ADVERTISEMENT

ലോകത്തെ ഏറ്റവും മികച്ച ഷെഫ് ആകാൻ കൊതിച്ച പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് നയൻതാര നായികയായെത്തുന്ന ‘അന്നപൂരണി’. രുചികരമായ ഭക്ഷണം തയാറാക്കുന്ന കുടുംബത്തിന്റെ അന്നദാതാവായ സ്ത്രീക്ക് എന്തുകൊണ്ട് അതൊരു പ്രഫഷൻ ആക്കിക്കൂടാ എന്ന ആശയമാണ് ഈ ചിത്രം പറയുന്നത്. അടുക്കളയിൽ ജീവിതം ഹോമിക്കുന്ന സ്ത്രീകളൊന്നും ഹോട്ടൽ, കാറ്ററിങ് മേഖലകളിൽ‌ മുൻനിരയിൽ എത്താറില്ല. സ്ത്രീകളെ പാചക രംഗത്തു മാത്രമല്ല, എല്ലാ മേഖലയിലും മുൻനിരയിൽ കൊണ്ടുവരണം, അവളുടെ സ്വപ്നങ്ങൾക്ക് പരിധി നിശ്‌ചയിക്കാൻ ആർക്കും അവകാശമില്ല എന്നാണ് ചിത്രം നൽകുന്ന സന്ദേശം. സ്ത്രീകേന്ദ്രീകൃത ചിത്രമാണ് അന്നപൂരണി. സ്ത്രീശാക്തീകരണം എന്ന മഹത്തായ ആശയം മുന്നോട്ടു വയ്ക്കാൻ സംവിധായകൻ നീലേഷ് കൃഷ്ണ അകമഴിഞ്ഞു ശ്രമിച്ചിട്ടുണ്ട്. പക്ഷേ ആശയങ്ങളുടെ രുചിക്കൂട്ടുകൾ നിറഞ്ഞതെങ്കിലും പ്രേക്ഷകന് നാവിൽ വെള്ളമൂറുന്ന വിരുന്നായിട്ടുണ്ടോ ചിത്രം എന്ന് സംശയമുണ്ട്. 

ശ്രീരംഗം രംഗനാഥർ ക്ഷേത്രത്തിലെ പാചകക്കാരൻ രംഗരാജന്റെ മകളാണ് അന്നപൂരണി. ചെറുപ്പം മുതൽ രുചി കൊണ്ടും മണം കൊണ്ടും ഏതു ഭക്ഷണത്തിലെയും കറിക്കൂട്ടുകൾ തിരിച്ചറിയാൻ ഒരു പ്രത്യേക കഴിവ് പൂരണിക്കുണ്ട്. പ്രശസ്ത ഷെഫ് ആനന്ദ് സുന്ദരരാജനെപ്പോലെ രാജ്യത്തെ ഏറ്റവും മികച്ച ഷെഫ് ആകണമെന്ന മകളുടെ ആഗ്രഹം ചെറുപ്പത്തിൽ കൗതുകത്തോടെ കേട്ടിരുന്നു അവളുടെ അച്ഛൻ. പക്ഷേ മകൾ വലുതായപ്പോൾ അയ്യങ്കാർ കുടുംബത്തിലെ അംഗമായ അച്ഛൻ ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ ആ ആഗ്രഹത്തിന് തടയിടുകയാണ്. അച്ഛനെ ധിക്കരിച്ച് സ്വന്തം ലക്ഷ്യത്തിനു പിന്നാലെ പോകുന്ന പൂരണിയെ അച്ഛൻ കുടുംബത്തിൽനിന്നു പുറത്താക്കുന്നു. ചെറിയൊരു ചുറ്റുപാടിൽ വളർന്നുവന്ന അവൾ വെല്ലുവിളി നിറഞ്ഞ ഒരു ലോകത്താണ് ചെന്നുപെടുന്നത്. ഷെഫ് ആനന്ദിന്റെ മകനും എക്സിക്യൂട്ടിവ് ഷെഫുമായ അശ്വിൻ അന്നപൂരണിയെ ശത്രുവായി കാണുന്നതോടെ അവൾക്കു നേരിടേണ്ടി വരുന്നത് ജീവനു തന്നെ ഭീഷണിയായ സംഭവങ്ങളുടെ പെരുമഴയായിരുന്നു.  

