ADVERTISEMENT

പലപ്പോഴും ആവർത്തിച്ചു കേട്ടിട്ടുള്ള പൊതുതത്വമാണ്, ‘ജീവിതം മാറി മറിയാൻ ഒരു നിമിഷം മതി’ എന്നത്. കേൾക്കുമ്പോൾ ലളിതമായി തോന്നുമെങ്കിലും ചിലരുടെ ജീവിതകഥ കേൾക്കുമ്പോൾ മനസിലാകും ഒരു നിമിഷത്തിന്റെ വില. ചിലർക്ക് അത് ജീവന്റെ വിലയാണ്. അങ്ങനെ സമയത്തിനു പിന്നാലെ പായുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത പുഷ്പക വിമാനം.

അസാധാരണമായ ഒരു ഫ്രെയിമിലാണ് സിനിമയുടെ കഥ തുടങ്ങുന്നത്. കഥ പറച്ചിൽ എന്ന ടെംപലേറ്റിൽ വികസിക്കുന്ന സിനിമ ഒരു റൊമാന്റിക് ആക്ഷൻ പടമെന്ന സൂചനകളാണ് ആദ്യം പ്രേക്ഷകരിൽ സൃഷ്ടിക്കുന്നത്. എന്നാൽ, ആദ്യപകുതി തീരുന്നതോടെ സിനിമയുടെ ഗതി മാറും. അതുവരെ കണ്ട കഥയും കഥാപാത്രങ്ങളും ഒരു ഫാന്റസി ത്രില്ലറിന്റെ പശ്ചാത്തലത്തിലേക്ക് പുനഃപ്രതിഷ്ഠിക്കുകയാണ് സംവിധായകൻ. അപ്പോഴാണ് സിനിമ ശരിക്കും രസകരമാകുന്നത്. 

സന്ദീപ് സദാനന്ദനും ദീപു എസ്.നായരും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഥയാണ് സിനിമയെ പുതുമയുള്ള കാഴ്ചയാക്കുന്നത്. ഒരു സാധാരണ കഥയെ അസാധാരണമായ കാഴ്ചയാക്കി പരിവർത്തനം ചെയ്യുകയാണ് തിരക്കഥാകൃത്തുക്കൾ. മലയാളത്തിൽ അധികം പരീക്ഷണങ്ങൾ നടന്നിട്ടില്ലാത്ത ഫാന്റസി ത്രില്ലർ ജോണറിൽ പുറത്തിറങ്ങിയ പുഷ്പക വിമാനം പ്രേക്ഷകരെ ഉദ്വേഗഭരിതരാക്കും. 

സിജു വിൽസൺ അവതരിപ്പിക്കുന്ന അജയ് ആണ് സിനിമയിലെ കേന്ദ്രകഥാപാത്രം. സിജുവിനൊപ്പം പ്രാധാന്യമുള്ള വേഷത്തിൽ ബാലു വർഗീസും എത്തുന്നു. സിജുവും ബാലുവുമാണ് പ്രകടനത്തിൽ സിനിമയുടെ നട്ടെല്ല്. മാസ് ഹീറോ പരിവേഷത്തിലാണ് സിനിമയിൽ സിജു വിൽസണെ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ആയിത്തന്നെ സിജു ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സിജുവിനൊപ്പം കട്ടയ്ക്കു നിൽക്കുന്ന സുഹൃത്തിന്റെ കഥാപാത്രമാണ് ബാലുവിന്റേത്. ട്രെയിലറിൽ കാണുന്നതു പോലെ സാഹസികമായ റണ്ണിങ് സീക്വൻസുകളുണ്ട് ഇരുവർക്കും. ഇതാണ് സിനിമയുടെ ഒരു പ്രധാന ആകർഷണം. ഈ റണ്ണിങ് സീക്വൻസിന്റെ ക്യാമറ വർക്ക് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. രവിചന്ദ്രനാണ് സിനിമയുടെ ഛായാഗ്രാഹകൻ. അതുപോലെ കയ്യടി അർഹിക്കുന്ന വ്യക്തിയാണ് സിനിമയുടെ എഡിറ്റർ അഖിലേഷ് മോഹൻ. സമയത്തിനു പിന്നാലെയുള്ള ഓട്ടം ഉദ്വേഗഭരിതമായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കും വിധമാണ് സിനിമയുടെ എഡിറ്റ്. രാഹുൽ രാജാണ് ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. 

നമൃതയാണ് നായിക. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മനോജ്. കെ.യുവും രസകരമായ റോളിൽ പുഷ്പക വിമാനത്തിൽ എത്തുന്നുണ്ട്. ലെന, ധീരജ് ഡെന്നി, പത്മരാജ് രതീഷ്, സിദ്ദീഖ്, മിന്നൽ മുരളി ഫെയിം വസിഷ്ഠ് ഉമേഷ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതിഥി വേഷത്തിൽ എത്തുന്ന ബേസിൽ ജോസഫും രസകരമായ ഒരു കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. ചുരുക്കത്തിൽ, ആക്ഷനും കോമഡിയും നിറഞ്ഞ ഫാന്റസി റൈഡാണ് പുഷ്പക വിമാനം പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. 

English Summary:

Pushpaka Vimanam Film Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com