ADVERTISEMENT

പിന്നിലേക്കോടിമറയുന്ന വഴിയോരക്കാഴ്ചകൾ ശ്രദ്ധിക്കാതെ ഏതോ വിദൂരബിന്ദുവിൽ കണ്ണുനട്ട് ട്രെയിനിന്റെ ജനാലയ്ക്കരികെ നിശബ്ദയായിരിക്കുന്ന ഒരു പെൺകുട്ടിയുടെ മുഖമുണ്ട് ഓർമയിൽ. ഓഫിസിലെ ജോലിയുടെ സമ്മർദം താങ്ങാനാകാതെ മരണത്തിനു കീഴടങ്ങിയ അന്ന എന്ന യുവതിയെക്കുറിച്ചുള്ള വാർത്തയ്ക്കൊപ്പം മനസ്സിൽ വന്നു നിറഞ്ഞത് ആ മുഖമാണ്. ആശങ്കയും ആകാംക്ഷയും മാറിമാറി പ്രതിഫലിച്ച മുഖം.

തിരൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ യാദൃച്ഛികമായി പരിചയപ്പെട്ടതാണ് അവളുടെ മാതാപിതാക്കളെ. രണ്ടു പേരും സംഗീത പ്രേമികൾ. ദേവരാജൻ മാസ്റ്ററുടെ ആരാധകർ. അമ്മ നന്നായി പാടും. യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിലെ പഴയ ഒന്നാം സ്ഥാനക്കാരിയാണ്. ജീവിതവഴികളിലെ ശ്വാസം മുട്ടിക്കുന്ന ഓട്ടപ്പാച്ചിലിനിടയിലെങ്ങോ വച്ച് സംഗീതം നഷ്ടപ്പെട്ടുപോകുന്നു അമ്മയ്ക്ക്. ആ നഷ്ടം നല്ലൊരു ശബ്ദത്തിന്റെ ഉടമയായ മകളിലൂടെ തിരിച്ചുപിടിക്കുകയായിരുന്നു അമ്മയുടെ സ്വപ്നം. അച്ഛന്റെ ഉറച്ച പിന്തുണയോടെ മകളെ സംഗീത പഠനത്തിന് വിടുന്നു അമ്മ. പതുക്കെ സംഗീതം അവളുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. അമ്മയുടെ മാതൃക പിന്തുടർന്ന് കലോത്സവങ്ങളിൽ ജൈത്രയാത്ര നടത്തുന്നു മകൾ.

"പാട്ടായിരുന്നു അവൾക്ക് എല്ലാം. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം ഒരു മൂളിപ്പാട്ടുണ്ടാകും ചുണ്ടിൽ." -- അമ്മ.

പാട്ടിലൂടെ മാത്രം ജീവിതം കെട്ടിപ്പടുക്കാനാവില്ലല്ലോ എന്നുപദേശിച്ച സുഹൃത്തുക്കളും ബന്ധുക്കളും നിരവധി. നല്ലൊരളവോളം ശരിയുമായിരുന്നു അത്. ചാർട്ടേഡ് അക്കൗണ്ടൻസിയുടെ ഇന്റർമീഡിയറ്റ് പരീക്ഷ പാസായ ശേഷം ഒരു ബഹുരാഷ്ട്ര ഐ ടി സ്ഥാപനത്തിൽ പ്രൊബേഷണർ ആയി ചേരുന്നു അവൾ. ജോലിയും സംഗീതവും സമാന്തരമായി കൊണ്ടുപോകാമല്ലോ എന്നായിരുന്നു പ്രതീക്ഷ.

"ആദ്യമാദ്യം ജോലി അവൾ ശരിക്കും ആസ്വദിക്കുന്ന പോലെ തോന്നി. പാട്ടുണ്ടല്ലോ സർവ വേദനകൾക്കും ഔഷധമായി ഒപ്പം. വരുമാനവും മോശമല്ല. എന്നാൽ വർഷങ്ങൾ ചെല്ലുന്തോറും കഥ മാറി. ഔദ്യോഗിക ചുമതലകളും സമ്മർദവും കൂടിക്കൂടി വന്നു. രാവും പകലുമെന്നില്ലാത്ത ജോലി. വർക്ക് ഫ്രം ഹോം വേളയിൽ മുറിയിൽ അടച്ചിട്ടിരുന്നാൽ ഞങ്ങൾക്ക് അവളെ കാണാൻ പോലും കിട്ടില്ല എന്നതായി സ്ഥിതി. ആഹാരം പോലും കംപ്യൂട്ടറിന് മുന്നിലിരുന്നായിരുന്നു അക്കാലത്ത്. പലപ്പോഴും തൊട്ടടുത്ത മുറിയിൽ ഇരുന്നുകൊണ്ട് ഞങ്ങൾ അവളോട് സംസാരിച്ചിരുന്നത് ഫോണിലൂടെയാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?"

ഏറ്റവും വലിയ ദുഃഖം സംഗീതത്തിൽ നിന്ന് അവളും അവളിൽ നിന്ന് സംഗീതവും അകന്നുപോയി എന്നതാണ്. ഇടയ്ക്കിടെ പാട്ട് പാടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന പതിവും അവസാനിച്ചു. പാട്ടിനെക്കുറിച്ചു സംസാരിക്കാൻ പോലും മടിയായി കുട്ടിക്ക്. ഓഫിസിലെ മേലുദ്യോഗസ്ഥരുടെ കാർക്കശ്യവും സഹപ്രവർത്തകരിൽ ചിലരുടെ കുത്തുവാക്കുകളുമൊക്കെയായി സംസാരവിഷയങ്ങൾ. അർഹിച്ച ജോലിക്കയറ്റം ലഭിക്കാതെ വന്നതായിരുന്നു ഏറ്റവും വലിയ തിരിച്ചടി. ആ വിവരമറിഞ്ഞ ദിവസം കരഞ്ഞുകൊണ്ട് വീട്ടിൽ ഓടിക്കയറിവന്ന് സ്വന്തം മുറിയിൽ കയറി വാതിലടച്ചത് ഓർമയുണ്ട്. പിറ്റേന്നാണ്‌ അവൾ വാതിൽ തുറന്നത്...."

