'എനിക്കു മുൻപേ ചെമ്പൈയുടെ ശിഷ്യർ; നഷ്ടമായത് എന്റെ ജ്യേഷ്ഠ സഹോദരൻ'
Mail This Article
ഏറ്റവും പ്രിയപ്പെവരിൽ ഒരാൾ കൂടി വിട പറയുകയാണ്. സാർഥകമായിരുന്നു ആ ജീവിതം. എനിക്കു ജ്യേഷ്ഠ സഹോദരന്റെ സ്ഥാനത്തായിരുന്നു ജയൻ സാർ. ഗുരുനാഥനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരിലൂടെ ആരംഭിച്ചതാണ് ആ ബന്ധം. സിനിമയിലൊക്കെ പാടി തുടങ്ങിയ ശേഷമാണ് ഞാൻ ചെമ്പൈ സ്വാമിയുടെ അരികിലെത്തുന്നത്. അദ്ദേഹം മുംബൈയിൽ ഒരു കച്ചേരിക്കെത്തിയപ്പോഴായിരുന്നു ആദ്യ കൂടിക്കാഴ്ച. അന്ന് അദ്ദേഹത്തിനൊപ്പം പാടാനും അവസരം ലഭിച്ചു. എനിക്ക് മുൻപേ സ്വാമിയുടെ ശിഷ്യൻമാരായിരുന്ന ജയവിജയൻമാരുമായുളള ബന്ധവും അങ്ങനെ ആരംഭിച്ചതാണ്. സ്വാമിക്കൊപ്പം പാടിയിരുന്നവരായിരുന്നു അവർ.
പിന്നീട് ഞങ്ങൾ കുടുംബപരമായും നല്ല അടുപ്പമായി. ഇരുവരും മദ്രാസിൽ എത്തിയാൽ വീട്ടിൽ വരും. നല്ല ഭക്ഷണ പ്രിയരാണ്. അമ്മച്ചിയുണ്ടാക്കുന്ന ഭക്ഷണമൊക്കെ ആസ്വദിച്ച് കഴിക്കും. അമ്മച്ചിക്കും വലിയ കാര്യമായിരുന്നു. ആ സ്നേഹ ബന്ധത്തിന്റെ തുടർച്ചയിൽ ഞങ്ങളുടെ വീട്ടിൽ രണ്ട് ശിഷ്യരും അവർക്കുണ്ടായി; സഹോദരി ജയാമ്മയും ഭാര്യ പ്രഭയും. ജയാമ്മയാണ് ആദ്യം പാട്ടു പഠിച്ചു തുടങ്ങിയത്. പിന്നീട് പ്രഭയും ഒപ്പം കൂടി. കുറച്ചുകാലത്തേക്കാണെങ്കിലും ഇരുവരുടെയും കർണാടക സംഗീത ഗുരുക്കൻമാരായി അവർ. ആ സ്നേഹ ബഹുമാനം അവർ എന്നും അദ്ദേഹത്തോട് കാത്തുസൂക്ഷിച്ചിട്ടുണ്ട്.
ജയവിജയ എന്ന പേരുപോലെ ലയമുള്ളതായിരുന്നു ഇരുവരുടെയും ബന്ധവും. കാഴ്ചയിലും സംഗീത ശൈലിയിലുമെല്ലാം അത്രമേൽ പൊരുത്തം കാത്തവർ. രണ്ടുപേരും ചേർന്നു ഘനഗംഭീരമായ സ്വരത്തിൽ പാടുന്നതൊരു മേളക്കെട്ട് തന്നെയായിരുന്നു. ഞങ്ങൾ ഒരുമിച്ച് പാടിയിട്ടില്ല. പക്ഷേ ശബരിമലയിലും ചെമ്പൈ സ്വാമിയുടെ ജൻമനാട്ടിലെ സംഗീതോൽസവത്തിലുമെല്ലാം ഒരേ വേദിയിൽ പാടിയിട്ടുണ്ട്. ചെമ്പൈ സംഗീതോൽസവത്തിന്റെ അവസാന ദിനം ഏറ്റവും ഒടുവിലായി പാടി അവസാനിപ്പിക്കുന്നത് അദ്ദേഹമാണ്. അതിനു തൊട്ടു മുൻപാണ് എന്റെ കച്ചേരി. എത്രയോ കാലമായുള്ള പതിവാണത്. കാൽമടക്കി ചമ്രം പടിഞ്ഞിരുന്നു പാടാൻ ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ ചെറിയ ഇരിപ്പിടത്തിലിരുന്നാണ് അദ്ദേഹം പാടുക. അവസാനമായി അദ്ദേഹത്തെ കണ്ടതും ഗുരുനാഥന്റെ ആ സന്നിധിയിലാണ്.
