നിഗൂഢത നിറച്ച് ചതുർമുഖത്തിലെ രണ്ടാം ഗാനം; പ്രേക്ഷകരെ നേടി 'പാതിയിൽ തീരുന്നോ'
Mail This Article
മഞ്ജു വാരിയർ, സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടെക്നോ- ഹൊറർ ചിത്രം ചതുർമുഖത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്ത് ആണ് പാട്ടിനു വരികൾ കുറിച്ചത്. ഡോൺ വിൻസന്റിന്റെ സംഗീതത്തിൽ അമൃത ജയകുമാര്‍ ഗാനം ആലപിച്ചു. മനോരമ മ്യൂസിക് ആണ് പാട്ട് റിലീസ് ചെയ്തത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. നിഗൂഢത നിറച്ചാണ് 'പാതിയിൽ തീരുന്നോ' എന്നു തുടങ്ങുന്ന വിഡിയോ ഗാനം പ്രേക്ഷകർക്കരികിൽ എത്തിയത്.
ചിത്രത്തിലെ ആദ്യ ഗാനമായ 'മായ കൊണ്ട് കൂടുകൂട്ടി' ഏറെ ശ്രദ്ധേയമായിരുന്നു. കൗതുകക്കാഴ്ചയോടെ പുറത്തിറക്കിയ ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച സ്വീകാര്യതയാണു ലഭിച്ചത്. മനു മഞ്ജിത്ത്–ഡോൺ വിൻസെന്റ് കൂട്ടുകെട്ടിൽ പിറന്ന പാട്ട് ശ്വേത മോഹനാണ് ആലപിച്ചത്.
രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയും ചേർന്നു സംവിധാനം ചെയ്യുന്ന ചിത്രമാണ് ചതുർമുഖം. ജിസ് ടോംസ് മൂവീസിന്റെ ബാനറിൽ മഞ്ജു വാരിയർ പ്രൊഡക്‌ഷൻസുമായി ചേർന്ന് ജിസ് ടോംസും, ജസ്റ്റിൻ തോമസും ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചതുർമുഖത്തിലെ മൂന്നു മുഖങ്ങളായ മഞ്ജു വാരിയർ, സണ്ണി വെയിൻ, അലൻസിയർ എന്നിവരെ കൂടാതെയുള്ള നാലാമത്തെ മുഖം ഒരു സ്മാർട്ട് ഫോൺ ആണെന്നതു പ്രേക്ഷകരിൽ കൂടുതൽ കൗതുകത്തിന് വഴി ഒരുക്കുന്നു.