ADVERTISEMENT

കർണികാരശോഭയാർന്ന കണിയൊരുക്കവും നാണയക്കിലുക്കത്തിന്റെ കൈനീട്ടക്കരുതലും മേടപ്പിറപ്പിന്റെ ഓർമകളിൽ ഇന്നും ബാല്യം ചമയ്ക്കും. ചില പാട്ടുകളും അങ്ങനെയാണ്, ഗൃഹാതുരതയുണർത്തുന്ന നാട്ടിടങ്ങളിലെ കാഴ്ചവട്ടങ്ങളിലേക്ക് എത്ര അനായാസമായാണ് കൈപിടിച്ചു കൊണ്ടുപോകുന്നത്. ഞാറ്റുവേലക്കാഴ്ചകളും പൂക്കൈതച്ചേലും ഓണത്തുമ്പികളുടെ പകർന്നാട്ടവും തുടങ്ങി ഓർമയിൽ കുരുക്കുന്ന എത്രയെത്ര കാഴ്ചകളെയാവും ചിലപ്പോൾ അവ പകർന്നേകുക!

‘മേടമാസപ്പുലരി കായലിൽ ആടിയും കതിരാടിയും നിൻ നീല നയന ഭാവമാർന്നു....’ – നാട്ടുനന്മകൾ ചിലമ്പണിയിച്ച പ്രകൃതിയുടെ ലാസ്യഭംഗിയെ വരച്ചുകാട്ടുന്ന മനോഹരമായ ഈ ഗാനവും മലയാളത്തിന് എന്നും പ്രിയപ്പെട്ടതു തന്നെയാണ്. മധു ആലപ്പുഴയുടെ തൂലികയിൽ പിറന്ന ഇതിലെ ഓരോ വരിയും നിമിഷങ്ങൾ കൊണ്ടല്ലേ വയലേലകളിലൂടെ, കവുങ്ങിൻ തോപ്പുകളിലൂടെ, കായൽ കാഴ്ചകളിലൂടെ കേൾവിക്കാരനെയും കൈപിടിച്ചു കൊണ്ടുപോവുന്നത്.

മധു ആലപ്പുഴ: പാട്ടെഴുത്തു വഴിയിലെ സാത്വികനായ ഈ ഒറ്റയാനെ പലർക്കും അത്ര പരിചയം പോരായിരിക്കാം. ഏറെക്കാലം എനിക്കും അങ്ങനെ തന്നെയായിരുന്നു! എന്നാൽ ഈണത്തിനപ്പുറം ഭാവ - പദഭംഗികൾ ഹൃദയാഴങ്ങളിലേക്കു വിസ്മയച്ചിന്തുകൾ പകരാൻ തുടങ്ങിയതോടെ, മധു ആലപ്പുഴ എന്ന ഗാനരചയിതാവ് എനിക്കും പരിചിതനായിത്തീർന്നു. നാൽപതിൽത്താഴെ പാട്ടുകളേ സിനിമയ്ക്കു വേണ്ടി നാളിതുവരെ രചിച്ചിട്ടുള്ളൂ എങ്കിലും 1990ൽ ഇറങ്ങിയ ‘മിണ്ടാപ്പൂച്ചയ്ക്കു കല്യാണം’ എന്ന സിനിമയിലെ ഈയൊരൊറ്റ ഗാനം മതിയായിരുന്നു ആ എഴുത്തഴകിനെ നെഞ്ചോടു ചേർക്കാൻ.

മേടപ്പുലരികളെന്നും കണി കാണിക്കുന്നത് ഗ്രാമ്യഭംഗിയുടെ മനം കുളിർപ്പിക്കുന്ന കാഴ്ചകളെയാണ്. വിഷുപ്പക്ഷിയെ നാണിപ്പിച്ച് ചിലപ്പിച്ച കവിയുടെ ചിന്തകളിൽ, നിറച്ചാർത്തണിഞ്ഞ കാഴ്ചമേളങ്ങളുടെ മേടപ്പുലരി ഒരു യൗവനാംഗിയുടെ ചേലണിയുന്നു. ആ രൂപവതി അങ്ങനെ കവിയുടെ പ്രണയിനിയായി മാറുന്നതും എത്ര പെട്ടെന്നാണ്! അവളുടെ നീലിച്ച മിഴിയിണകളിലെ ഭാവപ്പകർച്ചകളെപ്പോലെ കായൽപരപ്പിലെ മേടപ്പുലരിയെയും കവിക്കു കാണാനാവുന്നു. പൂവിനുള്ളിൽ പൂ വിരിയുന്ന പൂക്കാലത്തെ അണിയിച്ചൊരുക്കിയ കവി പല്ലവിയിൽത്തന്നെ എത്ര കാഴ്ചകളെയാണ് കണ്മുന്നിലെത്തിക്കുന്നത്!

