‘മെഡിക്കൽ വിദ്യാർഥികളെ കടത്തിവെട്ടിയ ‘കുട്ടി’ പ്രകടനം’; ആരാണ് ഈ കലാകാരി? തിരഞ്ഞ് ഡിജിറ്റൽ ലോകം

Mail This Article
മെഡിക്കൽ വിദ്യാർഥികളായ ജാനകിയുടെയും നവീനിന്റെയും മുപ്പത് സെക്കൻഡ് ഡാൻസ് വിഡിയോ കൊണ്ട് വീണ്ടും തരംഗമായി മാറിയതാണ് ബോണി എമ്മിന്റെ റാസ്പുടിൻ പാട്ട്. ഇപ്പോഴിതാ അതേ ചുവടുകൾ അനുകരിച്ച ഒരു കൊച്ചുമിടുക്കിയാണ് സമൂഹമാധ്യമങ്ങളിലെ താരം. ഷോട്സും ടോപ്പും ഷൂസും ധരിച്ചെത്തി ചടുലമായ ചുവടുകൾ കൊണ്ട് അമ്പരപ്പിച്ച കുട്ടിത്താരത്തെ തിരയുകയാണ് സമൂഹമാധ്യമ ലോകം.
ചുരുങ്ങിയ സമയത്തിനകം വൈറലായ വിഡിയോ ഇതിനോടകം ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു. ആയിരക്കണക്കിനു പ്രതികരണങ്ങളും ലഭിച്ചു. തുടക്കം മുതൽ അവസാനം വരെ ചടുലത കൈവിടാതെ തികഞ്ഞ ഊർജത്തോടെ ഒറ്റയ്ക്കാണ് കൊച്ചുകലാകാരിയുടെ പ്രകടനം. അസാമാന്യമായ മെയ്‌വഴക്കത്തോടെ ചുവടുവച്ച ഈ മിടുക്കിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ സജീവ ചർച്ചാ വിഷയം. രണ്ടു പേർ ഒരുമിച്ചു നടത്തിയ പ്രകടനം അതേപടി ഒറ്റയ്ക്ക് അനുകരിച്ച ഈ മിടുക്കി നിരവധി ആരാധകരെയും സ്വന്തമാക്കിക്കഴിഞ്ഞു. നവീനിന്റെയും ജാനകിയുടെയും ഡാൻസിനെ കടത്തിവെട്ടുന്ന പ്രകടനമാണ് ഇതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
മെഡിക്കൽ വിദ്യാർഥികളുടെ ഡാൻസിൽ അവസാനഭാഗത്ത് നവീൻ പുരികങ്ങൾ ചലിപ്പിക്കുന്ന രീതി വരെ ഈ കുട്ടിത്താരം അനുകരിച്ചു. ഒപ്പം ഡാൻസ് ചെയ്യാൻ ഒരു പങ്കാളി കൂടെ ഉണ്ടായിരുന്നെങ്കിൽ ഗംഭീരമായേനെ എന്നാണ് ചിലരുടെ പ്രതികരണം. എന്നാൽ ഒറ്റയ്ക്കു വന്നു ചുവടുവച്ച് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ഈ കുഞ്ഞു നര്‍ത്തകി മാസ് ആണെന്നാണ് മറ്റു ചിലർ പറയുന്നത്. കലാകാരിയുടെ വേറെയും ഡാൻസ് വിഡിയോകൾ കാണാൻ കാത്തിരിക്കുകയാണെന്നും നിരവധി പേർ കുറിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളജിന്റെ ഹൗസ് സര്‍ജന്റ് ക്വാര്‍ട്ടേഴ്സ് വരാന്തയില്‍ നൃത്തം ചെയ്തു വൈറലായ നവീനും ജാനകിയ്ക്കും പ്രശംസയ്ക്കൊപ്പം വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. നവീനിന്റേയും ജാനകിയുടേയും പേരിനോടു ചേർന്നുള്ള റസാഖ്, ഓം കുമാർ എന്നീ പേരുകൾ ചേർത്തു പിടിച്ച് മതത്തിന്റെ നിറം നൽകി ഈ വിദ്യാർഥികളെ ചിലർ അവഹേളിക്കാൻ ശ്രമിക്കുകയായിരുന്നു. ഇരുവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാസ്പുടിന്റെ വിവിധ പതിപ്പുകൾ പുറത്തു വന്നിരുന്നു. അതിൽ മലയാളി മങ്കയായി അണിഞ്ഞൊരുങ്ങി യുവകലാകാരി അവതരിപ്പിച്ച ഡാൻസ് വിഡിയോ ഏറെ ചർച്ച ചെയ്യപ്പെട്ടു. കോവിഡ് വാക്സീൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം പകർന്ന് റാസ്പുട്ടിനൊപ്പം കോവാക്സീനും കോവിഷീൽഡും ചുവടുവയ്ക്കുന്നതിന്റെ അനിമേഷൻ വിഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു.