‘ഞാൻ പശ്ചാത്തപിക്കുന്നു’; നടക്കാതെ പോയ സ്വപ്നത്തെക്കുറിച്ചോർത്ത് വേദനയോടെ എ.ആർ.റഹ്മാൻ
Mail This Article
താളപ്പെരുക്കത്തിന്റെ ചക്രവർത്തി സാക്കിർ ഹുസൈന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് സംഗീതലോകം. അനുശോചനമറിയിച്ചെത്തുന്നവരിൽ പ്രമുഖ കലാകാരന്മാരുടെ നീണ്ട നിരതന്നെയുണ്ട്. സങ്കടത്തോടൊപ്പം കുറ്റബോധവും പങ്കുവച്ചാണ് സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ സമൂഹമാധ്യമ പോസ്റ്റ്.
‘സാക്കിർ ഭായ് ഒരു പ്രചോദനമായിരുന്നു. തബലയെ ആഗോള പ്രശസ്തിയിലേക്ക് ഉയർത്തിയ ഉന്നത വ്യക്തിത്വം. അദ്ദേഹത്തിന്റെ നഷ്ടം നമുക്കാർക്കും നികത്താനാവാത്തതാണ്. പതിറ്റാണ്ടുകൾക്കു മുമ്പ് ഞങ്ങൾ ഒരുമിച്ച് ഒരു ആൽബം പ്ലാൻ ചെയ്തിരുന്നെങ്കിലും അത് നടന്നില്ല. അദ്ദേഹവുമായി സഹകരിക്കാൻ കഴിയാതെ പോയതിൽ ഞാൻ പശ്ചാത്തപിക്കുന്നു. സാക്കിർ ഭായ്, നിങ്ങളെ ശരിക്കും മിസ് ചെയ്യും. അദ്ദേഹത്തിന്റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ എണ്ണമറ്റ വിദ്യാർഥികൾക്കും ഈ വലിയ നഷ്ടം താങ്ങാനുള്ള ശക്തി ലഭിക്കട്ടെ’, എ.ആർ.റഹ്മാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘സാക്കിർ ഭായ് എന്താണിത്?’ എന്നായിരുന്നു ഗായകൻ സോനു നിഗത്തിന്റെ പ്രതികരണം. അനൂപ് ജലോട്ട, തമൻ.എസ്, തരുൺ ഭട്ടാചാര്യ, റിക്കി കെജ് തുടങ്ങി സംഗീതലോകത്തെ നിരവധി പ്രമുഖർ പ്രിയപ്പെട്ട സാക്കിർ ഹുസൈന്റെ വേർപാടിൽ ദുഃഖം പങ്കിട്ടു. സാക്കിര്‍ ഹുസൈന്റെ അപ്രതീക്ഷിത വേർപാട് സംഗീതലോകത്തിനു തീരാവേദനയാവുകയാണ്.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിൽക്കഴിയവെ യുഎസിലെ സാൻഫ്രാൻസിസ്കോയിൽ വച്ചായിരുന്നു സാക്കിർ ഹുസൈന്റെ (73) അന്ത്യം. രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തബലയെ ലോകപ്രശസ്‌തിയിലേക്ക് ഉയര്‍ത്തിയവരിൽ പ്രധാനിയാണ്. ബയാനിൽ (തബലയിലെ വലുത്) സാക്കിര്‍ ഹുസൈന്‍ വേഗവിരലുകളാൽ പ്രകടിപ്പിച്ചിരുന്ന മാസ്‌മരികത സംഗീതലോകത്തിന് എന്നും വിസ്മയമായിരുന്നു.