പഠിച്ചെടുത്തത് 35 വാദ്യോപകരണങ്ങൾ, സിനിമയിലും ഹരിശ്രീ; ജീവിക്കാൻ പാട്ടിനെ കൂട്ടുപിടിച്ച് സൗമ്യ സനാതനൻ

Mail This Article
പാട്ടു പാടുന്ന പെൺകുട്ടിക്കു കൂട്ടായി ഡെസ്ക്കിൽ താളം പിടിച്ചു കൂട്ടുകാർ ഒപ്പം ചേർന്നു. സ്കൂളിൽ നിന്നു തിരിച്ചെത്തിയ പെൺകുട്ടി പക്ഷേ, പാട്ടിനൊപ്പം താളത്തെയും നെഞ്ചേറ്റിയതു വീട്ടുകാർ അറിഞ്ഞത് അടുക്കളയിലെ പാത്രങ്ങളിലും മേശയിലും കസേരയിലുമൊക്കെ താളത്തിലുള്ള ശബ്ദം കേട്ടുതുടങ്ങിയപ്പോഴാണ്. അങ്ങനെ, ഏഴാം ക്ലാസ് മുതൽ അവൾ തബല പഠിക്കാൻ തുടങ്ങി. പാട്ടുകാരിയോ തബലിസ്റ്റോ ആകുമെന്നായിരുന്നു മകളെക്കുറിച്ചുള്ള വീട്ടുകാരുടെ പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷ തെറ്റിയില്ലെന്നു മാത്രമല്ല, തബലയ്ക്കൊപ്പം 35 വാദ്യോപകരണങ്ങളാണ് സൗമ്യ സനാതനൻ പഠിച്ചെടുത്തതും സ്വന്തമാക്കിയതും. അതെല്ലാം തിരുവനന്തപുരം കൈമനം അമൃത നഗറിലെ വീട്ടിൽ സൗമ്യ സൂക്ഷിച്ചിട്ടുമുണ്ട്.
കണ്ണൂരിലേക്ക്
ഒമാനിലെ സലാലയിലാണ് സൗമ്യയും കുടുംബവും ഇപ്പോൾ. ‘അയ് ഗിരി നന്ദിനി’ എന്ന പാട്ടിന്റെ ഒരു കവർ ചിത്രീകരണത്തിനായാണ് സൗമ്യയും പതിനാലു വയസ്സുകാരി നീലാംബരിയും കണ്ണൂരിലേക്കെത്തിയത്. ‘നാലു വയസ്സു മുതൽ പാട്ടു പഠിക്കുന്നുണ്ട്. ജനിച്ചത് മസ്കത്തിലായിരുന്നു. പത്താമത്തെ വയസ്സിൽ നാട്ടിലേക്കു വന്നു. സായ്‌വർ തിരുമേനി ചിത്രത്തിൽ പാട്ടു പാടിയായിരുന്നു തുടക്കം. യേശുനായകാ, ജീവനായകാ എന്ന പാട്ടിന്റെ ആദ്യത്തെ കുറച്ചു ഭാഗമാണു പാടിയത്. പിന്നീട് ചതുംരഗത്തിൽ നീലാമ്പലല്ലേ എന്ന പാട്ടുപാടി. ചെറിയ സിനിമകളിൽ വീണ്ടും അവസരം കിട്ടിയെങ്കിലും അത്രയ്ക്കു ക്ലിക്കായില്ല. അമ്മയും ഞാനും മാത്രമേ അന്നു നാട്ടിലുണ്ടായിരുന്നുള്ളൂ. ചാൻസ് ചോദിച്ചു പോകണമെന്നോ ആരെയാണു കാണേണ്ടതെന്നോ ഒന്നും അന്നു നമുക്കറിയില്ലായിരുന്നു’, സൗമ്യ ചിരിച്ചു.
