‘ഇനി എനിക്ക് അച്ഛന്റെ കൈ പിടിക്കാൻ കഴിയില്ലല്ലോ’; നൊമ്പരക്കുറിപ്പുമായി കെകെയുടെ മകൾ
Mail This Article
അന്തരിച്ച ഗായകൻ കെകെയെക്കുറിച്ച് നൊമ്പരക്കുറിപ്പുമായി മകൾ താമര. ഫാദേഴ്സ് ഡേയിൽ ആണ് അച്ഛനെക്കുറിച്ചുള്ള ഓർമകള്‍ താമര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. കെകെയ്ക്കൊപ്പമുള്ള മനോഹര ചിത്രങ്ങളും താമര പോസ്റ്റ് ചെയ്തിട്ടുണ്ട്. താമരയെക്കൂടാതെ നകുൽ എന്നൊരു മകൻ കൂടിയുണ്ട് കെകെയ്ക്ക്.
‘ഒരു നിമിഷത്തേയ്ക്കെങ്കിലും അച്ഛനെ തിരിച്ചുകിട്ടിയിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. അച്ഛൻ പോയതോടെ ജീവിതം ഇരുട്ടിലായി അച്ഛാ. ഏറ്റവും മികച്ച അച്ഛൻ ആയിരുന്നു നിങ്ങൾ. വീട്ടിലേക്കു കയറി വന്ന് ഞങ്ങളെ കെട്ടിപ്പിടിച്ചിരുന്ന അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നു. നമ്മൾ ഒരുമിച്ചുള്ള ആനന്ദവേളകൾ എനിക്കു നഷ്ടമായിരിക്കുന്നു. അടുക്കളയിലെ നമ്മുടെ രഹസ്യ ലഘുഭക്ഷണ നേരങ്ങളും ഇല്ലാതായിരിക്കുന്നു. എന്റെ സംഗീതവും ചെറിയ ചില ആശയങ്ങളും എനിക്ക് അച്ഛനെ കാണിക്കണമായിരുന്നു. അത് കാണുമ്പോഴുള്ള അച്ഛന്റെ പ്രതികരണങ്ങൾ എനിക്ക് മിസ് ചെയ്യുന്നു. ഇനി എനിക്ക് അച്ഛന്റെ കൈ പിടിക്കാൻ കഴിയില്ലല്ലോ
അച്ഛൻ ഞങ്ങളുടെ ജീവിതം വളരെ സുരക്ഷിതവും സ്നേഹനിർഭരവും സന്തോഷപ്രദവും ഭാഗ്യം നിറഞ്ഞതുമാക്കി മാറ്റി. അച്ഛനെ ഈ ലോകത്തിന് ആവശ്യമായിരുന്നു. പക്ഷേ അച്ഛന്‍ പോയിമറഞ്ഞു. ആ യാഥാർഥ്യം ഇപ്പോഴും ഉൾക്കൊള്ളാനാകുന്നില്ല ഞങ്ങൾക്ക്. അച്ഛന്റെ നിരുപാധികമായ സ്നേഹമാണ് ഞങ്ങളുടെ എക്കാലത്തേയും ശക്തി. ലോകത്തിൽ അച്ഛനെക്കുറിച്ചുള്ള അഭിമാനമുയർത്താൻ വേണ്ടി ഞാനും നകുലും അമ്മയും പ്രവർത്തിക്കും. അച്ഛനെപ്പോലെ തന്നെ ഞങ്ങൾ ശക്തരായിരിക്കും. പരസ്പരം സ്നേഹപരിലാളനകൾ നൽകുകയും ചെയ്യും. പ്രപഞ്ചത്തിലെ ഏറ്റവും മികച്ച അച്ഛന് ഫാദേഴ്സ് ഡേ ആശംസകൾ നേരുകയാണ്. ഞങ്ങൾ എപ്പോഴും അച്ഛനെ സ്നേഹിക്കുന്നു, മിസ് ചെയ്യുന്നു. ഒരുപാട് ഉമ്മകൾ. എനിക്കറിയാം അച്ഛന്‍ എങ്ങും പോയിട്ടില്ല. എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്’, താമര കുറിച്ചു.
മേയ് 31നാണ് ഗായകൻ കെകെ (കൃഷ്ണകുമാർ കുന്നത്ത്) അന്തരിച്ചത്. കൊൽക്കത്തയിലെ വിവേകാനന്ദ കോളജിലെ സംഗീതപരിപാടിക്കു ശേഷം ഹോട്ടൽ മുറിയിലേയ്ക്കു മടങ്ങിയ ഗായകൻ തൊട്ടുപിന്നാലെ മരണത്തിലേയ്ക്കു മറയുകയായിരുന്നു. വിവിധ ഭാഷകളിലായി എഴൂന്നൂറിലധികം ഗാനങ്ങള്‍ ലോകത്തിനു നല്‍കിയാണ് 53ാം വയസ്സിൽ കെകെ വിടവാങ്ങിയത്.