ADVERTISEMENT

മധുരമുള്ളൊരു മൂളിപ്പാട്ടുമായി മലയാളികളുടെ റീല്‍സുകളിലൂടെ പാറി നടന്ന ഒരു വണ്ട്. ആ പാട്ടുകേട്ടവരുടെയൊക്കെ മനസ്സില്‍ ആ വണ്ട് വിരിയിച്ചത് ഒരായിരം പൂക്കാലമായിരുന്നു. കോമളമായ ആ പാട്ട് കേട്ടവര്‍ക്ക് ആദ്യം കൗതുകവും പിന്നീട് കാര്യവുമായി. പുതിയ പാട്ടിലൂടെ പഴയൊരു ലോകത്തേക്ക് നമ്മെ കൈപിടിച്ചു നടത്തുകയായിരുന്നു "വണ്ടിനെ തേടും ഞാനൊരു പൂവിന്‍മൊട്ട്" എന്ന ഗാനം. പാട്ടിനേക്കാള്‍ കൗതുകം ആ പാട്ടിന്റെ പിറവിയിലും പിന്നീട് ഹിറ്റായി മാറിയതിലുമുണ്ട്. പാട്ടു പിറന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഹിറ്റായി മാറിയ വേറിട്ട ചരിത്രമാണ് 'ഒതളങ്ങ തുരുത്തെ'ന്ന വെബ് സീരിസിലെ ഈ പാട്ടിനു പറയാനുള്ളത്. അഖിലേഷ് രാമചന്ദ്രനും റെഹ്നയും ചേര്‍ന്നാലപിച്ച ഈ ഗാനം ചെറുപ്പക്കാര്‍ ആഘോഷമാക്കിയത് കുറച്ചൊന്നുമല്ല. പഴയ ശബ്ദങ്ങളും ശൈലിയുമൊക്കെ പിന്‍തുടര്‍ന്നു പിറന്ന "വണ്ടിനെത്തേടും" എന്ന പാട്ടിന്റെ പിന്നണി കഥകള്‍ പങ്കുവയ്ക്കുകയാണ് സംഗീതസംവിധായകനും ഗാനരചയിതാവുമായ രജത് പ്രകാശ് ഹാറ്റ്സ്മിത്ത്.

റീല്‍സില്‍ വൈറലായ പാട്ട്

റീല്‍സുകളുടെ പുതുകാലം. ഭാഷയുടെ അതിര്‍വരമ്പുകളും കടന്ന് പുതിയ പാട്ടുകള്‍ റീല്‍സുകളില്‍ ഇടം പിടിച്ചു. പുതുമയുള്ള പാട്ടുകള്‍ തേടിപോയ ആരോ ഒരാളിലേക്ക് എത്തിയ വണ്ടിനെ തേടും എന്ന പാട്ട് പിന്നെ വൈറലോടു വൈറല്‍. കേട്ടവര്‍ കേട്ടവര്‍ അത് പങ്കുവച്ചു. ശബ്ദം സന്നിവേശിപ്പിച്ചിരിക്കുന്നതിലെ പുതുമ പലരെയും പിടിച്ചിരുത്തി. രസമുള്ള സംഗീതവും വരികളുമൊക്കെ അതിലേക്ക് ചേര്‍ന്നൊഴുകിയപ്പോള്‍ യൂട്യൂബിലേക്ക് പാട്ട് അന്വേഷിച്ചുള്ള ഓട്ടമായി. ഒടുവില്‍ ഒതളങ്ങ തുരുത്തിലെ ആ പാട്ട് യൂട്യൂബിലും കാഴ്ചക്കാരുമായി മുന്നേറുകയാണ്.

പഴയ ശൈലിയിലുള്ള ശബ്ദ സംവിധാനമാണ് പാട്ടിനെ വേറിട്ടു നിര്‍ത്തിയത്. ഒരു സാധാരണ മൈക്കില്‍ പാടിയ അഖിലേഷ് രാമചന്ദ്രന്‍, റെഹ്നയുടെ ശബ്ദമാകട്ടെ വാട്ട്സ് ആപ്പ് ഓഡിയോയില്‍ നിന്ന് എടുത്തതും. പാട്ടിന്റെ പിന്നണിയിലും നമ്മെ അതിശയിപ്പിക്കുകയായിരുന്നു പ്രകാശ് ഹാറ്റ്സ്മിത്ത്.

