുകുമാരൻ കുടുംബ സമേതം
മല്ലിക സുകുമാരൻ കുടുംബ സമേതം

അറുനൂറിലധികം സിനിമകളില്‍ നായകവേഷം കെട്ടിയ പ്രേംനസീറിന്റെയും വലിയ മോഹമായിരുന്നു സംവിധായക പദവി. അതിനായി അദ്ദേഹം മോഹന്‍ലാലിനോട് ഡേറ്റ് ചോദിക്കുകയും ശ്രീനിവാസനുമായി കഥ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. നസീറിന്റെയും അപ്രതീക്ഷിത വിയോഗം മൂലം ആ സ്വപ്നം യാഥാർഥ്യമായില്ല. എന്നാല്‍ പിന്നീട് ‘വരവേല്‍പ്പ്’ എന്ന പേരില്‍ ഇതേ കഥ സത്യന്‍ അന്തിക്കാട് സിനിമയാക്കി.

നസീറിന്റെ സമകാലികനായ മധു, ‘അസ്തമയം’ അടക്കം നിരവധി സിനിമകള്‍ സംവിധാനം ചെയ്ത് ആ കലയിലും താന്‍ മോശക്കാരനല്ലെന്ന് തെളിയിച്ചു. അഭിനയരംഗത്തെ തലതൊട്ടപ്പന്‍മാരില്‍ ഒരാളായ തിക്കുറിശ്ശി രചനയും സംവിധാനവും നിര്‍വഹിച്ച നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ട്. പലതും വിപണന വിജയം നേടിയിട്ടുമുണ്ട്. അടൂര്‍ ഭാസിയുടെയും വലിയ ആഗ്രഹമായിരുന്നു ഒരു പടം സംവിധാനം ചെയ്യുക എന്നത്. അദ്ദേഹം ആദ്യവും അവസാനവുമായി ഒരുക്കിയ ‘അച്ചാരം അമ്മിണി ഓശാരം ഓമന’ എന്ന പടം തിയറ്ററില്‍ നിറഞ്ഞോടിയെങ്കിലും ആ രംഗത്ത് തുടരാന്‍ അദ്ദേഹത്തിനും നിര്‍മ്മാതാക്കള്‍ക്കും താത്പര്യമുണ്ടായില്ല. 

prithvi-lal

ഷീല ഡബിള്‍ റോളില്‍ അഭിനയിച്ച ചിത്രം രണ്ട് യൂണിറ്റായി തിരിച്ചാണ് ഷൂട്ട് ചെയ്തത്. സെക്കന്‍ഡ് യൂണിറ്റ് നയിച്ചത് വിഖ്യാത സംവിധായകനും ഛായാഗ്രഹകനുമായ എ.വിന്‍സന്റായിരുന്നു. ഈ ചിത്രത്തില്‍ വിന്‍സന്റിന്റെ സഹായിയായി നിന്നാണ് പിന്നീട് മലയാള സിനിമയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത ഫാസില്‍ സംവിധാനകലയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. 

‘ശിഖരങ്ങള്‍’ ഒരുക്കിയ ഷീലയാണ് യഥാര്‍ത്ഥത്തില്‍ സംവിധായകക്കുപ്പായം അണിഞ്ഞ ആദ്യനടി. എന്നാൽ ആദ്യത്തെ സംവിധായിക എന്ന നിലയില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചത് വിജയ നിര്‍മ്മലയായിരുന്നു. ‘കാറ്റ് വിതച്ചവന്‍’ എന്ന സിനിമ അവരുടെ പേരില്‍  സംവിധാനം ചെയ്തത് ഐ.വി.ശശിയായിരുന്നു. പ്രഖ്യാതമായ സിനിമകള്‍ ഒരുക്കിയ പല നടന്‍മാരുടെയും സംവിധാന വൈഭവത്തിന് പിന്നില്‍ മലയാളത്തിലെ കൈത്തഴക്കം വന്ന ചില സഹസംവിധായകര്‍ ഉണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. 

