അന്ന് വേണ്ടിവന്നത് 36 ദിവസം, ഇന്ന് 2 ദിവസംകൊണ്ട് 100 കോടി; 'എമ്പുരാന്‍' അതിവേഗ റെക്കോർഡ്

Mail This Article
എമ്പുരാന്‍ നൂറ് കോടി ക്ലബ്ബില്‍ കയറി. ലോകത്താകമാനം റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിലാണ് എമ്പുരാന്‍ ഈ നേട്ടം കൈവരിച്ചത്. സിനിമയിലെ ചരിത്രത്തിലെ പുതിയ നേട്ടമാണിതെന്ന് മോഹൻലാലും, പൃഥ്വിരാജും മറ്റ് അണിയറ പ്രവർത്തകരും പറഞ്ഞു. അസാധാരണമായ ഈ വിജയത്തിന്റെ ഭാഗമായതിന് എല്ലാവര്‍ക്കും നന്ദിയെന്ന് പൃഥ്വിരാജ് എടുത്തു പറഞ്ഞു.
ലൂസിഫർ, പുലിമുരുകൻ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഒടിയൻ എന്നീ സിനിമകൾ ഇതിനു മുൻപ് 100 കോടി ക്ലബ്ബിൽ കയറിയ മോഹൻലാൽ ഹിറ്റുകളായിരുന്നു.
മാര്‍ച്ച് 27 ന് രാവിലെ ആറ് മണി മുതലാണ് എമ്പുരാന്റെ പ്രദര്‍ശനം ആരംഭിച്ചത്. ചലച്ചിത്രാസ്വാദകരില്‍ നിന്ന് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം ചിത്രത്തിലെ പരോക്ഷ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വിവാദങ്ങള്‍ക്കിടയിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് എമ്പുരാന്‍.
വിവിധ വിദേശ രാജ്യങ്ങളിലായി ചിത്രീകരിക്കുകയും മുന്‍നിര വിദേശ താരങ്ങളെ അണിനിരത്തുകയും ചെയ്ത ചിത്രം റിലീസ് മുമ്പ് തന്നെ മലയാള സിനിമയിലെ വിവിധ റെക്കോഡുകള്‍ തകര്‍ത്തിരുന്നു. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.
മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.