ബ്രേക്കപ്പില്‍ പിറന്ന പാട്ട്

തന്റെ നിരാശകളുടെ ലോകത്തുനിന്ന പിറന്ന സൗന്ദര്യമുള്ള പാട്ടുപുഷ്പമാണ് രജത് പ്രകാശിന് വണ്ടിനെ തേടും എന്ന ഗാനം. തന്റെ പ്രണയ നൈരാശ്യത്തെ തുടര്‍ന്നുള്ള ഇടവേളയുടെ കാലത്താണ് ഈ പാട്ട് പിറന്നതെന്നും അദ്ദേഹം പറയുന്നു. 'ഞാന്‍ ചെറിയ നിരാശയൊക്കെ അടിച്ചിരിക്കുന്ന കാലമായിരുന്നു അത്. ആ സമയത്ത് ഞാനെല്ലാ തിരക്കുകളില്‍ നിന്നും മാറി പാലക്കാട്ടുള്ള എന്റെ സുഹൃത്ത് വിഷ്ണുദാസിന്റെ വീട്ടില്‍ കൂടി. പാട്ടെഴുത്തായിരുന്നു ആ സമയത്തെ പ്രധാന ജോലി. എന്റെ നിരാശകളൊക്കെ ഞാനിങ്ങനെ പാട്ടുകളായി എഴുതി. അതൊരു വലിയ രസമായിരുന്നു എനിക്ക്. അങ്ങനെ ഇരിക്കുമ്പോഴാണ് ഒതളങ്ങ തുരുത്തിന്റെ സംവിധായകന്‍ അംബുജി എന്നെ വിളിക്കുന്നത്. സീരിസിലേക്ക് രസകരമായൊരു പ്രണയഗാനം വേണമെന്ന് മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ആദ്യമൊരു ട്യൂണ്‍ ചെയ്തെങ്കിലും അത് ശരിയാകുമോ എന്നൊരു സംശയം വന്നു. അങ്ങനെയൊരു കണ്‍ഫ്യൂഷന്‍ വന്നതോടെയാണ് ഞാന്‍ മറ്റൊരു ട്യൂണിനെക്കുറിച്ച് ചിന്തിച്ചത്. ശരിക്കും പഴയ സ്‌റ്റൈലില്‍ ഒരു പാട്ട് ചെയ്യണം എന്ന ആഗ്രഹം കുറേ നാളായി എനിക്ക് ഉണ്ടായിരുന്നു. അതൊരവസരമായി കണ്ട് ഞാനതില്‍ പിടിച്ചു. വരിയും ട്യൂണുമൊക്കെ ഒന്നിച്ച് വന്നു ചേരുകയായിരുന്നു. ശരിക്കും ആ പാട്ടിലെ വരികളിലൊക്കെ ഞാന്‍ കണ്ടത് എന്നെ തന്നെയായിരുന്നു. ഞാനൊരു പൂവിന്‍മൊട്ട് എന്നുവെച്ചാണ് ആദ്യം പാട്ടു തുടങ്ങിയത്. പൂക്കാലം പ്രതീക്ഷിച്ചു നില്‍ക്കുന്ന ആ പൂമൊട്ട് ഞാന്‍ തന്നെയായിരുന്നു. പിന്നെ അതിലേക്ക് എല്ലാം വന്നുചേരുകയായിരുന്നു.

ഞാനപ്പോള്‍ നില്‍ക്കുന്ന വിഷ്ണുവിന്റെ വീട്ടില്‍ ചെറിയൊരു ഹോം സ്റ്റുഡിയോ ഉണ്ട്. അവിടെവെച്ചു തന്നെ പാട്ട് റെക്കോര്‍ഡ് ചെയ്യാനും തീരുമാനിച്ചു. അങ്ങനെ സ്റ്റുഡിയോയിൽ എത്തുമ്പോഴാണ് അഖിലേഷിനെ ആദ്യമായി കാണുന്നത്. പാട്ടുകാരനാണെന്ന് അറിഞ്ഞപ്പോള്‍ ബ്രോ ഈ പാട്ടൊന്നു പാടുമോ എന്നു ഞാന്‍ ചോദിച്ചു. ആളതിന് യെസ് മൂളിയതോടെ അപ്പോള്‍ തന്നെ റെക്കോര്‍ഡും ചെയ്തു. അഖിലേഷത് രസമായിട്ട് തന്നെ പാടി. അംബുജി പാട്ടുകേട്ടപ്പോള്‍ തന്നെ ഓക്കെ അടിച്ചു. പക്ഷെ പാട്ടിന്റെ കുറച്ചു ഭാഗങ്ങളെ അന്ന് ഒതളങ്ങ തുരുത്തില്‍ വന്നൊള്ളു. പിന്നീട് പാട്ട് വൈറലായപ്പോഴാണ് പാട്ടിന്റെ പൂര്‍ണരൂപം പലരും കേട്ടത്, എന്തായാലും ഈ പാട്ട് മലയാളികള്‍ക്ക് ഇഷ്ടമാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു,' രജത് പ്രകാശ് ഹാറ്റ്സ്മിത്ത് പറയുന്നു.

രജത് പ്രകാശ് ഹാറ്റ്‌സ്മിത്തിന്റെ ഹാറ്റ്‌സ്മിത്ത് എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത "ഒരേ നിറം" എന്ന ഗാനവും ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്.

English Summary:

Chat with Rajat Prakash Hatsmyth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com