tovino-thomas-prithviraj

സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ ഒരേ റൂട്ടിലോടുന്ന വണ്ടിയാണെന്ന് പരിഹസിച്ച സലിംകുമാര്‍ ചെയ്ത രണ്ട് പടങ്ങളും സംവിധാനകലയില്‍ അദ്ദേഹത്തിന്റെ പരിമിതികള്‍ വെളിപ്പെടുത്തുന്നതായിരുന്നു. അതേസമയം മലയാളത്തില്‍ ഏറ്റവും റിപ്പീറ്റ് വാല്യുവുളള സംവിധായകനായി നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷവും സത്യന്‍ അന്തിക്കാട് നിലനില്‍ക്കുന്നു. സമകാലികരായ സംവിധായകര്‍ കൂട്ടത്തോടെ വിരമിച്ചിട്ടും ന്യൂജന്‍ സംവിധായകര്‍ക്കൊപ്പം ‘ഹൃദയപൂര്‍വം’ എന്ന പുതിയ പടം ഒരുക്കുന്നതിന്റെ തിരക്കിലാണ് സത്യന്‍.  സംവിധാനം നിസാരമല്ല എന്ന് അനുഭവം കൊണ്ട് തന്നെ പല താരങ്ങളും മനസിലാക്കുകയും അവര്‍ക്കൊപ്പം പ്രേക്ഷകരും തിരിച്ചറിഞ്ഞു. സഹസംവിധായകരായി ഫിലിം കരിയര്‍ ആരംഭിച്ച ദിലീപും ഷൈന്‍ ടോം ചാക്കോയും നാളിതുവരെ സംവിധായകക്കുപ്പായം അണിഞ്ഞിട്ടില്ല. അതേസമയം ജോജു ജോര്‍ജ് ഒരുക്കിയ ‘പണി’ എന്ന സിനിമ സംവിധാനം എന്ന പണി അദ്ദേഹത്തിന് വഴങ്ങുമെന്ന് തെളിയിച്ചു.

അലംകൃത സുപ്രിയയ്ക്കൊപ്പം, മകൾക്കൊപ്പം പൃഥ്വിരാജും സുപ്രിയയും (Photo: Instagram: @supriyamenonprithviraj)
അലംകൃത സുപ്രിയയ്ക്കൊപ്പം, മകൾക്കൊപ്പം പൃഥ്വിരാജും സുപ്രിയയും (Photo: Instagram: @supriyamenonprithviraj)

എന്തുകൊണ്ട് സംവിധാന രംഗത്തേക്ക് കടക്കുന്നില്ല എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടി നല്‍കിയ മറുപടിയില്‍ അദ്ദേഹത്തിന്റെ പ്രായോഗിക ബുദ്ധി ഒളിമിന്നുന്നു. 'അറിയാവുന്ന പണി ചെയ്താല്‍ പോരേ? അഭിനയം പോലും പൂര്‍ണ്ണമായി പഠിച്ചു കഴിഞ്ഞെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പിന്നെയാണ് സംവിധാനം'! ഏതായാലും പാര്‍വതി തെരുവോത്തും  ഇന്ദ്രജിത്തും അടക്കം നിരവധി താരങ്ങള്‍ തങ്ങളുടെ സംവിധാന മോഹം പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. 

ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പിന്നിലേക്ക്

പൃഥ്വിരാജിനെ സംബന്ധിച്ച് കുറെയധികം പടങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. ഇനി കുറച്ച് സംവിധാനമാകാം എന്ന മട്ടില്‍ ഡയറക്ടറുടെ മെഗാഫോണ്‍ കയ്യിലേന്തുകയായിരുന്നില്ല. മറിച്ച് അദ്ദേഹം സംവിധായകനാകാന്‍ വേണ്ടി ജനിച്ചയാളാണെന്ന് മനസിലാക്കാന്‍ ‘ലൂസിഫര്‍’ എന്ന സിനിമയുടെ മേക്കിങ് രീതി മാത്രം ശ്രദ്ധിച്ചാല്‍ മതി. പല സംവിധായകരും അഭിനയം പോലെ സമ്മർദ്ദരഹിതമായ ദൗത്യത്തിലേക്ക് ചുവടു മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് കോടികളുടെ മൂല്യമുളള പൃഥ്വിരാജ് എന്ന താരം സംവിധാനം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി വര്‍ഷങ്ങള്‍ ചിലവിടുന്നത്. അഭിനയിക്കാനുളള നിരവധി പ്രോജക്ടുകള്‍ മാറ്റി വച്ചാണ് അദ്ദേഹം ‘ലൂസിഫര്‍’, ‘ബ്രോ ഡാഡി’, ഇപ്പോള്‍ ‘എമ്പുരാന്‍’ എന്നിങ്ങനെ മൂന്ന് സിനിമകള്‍ ഒരുക്കിയത്. വന്‍വിപണനമൂല്യമുളള താരമായിരിക്കെ തീവ്രമായ പാഷനില്ലാത്ത ഒരാളും ഇങ്ങനെയൊരു റിസ്‌കെടുക്കില്ല. 

