റീൽ വിഡിയോ ആസ്വാദകരെ കുഴയ്ക്കുന്ന ചോദ്യവുമായി ബെന്നി ദയാൽ
Mail This Article
സമൂഹമാധ്യമങ്ങളുടെ അതിപ്രസരം സംഗീതത്തെയും സംഗീതാസ്വാദനത്തെയും ബാധിക്കുന്നുണ്ടോ എന്ന ചോദ്യമുന്നയിച്ച് ഗായകൻ ബെന്നി ദയാല്‍. ഇൻസ്റ്റാഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളിലെ റീൽ വിഡിയോകൾ ആസ്വാദകരെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് കണ്ടെത്താനായിരുന്നു ബെന്നിയുടെ ഇൗ ചോദ്യം.
ഇന്നത്തെ കാലത്ത് ഒരു പാട്ട് പൂർണമായി കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന എത്ര ആളുകളുണ്ട് എന്നായിരുന്നു ബെന്നി ദയാലിന്റെ ചോദ്യത്തിന്റെ ആദ്യ ഭാഗം. സമൂഹമാധ്യമങ്ങളിൽ റീൽസ് ചെയ്ത് പാട്ടുകളെ ഏതാനും സെക്കന്റുകൾ മാത്രമാക്കി ചുരുക്കുമ്പോൾ സംഗീതജ്ഞരുടെ കഠിനാധ്വാനം പാഴായി പോകുന്നുവെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്നതായിരുന്നു ചോദ്യത്തിന്റെ രണ്ടാം ഭാഗം. ഈ രണ്ട് ചോദ്യങ്ങൾക്കുള്ള പ്രേക്ഷകരുടെ ഉത്തരങ്ങൾ കമന്റുകളിലൂടെ അറിയിക്കണം എന്നാവശ്യപ്പെട്ട ബെന്നി ദയാലിനെത്തേടി പ്രമുഖരുൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങളെത്തി. ബെന്നി ദയാലിന്റെ പരോക്ഷ വിമർശനം ശരിവയ്ക്കാനെന്നവണ്ണം വിജയ് യേശുദാസ് പോസ്റ്റിനു കയ്യടിച്ചു.
സമൂഹമാധ്യമങ്ങളുടെ അതിപ്രസരം ചിലപ്പോഴൊക്കെ പാട്ടുകളുടെ തനിമ നഷ്ടപ്പെടുത്തുന്നുണ്ടെന്നും പൂർണമായ രീതിയിൽ പാട്ടുകൾ ആസ്വദിക്കാൻ ആളുകൾ ഇതിനാൽ മടിക്കുമെന്നും ചിലർ പറഞ്ഞു. പാട്ട് മുഴുവൻ കേട്ടിരിക്കാനുള്ള ക്ഷമ ആസ്വാദകർ കാണിക്കില്ലെന്നാണ് ഇവരുടെ അഭിപ്രായം. എന്നാൽ റീൽസും മറ്റ് ഹ്രസ്വ വിഡിയോകളും കണ്ടു കഴിയുമ്പോൾ പാട്ടുകളോട് ഇഷ്ടം തോന്നി പലരും അവയുടെ പൂർണരൂപം തേടിപ്പോകാറുണ്ടെന്നും മറ്റുചിലർ പ്രതികരിച്ചു.