‘ഗാന്ധിജി കാട്ടിയത് ശക്തൻ ദുർബലനെ സംരക്ഷിക്കണമെന്ന മനുഷ്യ പാഠം’
Mail This Article
ശക്തൻ ദുർബലനെ സംരക്ഷിക്കേണ്ടതുണ്ട് എന്ന മനുഷ്യ പാഠമായിരുന്നു മഹാത്മാഗാന്ധി കാണിച്ച മഹാ മാതൃകയെന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. ന്യൂനപക്ഷ പീഡനം നടത്തുന്നവർ ഗോഡ്സേയുടെ ജന്തുവാസനയാണ് പ്രകടമാക്കുന്നതെന്നും ന്യൂനപക്ഷങ്ങൾ എവിടെയൊക്കെ പീഡിപ്പിക്കപ്പെടുന്നുവോ അവിടെയെല്ലാം പ്രവർത്തിക്കുന്നത് കാട് ബാക്കി വച്ച വന്യ വാസനകളാണെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ റഫീഖ് അഹമ്മദ് എഴുതി.
‘ദുർബലരെ മർദിക്കുക എന്നത് വന്യമായ ഒരു സ്വാഭാവികതയാണ്. കാട്ടുനീതി എന്നു പറയാം. മൃഗങ്ങളെ നിരീക്ഷിച്ചാൽ ഇത് മനസ്സിലാക്കാം. ഇരപിടിക്കുമ്പോഴല്ല, ഒരേ വർഗത്തിനകത്തുള്ള അവരുടെ പെരുമാറ്റങ്ങളിൽ ഈ സ്വഭാവം കാണാം. മനുഷ്യരിലും ഈ പ്രവണത ഉണ്ട്. ലോകത്തെങ്ങും ദുർബലരായ ന്യൂനപക്ഷത്തെ ശക്തരായ ഭൂരിപക്ഷം പീഡിപ്പിക്കുന്നു. ഒരിടത്ത് അത് ഒരു മത വിഭാഗത്തെയാണെങ്കിൽ മറ്റൊരിടത്ത് മറ്റൊരു മതവിഭാഗത്തെ എന്ന വ്യത്യാസം മാത്രം. ജന്തു സഹജമായ ഈ പ്രവണതയെ അതിജീവിക്കാൻ വിദ്യാഭ്യാസമോ പരിഷ്കൃത ജീവിത ശൈലിയോ മാത്രം മതിയാവില്ല. മൃഗത്വത്തിൽ നിന്ന് മാനവികതയിലേക്ക് വളരാനുള്ള സംസ്കാരം ആർജ്ജിക്കേണ്ടതായി വരും.
മഹാത്മാഗാന്ധി കാണിച്ച മഹാ മാതൃക അതായിരുന്നു. ശക്തൻ ദുർബലനെ സംരക്ഷിക്കേണ്ടതുണ്ട് എന്ന മനുഷ്യ പാഠമായിരുന്നു അദ്ദേഹത്തിന്റെ മതേതരത്വ സങ്കൽപം. അതിനെ സ്വസമുദായത്തെ ഒറ്റിക്കൊടുക്കലായും ന്യൂനപക്ഷ പ്രീണനമായും മനസ്സിലാക്കിയ ജന്തുവാസനയാണ് ഗോഡ്സേയിലൂടെ പ്രകടമായത്. ന്യൂനപക്ഷങ്ങൾ എവിടെയൊക്കെ പീഡിപ്പിക്കപ്പെടുന്നുവോ അവിടെയെല്ലാം പ്രവർത്തിക്കുന്നത് കാട് ബാക്കി വച്ച വന്യ വാസനകളാണെന്നു മനസ്സിലാക്കാം. പരിഷ്കൃതവും ആധുനികവുമായ മണിമന്ദിരങ്ങളിൽ വസിച്ചാലും വിലയേറിയ ഉടുപുടവകൾ അണിഞ്ഞാലും മധുരമായി സംസാരിച്ചാലും അവരുടെ ആത്മാവിൽനിന്ന് കാട് ഇറങ്ങിപ്പോയിട്ടില്ല. ഒന്നു മണം പിടിച്ചാൽ ഏതോ പ്രാചീനമായ ഗുഹകളുടെ, ചെന്നായുടെ ആ ഗന്ധം അവരിൽനിന്ന് പ്രസരിക്കുന്നത് അറിയാനാവും.’