പൃഥ്വിരാജ് സുകുമാരൻ  (Photo: JOSEKUTTY PANACKAL / MANORAMA)
പൃഥ്വിരാജ് സുകുമാരൻ (Photo: JOSEKUTTY PANACKAL / MANORAMA)

പെട്ടെന്നുണ്ടായ മോഹാവേശത്തില്‍ സംവിധായകനായ വ്യക്തിയല്ല പൃഥ്വിരാജ്. ദശകങ്ങളുടെ മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും അതിന് പിന്നിലുണ്ട്. കേവലം ആഗ്രഹം കൊണ്ട് മാത്രം വഴങ്ങുന്ന ഒന്നല്ല സംവിധാനം എന്ന പ്രാഥമികമായ തിരിച്ചറിവ് അദ്ദേഹത്തിനുണ്ട്. തുടക്കകാലം മുതല്‍ അഭിനയിക്കുന്ന സിനിമകളുടെ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും തിരക്കഥാ രചന മുതലുളള പ്രക്രിയകളില്‍ ഭാഗഭാക്കാകുകയും ഒരു സിനിമയുടെ നിര്‍മ്മാണ പ്രക്രിയയില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യവും വ്യക്തവുമായി മനസിലാക്കിയിരുന്നു പൃഥ്വിരാജ്. 

 പൃഥ്വിരാജ്
പൃഥ്വിരാജ്

ഛായാഗ്രഹകനോട് ഓരോ ലെന്‍സുകളെക്കുറിച്ചും ക്യാമറാ ആംഗിളുകളെക്കുറിച്ചും മൂവ്‌മെന്റ്‌സിനെക്കുറിച്ചും ചോദിച്ചു മനസിലാക്കുന്ന ഒരു പൃഥ്വിയുണ്ടായിരുന്നു. ‘പുതിയ മുഖം’, ‘എന്ന് സ്വന്തം മൊയ്തീന്‍’ എന്നീ സിനിമകളുടെ പിന്നില്‍ പൃഥ്വിയുടെ ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടായിരുന്നെന്ന് അക്കാലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതെല്ലാം സംവിധായകനാകാനുളള മുന്നൊരുക്കങ്ങളുടെ ഭാഗമാവാം.

ഈ സിനിമകളൊക്കെ തന്നെ വന്‍വിജയം നേടിയപ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർധിച്ചിരിക്കാം. എന്തായാലും സംവിധാനം എന്ന പ്രക്രിയയുടെ അലകും പിടിയും മനസ്സിലാക്കിയ ശേഷമാണ് അദ്ദേഹം ആദ്യ സംരംഭത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത് തന്നെ.

ആസിഫ് അലി, പൃഥ്വിരാജ്. (Picture courtesy: facebook/Asif Ali Girls Fans Club and L4 LANVENDER MEDIA)
ആസിഫ് അലി, പൃഥ്വിരാജ്. (Picture courtesy: facebook/Asif Ali Girls Fans Club and L4 LANVENDER MEDIA)

സമീപകാലത്ത് ഒരു പൊതുചടങ്ങില്‍ വച്ച് അദ്ദേഹം ഷാജി കൈലാസിന്റെ കാലു തൊട്ട് അനുഗ്രഹം വാങ്ങിയത് ഏറെ വിവാദമായിരുന്നു. ഇതിന് പൃഥ്വി നല്‍കിയ വിശദീകരണം ശ്രദ്ധേയമായിരുന്നു. സംവിധായകന്റെ ടെക്‌നിക്കല്‍ ബ്രില്യന്‍സിനെക്കുറിച്ച് താന്‍ പഠിച്ച ഗുരുക്കന്‍മാരില്‍ ഒരാളാണ് ഷാജി കൈലാസെന്ന് പറഞ്ഞ പൃഥ്വി, ജോഷി, മന്‍മോഹന്‍ ദേശായി, ഐ.വി.ശശി തുടങ്ങിയ പേരുകളും പരാമര്‍ശിച്ചു. സമീപകാലത്ത് അദ്ദേഹം പറഞ്ഞ മര്‍മ്മപ്രധാനമായ ഒരു വസ്തുതയുണ്ട്. സംവിധാനത്തെക്കുറിച്ച് പലര്‍ക്കുമുളള അജ്ഞതയുടെയും പൃഥ്വിക്കുളള മികച്ച ധാരണയുടെയും സാക്ഷ്യപത്രമായിരുന്നു ആ പ്രസ്താവന. 