പാട്ടാണ് ഇഷ്ടം
പാട്ടിനോടുള്ള ഇഷ്ടം മൂലമാണ് സൗമ്യ കേരള സർവകലാശാലയിൽ ബിഎ മ്യൂസിക്കിനു ചേർന്നത്. ഒന്നാം റാങ്കോടെ അതു പാസായി. എംഎ മ്യൂസിക്കിനും ഒന്നാം റാങ്ക് നേടി. സ്റ്റേജ് ഷോകളും സ്വകാര്യ ചാനലുകളിലെ റിയാലിറ്റി ഷോകളും ആങ്കറിങ്ങുമൊക്കെയായി തിരക്കായിരുന്ന അക്കാലത്താണ് വിവാഹം. ചേർന്നുപോകാൻ സാധിക്കാത്ത വിവാഹമായിരുന്നു അത്. ഒടുവിൽ മകൾക്ക് ഒരു വയസ്സുള്ളപ്പോൾ സൗമ്യ വിവാഹമോചനം നേടി. നാട്ടിലെത്തിയതിനുശേഷമാണു വാദ്യോപകരണങ്ങളും സംഗീതവുമെല്ലാം വീണ്ടും സൗമ്യയുടെ ജീവിതത്തിലേക്കു വരുന്നത്. അതിനിടയിൽ സംഗീതത്തിൽ തന്നെ പിഎച്ച്ഡിയും ചെയ്തു.
‘ഒരു ഹോട്ടലിനു മുന്നിൽ ഡോൽ കൊട്ടുന്ന പഞ്ചാബിയെ കണ്ടതാണു തുടക്കം. അതിനോടുള്ള കൗതുകം കൊണ്ട് പഞ്ചാബിക്കാരനിൽ നിന്നു തന്നെ ഡോൽ പഠിച്ചു. അദ്ദേഹം തന്നെയാണ് പഞ്ചാബിൽ നിന്ന് ഡോൽ വാങ്ങിനൽകിയതും. പിന്നെ, അതൊരു ശീലമായി. ഇടയ്ക്ക, തുടി, ധർബുക്ക, ഡ്രംസ്, ഉടുക്ക്, നന്തുണി തുടങ്ങി ഒട്ടേറെ വാദ്യോപകരണങ്ങൾ വാങ്ങി, വായിക്കാൻ പഠിച്ചു. ജോബോയ് മാസ്റ്ററുടെ കീഴിൽ ഡ്രംസ് വായിക്കാൻ പഠിക്കാൻ പോയപ്പോഴാണ് കോംഗ വായിക്കാൻ ആളില്ല എന്നു പറയുന്നത്. എങ്കിൽപിന്നെ കോംഗ പഠിക്കാമെന്നായി. അങ്ങനെ, കോംഗ വാങ്ങി, വായിക്കാൻ പഠിച്ചു’, സൗമ്യ പറഞ്ഞു. ഒരു ഒരു മലയാളം പാട്ടിന്റെ അക്കാപ്പെല്ല വേർഷൻ പാടിയ ആദ്യ മലയാളി കൂടിയാണ് സൗമ്യ. തുമ്പപ്പൂ കാറ്റിൽ എന്ന പാട്ടിന്റെ അക്കാപെല്ല വേർഷനാണ് സൗമ്യ പാടിയത്.
