ഉള്ളുതൊട്ട് കെസ്റ്ററിന്റെ ആലാപനം, പ്രശംസിച്ച് പ്രമുഖർ; ഹൃദ്യം ഈ ഗാനം

Mail This Article
കോവിഡ് മഹാമാരിക്കാലത്ത് പ്രതീക്ഷ നിറച്ച് പുറത്തിറക്കിയ ‘സക്രാരി തന്നിൽ’ എന്ന ക്രിസ്തീ ഭക്തിഗാനം ശ്രദ്ധേയമാകുന്നു. കെസ്റ്റർ ആണ് ഗാനം ആലപിച്ചത്. ആൻ പ്രൊഡക്‌ഷൻസ് ആണ് പാട്ട് റിലീസ് ചെയ്തത്. ഷൈനി സജി രചിച്ച വരികൾക്കു സംഗീതം പകർന്നത് അരുൺ വെൺപാല.
‘സക്രാരി തന്നിൽ അപ്പത്തിൻ രൂപത്തിൽ
നിത്യം വസിക്കുന്നു യേശുനാഥൻ
എന്നിൽ നിറയാൻ എന്നിൽ വസിക്കാൻ
കാരുണ്യ നാഥൻ വന്നിടുന്നു
കാരുണ്യ നാഥൻ വന്നിടുന്നു.....’
പാട്ട് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസ്സിയും അഭിനേത്രിയും അവതാരകയുമായ ആര്യയും പാട്ടിന്റെ പിന്നണി പ്രവർത്തകർക്ക് ആശംസകൾ നേർന്നു. ഉള്ളു തൊടും ആലാപനവും ഹൃദയത്തിൽ പതിയുന്ന സംഗീതവും പാട്ടിനെ ഏറെ മികച്ചതാക്കി എന്നാണ് ആസ്വാദകപക്ഷം.
കെസ്റ്ററിന്റെ ഭക്തിസാന്ദ്രമായ ആലാപനത്തെ പ്രശംസിച്ചു നിരവധി പേരാണു പ്രതികരണങ്ങൾ രേഖപ്പെടുത്തിയത്. കോവിഡ് മഹാമാരിക്കാലത്ത് ഈ ഭക്തിഗാനം ഏറെ ആശ്വാസവും പ്രതീക്ഷയും പകരുന്നു എന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടു. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം നിരവധി പേര്‍ ഗാനം ആസ്വദിച്ചു.