supriya-prithviraj

എത്ര ഗഹനമായ പ്രമേയം ഉള്‍ക്കൊളളുന്ന സിനിമയാണെങ്കിലും നാലോ അഞ്ചോ കഥാപാത്രങ്ങളെ അണിനിരത്തി ഒരു ഫെസ്റ്റിവല്‍ ചിത്രം ഒരുക്കുന്നതിന്റെ നൂറ് മടങ്ങ് ശ്രമകരവും സാങ്കേതികജ്ഞാനവും കഴിവും ആവശ്യപ്പെടുന്ന ഒന്നാണ് ‘ലൂസിഫറും’ ‘എമ്പുരാനും’ പോലെ ഒരു പടം ചെയ്യുന്നതെന്നായിരുന്നു ഭാഷ്യം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇതേ പ്രസ്താവന ഐ.വി.ശശിയുടെ ഭാഗത്തു നിന്നുമുണ്ടായി. ക്ലാസ് ചിത്രങ്ങള്‍  ചെയ്യുന്നതിലും ഏറെ വിഷമകരമായ പ്രക്രിയയാണ് വലിയ ക്യാന്‍വാസില്‍ ബിഗ്ബജറ്റ് മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ ഒരുക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. രണ്ട് ജനുസിലുമുളള സിനിമകള്‍ ഒരുക്കി വിജയം കണ്ടെത്തിയ ചലച്ചിത്രകാരനാണ് ശശി.

ചലച്ചിത്ര വിസ്മയമായ് എമ്പുരാന്‍

ചലച്ചിത്ര ദ്വയങ്ങളുടെ (ചിലപ്പോള്‍ ത്രയമാകാമെന്നും പറയപ്പെടുന്നു) ആദ്യഭാഗമായ ലൂസിഫര്‍ തന്നെ പൃഥ്വിരാജിലെ മികച്ച ഫിലിം മേക്കറെ അടയാളപ്പെടുത്തിയിരുന്നു. അസാധാരണത്വം അവകാശപ്പെടാവുന്ന ഒന്നല്ല ലൂസിഫറിന്റെ തിരക്കഥ. എന്നാല്‍ അതിന്റെ വിഷ്വല്‍ മൗണ്ടിങ് സമാനതകളില്ലാത്തതാണ്. നൂറു കണക്കിന് സിനിമകള്‍ ഒരുക്കി പരിചയമുളള ചലച്ചിത്രകാരന്‍മാര്‍ക്ക് സമാനമായ കയ്യടക്കത്തോടെയും കയ്യൊതുക്കത്തോടെയുമാണ് ദൃശ്യാഖ്യാനം നിര്‍വഹിച്ചിട്ടുളളത്. സാങ്കേതിക മേന്മയില്‍ സിനിമ പുലര്‍ത്തുന്ന പൂർണത സമാനതകളില്ലാത്തതാണ്. ഫ്രെയിം കോംപസിഷന്‍, ലൈറ്റിങ്, കളറിങ്, ക്യാമറാ മൂവ്‌മെന്റസ്, പേസ്, റിഥം, എഡിറ്റിങ് പാറ്റേണ്‍, ഓഡിയോ ഡിസൈന്‍... എന്നിങ്ങനെ സമസ്ത തലങ്ങളിലും സിനിമ സമുന്നത നിലവാരം പുലര്‍ത്തി. ആകത്തുകയുടെ പെര്‍ഫക്ഷനാണ് ഒരു സംവിധായകന്റെ മികവിന്റെ മൂല്യനിര്‍ണ്ണയം നടത്തുന്നതിലെ മാനദണ്ഡമെങ്കില്‍ പൃഥ്വിരാജ് ഒരു നമ്പര്‍ വണ്‍ ഫിലിം മേക്കറാണെന്ന് പറയേണ്ടി വരും. 