മകളുടെ സ്വഭാവത്തിൽ, സമീപനത്തിൽ, സംസാരരീതിയിൽ വന്ന മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു അച്ഛനുമമ്മയും. വീട്ടിലെ ആശയവിനിമയം കുറഞ്ഞു. സുഹൃദ്‌ബന്ധങ്ങൾ ഓർമയായി. ഓഫിസ് യാത്രയുടെ ഇടവേളകൾ കൂടി. ബ്ലോഗ് എന്ന പേരിൽ അവളെഴുതിയിരുന്ന കവിതകളിൽ നിഷേധാത്മകത മാത്രമായി വിഷയം. ജീവിതത്തിന്റെ നിരർഥകതയെയും ആത്മഹത്യയെയും കുറിച്ച് നിരന്തരം എഴുതിക്കൊണ്ടിരുന്നു അവൾ. മുമ്പത്തെപ്പോലെ ഭംഗിയുള്ള ഇംഗ്ലിഷിലല്ല, ഒട്ടും വ്യാകരണശുദ്ധിയില്ലാതെ അക്ഷരത്തെറ്റുകളോടെ.

മകൾ വിഷാദരോഗത്തിലേക്ക് വഴുതി വീഴുകയാണോ എന്നായിരുന്നു മാതാപിതാക്കളുടെ ഭയം. അധികം വൈകാതെ ആ ആശങ്ക സത്യമെന്ന് തെളിഞ്ഞു. പിന്നെ കൗൺസലിങ് ആയി, ആശുപത്രി സന്ദർശനങ്ങളായി. ജീവിതം കൈവിട്ടുപോകുകയാണോ എന്ന് പേടിയോടെ ചിന്തിച്ചുതുടങ്ങിയ ദിവസങ്ങൾ. ജോലിയോട് അതിനകം വിടവാങ്ങിയിരുന്നു മകൾ. അക്ഷരങ്ങളും അക്കങ്ങളും അവളെ ഒരുപോലെ അസ്വസ്ഥയാക്കി. പാട്ടുകളോടുള്ള അസഹ്യത വേറെ.

കൊച്ചിയിലെ പ്രശസ്തയായ ഒരു മനഃശാസ്ത്രജ്ഞയെ കാണാനുള്ള യാത്രയിലായിരുന്നു ആ കുടുംബം. "ഗുണമുണ്ടാകും എന്നൊന്നും മോഹിച്ചിട്ടല്ല. ഇതങ്ങനെ എളുപ്പം ഭേദമാകുന്ന അസുഖമല്ല എന്നറിയാത്തതു കൊണ്ടുമല്ല. ഒരാശ്വാസം. ആരെങ്കിലുമൊരാൾ നേരിയ പ്രതീക്ഷ തന്നാൽ പോലും സന്തോഷമാണ്. ദൂരെ എവിടെയോ ഒരു തരി വെട്ടം കാണുന്ന ഫീൽ. ഇപ്പോഴത്തെ മാനസികാവസ്ഥയിൽ ആ തോന്നൽ പോലും ദൈവാനുഗ്രഹമാണെന്ന് കരുതുന്നു ഞങ്ങൾ." 

ജോലി ഉപേക്ഷിച്ചു വീട്ടിൽ സദാസമയവും ചിന്തയിൽ മുഴുകിയിരിക്കുന്ന മകൾക്ക് കൂട്ടിരിക്കാനായി അമ്മ ബാങ്കിൽ നിന്ന് വോളന്ററി റിട്ടയർമെന്റ് വാങ്ങിയിട്ട് അധികമായിരുന്നില്ല. മറ്റൊരു ബാങ്കിലെ ഉദ്യോഗത്തിൽ നിന്ന് അച്ഛനും ഉടൻ വിരമിക്കാനിരിക്കുന്നു. "ഇനിയുള്ള ജീവിതം അവൾക്കൊപ്പമാണ്. അവൾക്ക് വേണ്ടിയാണ്." -- അറിയാതെ നിറഞ്ഞുപോയ കണ്ണുകൾ ചുറ്റുമിരിക്കുന്നവരിൽ നിന്ന്  മറച്ചുപിടിക്കാൻ പാടുപെട്ടുകൊണ്ട് അച്ഛൻ പറയുന്നു. "വിവാഹത്തെക്കുറിച്ചൊന്നും അവൾ ചിന്തിക്കുന്നേയില്ല. ഞങ്ങളും." 

ജനാലയ്ക്കരികിൽ നിശ്ശബ്ദയായി സ്വന്തം ലോകത്തേക്ക് ഒതുങ്ങിക്കൂടിയിരുന്ന കുട്ടിയിൽ ഒരു കൊച്ചു ചിത്രശലഭത്തെ തിരയുകയായിരുന്നു മനസ്സ്. ആടിയും പാടിയും ചിരിച്ചും മത്സരവേദികളിൽ പറന്നുനടന്ന ഒരു ശലഭം. ആ ശലഭത്തിന്റെ ചിറകുകൾ അരിഞ്ഞു മാറ്റിയവരോട് എങ്ങനെ പൊറുക്കാനാകും നമുക്ക്?

English Summary:

Special story of a musical lover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com