രവീന്ദ്രൻ മാഷാണ് മോഹനരാഗത്തിൽ വരികൾക്ക് ഈണമൊരുക്കിയിരിക്കുന്നത്. യേശുദാസിന്റെ സ്വരഭംഗിയിൽ കവികൽപനകൾ കാട്ടിത്തരുന്ന നാട്ടുഭംഗികൾക്ക് വല്ലാതൊരു ശാലീനതയും കൈവരുന്നു. ‘ഞാറ്റുവേലപ്പാട്ടു കേട്ടു കുളിരു കോരും വയലുകളിൽ ആറ്റുകിളി നിന്നെക്കണ്ടൂ ഞാൻ....’ 

ഒരു ഞാറ്റുവേലക്കാലവും ചേറണിഞ്ഞ പാടവും വിതയാളനക്കവും കൈത്തോട്ടിലൊഴുകുന്ന തെളിവെള്ളച്ചിണുങ്ങലും ഓർമകളെ കുളിരണിയിച്ച് ഓടിയെത്തുകയല്ലേ! വരമ്പത്തെ കൈതകൾ പൂത്തതും വിതയ്ക്കൊരുങ്ങിയ പാടത്ത് വിരുന്നെത്തുന്ന ആറ്റുകിളിയും ചിറകടിച്ചുണർത്തുന്ന കാഴ്ചകൾക്ക് വരികളിൽ തെളിയുന്ന മിഴിവ് ഏറെയാണ്. ഈ ഭംഗികളിലൊക്കെ തന്റെ പ്രണയിനിയെയും ചേർത്തു കൽപിക്കുവാൻ കവിക്കാവുന്നു. അവളുടെ കവിളിൽ വിരിയുന്ന നാണത്തിന് കൈതപ്പൂവിന്റെ ചേലുകൊടുക്കാനും കവി മറന്നില്ല!

ആസ്വാദക മനസ്സുകളുടെ ഇഷ്ടങ്ങളെ നന്നായറിയാവുന്ന കവി മറ്റൊരു ഗാനത്തിൽ, മുളപൊട്ടിയ പ്രണയത്തെ ‘ഇതളഴിഞ്ഞു വസന്തംഇല മൂടി പൂ വിരിഞ്ഞു..‘ എന്നു വിശേഷിപ്പിച്ചതും ആരും അത്ര പെട്ടെന്ന് മറന്നിട്ടുണ്ടാവില്ല. മാനുഷിക ഭാവങ്ങളെ പ്രകൃതിയുടെ ഭാവങ്ങളോട് വിളക്കിച്ചേർക്കാനുള്ള ആ തൂലികയുടെ കഴിവ് ശ്രദ്ധേയം തന്നെ.

‘കാറ്റിലാടിക്കുണുങ്ങി നിൽക്കും പൂങ്കവുങ്ങിൻ തോപ്പുകളിൽ കന്നിത്തുമ്പീ നിന്നെ കണ്ടു ഞാൻ....’ പൂങ്കവുങ്ങിൻ തോപ്പുകൾ...! അതിശയം തോന്നിപ്പിക്കുകയല്ലേ ആ വാഗ്ഭംഗി. മലയാള സിനിമാപ്പാട്ടെഴുത്തിൽ ‘പൊന്നാമ്പൽ’ എന്ന പ്രയോഗം ആദ്യം പിറന്നത് ആ തൂലികയിൽ നിന്നായിരുന്നുവത്രേ! അപ്പോൾപ്പിന്നെ ‘പൂങ്കവുങ്ങി’ന് കൈവരുന്ന ചേലിനു മാറ്റുകുറയുമോ?കവുങ്ങിൻ തലപ്പുകളുടെ കാറ്റിലാട്ടം ഒരു കാഴ്ചവിരുന്നു തന്നെയാണ്. തെളിഞ്ഞ ആകാശത്ത് നിരന്നൊഴുകുന്ന മേഘക്കീറുകൾക്കൊപ്പം കവുങ്ങിൻ തോപ്പിലെ ഉയർന്ന തലപ്പുകൾ കുണുങ്ങിക്കുഴയുമ്പോൾ തെളിയുന്ന പ്രകൃതിയുടെ ലാസ്യഭാവം എത്ര ഹൃദ്യമായാണ് വരികളെയിങ്ങനെ വർണാഭമാക്കുന്നത്. വർണങ്ങളുടെ ചിതറിത്തെറിക്കൽ പോലെ കന്നിത്തുമ്പികളുടെ കളിയാട്ടംകൂടലിലും കവിക്കു തന്റെ പ്രണയിനിയെ കാണാനാവുന്നു! കുട്ടനാടൻ സൗന്ദര്യം ആ ചൊടിയിൽ വിടരുന്നതും അതു നുകരാൻ കൊതി തുള്ളുന്ന ഹൃദയവും ഉള്ളിൽ തുളുമ്പുന്ന ഹർഷോന്മാദത്തെ തുറന്നു കാട്ടൽ തന്നെ. നാടൻ ശീലുകളാൽ കൊരുത്തു ചേർക്കപ്പെട്ട ഇമേജറികൾ ആ തൂലികയിലെ പ്രതിഭയെ എത്ര നന്നായാണ് വിളംബരം ചെയ്യുന്നത്.