നയൻതാരയുടെ മികച്ച പ്രകടനമാണ് പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്നത്. നയൻസ് തന്നെയാണ് ഈ ചിത്രത്തെ ഒറ്റയ്ക്കു തോളേറ്റുന്നതും. സഹതാരങ്ങൾ നയൻതാരയുടെ കഥാപാത്രത്തെ മോട്ടിവേറ്റ് ചെയ്യുക മാത്രമായി ഒതുങ്ങിപ്പോകുന്നു. സത്യരാജ്, ജയ്, കാർത്തിക് കുമാർ, അച്യുത് കുമാർ, രേണുക, റെഡിൻ കിങ്‌സ്‌ലി, സുരേഷ് ചക്രവര്‍ത്തി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. 

അന്നപൂരണിയുടെ വൺ ലൈൻ വളരെ രസകരമാണ്. ചിത്രത്തിൽ നിന്ന് എല്ലാവരുടെയും ജീവിതത്തെ സ്വാധീനിക്കുന്ന നിരവധി ഉപകഥകൾ കണ്ടെടുക്കാൻ കഴിഞ്ഞേക്കും. അന്നപൂരണി സ്ത്രീശാക്തീകരണമാണ് മുന്നോട്ടു വയ്ക്കുന്നതെങ്കിലും കുത്തിക്കയറ്റിയ മതേതര ആശയങ്ങൾ പ്രേക്ഷകരിലേക്കെത്താൻ അൽപ്പം ശ്രമപ്പെടുന്നുണ്ട്. ചില സീനുകളിൽ കയ്യടി ഉയരുന്നുണ്ട്, പക്ഷേ അതും വിജയത്തിലെത്താതെ പോവുകയാണ്. ഷെഫ് ആകാൻ കൊതിക്കുന്ന പെൺകുട്ടിയുടെ സാഹസികതയും അവൾ നേരിടുന്ന പ്രശ്നങ്ങളും പ്രേക്ഷകർക്ക് ഉപരിപ്ലവമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അദ്ഭുതപ്പെടാനില്ല. അന്നപൂരണിയും വില്ലനും തമ്മിലുള്ള ശീതസമരത്തിന്റെ ക്ലൈമാക്‌സും വളരെ എളുപ്പം ഊഹിക്കാൻ കഴിയുന്നതാണ്. 

‘വിശന്നുവലഞ്ഞ് ഒരു ലഘുഭക്ഷണത്തിനായി കാത്തിരിക്കുന്നവർക്ക്’ ഒരുനേരം വിശപ്പടക്കാൻ അന്നപൂരണിക്ക് കഴിഞ്ഞേക്കും. പക്ഷേ ലേഡി സൂപ്പർസ്റ്റാറിന്റെ ഒരു ‘ഫൈവ് കോഴ്സ് ഡിന്നർ’ പ്രതീക്ഷിച്ച് സിനിമ കാണാനിരിക്കുന്നവർ അൽപം നിരാശരാകേണ്ടി വരും. പേരു കൊണ്ടുപോലും ഭക്ഷണത്തെ സൂചിപ്പിക്കുന്ന ചിത്രം നാവിൽ കൊതിയൂറുന്ന കറിക്കൂട്ടുകളുടെ ദൃശ്യങ്ങളോ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രസക്കൂട്ടുകളോ ഇല്ലാതെ പാതിവെന്ത ബിരിയാണിയായിപ്പോയി എന്ന് പറയാതെ വയ്യ. നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

English Summary:

‘Annapoorani’ movie review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com