കർണാടക സംഗീതത്തിലെ അറിവിന്റെ ആഴമാണ് അവരുടെ സംഗീത സംവിധാനത്തിന്റെയും അടിസ്ഥാനം. രാഗങ്ങളെ സാധാരണക്കാർക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ പാട്ടുകളിൽ ഉപയോഗിക്കാനുള്ള മിടുക്ക് അസാമാന്യമായിരുന്നു. സംഗീത മികവുള്ള ആ പാട്ടുകളിൽ ചിലത് ചെമ്പൈ സ്വാമി തന്നെ കച്ചേരികളിലും പാടിയിരുന്നു. അങ്ങനെയുള്ള എത്രയോ പാട്ടുകൾ പാടാനായത് എനിക്കും അനുഗ്രഹമായി.
അതിൽ ‘നിറകുടം’ എന്ന സിനിമയിൽ ഇരുവരും ചേർന്ന് സംഗീതം നിർവഹിച്ച ‘നക്ഷത്ര ദീപങ്ങൾ തിളങ്ങി’ എന്ന പാട്ട് അത്രമേൽ പ്രിയപ്പെട്ടതാണ്. ചെമ്പൈ സ്വാമിയുടെ കച്ചേരിയെ വർണിക്കുന്ന തരത്തിലുള്ള പാട്ടാണത്. ചെമ്പൈയുടെ പാട്ടും പാലക്കാട് മണി അയ്യരുടെ മൃദംഗവും ചൗടയ്യയുടെ വയലിനുമെല്ലാം കടന്നുവരുന്ന മനോഹരമായ വരികളെഴുതിയത് ബിച്ചു തിരുമല. ഗൗരി മനോഹരി, ശങ്കരാഭരണം, ആഭോഗി രാഗങ്ങൾ ഉപയോഗിച്ചുള്ള രാഗമാലികയാണ് ജയൻ സാർ ഒരുക്കിയത്. പാടാൻ മാത്രമല്ല, സിനിമയിൽ അതു പാടി അഭിനയിക്കാനുള്ള നിയോഗവും എനിക്കായിരുന്നു. പിന്നീട് പല കച്ചേരികളിലും ഞാനത് പാടിയിട്ടുണ്ട്. തുടക്കത്തിലെ ഹമ്മിങ് തുടങ്ങുമ്പോൾ തന്നെ സദസിൽ നിന്ന് കയ്യടി ഉയരും. അതാണ് ആ സംഗീതത്തിന്റെ ശക്തി. വിശ്വാസികളുടെ മനം നിറയ്ക്കുന്ന ഭക്തി ഗാനങ്ങൾ ഒരുക്കുന്നതിലും അസാധ്യമായ മികവുള്ളവരായിരുന്നു ഇരുവരും; പ്രത്യേകിച്ചും അയ്യപ്പ ഭക്തിഗാനങ്ങൾ. അടിയുറച്ച ഭക്തി തന്നെയായിരുന്നു അതിന്റെ കാതൽ.
ഒരു നേരവും പിരിയാതെ ഒപ്പമുണ്ടായിരുന്ന സഹോദരന്റെ മരണം അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു. ചിറകറ്റു പോയതു പോലുള്ള അവസ്ഥ. എങ്കിലും ഞങ്ങൾ പ്രിയപ്പെട്ടവരുടെയെല്ലാം സ്നേഹ നിർബന്ധങ്ങൾക്കു വഴങ്ങി സംഗീതത്തിൽ വീണ്ടും സജീവമായി.
‘തരംഗിണി’ ഇറക്കിയ ഭക്തി ഗാനങ്ങൾക്കായി ഏറ്റവും അധികം സംഗീത സംവിധാനം നിർവഹിച്ചവരിലൊരാൾ ജയൻ സാറാണ്. സഹോദരന്റെ മരണം കഴിഞ്ഞ് അധികം കഴിയും മുൻപാണ് അദ്ദേഹം തരംഗിണിക്കായി ‘മയിൽപ്പീലി’ എന്ന കൃഷ്ണ ഭക്തിഗാനങ്ങളൊരുക്കിയത്. ചന്ദന ചർച്ചിത..., രാധതൻ പ്രേമത്തോടാണോ..., ഒരുപിടി അവിലുമായി..., ചെമ്പൈക്കു നാദം നിലച്ചപ്പോൾ..തുടങ്ങി അതിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മികച്ചതായിരുന്നു; ഇന്നും ആസ്വാദകർ ഹൃദയത്തിലേറ്റുന്നവ. തുളസിമാല, അയ്യപ്പതൃപ്പാദം, പ്രണവം, ശ്രീചക്കുളത്തമ്മ തുടങ്ങിയ ആൽബങ്ങൾക്കായി അദ്ദേഹം ഒരുക്കിയ പാട്ടുകളും ഏറെ ശ്രദ്ധേയമായി. അവസാനകാലം വരെയും സംഗീതത്തിൽ മുഴുകി തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
ഈ വേർപാട് സങ്കടകരമെങ്കിലും ഏറ്റവും പ്രിയപ്പെട്ട സഹോദരന്റെ ആത്മാവിനൊപ്പം ആ സംഗീത ജീവിതം വീണ്ടും ഒത്തുചേരുകയാവും. അദ്ദേഹത്തിന് സ്നേഹ പ്രണാമം.