ADVERTISEMENT

സംഗീതസംവിധായകൻ രാഹുൽ രാജിന്റെ മാതാവ് എൻ.എസ്.കുഞ്ഞൂഞ്ഞമ്മ അന്തരിച്ചു. രാഹുൽ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. താൻ ജീവിതത്തിൽ ഏറ്റവും ഭയപ്പെട്ടിരുന്നത് അമ്മയുടെ വിയോഗമായിരുന്നുവെന്നും ഒടുവിൽ അത് സംഭവിച്ചെന്നും രാഹുൽ വേദനയോടെ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തന്റെ ലോകം ഇരുണ്ടുപോയെന്നും യാഥാർഥ്യത്തോടു പൊരുത്തപ്പെടാനാകുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. 

കുറിപ്പിന്റെ പൂർണരൂപം:

‘എന്റെ മമ്മി ദിവ്യാത്മാവിൽ ലയിച്ചു. ഇതായിരുന്നു എന്റെ ഏറ്റവും വലിയ ഭയം, ഒടുവിൽ അത് സംഭവിച്ചിരിക്കുന്നു. അമ്മ ഈ ലോകത്ത് ഇല്ലാത്ത ദിവസം. അമ്മ എനിക്കു ശക്തി പകരുന്ന സ്ത്രീയും എന്റെ സുസ്ഥിരമായ അഭയവുമായിരുന്നു. അമ്മയുടെ ഊർജം അക്ഷരാർഥത്തിൽ അതിരുകളില്ലാത്തതായിരുന്നു. അറിവിനായുള്ള അമ്മയുടെ ദാഹവും സാഹസികതയ്ക്കുള്ള അന്വേഷണവും എന്നും ശ്രദ്ധ നേടി. ഹൃദയംഗമമായ കരുതല്‍ കൊണ്ട് അമ്മ ഒരുപാട് ജീവിതങ്ങളെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്. ഒരേസമയം എന്റെ വിമർശകയും പ്രോത്സാഹിപ്പിക്കുന്ന, പിന്തുണയ്ക്കുന്ന നേതാവുമായിരുന്നു അമ്മ. അവസാന നാളുകളിൽ പ്രിയപ്പെട്ട പലരിൽ നിന്നും വളരെയധികം സ്നേഹവും പ്രാർഥനകളും അമ്മയ്ക്കു ലഭിച്ചു. അവരിൽ പലരും അമ്മയെ ഓർത്ത് കരഞ്ഞു. അവരുടെയെല്ലാം ജീവിതത്തിൽ പലപ്പോഴും അമ്മ സമീപസ്ഥയായിരുന്നു. എന്റെ ലോകം ഇരുണ്ടുപോയിരിക്കുന്നു, എന്റെ ആകാശം എന്നത്തേക്കാളും മങ്ങിയിരിക്കുന്നു. യാഥാർഥ്യത്തോടു പൊരുത്തപ്പെടാൻ ഞങ്ങൾക്കാകുന്നില്ല. അമ്മയുടെ സ്നേഹസ്മരണകളും അമ്മ നയിച്ച ജീവിതവുമാണ് എന്റെ മുന്നോട്ടുള്ള പാതയില്‍ വഴികാട്ടിയാകുന്ന നക്ഷത്രങ്ങൾ. എന്നെ കരുത്തയായ ആ അമ്മയുടെ മകൻ ആയി ജനിക്കാൻ അനുവദിച്ചതിനും, വളർത്തി വലുതാക്കിയതിനും പ്രപഞ്ചത്തിനു നന്ദി’.

രാഹുൽ രാജിന്റെ നൊമ്പരക്കുറിപ്പ് ആരാധകരെയും കണ്ണീരണിയിക്കുകയാണ്. സംഗീതരംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ അനുശോചനമറിയിച്ചു രംഗത്തെത്തി. അമ്മയുടെ വേർപാടിന്റെ വേദന താങ്ങാൻ രാഹുലിനും കുടുംബത്തിനും കരുത്ത് ലഭിക്കട്ടെയെന്ന് സ്നേഹിതർ കുറിക്കുന്നു.

English Summary:

Music director Rahul Raj's mother passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com