‘റാണു മണ്ഡലിനൊപ്പം പാടിക്കൂടേ? സിനിമയിൽ അവസരം കിട്ടും’; ശ്രീലങ്കൻ ഗാനം പാടിയ വൃദ്ധഗായകന് പരിഹാസ പ്രവാഹം

Mail This Article
സംഗീതലോകത്തു തരംഗമായ ശ്രീലങ്കൻ ഗാനം ‘മനികാ മാകെ ഹിതേ’ ആലപിക്കുന്ന വൃദ്ധ ഗായകന്റെ വിഡിയോ വൈറലാകുന്നു. പാട്ടിന്റെ വരികളും ഉച്ചാരണവും മുഴുവൻ തെറ്റിച്ച് തന്റേതായ രീതിയിലാണ് ഇയാൾ പാട്ടുപാടുന്നത്. പാട്ടിലെ ‘മൻഹാലി’ എന്ന വാക്കിനു പകരം ‘മാടാലി’ എന്ന് ഗായകന്‍ ആവർത്തിച്ചു പാടുന്നത് കേൾവിക്കാരിൽ ചിരിയുണർത്തുന്നു.
സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ പാട്ട് വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. പാട്ട് കേട്ട് അസന്തുഷ്ടരായ ശ്രോതാക്കൾ വിമർശനവും പരിഹാസവുമായി രംഗത്തെത്തി. നിരവധി ട്രോൾ വിഡിയോകളും പ്രചരിക്കുകയാണിപ്പോൾ. വൈറൽ ഗായിക റാണു മണ്ഡലിനൊപ്പം ചേർന്നു പാടിക്കൂടെ എന്നാണ് ചിലർ പരിഹാസ രൂപേണ പ്രതികരിച്ചത്. പ്രമുഖ സംഗീതസംവിധായകൻ ഹിമേഷ് രേഷ്മിയ ഉടൻ തന്നെ താങ്കളെ പാടാൻ ക്ഷണിക്കുമെന്നും ചിലർ കമന്റിട്ടു.
‘മനികാ മാകെ ഹിതേ’യെ പാടി കൊന്നു എന്നും റാണു മണ്ഡലിനെ പോലെ ഇങ്ങനെ പാടി നശിപ്പിക്കേണ്ടിയിരുന്നില്ല എന്നുമാണ് ചില പാട്ട് ആസ്വാദകരുടെ പ്രതികരണം. അതേ സമയം തെറ്റുകൾ വകവയ്ക്കാതെ പാടാൻ ധൈര്യം കാണിച്ചതിന് പലരും ഈ വൃദ്ധ ഗായകനെ പ്രശംസിക്കുന്നുമുണ്ട്. മുംബൈ സ്വദേശിയായ ഇയാളുടെ പേരുവിവരങ്ങൾ പുറത്തു വന്നിട്ടില്ല. വിഡിയോ വൈറലായതോടെ ഗായകൻ ആരാണെന്ന് അന്വേഷിക്കുകയാണ് സമൂഹമാധ്യമ ലോകം.
കടലും കടന്ന് ആസ്വാദകരുടെ ചുണ്ടിൽ നിറഞ്ഞുനിൽക്കുന്ന ഗാനമാണ് ‘മനികാ മാകെ ഹിതേ’. ശ്രീലങ്കൻ ഗായിക യൊഹാനിയാണ് ഗാനം ആലപിച്ചത്. അടുത്തിടെ വൈറൽ ഗായിക റാണു മണ്ഡലും ഈ ഗാനം ആലപിക്കുന്ന വിഡിയോ പുറത്തു വന്നിരുന്നു. ആലാപനം അരോചകമാണെന്നു വിലയിരുത്തി നിരവധി പേരാണു ഗായികയെ വിമർശിച്ചു രംഗത്തെത്തിയത്. കൊൽക്കത്തയിലെ റെയിൽവേ സ്റ്റേഷനിലിരുന്ന് ഉപജീവനത്തിനായി പാട്ടു പാടി സമൂഹമാധ്യമങ്ങളിൽ പ്രശസ്തയായ ഗായികയാണ് റാണു മണ്ഡൽ. പാട്ട് ശ്രദ്ധിക്കപ്പെട്ടതോടെ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹർദി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ പാടാൻ ഗായികയ്ക്ക് അവസരം കൊടുത്തിരുന്നു.