സംഗീതസംവിധായിക
വീട്ടിൽ മൂളിപ്പാട്ട് പാടുന്നതിനിടയിൽ തന്റെ സംഗീതവും വരികളും ഇടകലർത്താൻ തുടങ്ങിയതോടെയാണു സംഗീതസംവിധാനത്തിൽ ഒരു ചെറിയ കൈ നോക്കാമെന്ന് സൗമ്യയ്ക്കു തോന്നിയത്. അങ്ങനെ, ആകാശവാണിയിൽ സംഗീതസംവിധായികയായി. 25 വർഷത്തിനുശേഷം ആകാശവാണി തുടങ്ങിയ കുട്ടികളുടെ ക്വയറിനു വേണ്ട പാട്ടുകൾ സൗമ്യയുടെ സംഗീതത്തിൽ പിറന്നതാണ്. പിന്നീട്, ആകാശവാണിയിലെ വിവിധ പരിപാടികളുടെ ഭാഗമായി മുപ്പത്തിയഞ്ചോളം പാട്ടുകൾക്കു സംഗീതസംവിധായികയുടെ വേഷമണിഞ്ഞു. ചില സിനിമകളിലും സീരിയലുകളിലും ഹ്രസ്വചിത്രങ്ങളിലും സംഗീതസംവിധായികയായി. നെറ്റ് പരീക്ഷയ്ക്കു തയാറാകുന്നവർക്കായി ഒരു പുസ്തകവും സൗമ്യ എഴുതി. സൈക്കോളജിയിൽ പിജി ചെയ്തു.
എളുപ്പമല്ല
‘ഒരു സ്ത്രീയെന്ന നിലയിൽ, പ്രത്യേകിച്ചും ഒരു സിംഗിൾ പാരന്റ് എന്ന നിലയിൽ ഈ യാത്ര എളുപ്പമായിരുന്നില്ല. അതിജീവനത്തിനായുള്ള പോരാട്ടമായിരുന്നു ജീവിതം. വിവാഹമോചനം പലർക്കും പലതും ചോദിക്കാനുള്ള അവസരമാണ്. ആദ്യമൊക്കെ അത്തരം ആളുകളെ കാണുന്നതേ പേടിയായിരുന്നു. ഇപ്പോൾ തിരിച്ചു മറുപടി പറയാൻ പഠിച്ചു. പാട്ട് റെക്കോർഡ് ചെയ്യാൻ മണിക്കൂറുകളോളം സ്റ്റുഡിയോയിൽ ഇരിക്കേണ്ടി വരും. ചിലപ്പോൾ രാത്രിയാകും. അപ്പോഴെല്ലാം മോശം കമന്റുകളുമായി ആളുകളെത്തും. സ്ത്രീകൾ എന്തുകൊണ്ട് സംഗീതസംവിധാനം ചെയ്യുന്നില്ല എന്നതിന്റെ ഉത്തരം കൂടിയാണ് ഇത്. ആവശ്യത്തിനു ഷോ കിട്ടിത്തുടങ്ങിയ കാലത്താണ് കോവിഡ് വരുന്നത്. അങ്ങനെയാണ് സലാലയിലുള്ള വീട്ടിൽ തന്നെ സ്റ്റുഡിയോ ഒരുക്കിയത്. ഇപ്പോൾ വീട്ടിലിരുന്നു തന്നെ പാട്ടുകൾ റെക്കോർഡ് ചെയ്യാം. അതു സ്ത്രീയെന്ന നിലയിലുള്ള എന്റെ പരിമിതികളെ ഒരുപരിധി വരെ കുറച്ചിട്ടുണ്ട്.
ജീവിക്കാൻ മറ്റൊരു മാർഗമില്ലെങ്കിൽ പാട്ടുകാരിയായി മുന്നോട്ടുപോകുക എളുപ്പമല്ല. അതുകൊണ്ടാണ് അവിടെത്തന്നെയുള്ള ഒരു ഇന്ത്യൻ സ്കൂളിൽ സംഗീതാധ്യാപികയായി ചേർന്നത്. സംഗീതത്തെക്കുറിച്ചുള്ള നമ്മുടെ കോഴ്സുകളിലൊന്നിലും മ്യൂസിക് പ്രൊഡക്‌ഷനെക്കുറിച്ചോ സംഗീതത്തെ പ്രായോഗിക തലത്തേക്കു മാറ്റേണ്ടതിനെക്കുറിച്ചോ പഠിപ്പിക്കുന്നില്ല. അതിനു മാറ്റം വരണം’, സൗമ്യ പറഞ്ഞു.