alankritha-prithviraj

ലൂസിഫറിന് വളരെ മുകളില്‍ നില്‍ക്കുന്ന വിഷ്വല്‍ ട്രീറ്റ് എന്ന നിലയിലാണ് എമ്പുരാന്‍ കണ്‍സീവ് ചെയ്തതും ഡിസൈന്‍ ചെയ്തതും ഇപ്പോള്‍ മേക്ക് ചെയ്തിരിക്കുന്നതും. അതുകൊണ്ട് തന്നെ ഈ സിനിമയെക്കുറിച്ചുളള പ്രതീക്ഷ വാനോളമുയര്‍ന്നതാണ്. ടീസര്‍ റിലീസ് അത്തരം പ്രതീക്ഷകളെ അതിന്റെ പാരമ്യത്തിലെത്തിച്ചിരിക്കുന്നു. മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ സാന്നിധ്യവും പൃഥ്വിരാജ്, ടൊവീനോ, മഞ്ജു വാരിയർ എന്നിവരുടെ സ്‌ക്രീന്‍ പ്രസന്‍സും കൂടി ചേരുമ്പോള്‍ സിനിമ ഒരു മഹാവിജയത്തിലേക്കാണ് നീങ്ങുന്നതെന്ന് വ്യാപകമായി പ്രതീക്ഷിക്കപ്പെടുന്നു.

ഇതൊക്കെയാണെങ്കിലും ‘എമ്പുരാന്‍’ ആത്യന്തികമായും അടിസ്ഥാനപരമായും ഒരു പൃഥ്വിരാജ് സുകുമാരന്‍ സിനിമ തന്നെയായിരിക്കും എന്നാണ് പൊതുവെയുളള വിലയിരുത്തല്‍. സിനിമയുടെ ആകത്തുകയിലുളള പൃഥ്വി ടച്ചാണ് ഒരു കാരണം. മറ്റൊന്ന് പല വലിയ താരങ്ങളൂടെയും സമീപകാല സിനിമകള്‍ കൂട്ടത്തോടെ പരാജയപ്പെട്ടതിന് പിന്നിലെ മുഖ്യകാരണം സിനിമ തീരെ എന്‍ഗേജിങ് അല്ലെന്നും എന്റര്‍ടൈനിങ് ആയിരുന്നില്ലെന്നതുമാണ്. ഈ രണ്ട് ഘടകങ്ങളെയും എങ്ങനെ സിനിമയില്‍ സമര്‍ത്ഥമായി ബ്ലന്‍ഡ് ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുളള ആളാണ് പൃഥ്വിരാജ്. ‘ലൂസിഫര്‍; മാത്രമല്ല കൊവിഡ് കാലത്ത് അദ്ദേഹം ഒരുക്കിയ ചെറിയ സ്‌കെയിലിലുളള ‘ബ്രോ ഡാഡി’ എന്ന പടം പോലും മുഷിവില്ലാതെ കണ്ടിരിക്കാവുന്ന ആഘോഷസമാനമായ സിനിമയായിരുന്നു. ‘എമ്പുരാനി’ല്‍ ഈ ഘടകങ്ങള്‍ അതിന്റെ പാരമ്യതയില്‍ എത്തുമ്പോള്‍ ഒരു കേവല വിജയം മാത്രമല്ല സംഭവിക്കുന്നത്. അതിലുപരി ഒരു മലയാള സിനിമ രാജ്യമെങ്ങും തരംഗം സൃഷ്ടിക്കുന്നതിനൊപ്പം ആഗോളതലത്തിലും ചര്‍ച്ച ചെയ്യപ്പെടും എന്നാണ് ഇതുവരെയുളള ചുവടുകള്‍ വ്യക്തമാക്കുന്നത്. 