ഇത്രയേറെ ഗൃഹാതുരതയുണർത്തുന്ന മറ്റൊരു ഗാനമുണ്ടോ എന്നു പോലും സംശയം തോന്നിക്കുന്ന വരികളെ എത്ര ഹൃദ്യമായ ഈണം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. പതിവായി പ്രയോഗിക്കുന്ന ചില പൊടിക്കൈകൾ ഇവിടെയും പ്രയോഗിക്കാൻ രവീന്ദ്രൻ മാഷ് മറന്നില്ല. ആലാപനത്തിനൊപ്പം ചേർന്നു നിൽക്കുന്ന തബലയുടെ താളഗതിയും ഫ്ലൂട്ടിലൂർന്നു വീഴുന്ന നാദ ചേരുവകളും രവീന്ദ്രസംഗീതത്തിന്റെ അടയാളപ്പെടുത്തലുകളാവുന്നു. ദാസേട്ടന്റെ ശബ്ദമാധുര്യം, പറയാതെ വയ്യ, വരികൾക്കു പകരുന്ന വൈകാരിക ലയം അപാരം.. 

ആസ്വാദക ലക്ഷങ്ങൾ രണ്ടുകയ്യും നീട്ടി നെഞ്ചോടു ചേർത്തുവെച്ച ഈ ഗാനം, സർഗധനനായ കവിയുടെ ചലച്ചിത്രഗാന രചനാരംഗത്തെ വഴി അടയ്ക്കപ്പെട്ടതിന്റെ ദുഃഖകഥയും പേറുന്നു! ശരീരവും മനസ്സും അർപ്പിച്ച മറ്റൊരു സിനിമയ്ക്കു വേണ്ടി എഴുതിയ ഈ ഗാനം, തന്നെ നിരാശനാക്കിക്കൊണ്ട് ‘മിണ്ടാപ്പൂച്ചയ്ക്കു കല്യാണ’ത്തിൽ ഉപയോഗിച്ചു. എഴുത്തുകാരന്റെ വിലയില്ലായ്മയ്ക്കെതിരെ പൊരുതി കോടതി വ്യവഹാരങ്ങളിലേക്കു വരെ കാര്യങ്ങളെത്തി. ഒടുവിൽ തന്റെ ഭാഗം ജയിച്ചെങ്കിലും എഴുത്തുകാരൻ തോൽക്കുകയായിരുന്നു! മുൻനിരക്കാരോട് കൊമ്പുകോർത്തതിന് ഇൻഡസ്ട്രിയിൽനിന്ന് ഏറെക്കുറെ വിലക്കപ്പെട്ടു! എഴുത്തുകാരന്റെ സ്വത്വം ആർക്കു മുന്നിലും അടിയറ വയ്ക്കാൻ കൂട്ടാക്കാതിരുന്നതും ഏറെ അവസരങ്ങളെ ഇല്ലാതാക്കി. ട്യൂണിനൊപ്പിച്ച് പാട്ടെഴുതാൻ ഒരുക്കമല്ലാതിരുന്നതുകൊണ്ട് അവഗണനയായിരുന്നു പലപ്പോഴും നേരിടേണ്ടി വന്നത്. ‘വലിയ എഴുത്തുകാർക്കെഴുതാം, പിന്നെ തനിക്കെന്താ? എന്നു ചോദിച്ച സംവിധായകരുണ്ട്.’– പ്രതിഭയിലൊട്ടും പിന്നിലല്ലാതിരുന്നിട്ടും പിന്തള്ളപ്പെട്ടതിന്റെ വേദന തുറന്നുപറയുന്നു കവി. വ്യക്തിജീവിതത്തിലെ ചില ദൗർഭാഗ്യങ്ങളും വേട്ടയാടാൻ തുടങ്ങിയതോടെ മധു ആലപ്പുഴ എന്ന ചലച്ചിത്ര ഗാനരചയിതാവിനെ പാട്ടെഴുത്തിന്റെ സുവർണ ദശകങ്ങൾക്ക്, അക്ഷരാർഥത്തിൽത്തന്നെ, നഷ്ടപ്പെടുകയായിരുന്നുവല്ലോ. 

English Summary: Musical life of lyricist Madhu Alappuzha 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com