prithviraj-33

വഴിമാറി സഞ്ചരിച്ച ഏകാകി

പൃഥ്വിരാജ് ഒരു ഒറ്റയാനെന്നും നിലപാടുകളുടെ രാജകുമാരനെന്നുമെല്ലാം അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നും ഇന്നും സൗഹൃദങ്ങളില്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തുന്നയാളാണ് പൃഥ്വി. ടൊവീനോ അടക്കം പലര്‍ക്കും സിനിമയിലേക്കുളള വഴി തുറന്നുകൊടുത്തത് പൃഥ്വിയാണ്. സിനിമയില്‍ താന്‍ മാത്രം മതി എന്ന് ചിന്തിക്കുന്നവര്‍ക്കിടയില്‍ എല്ലാവരും വേണം എന്ന് വിളിച്ചു പറയുന്ന കൂട്ടത്തിലാണ് അദ്ദേഹം.  

prithviraj-3

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തമിഴ് ടിവി ചാനലിന് അനുവദിച്ച  അഭിമുഖത്തില്‍ പൃഥ്വി സിനിമാസ്പര്‍ശമുളള തന്റെ ബാല്യത്തെക്കുറിച്ചും സിനിമയില്‍ പിച്ച വച്ച കാലത്തെക്കുറിച്ചും സരസമായി സംസാരിക്കുകയുണ്ടായി. അഭിമുഖങ്ങളില്‍ പൊതുവെ ബലം പിടിച്ച് സംസാരിക്കാറുളള പൃഥ്വിയില്‍ നിന്ന് വേറിട്ട ഒരു പൃഥ്വി. 'അച്ഛനും അമ്മയും ഇത്രയും മക്കളും ഇത്രയും അറിയപ്പെടുന്ന താരങ്ങളായിട്ടും ഞങ്ങളുടെ ഒരു ഹോള്‍ ഫാമിലി ഫോട്ടോ വീട്ടില്‍ ഉണ്ടായിരുന്നില്ല. അക്കാര്യത്തെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ഒരു മാഗസിന്‍കാര്‍ ചോദിച്ചപ്പോഴാണ് അങ്ങനെയൊരു സംഗതി ഇല്ലല്ലോയെന്ന് ഓര്‍ക്കുന്നത്. ഒന്നാമത് ഞങ്ങള്‍ ഓരോരുത്തരും പലയിടങ്ങളിലായതു കൊണ്ടും തിരക്കു കൊണ്ടുമാണിത് സംഭവിക്കാതെ പോയത്. പിന്നെ മാഗസിന്‍കാര്‍രോട് തന്നെ ഫോട്ടോയെടുക്കാന്‍ പറഞ്ഞു. പല സ്ഥലത്തു നിന്നും എല്ലാവരെയും വിളിച്ചു വരുത്തി ഫോട്ടോയെടുത്തു'

പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും
പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും

കുട്ടിയായിരിക്കുമ്പോള്‍ അവധിക്കാലത്ത് ഷൂട്ടിങ് സെറ്റില്‍ പോയതൊക്കെ ഇന്നും ഓര്‍മ്മയുണ്ട്. 1989 ലോ മറ്റോ ആണ്. കൊച്ചിയില്‍ ‘കാര്‍ണിവല്‍’ എന്ന പടത്തിന്റെ ഷൂട്ടിങ് നടക്കുന്നു. ഒറിജിനല്‍ കാര്‍ണിവല്‍ നടക്കുന്നിടത്താണ് ഷൂട്ടിങ്. മമ്മൂക്കയും അച്ഛനും ഒരുമിച്ച് അഭിനയിക്കുന്ന പടമാണ്. അമ്മയും ഞാനും ചേട്ടനും എല്ലാം കൂടി സെറ്റിലേക്ക് പോയി. അവിടെ ചെന്നപ്പോള്‍ മമ്മൂക്കയുടെ വൈഫും കുട്ടികളുമുണ്ട്. ദുൽഖര്‍ അന്ന് തീരെ ചെറിയ കുട്ടിയാണ്. ഞങ്ങളെല്ലാം കൂടി കളിച്ചതും കുസൃതി കാണിച്ച് ഓടി നടന്നതുമെല്ലാം ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്. 30 ദിവസത്തോളം അവിടെയുണ്ടായിരുന്നു. ഒരുപാട് മൃഗങ്ങളും സര്‍ക്കസും എല്ലാമുളള കുട്ടികളുടെ ഒരു ഇഷ്ടലോകം. അന്നൊന്നും സിനിമയെക്കുറിച്ചല്ല ചിന്ത. കളിക്കൂട്ടുകാര്‍ക്കൊപ്പമുളള ആ നിമിഷങ്ങള്‍ എങ്ങനെ ആഘോഷിക്കാം എന്നായിരുന്നു. 

പൃഥ്വിരാജ്
പൃഥ്വിരാജ്

ആഷിനെ അറിയില്ല; പക്ഷേ സുപ്രിയയെ അറിഞ്ഞു

‘‘എനിക്ക് ഏറ്റവും ആരാധനയുളള സംവിധായകരില്‍ ഒരാളാണ് മണിരത്‌നം സര്‍. അദ്ദേഹത്തിന്റെ  പടത്തില്‍ ഒരു ചെറിയ വേഷത്തിലെങ്കിലും അഭിനയിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. ‘രാവണ്‍’ എന്ന പടത്തിലേക്ക് അദ്ദേഹം എന്നെ തീരുമാനിക്കുമെന്ന് ആ സമയത്ത് എനിക്ക് സ്വപ്നം പോലും കാണാന്‍ കഴിയുമായിരുന്നില്ല. ഒരു ദിവസം എന്റെ ഫോണിലേക്ക് ഒരേ നമ്പറില്‍ നിന്ന് പലകുറി വിളികൾ വന്നു. പരിചയമില്ലാത്ത കോളുകൾ എടുക്കാറില്ലാത്തതു കൊണ്ട് ഞാന്‍ അറ്റന്‍ഡ് ചെയ്തില്ല. പിന്നീട് സന്തോഷ് ശിവന്റെ ഒരു സഹായി അന്ന് ഞാന്‍ അഭിനയിച്ചുകൊണ്ടിരുന്ന പടത്തിന്റെ ലൊക്കേഷനില്‍ വന്ന് മദ്രാസ് ടാക്കീസില്‍ നിന്ന് മണി സര്‍ വിളിച്ചിരുന്ന കാര്യം പറഞ്ഞു. അപ്പോഴാണ് പറ്റിയ അബദ്ധം മനസിലായത്. പിറ്റേന്ന് തന്നെ ഞാന്‍ ഓഫിസില്‍ പോയി അദ്ദേഹത്തെ കണ്ടു. അദ്ദേഹം കഥ പറഞ്ഞപ്പോഴൊന്നും ഇത്രയും പ്രാധാന്യമുളള കഥാപാത്രമാണെന്ന് കരുതിയില്ല. നായിക ആഷ് ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു. സര്‍..അതാരാ..? ഐശ്വര്യാ റായ് എന്ന് അദ്ദേഹം  പറഞ്ഞപ്പോഴാണ് അവരെ അങ്ങനെയാണ് അടുപ്പമുളളവര്‍ വിളിക്കുന്നതെന്ന് എനിക്ക് പിടികിട്ടിയത്.’’

പൃഥ്വിരാജ് സുകുമാരൻ
പൃഥ്വിരാജ് സുകുമാരൻ

എല്ലാവരും സഞ്ചരിക്കുന്ന പൊതുവഴികളില്‍ നിന്ന് മാറി നടന്ന ഒരു പൃഥ്വിയെയാണ് വിവാഹജീവിതത്തില്‍ പോലും നാം കണ്ടത്. പല താരങ്ങളും സമ്പന്നകുമാരിമാരെയും സഹതാരങ്ങളെയും വിവാഹം ചെയ്യുന്നതില്‍ നിര്‍വൃതി കണ്ടപ്പോള്‍ ബുദ്ധിപരമായി സമാനതലത്തില്‍ നില്‍ക്കുന്ന ജേണലിസ്റ്റായ ഒരു പെണ്‍കുട്ടിയെയാണ് പൃഥ്വി ജീവിതസഖിയായി കണ്ടെത്തിയത്. അഭിമുഖം ചെയ്യാന്‍ വന്ന സൂപ്രിയയുമായി തുടര്‍ന്ന സൗഹൃദം മറ്റൊരു തലത്തിലേക്ക് വഴിമാറിയതിനെക്കുറിച്ചും അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു. 'ശാന്താറാം എന്ന പുസ്തകം വായിച്ച എനിക്ക് മുംബൈയിലെ ചില സ്ഥലങ്ങളെക്കുറിച്ചുളള പരാമര്‍ശങ്ങള്‍ ഇഷ്ടപ്പെട്ടു. അന്ന് അവിടെയുളള ഏകസുഹൃത്ത് എന്ന നിലയില്‍ സുപ്രിയയെ വിളിച്ച് ആ സ്ഥലങ്ങള്‍ കാണാനുളള ആഗ്രഹം പറഞ്ഞു. സുപ്രിയയും ആ ബുക്ക് വായിച്ചിട്ടുണ്ട്. അങ്ങനെ ഞങ്ങള്‍ ഒരുമിച്ച് സ്ഥലങ്ങള്‍ കാണാന്‍ പോയി. പിന്നീട് രാജസ്ഥാനിലെ ഒരു കാട് കാണാന്‍ പോയ സന്ദര്‍ഭത്തില്‍ അവിടെ ഒരു ടെന്റില്‍ വച്ചാണ് സുപ്രിയയെ പ്രപ്പോസ് ചെയ്യുന്നത്. വന്യമൃഗങ്ങളൂടെ വിഹാരഭൂമിയായ കാടിന്റെ ഒത്തനടുവില്‍ വച്ച്'

പൃഥ്വിരാജ് സുകുമാരൻ
പൃഥ്വിരാജ് സുകുമാരൻ

രേവതിക്ക് ഒരു ബിഗ് താങ്ക്‌സ്

ഈ നേട്ടങ്ങളില്‍ ആരോടാണ് നന്ദി പറയാനുളളത് എന്ന ചോദ്യത്തിനും പൃഥ്വി കൃത്യമായ മറുപടി നല്‍കി. 'ഓസ്‌ട്രേലിയിലെ കോളജ് പഠനകാലത്ത് ഒരു സമ്മര്‍ വെക്കേഷന് നാട്ടില്‍ വന്നപ്പോഴാണ് എനിക്ക് ആദ്യ സിനിമയായ നന്ദനത്തിലേക്ക് അവസരം ലഭിക്കുന്നത്. ലൊക്കേഷനില്‍ ചെന്ന് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് വല്ലാതെ ബോറടിച്ചു തുടങ്ങി. ഞാന്‍ പുസ്തകവും വായിച്ച് സെറ്റിലിരിക്കും. ഇടക്ക് ഷോട്ട് റെഡി എന്ന് പറയുമ്പോള്‍ എണീറ്റ് പോകും. ഒരേ ഷോട്ട് തന്നെ പല ടേക്ക് എടുക്കും. ബോറടി സഹിക്കാതെ വന്നപ്പോള്‍ ഞാന്‍ നിര്‍ത്തി പോയാലോ എന്ന് വരെ ആലോചിച്ചു. എന്റെ അസ്വസ്ഥത നടി രേവതി ചേച്ചി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവര്‍ എന്നെ അടുത്തു വിളിച്ചിരുത്തി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി തന്നു. സിനിമയില്‍ എനിക്ക് ഒരു ബ്രൈറ്റ് ഫ്യൂച്ചറുണ്ടെന്ന് ആദ്യം പറയുന്നത് ചേച്ചിയാണ്. അവരോട് എന്നും നന്ദിയുണ്ട്.'

prithviraj-gokul-aadujeevitham02

ഏത് കാര്യത്തിലും ഏറ്റവും മികച്ചത് തനിക്കൊപ്പമുണ്ടാവണമെന്ന് ശഠിക്കാറുളള പൃഥ്വിയോട് അഭിമുഖത്തിന്റെ ഒടുവില്‍ അവതാരക ചോദിച്ചു, 'നിങ്ങള്‍ സംവിധാനം ചെയ്യുന്ന പടത്തില്‍ ആരായിരിക്കും ലീഡ് റോളില്‍ അഭിനയിക്കുക?' മറുപടി ഇങ്ങനെ: 'മോഹന്‍ലാലും മഞ്ജു വാരിയരും.' പൃഥ്വി വാക്ക് പാലിച്ചു. ആദ്യചിത്രമായ ലൂസിഫറില്‍ തന്നെ ഈ താരജോടികളെ വച്ച് സൂപ്പര്‍ഹിറ്റ് നല്‍കി. ഇപ്പോള്‍ രണ്ടാം ഭാഗമായ എമ്പുരാനിലും അതേ ജോടികളെ വച്ച് സൂപ്പര്‍ഹിറ്റിനായി ഒരുങ്ങുന്നു.

English Summary:

Career journey of Prithviraj Sukumaran

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com